Tuesday, September 8, 2009

പോള്‍ വധം ക്വട്ടേഷന്‍ സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ - 25 -aug

Date : August 25 2009 (Mbi)

ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തിലെ 11 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കേസില്‍ 22 പ്രതികളുണ്ട്‌. പോളിനെ കുത്തിയ ആളടക്കം മറ്റ്‌ പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നു.

തിങ്കളാഴ്‌ച വൈകീട്ട്‌ ആലപ്പുഴ എസ്‌.പി. ഓഫീസില്‍ ഐ.ജി. വിന്‍സന്‍ എം. പോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണീ കാര്യം.

വ്യവസായരംഗത്തെ പകയോ മുന്‍വൈരാഗ്യമോ ഒന്നുമല്ല കൊലയ്‌ക്ക്‌ പിന്നില്‍ എന്നാണ്‌ അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പോള്‍ ഓടിച്ചിരുന്ന കാര്‍ പള്ളാത്തുരുത്തിയില്‍ ഒരു മോട്ടോര്‍ ബൈക്ക്‌ യാത്രക്കാരനെ ഇടിച്ചു വീഴ്‌ത്തിയതിനെ തുടര്‍ന്നുണ്ടായ യാദൃച്ഛിക സംഭവങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ്‌ ഐ.ജി. വിശദീകരിച്ചത്‌. ഇതേവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനമാണിത്‌. കൊലപാതകത്തിലേക്ക്‌ നയിക്കാവുന്ന മറ്റെല്ലാ സാധ്യതകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌. കൊലപാതകം ആസൂത്രിതമാണോ എന്ന്‌ വീണ്ടും പരിശോധിക്കും.

പോളിനോടൊപ്പം ഉണ്ടായിരുന്ന തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘത്തലവന്മാരായ ഒാംപ്രകാശ്‌, രാജേഷ്‌ പുത്തന്‍പാലം എന്നിവര്‍ സംഭവത്തെ തുടര്‍ന്ന്‌ മുങ്ങിയിരിക്കുകയാണ്‌. ഇവര്‍ക്കുവേണ്ടി പോലീസ്‌ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്‌. ഇവര്‍ക്ക്‌ സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും.

പോള്‍ വധം സംബന്ധിച്ച്‌ പോലീസ്‌ പറയുന്നതിപ്രകാരം: എറണാകുളത്തുനിന്ന്‌ എന്‍ഡവര്‍ കാറിലും പോളിന്റെ സ്‌കോര്‍പ്പിയോയിലുമായി പുറപ്പെട്ട സംഘത്തില്‍ പോളിനെയും ഡ്രൈവര്‍ ഷിബുവിനെയും കൂടാതെ ഉണ്ടായിരുന്നത്‌ ഗുണ്ടാ നേതാവ്‌ ഒാംപ്രകാശും രാജേഷ്‌ പുത്തന്‍പാലവും ഇവരുടെ കൂട്ടാളിയായ പ്രവീണ്‍ എന്ന മനുവുമാണ്‌. ഇവര്‍ മാരാരിക്കുളത്ത്‌ പോളിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചശേഷം ചമ്പക്കുളത്ത്‌ മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഗസ്റ്റ്‌ ഹൗസിലേക്ക്‌ പോകുന്നു. മുമ്പില്‍ പോള്‍ ഡ്രൈവുചെയ്യുന്ന എന്‍ഡവര്‍ കാറും പിന്നില്‍ ഡ്രൈവര്‍ ഓടിക്കുന്ന സ്‌കോര്‍പിയോയും. മനുവിനെ കൂടാതെ രാജേഷോ ഒാംപ്രകാശോ എന്ന്‌ തീര്‍ച്ചയില്ല, ഒരാള്‍ പോളിന്റെ കാറിലുണ്ടായിരുന്നു. മറ്റേയാള്‍ സ്‌കോര്‍പ്പിയോയിലും.

പള്ളാത്തുരുത്തിയിലുള്ള പോളിന്റെ ഹൗസ്‌ ബോട്ട്‌ ഓഫീസില്‍ നിന്ന്‌ ചമ്പക്കുളം ഗസ്റ്റ്‌ ഹൗസിന്റെ താക്കോല്‍ എടുത്തുവരാന്‍, പിന്നാലെ വന്ന ഡ്രൈവര്‍ക്ക്‌ പോള്‍ നിര്‍ദേശം നല്‍കി. താക്കോലിനായി അവിടെ വണ്ടി നിര്‍ത്തിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ യാത്ര തുടരുന്നു.

ഇതിനിടെ പോളിന്റെ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേയ്‌ക്ക്‌ പോയ ബൈക്കുയാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തിയിട്ട്‌ നിര്‍ത്താതെ പോയി. ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘം വന്ന ടെമ്പോ ട്രാവലര്‍ ഈ സമയം ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന്‌ നന്നാക്കാന്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഒരാളുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ ആലപ്പുഴയ്‌ക്ക്‌ വരികയായിരുന്നു സംഘം. ഇവരുടെ ദൗത്യം പോലീസ്‌ വ്യക്തമാക്കുന്നില്ല.

റോഡില്‍ തെറിച്ചുവീണ ബൈക്കുയാത്രികന്‍ ആലപ്പുഴ മുനിസിപ്പല്‍ ജില്ലാ കോടതി വാര്‍ഡില്‍ തൃച്ചീരി വീട്ടില്‍ ബിജു (30)വിനെ അവിടെയുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘം ആണ്‌ ഓടിയെത്തി സഹായിച്ചത്‌.

