Date : August 26 2009 (mbi)
ആലപ്പുഴ: പോള്‍ എം. ജോര്‍ജ് മുത്തൂറ്റിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് പറയുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാമ്പറമ്പില്‍ സതീശന്‍ എന്ന കാരി സതീശനെ (26) ചൊവ്വാഴ്‌ച അറസ്റ്റുചെയ്‌തു. കോട്ടയം ഡി.വൈ.എസ്.പി. പി.കെ. മധുവിന്റെ നേതൃത്വത്തില്‍ പായിപ്പാട്ടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പുളിങ്കുന്ന് സി.ഐ. വിശ്വനാഥന്‍ ഏറ്റുവാങ്ങി ആലപ്പുഴയില്‍ കൊണ്ടുവന്നു. കൊലപാതകത്തെ തുടര്‍ന്ന് ചവറയില്‍ ഉപേക്ഷിക്കപ്പെട്ട എന്‍ഡവര്‍ കാര്‍ കൊണ്ടുപോകാന്‍ എത്തിയശേഷം മുങ്ങിയ മൂന്നുപേരെ തിരുവനന്തപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുണ്ടാസംഘത്തലവന്‍ അജേഷ് പുത്തന്‍പാലത്തിന്റെ കൂട്ടാളികളായ കണ്ണമ്മൂല സ്വദേശികളായ അനുരാജ്, ബിനുരാജ്, ബിനു എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഗുണ്ടാസംഘം നേതാക്കളായ ഒാംപ്രകാശിനും രാജേഷ് പുത്തന്‍പാലത്തിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ചൊവ്വാഴ്‌ച ആലപ്പുഴ പോലീസ് ക്ലബ്ബില്‍ പോലീസ് ചോദ്യംചെയ്‌തു. പോളിന്റെ കാറിടിച്ച് പരിക്കേറ്റ ആലപ്പുഴ സ്വദേശി ബിജുവിനെ (30) പോലീസ് വീണ്ടും ചോദ്യംചെയ്‌തു.
സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കേസന്വേഷണത്തിലെ ദുരൂഹത തുടരുകയാണ്. പോളിനെ കുത്തിയ ആളെന്ന് സംശയിക്കുന്ന കാരി സതീശ് ചൊവ്വാഴ്‌ച കാലത്തുതന്നെ പോലീസ് കസ്റ്റഡിയിലായതായി അഭ്യൂഹമുണ്ടായിരുന്നു. അഭിഭാഷകന്‍ വഴി കീഴടങ്ങാനെത്തിയ സതീശനെ പോലീസ് കസ്റ്റഡിയിലെടുത്തതായിട്ടായിരുന്നു വിവരം. അതെല്ലാം നിഷേധിച്ചുകൊണ്ടിരുന്ന പോലീസ് വൈകീട്ട് നാലുമണിയോടെ ചങ്ങനാശ്ശേരിക്ക് സമീപം പായിപ്പാട്ട് തുരുത്തിക്കടവിലെ വാടകവീട്ടിലെത്തി സതീശനെ കസ്റ്റഡിയിലെടുത്തു.
ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘവും പോളുമായി പൊങ്ങ ജ്യോതി ജംഗ്‌ഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കത്തികൊണ്ട് കുത്തിയത് കാരി സതീശനാണെന്നാണ് പോലീസിന് ലഭിച്ച വിവരം. 'എസ്' ആകൃതിയിലുള്ള കത്തികൊണ്ട് നാല് കുത്താണ് പോളിന്റെ പുറത്തുണ്ടായിരുന്നത്. ഒരാള്‍ മാത്രമേ ആയുധം പ്രയോഗിച്ചിട്ടുള്ളൂ എന്നും പോലീസ് പറയുന്നു. കിണര്‍ പണിക്കാരനായ സതീശന് കാര്യമായ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.
സതീശന് പുറമെ ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ 11 പേരെ തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. തിങ്കളാഴ്‌ച രാത്രി രാമങ്കരി മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ സപ്‌തംബര്‍ 5 വരെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ച ഇവരെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നറിയുന്നു. കേസില്‍ 22 പ്രതികളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇനി 10 പേരെ കൂടി കിട്ടാനുണ്ട്.
മെക്കാനിക്കുകളെന്ന് പറഞ്ഞ് ചവറയില്‍ നിന്ന്, വഴിയോരത്ത് കിടന്ന എന്‍ഡവര്‍ കാര്‍ എടുത്തുകൊണ്ടു പോകാനെത്തിയ മൂന്നുപേരെ നേരത്തെ പോലീസ് വിട്ടയച്ചിരുന്നു. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ചൊവ്വാഴ്‌ച കാലത്താണ് ഇവര്‍ കസ്റ്റഡിയിലായത്.
ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച രണ്ട് ടെമ്പോ ട്രാവലറുകള്‍ ആലപ്പുഴയില്‍ ഒരു വ്യക്തിയുടേതാണ്. പോലീസ് കസ്റ്റഡിയിലുള്ള ഈ വണ്ടികള്‍ ഓടിച്ചവരേയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അന്വേഷണ വിവരങ്ങളെല്ലാം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നു പറഞ്ഞ് വിവരങ്ങളൊന്നും പുറത്തേക്ക് വിടുന്നില്ല.