Tuesday, September 8, 2009

പോള്‍ വധം: ക്വട്ടേഷന്‍ സംഘം തലവന്മാര്‍ക്ക്‌ പങ്കെന്ന്‌ സൂചന - 24-aug

Date : August 24 2009 (mbi)


ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട 17 പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ ഒാംപ്രകാശും കസ്റ്റഡിയിലുണ്ടെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഐജി വിന്‍സന്‍ എം. പോള്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്നു കാണാതായ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ഞായറാഴ്‌ച കൊല്ലത്ത്‌ നീണ്ടകര പുത്തന്‍തുറയില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു മുമ്പ്‌ പോളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഈ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്വട്ടേഷന്‍കാരാണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളതെന്നാണ്‌ സൂചന. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുനൂറോളം പേരെ ചോദ്യം ചെയ്‌തതായി ഐജി അറിയിച്ചു.

ഒരുബൈക്കുമായി കാര്‍ ഉരഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട്‌ കൊലപാതകം വരെ എത്തിയെന്ന സൂചന പോലീസ്‌ പരിശോധിച്ചുവരികയാണ്‌. ആസൂത്രിതമല്ലാതെ യാദൃശ്ചികമായുണ്ടായ സംഭവമാണോ എന്ന നിലക്കും അന്വേഷണം നടക്കുന്നുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ പോലീസിന്‌ ലഭിച്ച ചതഞ്ഞരഞ്ഞ മൊബൈല്‍ഫോണും സിംകാര്‍ഡും സംഭവത്തിലെ പ്രധാന പ്രതിയുടേതാണെന്നാണ്‌ വിവരം. തിരുവനന്തപുരത്തേയും ചങ്ങനാശ്ശേരിയിലേയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന വിവരം സത്യമാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു ടെമ്പോ ട്രാവലറുകളും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. വഴിച്ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വണ്ടിയുടെ വിശദാംശങ്ങളും പോലീസ്‌ ശേഖരിച്ചു.

തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ ഒാംപ്രകാശും രാജേഷ്‌ പുത്തന്‍പാലവും പോള്‍ എം. ജോര്‍ജിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒാംപ്രകാശ്‌, പോള്‍ ജോര്‍ജിനൊപ്പം എന്‍ഡവര്‍ കാറിലായിരുന്നു. പോളിന്റെ ഡ്രൈവര്‍ ഷിബു ഓടിച്ച കാറിലായിരുന്നു രാജേഷ്‌. രാജേഷുമായി അടുപ്പമുള്ളയാളാണ്‌ കൈക്കു പരിക്കേറ്റു കിടക്കുന്ന മനു എന്നാണ്‌ വിവരം.

കൃത്യം നടത്തിയത്‌ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. സംശയം തോന്നി കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരെയും ആലപ്പുഴ പോലീസ്‌ ക്ലബ്ബില്‍ ഐജിയുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്‌തത്‌. ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മനുവിനെയും ഞായറാഴ്‌ച പോലീസ്‌ ക്ലബ്ബില്‍ ചോദ്യം ചെയ്‌തു.

കൊലപാതകം ആര്‍ക്കുവേണ്ടിയായിരുന്നുവെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്‌.

വ്യവസായരംഗത്തെ ശത്രുതയും കിടമത്സരവുമൊന്നും ഈ കൊലപാതകത്തിനു പിന്നിലില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്‌ചയോടെ ചിത്രം വ്യക്തമാകുമെന്നാണ്‌ അന്വേഷണച്ചുമതലയുള്ള ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഇ. ദിവാകരന്റെ പ്രതീക്ഷ.

പോലീസ്‌ പിടിയിലായ ക്വട്ടേഷന്‍ സംഘത്തില്‍ ആലപ്പുഴ കലവൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉണ്ടെന്ന സൂചന ലഭിച്ചു. മാരാരിക്കുളത്തെ ബീച്ച്‌ റിസോര്‍ട്ടില്‍ നിന്ന്‌ പോള്‍ പുറപ്പെട്ട ശേഷം ഇവര്‍ പിന്തുടര്‍ന്നിരുന്നുവെന്ന്‌ സംശയമുണ്ട്‌.

കൊലപാതകം ആസൂത്രിതമാണോ യാദൃച്ഛികമായി സംഭവിച്ചതാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. രണ്ട്‌ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക സംഭവത്തിന്‌ പിന്നിലുണ്ടോ എന്ന ദിശയിലേക്കും അന്വേഷണം നീളുന്നുണ്ട്‌.
 

blogger templates | Make Money Online