Tuesday, July 21, 2009

ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ

MBI, 13 july 2009

(തൊഴിലാളിവര്‍ഗ സംരക്ഷകരും പാര്‍ട്ടിയുംതമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്‌ പൂര്‍ണവും അംശവുംതമ്മിലുള്ള യുദ്ധമാവും. ഈ അവസ്ഥയില്‍ അംശത്തെ തിരസ്‌കരിച്ച്‌ പൂര്‍ണതയെ സംശ്ലേഷിക്കുകയാണ്‌ ഏതൊരു വിപ്ലവകാരിയുടെയും മുമ്പില്‍ തെളിയുന്ന ഏക വഴി. അല്ലാത്തവര്‍ക്ക്‌ അച്ചടക്കം സംരക്ഷിക്കാം; ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി തുടരുകയും ചെയ്യാം)

വി.ബി. ചെറിയാന്‍

തെറ്റുചെയ്യുന്ന സഖാവിന്‌ തിരുത്താന്‍ പ്രേരണ നല്‍കുന്നതാവണം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളിലെ അച്ചടക്കനടപടി. വിഭാഗീയത സി.പി.എമ്മിനകത്ത്‌ വര്‍ഷങ്ങളായി വളരുന്ന രോഗമാണ്‌. സമീപ ഭൂതകാലത്ത്‌ പാര്‍ട്ടിയിലെ ഇരുചേരികള്‍ക്ക്‌ നേതൃത്വം നല്‍കിവന്നിരുന്നത്‌ വി.എസ്‌. അച്യുതാനന്ദനും പിണറായി വിജയനുമാണെന്നുമാത്രം.

വിഭാഗീയ പ്രവര്‍ത്തനത്തില്‍നിന്ന്‌ അവരെ പിന്തിരിപ്പിക്കാന്‍ ഉതകും എന്ന വിശ്വാസത്തില്‍ ഒന്നര-രണ്ടുവര്‍ഷംമുന്‍പ്‌ ഇരുവരെയും പൊളിറ്റ്‌ബ്യൂറോവില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയുണ്ടായി. സി.പി.എം. നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്ക്‌ അനുസരിച്ച്‌ രണ്ടുപേരും താല്‍ക്കാലികമായി കുറച്ച്‌ സംയമനം പാലിക്കുന്ന പ്രതീതിയും നിലനിര്‍ത്തിയിരുന്നു. കേരളത്തിലെ സി.പി.എമ്മില്‍ വിഭാഗീയത അവസാനിച്ചുവെന്ന്‌ അവകാശപ്പെട്ട്‌ നേതൃത്വം ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ പി.ബി. അംഗത്വം തിരിച്ചുനല്‍കുകയും ചെയ്‌തതാണ്‌. എന്നാല്‍, തുടര്‍ന്നുസംഭവിച്ചത്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നുവെന്നു തെളിയിച്ചു.

നേതൃത്വത്തിന്‌ എന്തുകൊണ്ടാണ്‌ ഈ പിശക്‌ സംഭവിക്കുന്നത്‌? ഏതു പ്രശ്‌നമാണെങ്കിലും ആ പ്രശ്‌നത്തെ ജനിപ്പിക്കുന്നതും വളര്‍ത്തുന്നതും മൂര്‍ച്ഛിപ്പിക്കുന്നതുമായ ഒരു പ്രശ്‌നപരിഹാരമുണ്ട്‌. ഈ പരിസരത്തു നിന്നടര്‍ത്തിമാറ്റി പ്രശ്‌നത്തെ സമീപിക്കുന്നത്‌ അശാസ്‌ത്രീയവും തെറ്റായ നിഗമനങ്ങളിലേക്ക്‌ നയിക്കുന്നതുമാവും. സി.പി.എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ കേവലം സംഘടനാപ്രശ്‌നങ്ങള്‍ മാത്രമാണോ? അല്ലെന്നുള്ളതല്ലേ വസ്‌തുത.

സംഘടനയില്‍ ഉടലെടുക്കുന്ന ഏത്‌ പ്രശ്‌നത്തിനും നിദാനമായി പ്രത്യക്ഷശാസ്‌ത്രപരവും രാഷ്ട്രീയ-നയപരവുമായ മാനങ്ങള്‍ ഉണ്ടാവുമെന്നു മനസ്സിലാക്കേണ്ടത്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനരീതിയുടെ അടിസ്ഥാനപ്രമാണമാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എമ്മിന്‌ സംഭവിച്ചുകൊണ്ടിരുന്ന മൂല്യച്യുതി, ക്രമാനുഗതമായി ഈ പാര്‍ട്ടിയെ മറ്റേതൊരു ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടിയോട്‌ സദൃശമായി കാണത്തക്കവിധം തരംതാഴ്‌ത്തിയെന്നതാണ്‌ സത്യം.

