Date : August 24 2009 (mbi)
കൊല്ലം: മുത്തൂറ്റ് പോള്‍ എം.ജോര്‍ജ്ജ് സഞ്ചരിച്ചിരുന്ന കാര്‍ നീണ്ടകര പുത്തന്‍തുറയില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച പോലീസ് നടപടി വിവാദമാവുന്നു. തിരുവനന്തപുരം സ്വദേശികളായ ബിനു, ബിനുരാജ്, അനുരാജ് എന്നിവരെയാണ് പോലീസ് വിട്ടയച്ചത്.
ദേശീയപാതയോരത്ത് നീണ്ടകര പുത്തന്‍തുറ എ.എസ്.യു.പി. സ്‌കൂളിന് എതിര്‍വശത്ത് പഴയ റോഡിലാണ് ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ കിടന്നത്.
ശനിയാഴ്‌ച രാവിലെ 5 മുതല്‍ ദുരൂഹസാഹചര്യത്തില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാര്‍ ഒരു ക്വാളിസ് കാറിലെത്തിയ മൂന്നംഗസംഘം കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ചവറ എസ്.ഐ. എസ്.ഷുക്കൂറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി. ക്വാളിസില്‍ എത്തിയവര്‍ ഫോര്‍ഡിന്റെ സര്‍വീസ് സെന്ററില്‍നിന്ന് എത്തിയവരാണെന്നാണ് പോലീസിനോടു പറഞ്ഞത്. എന്നാല്‍ സര്‍വീസ് സെന്ററിലെ യൂണിഫോം ഇല്ലാത്ത ഇവരെ വിശ്വസിക്കരുതെന്നും കാറില്‍ രക്തം പുരണ്ട പാടുകള്‍ കാണുന്നതായും തുറന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ കൊല്ലപ്പെട്ട വ്യവസായി സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോയിട്ടുള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് എസ്.ഐ. തട്ടിക്കയറിയതായും പറയപ്പെടുന്നു. തുടര്‍ന്ന്, പോലീസ് കാര്‍ തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ 4 എക്‌സിക്യൂട്ടീവ് ബാഗുകള്‍, ഒരു ലേഡീസ് ഹാന്‍ഡ് ബാഗ്, ഡാഷ് ബോക്‌സില്‍ കുറേ ഗുളികകള്‍ എന്നിവ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബാഗുകളില്‍ ഒന്ന് തുറന്നുനോക്കിയ എസ്.ഐ. ഉടന്‍ അത് അടച്ചത്രെ.
തുടര്‍ന്ന് മൂവര്‍സംഘത്തില്‍ ഒരാള്‍ സംസാരിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്.ഐ. ഫോണില്‍ സംസാരിച്ചു തുടങ്ങിയതോടെ ഫോണ്‍ കട്ടായതായും പിന്നീട് പലതവണ വിളിച്ചിട്ടും കിട്ടിയില്ലെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു.
തുടര്‍ന്ന്, കാറിലെ ബാഗുകളെല്ലാം ക്വാളിസിലേക്ക് മാറ്റിയശേഷം സംഘാംഗങ്ങളില്‍ 2 പേരെ പോലീസ് ജീപ്പിലും ഒരാളെ ക്വാളിസിലും കയറ്റി സ്റ്റേഷനിലേക്ക് പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്‍ഡവര്‍ കാറും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ക്വാളിസ് വാനും ബാഗുകളും സംബന്ധിച്ച് പിന്നീട് ഒരു വിവരവും ഇല്ലാതായി.
കാര്‍ അപകടത്തില്‍പ്പെട്ടതാണെന്നും തങ്ങള്‍ ഫോര്‍ഡിന്റെ സര്‍വീസ് സെന്ററില്‍നിന്നു വന്നവരാണെന്നും അവര്‍ പറഞ്ഞ കഥ പോലീസ് കണ്ണടച്ച് വിശ്വസിക്കുകയായിരുന്നെന്നാണ് ആക്ഷേപം.
എന്നാല്‍ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിക്കുന്നു. കാറിനുള്ളില്‍ ബാഗുകള്‍ ഉണ്ടായിരുന്നതായുള്ള പ്രചാരണം ശരിയല്ലെന്നും ദുഷ്‌പ്രചാരണം മാത്രമാണെന്നും എസ്.ഐ. ഷുക്കൂര്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് എത്തിയ മൂന്നുപേര്‍ കാര്‍ മെക്കാനിക്കും സഹായികളുമാണെന്ന് ബോധ്യപ്പെട്ടശേഷമാണ് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.