Tuesday, September 8, 2009

പോള്‍ സഞ്ചരിച്ച കാറില്‍ നിന്ന്‌ ഗുണ്ടാത്തലവന്റെ ലൈസന്‍സ്‌ കണ്ടെടുത്തു - 24 aug

Date : August 24 2009 (Mbi)


കൊല്ലം:കൊല്ലപ്പെടുന്നതിനു മുമ്പ്‌ പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റ്‌ സഞ്ചരിച്ചിരുന്ന കാറിനുള്ളില്‍ പോലീസ്‌ രക്തക്കറ കണ്ടെത്തി. കാറില്‍ നിന്ന്‌ കണ്ടുകിട്ടിയ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ വലിയതുറ പനമൂട്‌ ഒാംപ്രകാശിന്‍േറതാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ശനിയാഴ്‌ച രാവിലെ ദേശീയ പാതയോരത്ത്‌ നീണ്ടകര പുത്തന്‍തുറയിലാണ്‌ ദുരൂഹ സാഹചര്യത്തില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നത്‌ നാട്ടുകാര്‍ കണ്ടത്‌. ഉച്ചയോടെ മൂന്ന്‌ യുവാക്കള്‍ വന്ന്‌ കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ച യുവാക്കളെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്നുവെങ്കിലും ഇവരെ വിട്ടയച്ചു.

വെള്ളിയാഴ്‌ച ആലപ്പുഴ നെടുമുടിയില്‍ വച്ച്‌ പോള്‍ എം. ജോര്‍ജ്‌ കുത്തേറ്റതിനെ തുടര്‍ന്ന്‌ പോളിന്റെ കാറുമായി രണ്ടുപേര്‍ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയതായും കാര്‍ ഇടിച്ചിട്ടുള്ളതായും പോലീസിന്‌ വിവരം ലഭിച്ചിരുന്നു. പുത്തന്‍തുറയില്‍ കണ്ടെത്തിയ കെ.എല്‍. 01 എ.എസ്‌. 8407 എന്ന നമ്പരിലുള്ള ഫോര്‍ഡ്‌ എന്‍ഡവര്‍ കാറിന്റെ റേഡിയേറ്റര്‍ പൊട്ടി വെള്ളം ചോരുകയും മുന്‍വശത്തെ നമ്പര്‍പ്ലേറ്റ്‌ വളയുകയും ബമ്പര്‍ പൊട്ടുകയും ചെയ്‌തിട്ടുണ്ട്‌. കാറിന്‌ അകത്തും പുറത്തുമായി പല ഭാഗങ്ങളിലും രക്തക്കറ പുരണ്ടിട്ടുള്ളതും മുന്‍വശത്തെ ഡോര്‍ഗ്ലാസിലും മുന്നിലെ സീറ്റിലുമുള്ള രക്തക്കറയുടെ പാടുകളും മറ്റും ഞായറാഴ്‌ച ആലപ്പുഴയില്‍ നിന്നെത്തിയ വിദഗ്‌ദ്ധ സംഘം പരിശോധിച്ചു. കാറിന്റെ ഗിയറിനു താഴെ രക്തം തുടച്ച കടലാസുതുണ്ടുകള്‍ ചുരുട്ടിയിട്ടിരുന്നതും കണ്ടെത്തിയിട്ടുണ്ട്‌.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌, തിരുവനന്തപുരം ടൈറ്റാനിയം ടി.സി.33-ല്‍ അപ്പാവുവിളയില്‍ ഷിബു ആന്റണിയുടെ പേരിലുള്ള ഇന്റഷൂറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നീ രേഖകളും ടൈറ്റാന്‍ വാച്ച്‌, കൂളിങ്‌ ഗ്ലാസ്‌, സോക്‌സ്‌, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെച്ചെടുത്ത യുവാക്കളുടെ ഗ്രൂപ്പ്‌ ഫോട്ടോകള്‍, ഇരുപതോളം സിഡികള്‍ എന്നിവയും കാറില്‍ നിന്ന്‌ ലഭിച്ചു. പുത്തന്‍തുറയില്‍ നിന്ന്‌ കാര്‍ കൊണ്ടുപോകാന്‍ വന്ന്‌ പോലീസ്‌ പിടിയിലായ തിരുവനന്തപുരം കണ്ണമ്മൂല കുന്നില്‍ വീട്ടില്‍ ബിനു (23), കുമാരപുരം പടിഞ്ഞാറ്റില്‍ ലെയ്‌നില്‍ സഹോദരന്മാരായ അനുരാജ്‌, ബിനുരാജ്‌ എന്നിവര്‍ തിരുവനന്തപുരത്തെ വര്‍ക്‌ഷോപ്പ്‌ തൊഴിലാളികളാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

അമ്പലപ്പുഴയില്‍ നിന്ന്‌ സിഐ പി.ഡി. ശശിയുടെ നേതൃത്വത്തില്‍ പോലീസും ആലപ്പുഴ ഡിസിആര്‍ബിയിലെ സയന്റിഫിക്‌ ഇന്‍വെസ്റ്റിഗേഷന്‍ വിഗ്‌ദ്ധന്‍ ഡോ. കെ. ജയചന്ദ്രന്‍, വിരലടയാള വിദഗ്‌ദ്ധര്‍ എന്നിവരും ചവറ പോലീസ്‌ സ്റ്റേഷനിലെത്തിയാണ്‌ കാര്‍ പരിശോധിച്ചത്‌. കൂടുതല്‍ തെളിവെടുപ്പിനായി കാര്‍ ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകുമെന്നറിയുന്നു. കരുനാഗപ്പള്ളി ഡിവൈഎസ്‌പി ആര്‍. പ്രസന്നകുമാര്‍, ചവറ സിഐ ശ്രീകുമാര്‍, എസ്‌ഐ എസ്‌. ഷുക്കൂര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
 

blogger templates | Make Money Online