Tuesday, July 21, 2009

വിരട്ടല്ലേ, പ്ലീസ്‌

MBI, 16 Jul, 2009

ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

സി.പി.എമ്മിലെ പ്രതിസന്ധിയുടെ കൊടുങ്കാറ്റ്‌ തത്‌കാലത്തേക്ക്‌ ശമിച്ചു. തീരുമാനങ്ങള്‍ നേരിട്ടറിയിക്കാന്‍ കേന്ദ്ര നേതാക്കള്‍ എത്തിയിട്ടുണ്ട്‌. സംസ്ഥാന നേതൃതല യോഗത്തിന്‌ ശേഷം പതിവ്‌ മേഖലാതല വിശദീകരണങ്ങള്‍. കനത്ത നിശ്ശബ്ദതയുടെ ഈ കാലയളവ്‌ ഇനി എത്രകണ്ട്‌ നീണ്ടുനില്‍ക്കുമെന്ന്‌ പറയാനാകില്ല.

എല്ലാ കണ്ണുകളും വി.എസ്‌. അച്യുതാനന്ദനിലേക്കാണ്‌. വി.എസ്സിനെ തരംതാഴ്‌ത്തുകയും പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ മാറ്റേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയും ചെയ്‌ത രണ്ടാം ദിവസത്തെ പി.ബി.-സി.സി. യോഗങ്ങളില്‍ വി.എസ്‌. പങ്കെടുത്തിട്ടില്ല. മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ്‌ എന്നീ നിലകളില്‍ വി.എസ്‌. ഉത്തരവാദിത്വം നിറവേറ്റുമെന്ന 'പ്രതീക്ഷയാണ്‌' പി.ബി. കമ്യൂണിക്കെയിലൂടെ സി.സി. അറിയിച്ചത്‌. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന്‌ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്‌. അതേ ശ്വാസത്തില്‍ ലാവലിന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ പറഞ്ഞതായും വാര്‍ത്തകളിലുണ്ട്‌.

ആദ്യദിവസം കേന്ദ്രകമ്മിറ്റി കഴിഞ്ഞ്‌ വി.എസ്‌. എ.കെ.ജി. ഭവന്റെ പടികളിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്നുപോലും മാധ്യമപ്രവര്‍ത്തകര്‍ സംശയിച്ചു. ഞായറാഴ്‌ച വൈകുന്നേരം കേരളത്തിലേക്ക്‌ മടങ്ങുന്നതുവരെ കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാതെ കേരളാ ഹൗസിലെ 204-ാം നമ്പര്‍ വി.വി.ഐ.പി. മുറിയിലായിരുന്നു അദ്ദേഹം. രക്ത സമ്മര്‍ദനില ഉത്‌കണ്‌ഠപ്പെടുത്തിയതുകൊണ്ട്‌ ഡോക്ടര്‍മാര്‍ വന്നും പോയുമിരുന്നു. താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളുടെ പേരിലും അഴിമതിക്കേസില്‍ പ്രതിയായ സെക്രട്ടറി മാറിനില്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടതിലും എന്തു നടപടി വേണമെന്ന്‌ ആലോചിക്കുന്ന പാര്‍ട്ടി ഉന്നതതലയോഗവുമായി ബന്ധപ്പെട്ട രംഗങ്ങളായിരിക്കും ആ ഏകാന്തതയില്‍ വി.എസ്സിന്റെ മനസ്സിന്റെ സ്വസ്ഥത തകര്‍ത്തിട്ടുണ്ടാവുക.

