Tuesday, September 8, 2009

ക്വട്ടേഷന്‍ സംഘത്തലവന്മാര്‍ക്ക്‌ പോളുമായുള്ള ബന്ധം കണ്ടെത്താന്‍ അന്വേഷണം തുടരും - 25 aug

Date : August 25 2009 (Mbi)

ആലപ്പുഴ: കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്‌ ക്വട്ടേഷന്‍ സംഘത്തലവന്മാരായ ഒാംപ്രകാശ്‌, രാജേഷ്‌ പുത്തന്‍പാലം, ക്രിമിനല്‍ സംഘവുമായി ബന്ധമുള്ള മനു എന്നിവരുമായി എന്താണ്‌ ബന്ധമെന്ന ചോദ്യത്തിന്‌ പോലീസിന്‌ ഉത്തരം നല്‍കാനായിട്ടില്ല. ക്രിമിനലുകള്‍ക്ക്‌ പോളുമായുള്ള ബന്ധം തുടര്‍ന്ന്‌ നടക്കുന്ന അന്വേഷണത്തിലേ വ്യക്തമാവൂ എന്നാണ്‌ ഐ.ജി. വിന്‍സന്‍ എം. പോളിന്റെ മറുപടി. ഒാംപ്രകാശിനേയും രാജേഷിനേയും പിടികിട്ടിയാലേ ചിത്രം തെളിയൂ.

ഇവര്‍ നാലുപേരും ഒരുമിച്ചാണ്‌ യാത്ര ചെയ്‌തതെന്ന്‌ പോലീസ്‌ സ്ഥിരീകരിക്കുന്നുണ്ട്‌. ഫോര്‍ഡ്‌ എന്‍ഡവര്‍, സ്‌കോര്‍പ്പിയോ എന്നീ കാറുകളില്‍ ആരൊക്കെയായിരുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോര്‍ഡ്‌ കാര്‍ ഓടിച്ചിരുന്നത്‌ പോള്‍. സ്‌കോര്‍പ്പിയോ ഓടിച്ചിരുന്നത്‌ പോളിന്റെ ഡ്രൈവര്‍ ഷിബു. സ്‌കോര്‍പ്പിയോ കാര്‍ പിന്നിലും മറ്റേ കാര്‍ മുന്നിലുമായിട്ടായിരുന്നു യാത്ര.

രാജേഷും മനുവും ആണ്‌ പോളുമായി ആദ്യം സന്ധിച്ചത്‌. എവിടെവെച്ചാണ്‌ ഇവര്‍ ഒന്നിച്ചതെന്ന്‌ പോലീസ്‌ വെളിപ്പെടുത്തുന്നില്ലെങ്കിലും കോയമ്പത്തൂരില്‍ വെച്ചാണെന്നാണ്‌ സൂചന. തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ്‌ എവിടെ വെച്ച്‌ സന്ധിച്ചുവെന്ന്‌ വെളിപ്പെടുത്താത്തതെന്ന്‌ പോലീസ്‌ ഭാഷ്യമുണ്ട്‌. അതേസമയം ഒാംപ്രകാശ്‌ തൃശ്ശൂരില്‍ വെച്ചാണ്‌ സംഘത്തോടൊപ്പം കൂടിയതെന്ന്‌ പോലീസ്‌ പറയുന്നു.

എറണാകുളത്തുള്ള പോളിന്റെ ജ്യേഷുന്‍ ജോര്‍ജിന്റെ വീട്ടില്‍ സംഘം ചെന്നിരുന്നു. പോള്‍ മാത്രമേ അകത്തുകയറിയുള്ളൂ. മറ്റുള്ളവര്‍ പുറത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ രണ്ട്‌ കാറുകളും ആലപ്പുഴ ഭാഗത്തേക്ക്‌ തിരിച്ചു. മാരാരിക്കുളത്ത്‌ പോളിന്റെ ചുമതലയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിന്റെ പുരോഗതി വിലയിരുത്തിയ ശേഷം അവിടെ നിന്ന്‌ ഭക്ഷണം കഴിച്ച്‌ ആലപ്പുഴയിലെത്തി ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള എ.സി. റോഡിലൂടെ രാത്രി യാത്ര തുടര്‍ന്നു. പള്ളാത്തുരുത്തി പാലത്തിന്‌ സമീപംവെച്ചാണ്‌ ആലപ്പുഴ സ്വദേശി ബിജുവിന്റെ ബുള്ളറ്റ്‌ മോട്ടോര്‍ സൈക്കിളില്‍ പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ്‌ കാര്‍ തട്ടുന്നതെന്നും തുടര്‍ന്ന്‌ കൊലപാതകം ഉണ്ടായതെന്നും പോലീസ്‌ പറയുന്നു.

പോളിനൊപ്പം ഉണ്ടായിരുന്ന മനുവിന്റെ മൊഴിയുടെ ചുവടുപിടിച്ചാണ്‌ പോലീസ്‌ പോളിന്‌ ക്രിമിനലുകളുമായുള്ള ബന്ധം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്‌. കുത്തേറ്റ്‌ നിസ്സാര പരിക്കേറ്റ മനു ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌. പോളും താനും മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌ മനു ആദ്യം നല്‍കിയ മൊഴി. ഗുണ്ടാത്തലവന്മാരായ ഒാംപ്രകാശിന്റെയും രാജേഷിന്റെയും സാന്നിധ്യം മറച്ചുപിടിക്കാന്‍ മനു ബോധപൂര്‍വം ശ്രമിച്ചിരുന്നുവെന്നും വിശദമായ ചോദ്യംചെയ്യലിലാണ്‌ ഇവരുടെ പേരുകള്‍ പുറത്തുവന്നതെന്നും ഐജി വിന്‍സന്‍ എം. പോള്‍ വ്യക്തമാക്കി.

