Date : August 25 2009 (Mbi)
ആലപ്പുഴ: പോള്‍ വധക്കേസ് സംബന്ധിച്ച് പോലീസ് വെളിപ്പെടുത്തിയ കഥയില്‍ സംശയങ്ങള്‍ ഏറെ ബാക്കി.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ പള്ളാത്തുരുത്തിക്കും പൊങ്ങ ജംഗ്‌ഷനുമിടയില്‍ ഒരു വാഹനാപകടത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് കൊലപാതകം നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. രണ്ടര കിലോമീറ്ററാണ് ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം. പള്ളാത്തുരുത്തി വരെ പോള്‍ ഓടിച്ചിരുന്ന കാറിനെ അനുഗമിച്ചിരുന്ന സ്‌കോര്‍പ്പിയോ അവിടെ താക്കോല്‍ വാങ്ങാനായി നിര്‍ത്തുന്നു. ഏഴു മിനുട്ടിനുള്ളില്‍ ഈ വണ്ടിയില്‍ ഡ്രൈവര്‍ ഷിബു പൊങ്ങയിലെത്തുമ്പോള്‍ പോള്‍ കുത്തേറ്റുമരിച്ചു കഴിഞ്ഞു. പുറത്ത് നാലു കുത്തേറ്റ പോള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായിട്ടാണ് വിവരം.
ഇതിനിടയ്‌ക്കുള്ള സമയത്താണ് പള്ളാത്തുരുത്തിയില്‍ പോളിന്റെ വണ്ടി ബൈക്കിടിച്ചിടുന്നതും ടെമ്പോ ട്രാവലര്‍ പിന്നാലെയെത്തുന്നതും പൊങ്ങയില്‍ സംഘര്‍ഷമുണ്ടാകുന്നതും കൊല നടക്കുന്നതും. ഇത്ര ചുരുങ്ങിയ സമയത്തില്‍ ഇതെല്ലാം കൂടി നടക്കുമോ എന്നതാണ് ലളിതമായ സംശയം.
ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അത്‌വിശ്വാസ്യമാണെന്നാണ് ഐ.ജി. വിന്‍സന്‍ എം. പോള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്.
പോളിനൊപ്പം എത്തിയിരുന്നവര്‍ എല്ലാം ക്വട്ടേഷന്‍ സംഘ നേതാക്കളാണ്. ഇവരെ ആക്രമിക്കുന്നത് മറ്റൊരു ക്വട്ടേഷന്‍ സംഘവും. പോളിനൊപ്പമുണ്ടായിരുന്നവരും ആക്രമണം നടത്തിയവരും തമ്മില്‍ ബന്ധമുണ്ടായിക്കൂടെ?
ഐ.ജി.യുടെ മറുപടി ഇപ്രകാരം: ''ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍ സംഘം ആലപ്പുഴയില്‍ ഒരു ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതു ചെയ്യാന്‍ വരുന്ന വഴിയായിരുന്നു. രണ്ടു ടെമ്പോ, ഒരു സാന്‍ട്രോ, ഒരു സ്‌കോര്‍പിയോ എന്നീ വാഹനങ്ങളിലാണു വന്നത്. പള്ളാത്തുരുത്തി ഭാഗത്ത് ഒരു ടെമ്പോയുടെ ടയര്‍ ഊരിപ്പോയി. അതു മാറ്റിയിടുന്നതിനിടയിലാണ് പോളിന്റെ വണ്ടി വരുന്നതും അപകടവും മറ്റും. ഈ സമയം ആലപ്പുഴ ഭാഗത്തേക്ക് പാര്‍ക്കു ചെയ്‌തിരുന്ന വണ്ടികളിലൊന്നാണ് തിരിച്ച് പോളിന്റെ വണ്ടിക്കു പിന്നാലെ വിട്ടത്. ഇവര്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതേവരെ അതേപ്പറ്റി ഒരു സൂചനയുമില്ല''.
എന്‍ഡവര്‍ പോലെ അതിവേഗം പോകാന്‍ ശേഷിയുള്ള ഒരു വണ്ടിയുമായി ടെമ്പോ ട്രാവലര്‍ മത്സര ഓട്ടത്തിനു പോയി എന്നതിന്റെ വിശ്വാസ്യതയിലും അന്വേഷണസംഘത്തിനു സംശയമില്ല. എല്ലാവരും മദ്യലഹരിയിലായതിനാല്‍ അപ്രകാരം സംഭവിക്കാമെന്നാണ് വിശദീകരണം.
അപകടമുണ്ടായതുമുതല്‍ കൊല നടക്കുന്നതു വരെയുള്ള സമയം ഡ്രൈവറുടെ വാഹനം അനുഗമിക്കാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്‌ത വിദ്യയായിരുന്നോ താക്കോലിനായി പറഞ്ഞുവിട്ടതെന്ന സംശയവും ബാക്കി. ചമ്പക്കുളം ഗസ്റ്റ് ഹൗസിന്റെ താക്കോലിനായി ഡ്രൈവര്‍ ചെന്നപ്പോള്‍ ഗസ്റ്റ് ഹൗസ് തുറന്നുകിടപ്പുണ്ടെന്നാണ് പള്ളാത്തുരുത്തി ഓഫീസില്‍ നിന്ന് നല്‍കിയ മറുപടി.
കൊലപാതകത്തെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ പള്ളാത്തുരുത്തിയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കേടായ ടെമ്പോ കിടപ്പുണ്ടായിരുന്നുവെന്ന് ഐ.ജി. സമ്മതിക്കുന്നു. അല്‌പസമയത്തിനകം അതവിടെ നിന്ന് കടത്തി. ഇത് എന്തുകൊണ്ട് പോലീസ് അപ്പോള്‍ കസ്റ്റഡിയിലെടുത്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. കൊല്ലത്ത് എന്‍ഡവര്‍ കൊണ്ടു പോകാനെത്തിയവരെ പോലീസ് വിട്ടയച്ചതും ഇതിന്റെ അനുബന്ധം.