അതുകൊണ്ടുതന്നെയാണ്‌ പേരുകേട്ട ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സഹജമായ ഗ്രൂപ്പിസം, ചേരിപ്പോര്‌, കാലുവാരല്‍, വിഭാഗീയത തുടങ്ങിയ പദങ്ങളെല്ലാം സി.പി.എമ്മില്‍ മേളിക്കുന്നത്‌. ഇതാണ്‌ അവസ്ഥയെന്നതിനാലാണ്‌ അന്ന്‌ പിണറായിക്കും അച്യുതാനന്ദനും എതിരെ നടപടി കൈക്കൊണ്ടിട്ടും നേതൃത്വം പ്രതീക്ഷിച്ചതുപോലെ തെറ്റുതിരുത്താന്‍ അവര്‍ക്ക്‌ കഴിയാതെപോയത്‌.

അച്യുതാനന്ദനും പിണറായിക്കും എതിരെയോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ക്കെതിരെ മാത്രമോ സ്വീകരിക്കുന്ന നടപടികൊണ്ട്‌ പരിഹൃതമാകുന്നതല്ല ഈ പ്രശ്‌നങ്ങള്‍. ഇനി ഇരുവരെയും പാര്‍ട്ടിയില്‍നിന്ന്‌ പുറന്തള്ളിയാലും വീണ്ടും അച്യുതാനന്ദന്‍മാരും വിജയന്‍മാരും ജയരാജന്മാരും സി.പി.എമ്മിനകത്ത്‌ പുനര്‍ജനിച്ചുകൊണ്ടിരിക്കും.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തതിനുശേഷം ആരോപിക്കപ്പെട്ട തെറ്റ്‌, അവര്‍ തിരുത്തിയില്ലെന്നു മാത്രമല്ല സി.പി.എം. സംഘടനാപരമായി കൂടുതല്‍ ക്ഷീണിക്കുകയും ചെയ്‌തു. സംഘടനാപരമായി ക്ഷീണിക്കുന്ന പാര്‍ട്ടിക്ക്‌ ജനപിന്തുണ കുറയുന്നതും സ്വഭാവികം. അതാണല്ലോ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുഫലങ്ങളില്‍നിന്ന്‌ സ്ഥിരീകരിക്കപ്പെട്ടത്‌. ഇനി എടുക്കുന്ന തുടര്‍നടപടികളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ല മറിച്ച്‌, സി.പി.എമ്മിനെ ബലഹീനമാക്കുന്ന ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍മാത്രമേ ഇടയാക്കൂ.

ഈ പ്രക്രിയയുടെ കേന്ദ്രബിന്ദു ഏതാണ്‌? എവിടെയാണ്‌? തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പട അഥവാ വിപ്ലവരാഷ്ട്രീയപാര്‍ട്ടികള്‍ എന്നാണല്ലോ ഏതൊരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും വിവക്ഷിക്കപ്പെടുന്നത്‌. സി.പി.എമ്മിന്റെ ആദ്യദശകങ്ങളില്‍ മൂലധനശക്തികള്‍ക്കും മറ്റെല്ലാ ചൂഷകകേന്ദ്രങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍, പാര്‍ട്ടി ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ്‌ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ആവേശകരമായ നേതൃത്വംതന്നെയായിരുന്നു.

എന്നാല്‍, 2000-ല്‍ സി.പി.എമ്മിന്റെ പുതുക്കിയ പരിപാടി ആ പാര്‍ട്ടിയുടെ 1964-ലെ വിപ്ലവപരിപാടികളില്‍ മൗലികമായ തിരുത്തലുകള്‍തന്നെ വരുത്തി എന്നുള്ളതാണ്‌ യാഥാര്‍ഥ്യം. സാമ്രാജ്യത്വവിരുദ്ധവും ജന്മിനാടുവാഴിത്തവിരുദ്ധവും കുത്തകവിരുദ്ധവും ജനാധിപത്യപരവുമായിരുന്നു 1964-ലെ പാര്‍ട്ടിപരിപാടി.

എന്നാല്‍, 2000-ലെ പരിപാടിക്കുശേഷം ആഗോള മൂലധനപക്ഷത്തേക്ക്‌, അതായത്‌ സാമ്രാജ്യത്വ-സാമ്പത്തികതാത്‌പര്യങ്ങളുടെ തട്ടിലേക്ക്‌ ചായാനും ചുവടുമാറ്റാനും സി.പി.എമ്മിന്‌ ഒരു ക്ലേശവുമുണ്ടായില്ല. പ്രതിഫലം നല്‍കാതെ ജന്മിത്വം അവസാനിപ്പിക്കുമെന്ന പഴയ നിഷ്‌കര്‍ഷയില്‍നിന്ന്‌ പ്രതിഫലം നല്‍കാതെ എന്നത്‌ പിന്‍വലിച്ചു. ഭൂരഹിതകൃഷിക്കാര്‍ക്ക്‌ കൃഷിഭൂമി ലഭ്യമാക്കുന്ന

