Tuesday, September 8, 2009

ഓംപ്രകാശിനെ തിരയാന്‍ നോട്ടീസ്‌; സി.പി.എം. ചങ്ങാത്തം രക്ഷാകവചം - 25 aug

Date : August 25 2009 (mbi)


തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെതിരെ സംസ്ഥാന പോലീസ്‌ ഒടുവില്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. തലസ്ഥാനത്ത്‌ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഓംപ്രകാശടക്കം 18 പേരെ ഇനിയും പിടികിട്ടാനുണ്ട്‌. ഇതില്‍ ഏറ്റവും പഴക്കമുള്ള കേസ്‌ ഓംപ്രകാശിന്‍േറതാണ്‌. രാജ്യത്തിന്റെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഫോട്ടോയടക്കമുള്ള വിവരങ്ങളാണ്‌ കൈമാറിയിട്ടുള്ളത്‌. അതേസമയം, സി. പി. എമ്മിന്റെ മുന്നു പ്രാദേശിക നേതാക്കളുടെ വാറണ്ട്‌ കാലാവധി നീട്ടികിട്ടുന്നതിന്‌ പോലീസ്‌ നടപടിയൊന്നും എടുത്തിട്ടില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്‌.

രണ്ടു കൊല്ലമായി പോലീസ്‌ തിരയുന്ന ഓംപ്രകാശിനെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടത്‌ 2007 ജൂണ്‍ 13-നാണ്‌. വിദേശത്തും നാട്ടിലുമായി കറങ്ങി നടന്ന ഒാംപ്രകാശിന്റെ പേര്‌ ആലപ്പുഴയില്‍ പോള്‍ ജോര്‍ജ്ജിന്റെ കൊലക്കേസ്സുമായി ബന്ധപ്പെട്ടാണ്‌ വീണ്ടും സജീവമായത്‌. മുത്തൂറ്റ്‌ പോള്‍ ജോര്‍ജിനോടൊപ്പം ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട്‌ ക്രിമിനലുകള്‍ ഉണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ്‌ പെട്ടെന്ന്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കാന്‍ പോലീസ്‌ തയ്യാറായത്‌. പോലീസ്‌ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ചങ്ങാത്തമാണ്‌ ഓംപ്രകാശിന്‌ തുണയായത്‌. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍ ഓംപ്രകാശിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ഇതുകാരണം വിമാനത്താവളങ്ങളിലൂടെ പല തവണ കടന്നുപോയി. എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായവും ലഭിച്ചിരുന്നു. വിവിധ പേരുകളില്‍ ഓംപ്രകാശിന്‌ കുറഞ്ഞത്‌ അഞ്ച്‌ പാസ്‌പോര്‍ട്ടുകളെങ്കിലും ഉണ്ടെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍.

ഒരിക്കല്‍ വാറണ്ട്‌ പുറപ്പെടുവിച്ചാല്‍, ആറു മാസം മാത്രമേ നിലനില്‍ക്കുകയുള്ളു. അതിനുശേഷം വീണ്ടും അപേക്ഷ നല്‍കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍, ഓംപ്രകാശ്‌ ഉള്‍പ്പെടെ സി.പി.എം. നേതൃത്വവുമായി ബന്ധമുള്ള നിരവധി ഗുണ്ടകളുടെ വാറണ്ട്‌ നീട്ടിക്കിട്ടുന്നതിന്‌ പോലീസ്‌ അപേക്ഷ നല്‍കിയിട്ടില്ല. ആറു മാസം മുമ്പ്‌ കളക്ടര്‍ ഒപ്പിട്ട ഗുണ്ടാ പട്ടികയില്‍ സി.പി.എമ്മിന്റെ മൂന്നു പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ വാറണ്ട്‌ കാലാവധി കഴിയാറായെങ്കിലും നീട്ടിക്കിട്ടുന്നതിനോ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനോ ശ്രമം നടത്തിയിട്ടില്ല. വിദേശത്ത്‌ പോയെന്ന്‌ പോലീസ്‌പ്രചരിപ്പിച്ചിരുന്ന ഓംപ്രകാശാണ്‌ ഇപ്പോള്‍, ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട വ്യവസായിയോടൊപ്പം ഉണ്ടായിരുന്നുവെന്ന്‌ തെളിഞ്ഞിരിക്കുന്നത്‌. സി. പി. എമ്മിന്റെ പ്രാദേശിക നേതാക്കളായ എയര്‍പോര്‍ട്ട്‌ ശ്യാം, വഞ്ചിയൂര്‍ ഹരിപ്രസാദ്‌, ചുക്രന്‍ രഞ്‌ജിത്‌ എന്നിവരുടെ വാറണ്ട്‌ പുതുക്കാന്‍ പോലീസ്‌ നടപടിയില്ലെന്നും ആക്ഷേപമുണ്ട്‌.

ഓംപ്രകാശിനൊപ്പം ഗുണ്ടാ പട്ടികയിലുള്ള പുത്തന്‍പാലം രാജേഷിനെതിരെ നടപടി തുടരാന്‍ പോലീസ്‌ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്‌.
 

blogger templates | Make Money Online