Date : August 23 2009 (Mbi)
തിരുവനന്തപുരം: ആലപ്പുഴയില്‍ കുത്തേറ്റ് മരിച്ച വ്യവസായി പോള്‍.എം.ജോര്‍ജും സുഹൃത്തും സഞ്ചരിച്ചിരുന്ന ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഈ വാഹനം തിരുവനന്തപുരം നഗരത്തില്‍ നിന്നും കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
തിരുവനന്തപുരം പേട്ട മൂന്നാം മനയ്‌ക്കല്‍ സ്വദേശി പ്രവീണ്‍ എന്ന മനുവുമായി കാറില്‍ പോകുമ്പോഴാണ് വാനിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്. മനു ഉപയോഗിച്ചിരുന്നതാണ് ഈ ആഡംബരക്കാറെന്ന് പോലീസ് സ്ഥീരികരിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ളതായിരുന്നു ഈ വാഹനം. റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്ന മനുവിന്റെ ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
മനുവിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്‌തു . ഇയാളുടെ പേട്ടയിലുള്ള വീട്ടില്‍ പോലീസ് ശനിയാഴ്‌ച വൈകുന്നേരം പരിശോധന നടത്തി. വാഹന കച്ചവടവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. റെന്റ് എ കാര്‍ ബിസിനസ് രംഗത്തുള്ള എയര്‍പോര്‍ട്ട് സ്വദേശികളെയും പോലീസ് സംശയിക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരില്‍ പലരും ഒളിവിലാണ്.
പോള്‍ എം. ജോര്‍ജിന്റെ സഹോദരന്റെ വീട്ടിലെ ജീവനക്കാരനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡ്രൈവറുമാണ് മനുവിന്റെ കാറിനെക്കുറിച്ചുള്ള സൂചന പോലീസിന് നല്‍കിയത്. കുത്തേറ്റ് അവശനിലയിലായ പോള്‍ എം. ജോര്‍ജുമായി ആസ്‌പത്രിയിലേക്ക് പോകവേ ഈ വാഹനം തിരുവനന്തപുരത്തേക്ക് പോകുന്നത് കണ്ടതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഒരാഴ്‌ച മുമ്പ് പോള്‍ എം. ജോര്‍ജ് സുഹൃത്തുക്കളുമായി ഈ കാറില്‍ കൊച്ചിയിലെ സഹോദരന്റെ വസതിയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ വാഹനത്തിന്റെ നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശിച്ച വാഹനം ഇതാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിച്ചത്. തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നില്‍ തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുള്ളതായി പോലീസിന് സംശയമുണ്ട്. സംഭവത്തിനുശേഷം കാര്‍ തിരുവനന്തപുരത്ത് എത്തിയതാണ് സംശയത്തിന് ബലമേകുന്നത്. കേസന്വേഷിക്കുന്ന ഐ.ജി. വിന്‍സന്‍ .എം. പോള്‍ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.