രണ്ട്‌ ടെമ്പോ ട്രാവലറുകളിലും രണ്ട്‌ കാറുകളിലുമായെത്തിയ സംഘത്തില്‍പ്പെട്ട കുറേപ്പേര്‍ ഉടനെ ഒരു ടെമ്പോ ട്രാവലറില്‍ പോളിന്റെ വണ്ടിക്ക്‌ പിന്നാലെ പാഞ്ഞു. ബൈക്കുയാത്രക്കാരനെ ഇടിച്ചിട്ട്‌ നിര്‍ത്താതെ പോയത്‌ ചോദിക്കാനായിട്ടായിരുന്നു യാത്ര. രണ്ടര കി.മീ. അകലെ പൊങ്ങയില്‍ ഈസമയം പോള്‍, വണ്ടി റോഡിന്റെ ഇടതുഭാഗത്ത്‌ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബൈക്കുമായുള്ള കൂട്ടിയിടിയില്‍ വണ്ടിക്ക്‌ വല്ലതും പറ്റിയോ എന്ന്‌ പരിശോധിച്ചുകൊണ്ടിരുന്ന പോളുമായി ടെമ്പോ ട്രാവലറില്‍ എത്തിയ സംഘം വാഗ്വാദത്തിലേര്‍പ്പെട്ടു. അത്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ പോളിനെ കുത്തിവീഴ്‌ത്തി. പോളിന്‌ നാലുതവണ കുത്തേറ്റു.

ഇതിനിടയിലായിരിക്കണം കാറിലുണ്ടായിരുന്ന മനുവിന്റെ കൈയിലും ചെറിയ മുറിവുണ്ടായി. സംഭവമുണ്ടായി ആറേഴ്‌ മിനിട്ടിനുള്ളില്‍ സ്‌കോര്‍പ്പിയോയില്‍ ഡ്രൈവര്‍ ഷിബുവും ഗുണ്ടാ നേതാക്കളിലൊരാളും കൂടി സംഭവസ്ഥലത്തെത്തുന്നു. 'കയറി വിട്ടോടാ' എന്ന്‌ പറഞ്ഞ്‌ സംഘം ടെമ്പോ ട്രാവലറില്‍ കയറി ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയി.

പതിനഞ്ചോളം പേരെ സംഭവസ്ഥലത്ത്‌ കണ്ടതായിട്ടാണ്‌ ഡ്രൈവര്‍ ഷിബുവും ദൃക്‌സാക്ഷിയായ മനുവും പറയുന്നത്‌.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരും പോളും മനുവും മദ്യപിച്ചിരുന്നതായി ഐ.ജി. പറഞ്ഞു. മദ്യലഹരിയിലായിരിക്കാം വേണ്ടപ്പെട്ടവരല്ലാഞ്ഞിട്ടും മോട്ടോര്‍ ബൈക്കുയാത്രക്കാരന്‌ വേണ്ടി ഇവര്‍ കാറിന്‌ പിന്നാലെ പാഞ്ഞത്‌.

പരിക്കേറ്റ ബൈക്കുയാത്രക്കാരന്‍ രാത്രിയില്‍ നെടുമുടി പോലീസ്‌ സ്റ്റേഷനില്‍ വിവരം റിപ്പോര്‍ട്ടു ചെയ്യുകയും രാത്രി പന്ത്രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്‌. തൃക്കോടിത്താനത്ത്‌ ഭാര്യവീട്ടിലേക്ക്‌ പോകുമ്പോഴുണ്ടായ ഈ അപകടത്തെ തുടര്‍ന്ന്‌ കൊലപാതകം നടന്നത്‌ ഇയാള്‍ അറിഞ്ഞിട്ടില്ല. എഴുന്നേല്‍ക്കാന്‍ സഹായിച്ചത്‌ അവിടെ ഉണ്ടായിരുന്ന അജ്ഞാതരായിരുന്നുവെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം.

ഈ സംഭവത്തില്‍ പോളിന്റെ ബന്ധുക്കളടക്കം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തതായി ഐ.ജി. പറഞ്ഞു. കേസിന്റെ തുടരന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇതില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നെല്ലാം അന്വേഷിക്കും.

അറസ്റ്റിലായ പ്രതികള്‍

പോള്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ, കുന്നന്താനം, നാലുകോടി, തൃക്കൊടിത്താനം ഭാഗത്തുള്ളവരാണ്‌. ഇവരെല്ലാം ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്‌. പ്രായം 20നും 30നും ഇടയ്‌ക്ക്‌.

പേരുവിവരം: സത്താര്‍, രാജീവ്‌കുമാര്‍, ഷിനോ പോള്‍, ആകാശ്‌ സതീഷ്‌കുമാര്‍, സുനില്‍, നിബിന്‍, അനീഷ്‌കുമാര്‍, ബിനോയ്‌, മാര്‍ക്കോസ്‌, ജയിന്‍ ജോസ്‌, ജയചന്ദ്രന്‍.

ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കും-ഡി.ജി.പി.

പോള്‍ ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു. ഗുണ്ടാത്തലവന്മാരായ ഒാംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കൊല്ലപ്പെട്ട പോള്‍ ജോര്‍ജുമായുള്ള ബന്ധവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

blogger templates | Make Money Online