Tuesday, September 8, 2009

ഓംപ്രകാശിനെയും രാജേഷിനെയും തേടി പോലീസ്‌; കൂട്ടാളികള്‍ ഉടന്‍ പിടിയിലാകും. - 24 aug

Date : August 24 2009 (Mbi)

തിരുവനന്തപുരം: പോള്‍ എം.ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം തിരുവനന്തപുരത്ത്‌ ശക്തമാക്കി. ഇവര്‍ ഉപേക്ഷിച്ചെന്ന്‌ കരുതുന്ന കാര്‍ ശരിയാക്കാനെത്തിയ കുമാരപുരം സ്വദേശികളായ വിനുരാജ്‌, സഹോദരന്‍ അനുരാജ്‌, കണ്ണമ്മൂല സ്വദേശി വിനു എന്നിവരെയും തിരയുന്നു.

ദേശീയപാത- 47 ല്‍ ചവറ ടൈറ്റാനിയത്തിന്‌ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറിന്‌ സമീപത്ത്‌ നിന്നാണ്‌ മൂന്നു പേരും ചവറ പോലീസിന്റെ പിടിയിലായത്‌. എന്നാല്‍ കൊലപാതകവുമായി ബന്ധമുള്ള വാഹനമാണ്‌ ഇതെന്ന്‌ കണ്ടെത്തുന്നതിന്‌ മുമ്പ്‌ തന്നെ പോലീസ്‌ ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു. ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളികളാണ്‌ ഇവരെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ഇവര്‍ക്കുപുറമേ ഒാംപ്രകാശുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരെയും പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. ചവറയില്‍ വാഹനം ഉപേക്ഷിച്ച്‌ ഒാംപ്രകാശും രാജേഷും കടന്നുകളയുകയായിരുന്നുവെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

പോള്‍ എം. ജോര്‍ജിന്‌ കുത്തേറ്റ ശേഷം കൂടെയുണ്ടായിരുന്ന ഗുണ്ടാത്തലവന്‍മാരായ ഒാംപ്രകാശും പുത്തന്‍പാലം രാജേഷും രക്ഷപ്പെട്ട കാര്‍ ചവറ ടൈറ്റാനിയത്തിന്‌ സമീപമാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ചവറ പോലീസ്‌ സ്ഥലത്തെത്തിയത്‌. വാഹന ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ കാര്‍ വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ എത്തിയതാണെന്നാണ്‌ പിടികൂടിയവര്‍ പോലീസിനോട്‌ പറഞ്ഞത്‌. കുമാരപുരം സ്വദേശികളായ സഹോദരന്‍മാര്‍ ഇടതുപക്ഷ അനുഭാവ തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തകരാണ്‌.

ഗുണ്ടാത്തലവന്‍ ഓംപ്രകാശ്‌ ഉപയോഗിച്ചിരുന്ന കാര്‍ ടൈറ്റാനിയം സ്വദേശിയായ ഷിബു ആന്റണി എന്ന ഒരാളുടെ പേരിലുള്ളതാണ്‌. ഇങ്ങനെയൊരാള്‍ ആ പ്രദേശത്തുള്ളതായി പോലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജ പേരിലാണ്‌ കാര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചത്‌ ഇതില്‍ നിന്നാണ്‌. പോളിനൊപ്പം പരിക്കേറ്റ മനു മുഖേനയാണ്‌ കാര്‍ ഒാംപ്രകാശിന്‌ ലഭിച്ചത്‌. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ രേഖകള്‍ വ്യാജമാണെന്ന്‌ ആര്‍.ടി. ഓഫീസില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മനുവിന്‌ ജില്ലയില്‍ ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇയാള്‍ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. റെന്റ്‌ എ കാര്‍ ബിസിനസ്‌ നടത്തുന്ന ഇയാളുടെ കൈവശം ഇന്നോവ, മാരുതി തുടങ്ങിയ വാഹനങ്ങള്‍ ഉണ്ടായിരുന്നു. പുത്തന്‍പാലം രാജേഷിനുവേണ്ടി ഇയാള്‍ പണമിടപാട്‌ നടത്തിയിരുന്നതായും സൂചനയുണ്ട്‌. ഇയാളുടെ വീട്‌ ശനിയാഴ്‌ച പോലീസ്‌ പരിശോധിച്ചിരുന്നു. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട രേഖകളാണ്‌ ഇവിടെ നിന്നും ലഭിച്ചത്‌.

ബാംഗ്ലൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒളിത്താവളങ്ങളില്‍ നിന്നും ഒാംപ്രകാശ്‌ ഇടയ്‌ക്കിടെ ജില്ലയില്‍ എത്തിയിരുന്നു. പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നില്‍ ഒാംപ്രകാശായിരുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വിദഗ്‌ധനായ ഒാംപ്രകാശിന്‌ തുണയേകിയത്‌ ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു.

കൊലപാതകത്തിന്‌ പിന്നില്‍ ജില്ലയിലെ ക്രിമിനലുകളുടെ സാന്നിധ്യം വെളിപ്പെട്ടതിനെ തുടര്‍ന്ന്‌ ദക്ഷിണമേഖലാ ഐ.ജി. വിന്‍സെന്റ്‌ എം.പോള്‍ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്ത്‌ എത്തിയിരുന്നു.
 

blogger templates | Make Money Online