Monday, June 29, 2009

നീതിനിഷേധത്തിന്റെ ക്രൂരത


http://thatsmalayalam.oneindia.in/news/2008/07/15/india-supreme-court-caste-certificate-thandan.html


ദില്ലി : തണ്ടാന്‍ സമുദായത്തില്‍പെട്ടവര്‍ക്ക് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. തൃശൂര്‍ വടക്കാഞ്ചേരി കിള്ളിമംഗലം കാവുപറമ്പില്‍ കൃഷ്ണന്റെ മക്കളായ കെ.കെ. സീനയും കെ.കെ. ലീനയും നല്‍കിയ ഹര്‍ജിലാണ് ചെലവിനത്തില്‍ നാലാഴ്ചയ്ക്കകം 50,000 രൂപ നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

തണ്ടാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഈഴവരാണോ പട്ടികജാതിയാണോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കേണ്ടതില്ലെന്ന് 1994ല്‍ സുപ്രിം കോടതി ഉത്തരവ് നല്‍കിയിരുന്നു. തണ്ടാന്‍ വിഭാഗമാണെന്ന് വ്യക്തമായാല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു അന്നത്തെ വിധി.

ഈ വിധി നിലനില്‍ക്കെ, പരാതിക്കാര്‍ നല്‍കിയ അപേക്ഷയില്‍മേല്‍ തഹസീല്‍ദാര്‍ നടത്തിയ അന്വേഷണമാണ് കോടതിയെ ചൊടിപ്പിച്ചത്. പരാതിക്കാര്‍ക്ക് നാലാഴ്ചയ്ക്കകം പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജസ്റ്റിസ് ബി എന്‍ അഗര്‍വാള്‍, ജി എസ് സിങ്വി എന്നിവരുടെ ബഞ്ച് ഉത്തരവു നല്‍കി.

തിരുവിതാംകൂറിലെ തണ്ടാന്മാര്‍ പട്ടിക വിഭാഗമാണെന്ന് 1952ലെ രാഷ്ട്രപതി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. 1970ലെ ഭേദഗതിയോടെ ഈ വ്യവസ്ഥ കേരളം മുഴുവന്‍ ബാധകമാക്കി. തെക്കന്‍ മലബാറിലെയും കൊച്ചിയിലെയും തണ്ടാന്മാര്‍ ഈഴവരായതിനാല്‍ ഒബിസി ആനുകൂല്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു.
സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് പാലക്കാട് ജില്ലാ തണ്ടാന്‍ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് 1994ലെ സുപ്രീം കോടതി വിധി പുറത്തു വന്നത്.

കോടതിയുത്തരവുകള്‍ ലംഘിച്ചും സാധാരണക്കാരുടെ അ‍ജ്ഞത മുതലെടുത്തും ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന നഗ്നമായ നീതി നിഷേധമാണ് സുപ്രിംകോടതി ഉത്തരവിലൂടെ പുറത്തുവന്നത്. സുപ്രിം കോടതിയുടെ അനുകൂല ഉത്തരവ് നേടിയ സീനയ്ക്കും ലീനയ്ക്കും കഴിഞ്ഞ മൂന്നു തവണയും സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.

പിഎസ്‍സി വഴി ജോലി ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റിനായി 1997ല്‍ തലപ്പളളി തഹസീല്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയിന്മേലാണ് നീണ്ട നിയമയുദ്ധം നടന്നത്. ഒബിസി തണ്ടാനായതിനാല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന തഹസീല്‍ദാരുടെ ഉത്തരവിനെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജിക്കാരുടെ ആവശ്യം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച്, പരാതിക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 1999 മാര്‍ച്ച് 24ന് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും തഹസീല്‍ദാരും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. തഹസീല്‍ദാര്‍ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിക്കാത്ത ഈ വന്നത് 2003 ജൂണ്‍ 25ന്.

ഡിവിഷന്‍ ബഞ്ചിന്റെ തീര്‍പ്പിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് ഒടുവില്‍ അനുകൂലമായ ഉത്തരവ് കിട്ടി. തലപ്പളളി തഹസീല്‍ദാരുടെ നടപടി കോടതിയലക്ഷ്യമാണെന്ന് സുപ്രിം കോടതി ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിഎസ്‍സി വഴി ജോലി ലഭിക്കുന്നതിന് 1997ല്‍ സമര്‍പ്പിച്ച് അപേക്ഷയിന്മേലുളള കേസിലാണ് നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷം പരമോന്നത നീതി പീഠത്തിന്റെ അനുകൂല വിധി പരാതിക്കാര്‍ക്ക് കിട്ടിയത്. അതാകട്ടെ, പുതിയൊരുത്തരവോ, നിയമത്തിന്റെയോ ഭരണഘടനാ വ്യവസ്ഥകളുടെയോ പുതിയ വ്യാഖ്യാനമോ അല്ല. മറിച്ച് 1994ല്‍ പുറപ്പെടുവിച്ച സുപ്രിം കോടതി വിധി വീണ്ടും ഒരാവര്‍ത്തി കൂടി ചൂണ്ടിക്കാട്ടിയെന്ന് മാത്രമേയുളളൂ.

സുപ്രിം കോടതിയുടെ ഉത്തരവുകള്‍ പോലും പാലിച്ചു കിട്ടാന്‍ നീണ്ട 11 വര്‍ഷം സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ഇതിനൊക്കെയുളള ചെലവും അനീതിയ്ക്കെതിരെ പൊരുതാനുളള മനശക്തിയുമില്ലാത്തവര്‍ താന്തോന്നികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ധാര്‍ഷ്ട്യം നിശബ്ദമായി സഹിക്കുന്നു. അരനൂറ്റാണ്ടിലേറെ പ്രായമുളള സ്വാതന്ത്ര്യത്തിന്റെ ഗതികേടിലേയ്ക്ക് വിരല്‍ചൂണ്ടുന്ന മറ്റൊരു കോടതിയുത്തരവ് കൂടി.
 

blogger templates | Make Money Online