മാധ്യമം. 2008 ഒക്ടോബര് ഒന്ന്
തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം സ്മാര്‍ട്ട്സിറ്റിക്ക് വിനയാകും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വലിയ നേട്ടമായി കൊണ്ടാടുന്ന സ്മാര്‍ട്ട്സിറ്റികാരാറിലെ വ്യവസ്ഥകള്‍ സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് കേന്ദ്രഅംഗീകാരം ലഭിച്ചവയും ഉടനെ അംഗീകാരം ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ളതുമായ എല്ലാ സെസുകള്‍ക്കും ബാധകമാക്കിയാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. ഇതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നതോടെ സ്മാര്‍ട്ട്സിറ്റിയും അതിന്റെ പരിധിയില്‍ വരും.
സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് സെസ് നയത്തിന്റെ കാതലായ ഭാഗം. കേന്ദ്രസര്‍ക്കാറിന്റെ നയമനുസരിച്ച് ഇതു 50 ശതമാനം വീതമാണ്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ 2007 മെയ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം സെസ് ഭൂമിയിലെ നിര്‍മാണത്തിന്റെ (ബില്‍റ്റ് അപ് ഏരിയ) 70 ശതമാനം ഐടി വ്യവസായത്തിനും ശേഷിച്ചവ അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ്. ബില്‍റ്റ് അപ് ഏരിയ എന്ന വ്യവസ്ഥ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം എന്നാക്കി മാറ്റിയത് സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കരാര്‍ പ്രകാരം 8.8 മില്യണ്‍ ചതുരശ്ര അടിയാണ് സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്നത്. ഇത്രയും നിര്‍മിക്കാന്‍ നൂറ് ഏക്കര്‍ ഭൂമി മതിയാകുമത്രെ. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 246 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നയം അനുസരിച്ച് ഈ ഭൂമിയുടെ 70 ശതമാനം നിര്‍മാണം നടത്തണം. ഇത് അപ്രായോഗികമാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപന പ്രകാരം സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിരുന്നു. കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ അടക്കം പഞ്ചായത്തീരാജിലെ നികുതികള്‍, വില്‍പന നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാകുമായിരുന്നില്ല.
എന്നാല്‍ പുതിയ സെസ് നയപ്രകാരം ഇത്തരം ഇളവുകളൊന്നും അനുവദിക്കുന്നതല്ല. കേരളത്തിലെ തൊഴില്‍ നിയമത്തിലോ പഞ്ചായത്ത് നികുതിയിലോ യാതൊരു ഇളവും സ്മാര്‍ട്ട്സിറ്റിക്ക് ലഭിക്കില്ല.
സെസ് നയം അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറും പുതിയ നയവും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ടീകോം ഇന്‍വെസ്റ്റ്മെന്റ് സന്നദ്ധമാകാനിടയില്ല. സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി ഒരു നയവും മറ്റ് സെസുകള്‍ക്ക് വേറൊരു നയവും രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതുവന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Tuesday, September 30, 2008
സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് വിനയാകും
Labels:
ടീകോം,
പ്രത്യേക സാമ്പത്തിക മേഖല,
വിഎസ്,
സിപിഎം,
സെസ്,
സ്മാര്‍ട്ട് സിറ്റി