Saturday, June 20, 2009

ലാവലിന്‍: കോടിയേരിക്കും പിണറായിക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്‌

Date : April 13 2009

തിരുവനന്തപുരം: ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ മറച്ചുവയ്‌ക്കുകയും പൂഴ്‌ത്തിവയ്‌ക്കുകയും ചെയ്‌തുവെന്ന കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന്‍, ആഭ്യന്തര മന്ത്രിയും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗവുമായ കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരടക്കം ഏഴു പേരെ പ്രതികളാക്കി കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌.സന്തോഷ്‌ കുമാര്‍ ഉത്തരവായി. കേസില്‍ കോടിയേരി മൂന്നാം പ്രതിയും പിണറായി നാലാം പ്രതിയുമാണ്‌. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാണ്‌ ഒന്നാം സാക്ഷി.

ഗൂഡാലോചനയ്‌ക്ക്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, തെളിവു നശിപ്പിച്ചതിന്‌ 201, മോഷണത്തിന്‌ 380, പൊതുകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്‌മയ്‌ക്ക്‌ 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ്‌ ഉത്തരവ്‌. കേസില്‍ മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജഗോപാല്‍ ഒന്നും മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍ രണ്ടും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം സിദ്ധാര്‍ത്ഥ മേനോന്‍ അഞ്ചും മുന്‍ ഊര്‍ജ്ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌ ആറും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം കെ.ജി.രാജശേഖരന്‍ നായര്‍ ഏഴും പ്രതികളാണ്‌. അഡ്വ.നെയ്യാറ്റിന്‍കര പി.നാഗരാജ്‌ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിന്മേലാണ്‌ ഈ ഉത്തരവ്‌.

പ്രതികള്‍ ഗൂഢാലോചന നടത്തി വ്യക്തിപരമായ നേട്ടത്തിനു വേണ്ടി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെയ്‌ക്കുകയും മന്ത്രിസഭയ്‌ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഫയല്‍ മോഷ്ടിക്കുകയും ചെയ്‌തുവെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചു. വിദേശ കമ്പനിയുമായി കരാറൊപ്പിടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കാതെയാണ്‌ ലാവലിന്‍ കമ്പനിയുമായി പ്രതികള്‍ കരാറിലേര്‍പ്പെട്ടത്‌.

1998 മാര്‍ച്ച്‌ മൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗം 243 കോടി രൂപ ചെലവില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ അനുമതി നല്‍കി. എന്നാല്‍, 1997 ഫിബ്രവരി 10നു തന്നെ സപ്ലിമെന്ററി കരാറിലേര്‍പ്പെട്ടിരുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ പിണറായി മിണ്ടിയില്ല. മന്ത്രിസഭാ കുറിപ്പിലും ഇക്കാര്യമുണ്ടായിരുന്നില്ല. ലാവലിന്‍ കമ്പനിക്കു നല്‍കിയ നിരക്കുകള്‍ വളരെ കൂടുതലാണെന്ന സബ്‌ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യവും കുറിപ്പില്‍ ഉള്‍പ്പെടുത്താതെ മാറ്റി.

ആഗോള ടെന്‍ഡര്‍ വിളിക്കാതെ വെറും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരുമായും കരാറിലേര്‍പ്പെടാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ജലവൈദ്യുത പദ്ധതി നവീകരണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കുന്ന വേളയില്‍ തന്നെ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റ്‌ ലഭ്യമാക്കാന്‍ ലാവലിനുമായി കരാറിലേര്‍പ്പെടണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.ഇ.ബി. സെക്രട്ടറി 1998 ജനവരി 22ന്‌ ഊര്‍ജ്ജ സെക്രട്ടറിക്കയച്ച കത്ത്‌, പദ്ധതി നവീകരണം 'ഭെല്ലി'നെ ഏല്‌പിക്കണമെന്ന നിര്‍ദ്ദേശമുള്ള ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ എന്നിവയുടെ കാര്യവും മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചു. പദ്ധതിയുടെ വിശദാംശങ്ങളും സാമ്പത്തിക കാര്യങ്ങളും കെ.എസ്‌.ഇ.ബിയുടെ ഉപസമിതി പരിശോധിച്ചെന്നും ലാവലിന്‍ കമ്പനിയുടെ നിരക്കുകള്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചതാണെന്നും മന്ത്രിസഭാ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്റെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടുത്താതെ അവസാന ഖണ്ഡിക മാത്രമാണ്‌ പരാമര്‍ശിച്ചത്‌. ലാവലിനുമായി കരാറിലേര്‍പ്പെട്ടാല്‍ ഉണ്ടാകാവുന്ന ക്രമക്കേടുകളും വീഴ്‌ചകളും ചൂണ്ടിക്കാട്ടി 1997 മെയ്‌ ഏഴിന്‌ കെ.എസ്‌.ഇ.ബി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ സുബൈദ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മുക്കി. പകരം ലാവലിന്‍ കമ്പനിക്കനുകൂലമായി മറ്റാളുകളെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ എഴുതിക്കുകയും ചെയ്‌തു.

1997ല്‍ പ്രതികള്‍ പങ്കെടുത്ത ബോര്‍ഡ്‌ യോഗത്തില്‍ പദ്ധതികളുടെ നവീകരണം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ ലാവലിന്‍ കമ്പനിക്കു നേരിട്ടു കരാര്‍ നല്‍കുന്നതിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരി എതിര്‍ത്തിരുന്നു. തന്റെ വിയോജനക്കുറിപ്പ്‌ യോഗത്തിന്റെ മിനിട്ട്‌സില്‍ രേഖപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മിനിട്ട്‌സിന്റെ പകര്‍പ്പ്‌ വരദാചാരിക്കു കൊടുത്തില്ല. പിന്നീട്‌ അദ്ദേഹം വിയോജനക്കുറിപ്പ്‌ നോട്ടായി തയ്യാറാക്കി മുഖ്യമന്ത്രി ഇ.കെ.നായനാര്‍, ധനമന്ത്രി ടി.ശിവദാസ മേനോന്‍, വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍ എന്നിവര്‍ക്കു നല്‍കി. ആ നോട്ടില്‍ 'വരദാചാരിയുടെ തല പരിശോധിക്കണം' എന്നു പിണറായി എഴുതിയത്‌ വിവാദമായതോടെ പ്രതികള്‍ പരസ്‌പര ഉത്സാഹികളും സഹായികളുമായി ചേര്‍ന്ന്‌ ഫയല്‍ മുക്കിയെന്നാണ്‌ ആരോപണം. വിജിലന്‍സിനും സി.ബി.ഐയ്‌ക്കും ഈ ഫയല്‍ കണ്ടെടുക്കാനായിട്ടില്ലെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

വരദാചാരി, മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായര്‍, മുന്‍ മന്ത്രിമാരായ ശിവദാസമേനോന്‍, എസ്‌.ശര്‍മ്മ, ജി.കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്‌, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരെല്ലാം സാക്ഷിപട്ടികയിലുണ്ട്‌.
 

blogger templates | Make Money Online