മാതൃഭൂമി 2007 ജൂലൈ 25
കോഴിക്കോട്: മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാര്‍ഥം സി.പി.എം. നേതൃത്വം മുന്‍കൈയെടുത്ത് കണ്ണൂരില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മേളക്ക് ചെന്നൈയിലെ ഒരു സ്വകാര്യസ്ഥാപനംവഴി വന്ന 60 ലക്ഷം രൂപയും സ്ഥാപനത്തിന്റെ 'അദൃശ്യമായ പങ്കാളിത്തവും' ദുരൂഹത ഉണര്‍ത്തുന്നു.
20 ലക്ഷം രൂപവീതം മൂന്നുതവണയായാണ് ചെന്നൈയിലെ 'പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ പേരില്‍ നായനാര്‍ ഫുട്ബോള്‍ സംഘാടകസമിതിയുടെ കണ്ണൂര്‍ എസ്.ബി.ടി. ശാഖയിലെ അക്കൌണ്ടില്‍ എത്തിയത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ ഒരിടത്തും 'പാരറ്റ് ഗ്രോവ്' ഉണ്ടായിരുന്നില്ല. വ്യവസായിയും ഇപ്പോള്‍ 'ദീപിക' ചെയര്‍മാനുമായ എം.എ.ഫാരിസിന്റേതാണ് കോള്‍ സെന്റര്‍ ഉള്‍പ്പെടെ വിദേശ വ്യാപാരബന്ധങ്ങള്‍ സൂക്ഷിക്കുന്ന 'പാരറ്റ് ഗ്രോവ്' എന്ന സ്ഥാപനം . ടൂര്‍ണമെന്റിന് മുമ്പോ, കളി ദിവസങ്ങളിലോ ഇങ്ങനെയൊരു സ്ഥാപനത്തെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ സംഘാടക സമിതി പ്രഖ്യാപിച്ചിരുന്നില്ല. ഈ സ്ഥാപനത്തിന്റെ ഒരു ബോര്‍ഡ് പോലും സ്റ്റേഡിയത്തില്‍ കണ്ടവരുമില്ല. സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൌണ്ടേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫാരിസിന് എതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും വലിയ തുക നല്‍കിയിട്ടും എന്തുകൊണ്ടാണ് 'പാരറ്റ് ഗ്രോവ്' രംഗത്തുവരാതിരുന്നത് എന്നതാണ് ദുരൂഹം.
2007 ഏപ്രില്‍ 24ന് ഫുട്ബോള്‍ മേള സമാപിച്ച് മൂന്നുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച കണക്കുകളൊന്നും സംഘാടകസമിതി പറഞ്ഞിട്ടില്ല. അതിനുശേഷം സംഘാടകസമിതി യോഗംചേര്‍ന്നതായും വിവരമില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ ജനറല്‍ കണ്‍വീനറുമായുള്ളതാണ് നായനാര്‍ ഫുട്ബോളിന്റെ സംഘാടകസമിതി.
എസ്.ബി.ടി. അക്കൌണ്ടില്‍ ഒന്നരക്കോടിയിലേറെ രൂപ വരവുണ്ടെന്നും ഒന്നരക്കോടിക്കടുത്ത് ചെലവ് വന്നുവെന്നുമാണ് പാര്‍ട്ടി നേതൃത്വം ഫുട്ബോള്‍ മേള സംബന്ധിച്ചുനല്‍കുന്ന ചിത്രം. എട്ടുലക്ഷം രൂപയോളം മിച്ചമുണ്ടെന്നും വാഗ്ദാനംചെയ്യപ്പെട്ട കുറെ പണം ഇനിയും കിട്ടാനുണ്ടെന്നും അതാണ് കണക്കുകള്‍ അവതരിപ്പിക്കാന്‍ വൈകുന്നതെന്നും ചില പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സി.പി.എമ്മിലെ പ്രത്യയശാസ്ത്ര വിവാദത്തിലും വിഭാഗീയത സംബന്ധിച്ച പോരിലും പിണറായി പക്ഷത്തെ അറിഞ്ഞുസഹായിക്കുന്ന 'ദീപിക'യുടെ സാരഥി ഫുട്ബോള്‍ മേളക്ക് 60 ലക്ഷം കൈമാറിയതിലെ യുക്തി പാര്‍ട്ടിയിലെ ഒരുവിഭാഗം സംശയത്തോടെയാണ് കാണുന്നത്. 'പാരറ്റ് ഗ്രോവ്' എന്ന കമ്പനിക്ക് കണ്ണൂരിലെ ഒരു ടൂര്‍ണമെന്റിന്വേണ്ടി ഇത്രയും വലിയ തുക സംഭാവനചെയ്യാന്‍ മാത്രമുള്ള വ്യാപാര താല്പര്യങ്ങളില്ല. 60 ലക്ഷം രൂപ നല്‍കിയിട്ടും സ്പോണ്‍സര്‍ എന്ന പട്ടം നേടാന്‍ ഇവിടെ ആ കമ്പനി ശ്രദ്ധിച്ചിട്ടുമില്ല. 20 ലക്ഷം രൂപവീതം മൂന്നുതവണയായി നല്‍കിയതിലും അസ്വാഭാവികത പ്രകടം. അതേ സമയം ഫുട്ബോള്‍മേളക്കുവേണ്ടി പണം സമാഹരിച്ചുകൊടുക്കാനുള്ള ഇടനിലക്കാരായാണോ 'പാരറ്റ് ഗ്രോവ്' പ്രവര്‍ത്തിച്ചതെന്ന സംശയം ഉയരുന്നതും ഈ സാഹചര്യത്തിലാണ്. അങ്ങനെയെങ്കില്‍ പ്രസ്തുത കമ്പനിക്ക് സംഘാടകസമിതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരായിനിന്ന ചില കമ്പനികളില്‍നിന്ന് പണം സ്വീകരിച്ച് 'പാരറ്റ് ഗ്രോവ്' അത് കണ്ണൂരിലെ ഫുട്ബോള്‍ കമ്മിറ്റിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നോ എന്നതാണ് ഇതുസംബന്ധിച്ചുയരുന്ന ചോദ്യം. മാര്‍ച്ച് എട്ട്, ഏപ്രില്‍ മൂന്ന്, മെയ് 14 തീയതികളിലാണ് 'പാരറ്റ് ഗ്രോവി'ന്റെ പേരില്‍ 20 ലക്ഷം രൂപവീതം അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ചെയ്തിരിക്കുന്നത്.