മാതൃഭൂമി, ജൂണ്‍ 18, 2009
കൊച്ചി: ലാവലിന്‍ കരാര്‍ സംബന്ധിച്ച് ശക്തിയായ എതിര്‍പ്പുകള്‍ താന്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരോ ധനകാര്യമന്ത്രി ശിവദാസ മേനോനോ അതിന് എതിരെ ശബ്ദിച്ചില്ലെന്ന് മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സി.ബി.ഐ.യുടെ പ്രധാന സാക്ഷികളില്‍ ഒരാളാണ് അദ്ദേഹം.
പ്രതികള്‍ക്കുള്ള കുറ്റപത്രത്തോടൊപ്പം ഈ മൊഴിയും സി.ബി.ഐ. പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.
ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍ താന്‍ ശക്തിയായി എതിര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകള്‍ പാടേ അവഗണിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയത്.
കരാറില്‍ സാധാരണയായി പാലിക്കാറുള്ള നടപടിക്രമങ്ങളാണ് ലംഘിച്ചിട്ടുള്ളത്. തന്റെ എതിര്‍പ്പുകള്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാനോട് താന്‍ അഭ്യര്‍ഥിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും എതിര്‍പ്പുകളും അതില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. മിനിറ്റ്‌സിന്റെ കോപ്പി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ തന്റെ എതിര്‍പ്പുകള്‍ പ്രത്യേകമായി എഴുതി തയ്യാറാക്കി ബോര്‍ഡ് ചെയര്‍മാന് നല്‍കി. അത് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും പ്രത്യേകമായി നല്‍കിയിരുന്നുവെന്ന് വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ രേഖാമൂലം അറിഞ്ഞിട്ടും അവരാരും പ്രതികരിച്ചില്ല.
എന്നാല്‍, പിണറായി വിജയന്റെ പ്രതികരണം മറിച്ചൊരു രീതിയില്‍ ഉണ്ടായി. 'വരദാചാരിയുടെ തലച്ചോറ് പരിശോധനയ്‌ക്ക് വിധേയമാക്കണ' മെന്ന് മന്ത്രി പിണറായി വിജയന്‍ ഫയലില്‍ കുറിപ്പ് എഴുതി. ആ കുറിപ്പ് താന്‍ കണ്ടിരുന്നു. പക്ഷേ, അതിന് മറുപടി പറയേണ്ടെന്ന് താന്‍ തീരുമാനിച്ചു.
ലാവലിന്‍ കമ്പനിക്ക് കരാര്‍ നേരിട്ട് നല്‍കുന്നതിനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ നീക്കത്തെ തുടക്കത്തില്‍ തന്നെ താന്‍ എതിര്‍ത്തു. ബോര്‍ഡ് യോഗത്തില്‍ അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ ഡോ: വി. രാജഗോപാല്‍, ചീഫ് എന്‍ജിനീയര്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, ബോര്‍ഡ് അംഗം കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചിട്ടുണ്ടെന്ന് വരദാചാരി പറഞ്ഞു.
വരദാചാരി ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി അശോക് കുമാറാണ് വരദാചാരിയുടെ മൊഴി രേഖപ്പെടുത്തിയത്.