Tuesday, September 8, 2009

കാറും കൂട്ടുകാരും എവിടെ? മൊഴികളിലും ദുരൂഹത - aug-23

Date : August 23 2009 (mbi)

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച, യുവ വ്യവസായിയുടെ കൊലപാതകത്തിന്‌ സാക്ഷിയെന്ന്‌ കരുതുന്നയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍. മരിച്ചയാളുടെ ഡ്രൈവറുടെ വാക്കുകളില്‍ പോലീസിന്‌ അവിശ്വാസം. സംഭവത്തില്‍ അടിമുടി ദുരൂഹതയും.

വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയില്‍ അത്ര തിരക്കില്ലാത്ത എ.സി.റോഡിലെ പൊങ്ങയില്‍ നടന്ന ഈ കൊലപാതകം ക്വട്ടേഷന്‍ സംഘം ആളുമാറി നടത്തിയതാണെന്ന പ്രചാരണമായിരുന്നു ആദ്യം.

മരിച്ച പോള്‍ എം. ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു, സംഭവത്തിനിടെ പരിക്കേറ്റെന്നു പറയുന്ന തിരുവനന്തപുരം പേട്ട സ്വദേശി മനു എന്നിവരുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ്‌ അന്വേഷണം. ഷിബുവും മനുവും പറയുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായെടുത്തിട്ടുണ്ട്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ 5ന്‌ എറണാകുളം മുത്തൂറ്റ്‌ ഹെഡ്‌ ഓഫീസില്‍ നിന്ന്‌ രണ്ടുവണ്ടികളിലാണ്‌ തങ്ങള്‍ പുറപ്പെട്ടതെന്നാണ്‌ ഡ്രൈവര്‍ ഷിബു പറയുന്നത്‌. ഒരു വണ്ടിയില്‍ താനും പോള്‍.എം. ജോര്‍ജും മറ്റൊരു വണ്ടിയില്‍ പോളിന്റെ കൂട്ടുകാരും. മാരാരിക്കുളത്ത്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ നിര്‍മിക്കുന്ന ഹോട്ടല്‍ സൈറ്റ്‌ സന്ദര്‍ശിച്ച ശേഷം സമീപത്തുള്ള റിസോര്‍ട്ടിലും കുറേ സമയം ചെലവിട്ടു.

ചമ്പക്കുളത്തുള്ള കമ്പനി വക ഗസ്റ്റ്‌ ഹൗസിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. ഈ യാത്രയില്‍ പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവരുടെ വണ്ടിയിലായിരുന്നു. താനും പോളിന്റെ ഒരു കൂട്ടുകാരനും പോളിന്റെ വണ്ടിയിലും അനുഗമിച്ചു. ഈ കൂട്ടുകാരനും താനും കൂടിയാണ്‌ പോളിനെയും പരിക്കേറ്റ മനുവിനെയും മെഡിക്കല്‍ കോളേജാസ്‌പത്രിയിലാക്കിയതെന്നും ഡ്രൈവര്‍ ഷിബു പറഞ്ഞു.

പോളിനൊപ്പം കാറിലുണ്ടായിരുന്ന മനു പറയുന്നത്‌ അനുഗമിച്ച കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌.

പോളിനെ കൂടാതെ മൂന്നുകൂട്ടുകാര്‍ കൂടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നുവെന്നാണ്‌ മനു പറഞ്ഞത്‌. എന്നാല്‍ ഈ കാറും കൂട്ടുകാരും എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു.

വെള്ളിയാഴ്‌ച കാലത്ത്‌ പോളിന്റെ സ്‌കോര്‍പ്പിയോ കാറിലാണ്‌, പേട്ടയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ്‌ നടത്തുന്ന താന്‍ എറണാകുളത്തിനുപോയതെന്നാണ്‌ മനു പറയുന്നത്‌. വര്‍ക്ക്‌ഷോപ്പിലേക്കു സാധനങ്ങള്‍ വാങ്ങാനായിരുന്നുവത്രെ യാത്ര.

എന്നാല്‍, ഇദ്ദേഹം സാധനങ്ങള്‍ ഒന്നുംതന്നെ വാങ്ങിയില്ല. അത്‌ അടുത്ത ദിവസത്തേക്കു മാറ്റിവച്ചുവെന്നാണ്‌ വിശദീകരണം. മരിച്ച പോളുമായി മുന്‍പരിചയമില്ലെന്നു പറയുന്ന മനു എങ്ങനെ ഈ സംഘത്തില്‍ വന്നു എന്നതില്‍തന്നെയുണ്ട്‌ ദുരൂഹത. തന്റെയും പോളിന്റെയും സ്‌നേഹിതന്‍ നൗഷാദ്‌ പറഞ്ഞിട്ട്‌ ഒപ്പം കൂടിയെന്ന മനുവിന്റെ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്പടി വിശ്വസിക്കുന്നില്ല. ഈ നൗഷാദിനെപ്പറ്റി ഒരു വിവരവുമില്ല. താന്‍ കാലത്തുമുതല്‍ ഉപയോഗിച്ചുവെന്നു മനു പറയുന്ന പോളിന്റെ കാര്‍ എറണാകുളത്തുതന്നെ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരത്തു പോയിട്ടില്ലെന്നും ഡ്രൈവര്‍ പറയുമ്പോള്‍ സംശയം ഇരട്ടിക്കുകയാണ്‌.

കൂട്ടുകാര്‍ വന്ന കാറും ട്രാവലറും സംഭവസ്ഥലത്തുനിന്ന്‌ ഒപ്പം പോയി എന്നാണ്‌ മനു പറയുന്നത്‌. എന്നാല്‍ താന്‍ പോളിനെയും പരിക്കേറ്റയാളിനെയും മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുവരുമ്പോള്‍ കൂട്ടുകാരുടെ കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ എന്‍.എച്ചില്‍ കയറി തെക്കോട്ടുപോയെന്നുമാണ്‌ ഡ്രൈവര്‍ പറയുന്നത്‌.

ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ തന്റെ പക്കലുള്ളൂ എന്നായിരുന്നു ഡ്രൈവര്‍ പോലീസിനോട്‌ പറഞ്ഞിരുന്നത്‌. ദേഹപരിശോധനയില്‍ മറ്റൊരെണ്ണം കൂടി കിട്ടിയതും ഡ്രൈവറില്‍ പോലീസിന്‌ അവിശ്വാസം ജനിപ്പിച്ചു.

മനുവിന്റെ പരിക്കും ടെമ്പോ ട്രാവലറില്‍ പന്ത്രണ്ടംഗ സംഘം എത്തിയതുമെല്ലാം വിശദമായ അന്വേഷണത്തിനുശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ്‌ പോലീസ്‌.
 

blogger templates | Make Money Online