തന്റെ മുന്‍കൈയില്‍, ചിലപ്പോള്‍ നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ, പാര്‍ട്ടിയില്‍ പലര്‍ക്കെതിരെയും ഇതുപോലെ സംഘടനാ നടപടി എടുത്തിട്ടുണ്ട്‌. അതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ കണ്ണു നനഞ്ഞവരുണ്ട്‌. കണ്ണീരിന്‌ പകരം ചോര തന്നെ മണ്ണില്‍ വീഴ്‌ത്തിയവരും ഇപ്പോഴും വീഴ്‌ത്തുന്നവരുമുണ്ട്‌. അവരില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടി എന്ന കരിങ്കല്‍ക്കോട്ടയ്‌ക്കകത്തു നിന്ന്‌ വേരും ബന്ധവും അസ്‌തിത്വവും ഇല്ലാതെ പൊടുന്നനെ ബാഷ്‌പീകൃതമായി അദൃശ്യരായി. നേതൃത്വത്തിന്റെ അമരം പിടിച്ചുപറ്റിയവര്‍ ഇന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ അവസാനത്തെ ചെങ്കൊടിപ്പുതപ്പിനും ലാല്‍സലാമിനും വേണ്ടി മുഖമില്ലാത്തവരായി കഴിഞ്ഞുകൂടുന്നുണ്ട്‌. ഇതൊക്കെയായി ബന്ധപ്പെട്ട എന്തെങ്കിലും ചിന്താശകലങ്ങളോ മുഖക്കാഴ്‌ചകളോ വി.എസ്സിന്റെ മനസ്സിലെ തിരയോട്ടത്തില്‍ ഈ ഘട്ടത്തില്‍ തെളിഞ്ഞോ എന്ന്‌ വ്യക്തമല്ല.

ഒരു ചിത്രം തീര്‍ച്ചയായും തെളിയാതിരിക്കാന്‍ നിവൃത്തിയില്ല. അത്‌ 45 വര്‍ഷം മുമ്പ്‌ ഡല്‍ഹിയില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗമാണ്‌. പാര്‍ട്ടി ചെയര്‍മാനായിരുന്ന എസ്‌.എ. ഡാങ്കെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ എഴുതിയെന്ന്‌ ആരോപിക്കപ്പെട്ട ഒരുകത്ത്‌. ഡാങ്കെയുടെ പേരിന്റെ അക്ഷരങ്ങളും ഒപ്പും സംശയകരമായിരുന്നു. എന്നിട്ടും നാലുപതിറ്റാണ്ടു തോളോടുതോളുരുമ്മി പ്രവര്‍ത്തിച്ച്‌ ഉന്നത നേതൃത്വത്തിലെത്തിയ സഖാവിനെ സംശയിച്ചു. ഗുരുതരമായ ആരോപണത്തിന്‌ വിധേയനായ ആള്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന്‌ മാറണമെന്ന്‌ കൗണ്‍സിലിലെ ന്യൂനപക്ഷം വാദിച്ചു. ഡാങ്കെ അധ്യക്ഷനായിരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോന്നു. ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ആപോക്കില്‍ സുന്ദരയ്യയും എ.കെ.ജി.യും ഇ.എം.എസ്സും ജ്യോതിബസുവും ഹര്‍കിഷന്‍ സിങ്ങും അടങ്ങുന്ന 32 പേരില്‍ ഒരാളായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍.

അകത്തിരിക്കുന്നവരല്ല ഇറങ്ങിപ്പോന്ന തങ്ങളാണ്‌ യഥാര്‍ഥ കമ്യൂണിസ്റ്റുകാരെന്ന്‌ ജ്യോതിബസു അന്ന്‌ പ്രഖ്യാപിച്ചത്‌ വി.എസ്സിന്റെ ചെവിയില്‍ ഇപ്പോള്‍ മുഴങ്ങുന്നുണ്ടാകും. അങ്ങനെ കെട്ടിപ്പൊക്കിയ ശരിയായ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ നിന്ന്‌ വി.എസ്സിനെ നടപടിയുടെ കയറിലൂടെ താഴോട്ട്‌ തൂക്കിയിറക്കിയിരിക്കുന്നു; അച്ചടക്കം പരിശീലിക്കാനും അനുസരണ ബോധ്യപ്പെടുത്താനും. എ.കെ.ജി. ഭവനില്‍ നിന്ന്‌ ഗുരുദ്വാര രഖംഗഞ്ച്‌- ജന്തര്‍മന്ദര്‍ റോഡുവഴി കേരളഹൗസിലെ 204-ാം നമ്പര്‍ മുറിയുടെ ജനലിലൂടെ കടന്നു വരുന്ന കാറ്റില്‍ പൊട്ടിച്ചിരിയുണ്ട്‌. പിണറായിയാണ്‌ പാര്‍ട്ടി, പാര്‍ട്ടി സെക്രട്ടറിയാണ്‌ മുതലാളി എന്ന പുതിയ നയപ്രഖ്യാപനമുണ്ട്‌.

