Date : June 29 2009
ന്യൂഡല്‍ഹി: എസ്.എന്‍.സി.ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക പൊളിറ്റ്‌ബ്യൂറോ യോഗം ചേരാനിരിക്കെ, കേരളത്തിലെ സി.പി.എം. ഔദ്യോഗികവിഭാഗത്തില്‍ പുതിയ ചേരിതിരിവുകള്‍ ഉടലെടുക്കുന്നതായി സൂചന.
സംസ്ഥാനത്ത് ഭരണ-സംഘടനാനേതൃത്വത്തില്‍ മാറ്റം വരുത്താന്‍ പി.ബി. തിരുമാനിക്കുന്നതായുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ വിദേശപര്യടനത്തിലുള്ള മുതിര്‍ന്ന പി.ബി.അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷമേ ഇക്കാര്യത്തില്‍ ധാരണയിലെത്തൂ. ഭരണ-സംഘടനാതലങ്ങളില്‍ മാറ്റം വരുത്താന്‍ പി.ബി. തീരുമാനിക്കും എന്ന കണക്കുകൂട്ടലില്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാനുള്ള ചില നേതാക്കളുടെ ശ്രമങ്ങളാണ് ഔദ്യോഗികവിഭാഗത്തിനുള്ളില്‍ പുതിയ ചേരിതിരിവിന് കാരണമായത്. സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ചുമതലയില്‍നിന്ന് മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര കമ്മിറ്റിയംഗങ്ങളില്‍ മൂന്നു പേരെങ്കിലും ആ സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നു.
കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട ആളാണത്രെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പൊളിറ്റ്‌ബ്യൂറോ അംഗത്തിന്റെ അനുഗ്രഹാശിസ്സും ഇദ്ദേഹത്തിനുള്ളതായി കേള്‍ക്കുന്നു.
ഭരണ-സംഘടനാനേതൃത്വത്തില്‍നിന്ന് നിലവിലുള്ളവര്‍ മാറിയാല്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായി പരിഗണിക്കേണ്ടത് പി.ബി.അംഗമായ മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സാധ്യതയ്‌ക്ക് തടയിടാനാണ് ചില മന്ത്രിപുത്രന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് എന്നാണറിയുന്നത്. ഈ ആരോപണങ്ങളുടെ ഉറവിടം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെയാണെന്നാണ് സൂചന. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സി.പി.എമ്മില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്നതും ഇദ്ദേഹംതന്നെ.
അടുത്ത പി.ബി. യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ജൂലായ് 10, 11 തീയതികളിലാണ് സംസ്ഥാനകമ്മിറ്റിയോഗം നടക്കുന്നത്. ഈ യോഗത്തില്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും പരിശോധിക്കുമെന്നറിയുന്നു.
കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ക്രിസ്‌ത്യന്‍സമുദായത്തെ ഇളക്കിവിട്ടത് പള്ളിമേധാവികളാണെന്ന് തിരഞ്ഞെടുപ്പ് അവലോകനരേഖ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ ആ സമുദായത്തെ സി.പി.എമ്മിനോട് കൂടുതല്‍ അടുപ്പിക്കാന്‍ അവര്‍ക്ക് സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തണം എന്ന ചര്‍ച്ചയും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഔദ്യോഗികവിഭാഗം ആദ്യം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത് പാലോളി മുഹമ്മദ് കുട്ടിയെയായിരുന്നു. എന്നാല്‍ അനാരോഗ്യംമൂലം ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒരുസ്ഥാനത്തേക്കും പറഞ്ഞുകേള്‍ക്കുന്നില്ല. ഏതായാലും അടുത്ത പി.ബി. യോഗത്തോടെ സി.പി.എം. കേരളഘടകത്തിലെ ഗ്രൂപ്പ് സമവാക്യം മാറുമെന്നാണ് സൂചന.