Date : August 23 2009 (mbi)
ആലപ്പുഴ:മുത്തൂറ്റ് എം.ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.ജി.ജോര്‍ജിന്റെ മകന്‍ പോള്‍ എം. ജോര്‍ജ് (30)വെള്ളിയാഴ്‌ച അര്‍ധരാത്രി നടുറോഡില്‍ കൊലചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴഞ്ചേരി ആസ്ഥാനമായുള്ള മുത്തൂറ്റ് എം ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹോസ്‌പിറ്റാലിറ്റി ഡിവിഷന്റെ ഡയറക്ടറുമായിരുന്നു പോള്‍. വ്യവസായ പ്രമുഖനായിരുന്ന മുത്തൂറ്റ് എം.ജോര്‍ജിന്റെ ചെറുമകനാണ്.
കൂട്ടുകാരുമൊത്ത് കാറില്‍ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മുത്തൂറ്റ് ഗ്രൂപ്പ്‌വക ഗസ്റ്റ്‌ഹൗസിലേക്ക് പോകുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്‌ഷനില്‍ വച്ചായിരുന്നു സംഭവം. വിജനമായ റോഡില്‍ രാത്രി പന്ത്രണ്ടരയോടെ അക്രമികള്‍ പോളിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചപ്പോള്‍ പോള്‍ എം.ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന തിരുവനന്തപുരം പേട്ട മൂന്നാമനയ്‌ക്കല്‍ രാമന്‍വിളാകം വീട്ടില്‍ പ്രവീണ്‍ എന്ന മനുവി(30)നെ ഇടതുകൈയില്‍ കുത്തേറ്റ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും പോളിന്റെ ഡ്രൈവര്‍ കാഞ്ചിയാര്‍ വള്ളാനത്തുവീട്ടില്‍ ഷിബുവും (30) മാത്രമാണ് കൃത്യം കണ്ടിട്ടുള്ള രണ്ടുപേര്‍. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഏറെ പൊരുത്തക്കേടുള്ള ഇവരുടെ മൊഴി പോലീസ് അതേപടി വിശ്വസിക്കുന്നില്ല.
അക്രമം നടക്കുമ്പോള്‍ പോള്‍ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന കൂട്ടുകാരേയും കൃത്യത്തിനുശേഷം കാണാതായത് സംഭവത്തിന് ദുരൂഹതയുണ്ടാക്കിയിരിക്കുകയാണ്.
ഒരു ടെമ്പോട്രാവലറില്‍ എത്തിയ പന്ത്രണ്ടംഗ സംഘമാണ് പോളിനെ കൊലപ്പെടുത്തിയതെന്ന് പോളിന്റെ ഡ്രൈവര്‍ ഷിബുവും പരിക്കേറ്റ മനുവും മൊഴി നല്‍കിയിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവരുടെ കാറിലായിരുന്നു. ഡ്രൈവര്‍ ഓടിച്ചിരുന്ന പോളിന്റെ കാര്‍ കൃത്യം നടന്നുകഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തുന്നത്.
ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലെ പൊങ്ങജ്യോതി ജംഗ്‌ഷനില്‍ ഒരുമതിലിനോടു ചേര്‍ത്തുനിര്‍ത്തി പിന്നില്‍ നിന്ന് കുത്തി പരിക്കേല്‌പിച്ച നിലയിലായിരുന്നു പോളിന്റെ മൃതദേഹം. കൈക്കുകുത്തേറ്റ നിലയില്‍ മനുവും സമീപത്തുണ്ടായിരുന്നു.
പോളിന്റെ കാറില്‍ ഇരുവരേയും താനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ കൊണ്ടുവന്നതെന്നാണ് ഡ്രൈവര്‍ ഷിബു പോലീസിനോട് പറഞ്ഞത്. നെടുമുടി പോലീസ്‌സ്റ്റേഷനില്‍ 12.50ന് വിവരമറിയിച്ചതും ഡ്രൈവര്‍ തന്നെയാണ്.
ഗസ്റ്റ്‌ഹൗസിന്റെ താക്കോല്‍ വാങ്ങാന്‍ പള്ളാത്തുരുത്തിയിലുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ കയറിയതിനാലാണ് പോളിന്റെ കാറിനെ അനുഗമിച്ചിരുന്ന വണ്ടി അല്‌പം പിന്നിലായതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. താന്‍ സ്ഥലത്തെത്തുമ്പോള്‍ പന്ത്രണ്ടുപേര്‍ പോള്‍ സഞ്ചരിച്ചിരുന്ന വണ്ടിക്കുചുറ്റും നില്‍ക്കുന്നതു കണ്ടു. വണ്ടിയുടെ മുന്‍വശത്തെ വെളിച്ചം കണ്ടപ്പോള്‍ ഇവര്‍ അടുത്തുകിടന്ന ടെമ്പോ ട്രാവലറില്‍ കയറി സ്ഥലംവിട്ടു.
ടെമ്പോട്രാവലറില്‍ വന്ന സംഘം വണ്ടിവട്ടമിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ മനുവിന്റെ മൊഴി. വലിയ ഒരു വ്യവസായ ശൃംഖലയിലെ പ്രധാന വ്യക്തിയുടെ കൊലപാതകം അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഐജി വിന്‍സന്‍ എം. പോള്‍ ശനിയാഴ്‌ച സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. എസ്‌പി ഇ. ദിവാകരന്‍, ഡിവൈഎസ്‌പി കെ.എം.ടോമി, ആലപ്പുഴ നോര്‍ത്ത് സിഐ കെ.എ.തോമസ് എന്നിവരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ്, കെ.സി.വേണുഗോപാല്‍ എംപി, കോട്ടയം ഡിസിസി പ്രസിഡന്റ് കെ.സി.ജോസഫ് എംഎല്‍എ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.
ശവസംസ്‌കാരം പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഞായറാഴ്‌ച 3ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
ന്യൂഡല്‍ഹി സെന്റ്‌ജോര്‍ജ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാറാമ്മയാണ് പോളിന്റെ അമ്മ. മുത്തൂറ്റ് എം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ ജോര്‍ജ് എം.ജോര്‍ജ്, അലക്‌സാണ്ടര്‍ എം. ജോര്‍ജ് എന്നിവര്‍ പോളിന്റെ സഹോദരങ്ങളാണ്.