'കേരളത്തിലെ മുഴുവന്‍ പാര്‍ട്ടിയെയും ഏകോപിപ്പിച്ച്‌ ജനങ്ങളിലേക്ക്‌ ഇറങ്ങാനാ'ണ്‌ കേന്ദ്രകമ്മിറ്റി കമ്യൂണിക്കെ സംസ്ഥാന കമ്മിറ്റിയോട്‌ ആഹ്വാനം ചെയ്‌തത്‌. അതാവര്‍ത്തിക്കാന്‍ കൂടിയാണ്‌ കേന്ദ്രനേതാക്കള്‍ വന്നിട്ടുള്ളത്‌. പലതവണ ആവര്‍ത്തിച്ച വാക്കുകള്‍. നേതാക്കളുടെ മുഖവും സ്വരവുമേ മാറിയിട്ടുള്ളൂ. പാര്‍ട്ടി ഐക്യം ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങളുടെ ചാട്ടവാറുകള്‍ സൃഷ്‌ടിക്കുന്നതല്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെയും തന്റെ മന്ത്രിസഭയിലെയും പി.ബി. ആനകള്‍ ഇരുവശത്തും നിന്ന്‌ വി.എസ്സിനെ അനുസരിപ്പിക്കുന്ന കാഴ്‌ചയാണ്‌ ഇനി. ഇതു പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്തുമോ? സെക്രട്ടറിക്കു കീഴടങ്ങി അനുസരണയോടെ തെറ്റുതിരുത്തി വി.എസ്‌. മുന്നോട്ട്‌ പോയാല്‍ അദ്ദേഹത്തിനു നന്ന്‌ എന്നാണ്‌ കേന്ദ്രകമ്മിറ്റി തീരുമാനത്തോട്‌ സെക്രട്ടേറിയറ്റിലെ ഒരു മുതിര്‍ന്ന അംഗം പ്രതികരിച്ചത്‌; ഇല്ലെങ്കില്‍ വി.എസ്സിനെതിരെ ഇനിയും നടപടി ഉണ്ടാകുമെന്നും. അത്തരമൊരു സ്ഥിതിയില്‍ പാര്‍ട്ടിയിലെ ഐക്യം ഉറപ്പുവരുത്തി കൂട്ടായി ജനങ്ങളെ അഭിമുഖീകരിച്ച്‌ അകന്നുപോയവരെ പാര്‍ട്ടിയോട്‌ അടുപ്പിക്കണമെന്ന കാഴ്‌ചപ്പാട്‌ എത്രകണ്ട്‌ പ്രാവര്‍ത്തികമാകും?

അണികളുടെയും ജനങ്ങളുടെയും അതുവഴി പി.ബി.യുടെയും മുഖ്യമന്ത്രിയായി വന്ന വി.എസ്‌. പാര്‍ട്ടിയുടെ പത്മവ്യൂഹത്തിലാണ്‌ കുടുങ്ങിയത്‌. യഥാര്‍ഥത്തില്‍ പത്മവ്യൂഹത്തില്‍പ്പെട്ടത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവും അടിയന്തരമായി നിര്‍വഹിക്കപ്പെടേണ്ട ജനതാത്‌പര്യങ്ങളുമായിരുന്നു. ലാവലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി പ്രതികൂടി ആയതോടെ പാര്‍ട്ടിയുടെ ഏക അജന്‍ഡ സെക്രട്ടറിയെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുക എന്നതായി. രാമനായി തിളങ്ങിനിന്ന ഒരു ഉജ്ജ്വല നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം രാവണന്റെ വേഷത്തില്‍ സ്റ്റേജ്‌ വിറപ്പിച്ച പ്രസിദ്ധമായ ഒരു ഹിന്ദികഥയുണ്ട്‌-രാമലീല. ജനമനസ്സില്‍ സി.പി.എമ്മിനുണ്ടായിരുന്ന മികച്ച പ്രതിച്ഛായയും ജനപ്രതിബദ്ധതയും സത്യസന്ധതയും തീര്‍ത്തും വിരുദ്ധമായ രാവണഭാവം ഉള്‍ക്കൊണ്ടു. പാര്‍ട്ടിയെ നെഞ്ചിലേറ്റിയിരുന്ന ജനങ്ങള്‍ ഭയപ്പാടോടെ അതില്‍ നിന്ന്‌ ഏറെ അകലാന്‍ തുടങ്ങി.

പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താത്‌പര്യങ്ങളെ സ്വന്തം താത്‌പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുമെന്ന്‌ പ്രതിജ്ഞ ചെയ്‌താണ്‌ ഒരാള്‍ സി.പി.എം. അംഗമാകുന്നത്‌. സ്വന്തം താത്‌പര്യത്തെക്കാള്‍ ജനതാത്‌പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നത്‌ ഇപ്പോള്‍ പാര്‍ട്ടി ഭരണഘടനയിലെ മൃതമായ അക്ഷരങ്ങളോ ചരിത്രരേഖയോ ആണ്‌. പാര്‍ട്ടി താത്‌പര്യത്തെപ്പറ്റി വാതോരാതെ പറയുകയും സ്വന്തം താത്‌പര്യങ്ങളില്‍ മാത്രം കണ്ണുനട്ടു നീങ്ങുകയും ചെയ്യുന്നവരാണ്‌ നേതാക്കളില്‍ മഹാഭൂരിപക്ഷവും. അതു നിലനിര്‍ത്താനാണ്‌ ഇപ്പോള്‍ ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വത്തിന്റെ വടി എടുക്കുന്നത്‌. മുമ്പ്‌ സി.പി.എമ്മില്‍ പാര്‍ട്ടി താത്‌പര്യവും ജനതാത്‌പര്യവും രണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതുകൊണ്ടാണ്‌ ജനതാത്‌പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ആളായി വി.എസ്സിനെ ജനങ്ങള്‍ കാണുന്നത്‌. പാര്‍ട്ടി താത്‌പര്യവും ജനതാത്‌പര്യവും തമ്മിലുള്ള വൈരുധ്യമാണ്‌ വി.എസ്‌.-പിണറായി പ്രശ്‌നമായും വിഭാഗീയതയായും ജനങ്ങള്‍ കാണുന്നത്‌. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കകത്ത്‌ എത്രകണ്ട്‌ ബോധ്യപ്പെടുത്തിയാലും വി.എസ്സിനെതിരെ മാത്രമെടുത്ത നടപടി തങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയായേ ജനങ്ങള്‍ സ്വീകരിക്കൂ. മൂന്ന്‌ കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ കേവലം മൂന്ന്‌ ലക്ഷം അംഗങ്ങളുടെ പാര്‍ട്ടിനേതൃത്വം തങ്ങളോടു നടത്തിയ യുദ്ധപ്രഖ്യാപനമായി.

