Friday, June 19, 2009

സി.ബി.ഐക്ക്‌ വരദാചാരിയുടെ മൊഴി: 'മസ്‌തിഷ്‌കം പരിശോധിക്കണമെന്ന്‌ പിണറായി കുറിപ്പെഴുതി'

http://mangalam.com/index.php?page=detail&nid=182418

കോഴിക്കോട്‌: ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിന്‍ കമ്പനിയുമായി നേരിട്ടു കരാറിലേര്‍പ്പെടുന്നതിനെ എതിര്‍ത്ത തന്റെ മസ്‌തിഷ്‌കം പരിശോധനയ്‌ക്കു വിധേയമാക്കണമെന്ന്‌ അന്നു വൈദ്യുതിവകുപ്പ്‌ മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതിയെന്നു ഫൈനാന്‍സ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി. അതേക്കുറിച്ച്‌ ഒന്നും പ്രതികരിക്കേണ്ടെന്നു താന്‍ തീരുമാനിക്കുകയായിരുന്നുവെന്നു സി.ബി.ഐ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുരേഖയില്‍ വരദാചാരി സ്‌ഥിരീകരിച്ചു.

സി.ബി.ഐ അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്‌.പി വി.അശോക്‌ കുമാറിനു 2007 ജൂണ്‍ 19 നു ബംഗളുരുവില്‍ വച്ച്‌ വരദാചാരി നല്‍കിയ മൊഴിയില്‍ കരാര്‍ സംബന്ധിച്ച തന്റെ എതിര്‍പ്പുകള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ അറിയിച്ചിരുന്നതായും എന്നാല്‍ അതേക്കുറിച്ച്‌ ഒരു പ്രതികരണവും പിന്നീടുണ്ടായില്ലെന്നും വരദാചാരി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മൊഴിയുടെ രത്നച്ചുരുക്കം ഇങ്ങനെ:

ധനവകുപ്പിനെ പ്രതിനിധീകരിച്ച്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ മീറ്റിംഗില്‍ അക്കാലത്ത്‌ തുടര്‍ച്ചയായി പങ്കെടുക്കാറുണ്ട്‌. 1997 ലെ ഒരു യോഗത്തിലാണ്‌ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണം ലാവ്‌ലിന്‍ കമ്പനിക്കു കരാര്‍ നല്‍കുന്ന വിഷയം വന്നത്‌. കാന്‍സര്‍ സെന്ററില്‍ 100 കോടി രൂപ ഗ്രാന്റ്‌ നല്‍കുന്നതിനാല്‍ നേരിട്ടു കരാര്‍ നല്‍കുന്നതിന്‌ അനുകൂലമായാണ്‌ യോഗത്തില്‍ മിക്കവരും സംസാരിച്ചത്‌. എന്തായാലും ചട്ടങ്ങളും നടപടിക്രമങ്ങളും അംഗീകരിക്കാതെ കരാര്‍ നല്‍കുന്നതിനെ താന്‍ ശക്‌തമായി എതിര്‍ത്തു. മറ്റെല്ലാവരും അനുകൂലമെന്നു കണ്ടപ്പോള്‍ തന്റെ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്നും ആ മിനുട്‌സിന്റെ പകര്‍പ്പ്‌ തനിക്ക്‌ അയച്ചുതരണമെന്നും ചെയര്‍മാനോട്‌ ആവശ്യപ്പെട്ടു. രണ്ടു ദിവസമായിട്ടും മിനുട്‌സ് കോപ്പി ലഭിക്കാതെ വന്നപ്പോള്‍ തന്റെ അഭിപ്രായങ്ങളടങ്ങിയ ഒരു കുറിപ്പ്‌ പ്രത്യേകം തയാറാക്കി കെ.എസ്‌.ഇ.ബി ചെയര്‍മാനും മന്ത്രി പിണറായി വിജയനും മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും ധനമന്ത്രി ശിവദാസമേനോനും പവര്‍ സെക്രട്ടറി മോഹനചന്ദ്രനും അയച്ചുകൊടുത്തു.

ഈ നോട്ട്‌ അടങ്ങിയ ഫയലിലാണ്‌ പിണറായി തന്റെ തലച്ചോറ്‌ പരിശോധിക്കണമെന്നു കുറിപ്പെഴുതിയത്‌. സംസ്‌ഥാന വിജിലന്‍സിനോടും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്‌. മന്ത്രി പിണറായി വരദാചാരിയുടെ തലപരിശോധനക്കുറിപ്പെഴുതിയ ഫയല്‍ കണ്ടെത്താനായില്ലെന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, വരദാചാരിയടക്കം അക്കാലത്തെ ഉന്നത ഉദ്യോഗസ്‌ഥര്‍ നല്‍കിയ മൊഴികളില്‍നിന്നും വസ്‌തുതകള്‍ വ്യക്‌തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനെ ചോദ്യംചെയ്‌തപ്പോഴാകട്ടെ താന്‍ അങ്ങനെ ഒരു കുറിപ്പെഴുതി എന്ന കാര്യം നിഷേധിക്കുകയുണ്ടായില്ല. ലാവ്‌ലിന്‍ ഫയലിലല്ല, മറിച്ച്‌ സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ്‌ തല പരിശോധിക്കണമെന്ന കുറിപ്പെഴുതിയതെന്നുമാണ്‌ ചോദ്യംചെയ്യലില്‍ പിണറായി പറഞ്ഞതെന്ന കാര്യവും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഹരിദാസന്‍ പാലയില്‍
 

blogger templates | Make Money Online