പോളിനെയും സംഘത്തെയും ആക്രമിക്കുമ്പോള്‍ ഒാംപ്രകാശിനും രാജേഷിനും പരിക്കേറ്റിട്ടുണ്ടോ എന്നു പോലീസിന്‌ വ്യക്തമല്ല. പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ തിരുവനന്തപുരം സ്വദേശി ജോണ്‍ എന്നയാളുടെ പേരിലാണ്‌ രജിസ്റ്റര്‍ചെയ്‌തിട്ടുള്ളതെങ്കിലും മേല്‍വിലാസം തെറ്റായതിനാല്‍ വ്യാജ രജിസ്‌ട്രേഷനാണ്‌. പോളിന്റെ പക്കല്‍ ഈ കാര്‍ എങ്ങനെ വന്നുവെന്ന്‌ വ്യക്തമല്ല. ഒാംപ്രകാശോ രാജേഷോ ഈ കാര്‍ കൊണ്ടുവന്നതായിരിക്കാമെന്ന്‌ പോലീസ്‌ കരുതുന്നു. നീണ്ടകരയില്‍നിന്ന്‌ കണ്ടെടുത്ത കാറില്‍നിന്ന്‌ ഒാംപ്രകാശിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ കണ്ടുകിട്ടിയിരുന്നു. കാറിനുള്ളില്‍നിന്ന്‌ ഒരു ചെറിയ ബാഗ്‌മാത്രമേ കിട്ടിയിട്ടുള്ളുവെന്ന്‌ പോലീസ്‌ പറയുന്നു. അതില്‍ ടൂത്ത്‌ബ്രഷും ടൂത്ത്‌പേസ്റ്റും ഷേവിങ്‌സെറ്റും മറ്റുമായിരുന്നത്രെ. സംഭവസ്ഥലത്തുനിന്ന്‌ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ഓടിച്ചുകൊണ്ടുപോയി നീണ്ടകരയില്‍ ഉപേക്ഷിച്ചത്‌ തെളിവുനശിപ്പിക്കാന്‍ ഗുണ്ടാത്തലവന്മാര്‍ ശ്രമിച്ചതായിരിക്കാമെന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌. കാറില്‍ രക്തക്കറ കണ്ടത്‌ സംബന്ധിച്ച്‌ ഇനിയും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. കാറിന്‌ പുറത്തുവെച്ചാണ്‌ പോളിനെ കൊലചെയ്‌തതെന്നാണ്‌ ഇപ്പോഴത്തെ നിഗമനം.

ഗുണ്ടാത്തലവന്മാരെ തേടിയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദമില്ലെന്ന്‌ ഐജി വ്യക്തമാക്കി. മുന്‍പ്‌ ഡിവൈഎഫ്‌ഐയില്‍ സജീവമായിരുന്ന ഒാംപ്രകാശിന്‌ സിപിഎമ്മിലെ ചില ഉന്നതകേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. ഒാംപ്രകാശും രാജേഷും കാര്‍ നീണ്ടകരയില്‍ ഉപേക്ഷിച്ചശേഷം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച്‌ അന്വേഷണസംഘത്തിന്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം. വേണ്ടിവന്നാല്‍ കേരളത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.

ഒാംപ്രകാശിനെയും രാജേഷിനെയും കുറിച്ച്‌ മനു ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ അക്കാര്യം പറയാന്‍ പറ്റില്ലെന്നാണ്‌ പോലീസിന്റെ നിലപാട്‌. ഗുണ്ടാത്തലവന്മാര്‍ സഞ്ചരിച്ചശേഷം ഉപേക്ഷിച്ച കാറിന്‌ കാര്യമായ തകരാറൊന്നുമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. മനുവിന്റെ റെന്റ്‌ എ കാര്‍ ബിസിനസ്സിന്‌ പോളിന്റെ ഭാഗത്തുനിന്ന്‌ സഹായം ലഭിച്ചിരുന്നുവെന്ന്‌ മനു മൊഴി നല്‍കിയിട്ടുണ്ട്‌.

നീണ്ടകരയില്‍ ഉപേക്ഷിച്ച ഫോര്‍ഡ്‌ കാര്‍ എടുത്തുകൊണ്ടുപോവാന്‍ ശ്രമിച്ച വര്‍ക്‌ഷോപ്പ്‌ ജീവനക്കാര്‍ കാറിലുണ്ടായിരുന്ന ഒരു ബാഗ്‌ എടുത്തുകൊണ്ടുപോയി എന്ന വിവരം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ ബാഗില്‍ എന്തായിരുന്നുവെന്ന്‌ വ്യക്തമല്ല.

ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍സംഘത്തിന്റെ ആലപ്പുഴയിലെ ദൗത്യം പോലീസ്‌ വെളിപ്പെടുത്തുന്നില്ല. വീട്‌ ആക്രമണം ഭയന്ന ഒരാളാണ്‌ കലവൂരിലുള്ള ഗുണ്ടകള്‍വഴി ചങ്ങനാശ്ശേരിസംഘത്തെ ഏര്‍പ്പാടാക്കിയതെന്നാണ്‌ സൂചന. ഇവര്‍ക്ക്‌ വരാന്‍ വാഹനം ഏര്‍പ്പാടാക്കിയതും ആലപ്പുഴയിലെ വ്യക്തിയാണെന്നാണ്‌ വിവരം.
 

blogger templates | Make Money Online