കേന്ദ്രകമ്മിറ്റി കഴിഞ്ഞ ഉടന്‍ ചാനലുകളിലൂടെ കേട്ടത്‌ പാര്‍ട്ടി വക്താക്കളായി വന്ന നേതാക്കളുടെ അഹങ്കാര ശബ്ദമാണ്‌. ഈ അഹങ്കാരമാണ്‌ കേരളത്തിലെയും ബംഗാളിലെയും തോല്‍വിക്കിടയാക്കിയതെന്നാണ്‌ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌. കേന്ദ്രകമ്മിറ്റി തീരുമാനം ജനങ്ങള്‍ക്ക്‌ സ്വീകാര്യമാണോ എന്ന ടി.വി. ചാനലിലെ ചോദ്യത്തിന്‌ ഒരു കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗത്തിന്റെ മറുചോദ്യം-ആരാണീ ജനങ്ങള്‍? ചാനലുകളില്‍ നിങ്ങള്‍ പിടിച്ചിരുത്തുന്നവരോ? അവര്‍ നുണമാത്രം പറഞ്ഞു ശീലിച്ചവരാണ്‌ എന്ന്‌ തുടര്‍ന്ന്‌ പുച്ഛിക്കല്‍. കേന്ദ്ര നേതൃത്വത്തിന്റെ പരിഹാര നടപടിയെ കടുത്ത ഭാഷയില്‍ ജനപക്ഷത്തുനിന്ന്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പോലും വിമര്‍ശിച്ചു കഴിഞ്ഞു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഭാഗമാണ്‌ മാധ്യമങ്ങളും യോജിപ്പും വിയോജിപ്പും ഉള്‍ക്കൊള്ളുന്ന സംവാദവും. അതിനെ അവഹേളിക്കുന്നവര്‍ എങ്ങനെ ജനവിശ്വാസം വീണ്ടെടുക്കും.
നേതാക്കള്‍ക്കുള്ള അനുഭവസമ്പത്തു മാത്രം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ശരിയായ നേതൃത്വം നല്‍കാന്‍ മതിയാകില്ലെന്ന്‌ പറഞ്ഞതു മഹാനായ ലെനിനാണ്‌; നേതാക്കന്മാരുടെ അനുഭവത്തോട്‌, ബഹുജനങ്ങളുടെ, പാര്‍ട്ടി അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അണികളുടെ അനുഭവം, തൊഴിലാളിവര്‍ഗത്തിന്റെ അനുഭവം എന്നിവ കൂട്ടിച്ചേര്‍ക്കലാണ്‌ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തനമെന്ന്‌ പഠിപ്പിച്ചതും. നേതാക്കന്മാരുടെ പരിഹാര നിര്‍ദേശങ്ങള്‍ സ്വന്തം ചുമലിലേന്തി നടന്നതുകൊണ്ടായില്ല. അവ പരീക്ഷിക്കുന്ന ബഹുജനങ്ങളുടെ അനുഭവ സമ്പത്തുകൂടി സ്വീകരിക്കാതെ യഥാര്‍ഥ പരിഹാരമാകില്ലെന്നും ലെനിന്‍ വിശദീകരിച്ചു. ശരിയായ പാര്‍ട്ടി തീരുമാനമെന്ന്‌ പറയുമ്പോള്‍ ഇതെങ്കിലും മറന്നു പോകരുത്‌.

സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു കാത്തിരുന്ന ജനങ്ങള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി. തങ്ങളെ പഠിപ്പിക്കാനാണ്‌ നേതാക്കളുടെ വരവ്‌. തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ നേതൃത്വത്തിന്‌ അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. എല്ലാം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ എന്നും പാര്‍ട്ടി അണികള്‍. അവരും സ്വതന്ത്ര മനസ്സാക്ഷിയനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ്‌ കണ്ണൂരും വടകരയും കോഴിക്കോടുമടക്കമുള്ള ഇത്തവണത്തെ വിധിയെഴുത്തു വ്യക്തമാക്കിയത്‌. കട്ടന്‍ ചായയും സാന്റിയാഗോ മാര്‍ട്ടിനും മറ്റും പാര്‍ട്ടി അണികളെ എങ്ങനെ പ്രതികരിപ്പിച്ചെന്നെങ്കിലും അഖിലേന്ത്യാ നേതൃത്വം മനസ്സിലാക്കേണ്ടതായിരുന്നു.

പാര്‍ട്ടി തീരുമാനം എന്തായാലും എന്തു തള്ളണം കൊള്ളണം എന്ന്‌ തീരുമാനിക്കാന്‍ അത്രതന്നെ ജനങ്ങള്‍ക്കും അവകാശമുണ്ട്‌. ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ഈ അകലം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അകലമാണ്‌. പാര്‍ട്ടിയാണ്‌ ജനം എന്നു കൂടി പറഞ്ഞു ദയവായി വിരട്ടരുത്‌. പ്ലീസ്‌.
 

blogger templates | Make Money Online