പഴയ ഉറപ്പുകളുടെ സ്ഥാനത്ത്‌ ഭൂരഹിത കൃഷിക്കാരെയും പാര്‍ശ്വവല്‍കൃത കര്‍ഷകരെയും കൂടുതല്‍ മാറ്റിനിര്‍ത്തപ്പെടുന്ന പുതിയ പ്രവര്‍ത്തനരീതി മൂലധനപക്ഷത്തേക്കുള്ള പാര്‍ട്ടിയുടെ ചായ്‌വിന്‌ വേഗം കൂട്ടി. ജനപക്ഷത്തുനിന്നുള്ള ഈ മാറ്റം പൊതു സമൂഹത്തിന്‌ പ്രകടമായി കാണാന്‍ കഴിയുന്ന ഒരവസ്ഥയിലെത്തി.

ആശയപരവും രാഷ്ട്രീയപരവുമായ മൂല്യങ്ങള്‍ ഈ 'മണ്ണൊലി'പ്പില്‍ നഷ്‌ടപ്പെട്ടുപോയി. അതിന്റെ അവസാന ഘട്ടമാണ്‌ ഈ പുറത്താക്കല്‍. പാര്‍ട്ടിയുടെ മൗലിക പരിപാടിയില്‍ ഉണ്ടായിരുന്ന വിപ്ലവ അന്തസ്സത്ത പുനഃസ്ഥാപിക്കപ്പെടുകയും അതുവഴി സി.പി.എം. പഴയ വിപ്ലവപാര്‍ട്ടിയായി പുനര്‍ജനിക്കുകയും ചെയ്യുമോ എന്നതാണ്‌ ഇനിയുള്ള ചോദ്യം. ഇതിനുള്ള സാധ്യതകള്‍ വിരളമാണുതാനും.

തൊഴിലാളിവര്‍ഗപക്ഷത്തുനിന്നും മൂലധനപക്ഷത്തേക്ക്‌ കൂറുമാറുന്ന ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടിജനാധിപത്യം വലിയതോതില്‍ ഹനിക്കപ്പെട്ടു കൊണ്ടിരിക്കും. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ ഉദ്യോഗസ്ഥമേധാവിത്വം ഉടലെടുക്കും.

ഉദ്യോഗസ്ഥസ്വഭാവം ശീലിച്ച സംഘടനാസംവിധാനത്തില്‍ എപ്പോഴും നേതൃത്വത്തിനു ചുറ്റും സ്‌തുതിപാഠകരുടെ ഒരു വലയംതന്നെയുണ്ടാവും. നേതൃത്വവും അണികളുംതമ്മിലുള്ള ജൈവബന്ധത്തെ വിച്ഛേദിച്ചുകളയുന്നത്‌ ഈ സ്‌തുതിപാഠകരാണ്‌. ബഹുജനങ്ങളില്‍നിന്നൊരു വലിയ വേലികെട്ടി ഇവര്‍ പാര്‍ട്ടിയെ മാറ്റിനിര്‍ത്തും.

ഇതുപോലെ രൂപാന്തരപ്പെട്ടുപോവുന്ന ഒരു പാര്‍ട്ടിക്ക്‌ ജനങ്ങളുടെ നാഡിമിടിപ്പുകള്‍ അറിയാനും അവരുടെ ഇച്ഛകളെ ഉള്‍ക്കൊള്ളാനും കഴിയാതെപോവും. ഇത്തരം ഒരവസ്ഥയില്‍ ചെന്നുപെടുന്ന പാര്‍ട്ടിക്കകത്ത്‌ അവശേഷിക്കുന്ന വിപ്ലവകാരികള്‍ക്ക്‌ ഇതൊക്കെ വീര്‍പ്പുമുട്ടിക്കുന്ന ഒരവസ്ഥയായി അനുഭവപ്പെടുകയും ചെയ്യും. തൊഴിലാളിവര്‍ഗ സംരക്ഷകരും പാര്‍ട്ടിയുംതമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്‌ പൂര്‍ണവും അംശവുംതമ്മിലുള്ള യുദ്ധമാവും. ഈ അവസ്ഥയില്‍ അംശത്തെ തിരസ്‌കരിച്ച്‌ പൂര്‍ണതയെ സംശ്ലേഷിക്കുകയാണ്‌ ഏതൊരു വിപ്ലവകാരിയുടെയും മുമ്പില്‍ തെളിയുന്ന ഏക വഴി. അല്ലാത്തവര്‍ക്ക്‌ അച്ചടക്കം സംരക്ഷിക്കാം; ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി തുടരുകയും ചെയ്യാം.
 

blogger templates | Make Money Online