മാതൃഭൂമി Date : April 13 2009
തിരുവനന്തപുരം: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണം വെറും 100.5 കോടി രൂപയ്‌ക്ക് നടത്താന്‍ കഴിയുമെന്ന തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അന്നത്തെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്‌തതെന്ന് പ്രമുഖ സി.പി.എം. നേതാവായ പരേതനായ ഇ.ബാലാനന്ദന്‍ സി.ബി.ഐ.യ്‌ക്ക് മൊഴി നല്‍കിയിരുന്നു.
2007 ഏപ്രില്‍ 16-നാണ് ഇ.ബാലാനന്ദന്റെ വസതിയിലെത്തി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയത്. വിദഗ്‌ദ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് 1997 ഫിബ്രവരി 2-ാം തീയതി അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍വെച്ച് താന്‍ തന്നെ നേരിട്ട് സമര്‍പ്പിച്ചതാണെന്നും ബാലാനന്ദന്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ടിന് കടലാസ്സിന്റെ വിലപോലും നല്‍കാതെ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഫിബ്രവരി 10ന് വൈദ്യുതിബോര്‍ഡ് ലാവലിനുമായി കരാര്‍ ഒപ്പിടുകയാണ് ചെയ്‌തത്. ഈ മൂന്ന് പദ്ധതികളുടെയും നവീകരണത്തിന് 374.5 കോടിയ്‌ക്കായിരുന്നു കരാര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ മാത്രം മാറ്റിയാല്‍മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ജനറേറ്ററുകളും യന്ത്രസാമഗ്രികളും പൂര്‍ണമായി മാറ്റിവെയ്‌ക്കാനായിരുന്നു കനേഡിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. 374.5 കോടി രൂപ ചെലവായിട്ടും വേണ്ടത്ര പ്രയോജനമുണ്ടായില്ലെന്നും 110 കോടി രൂപയുടെ നഷ്ടം വൈദ്യുതിബോര്‍ഡിന് വന്നതായും അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയതോടെയാണ് ലാവലിന്‍ ഇടപാട് വിവാദമായത്.
പന്നിയാറിന് 23.50 കോടിയുടെയും ചെങ്കുളത്തിന് 36 കോടി രൂപയുടെയും പള്ളിവാസലിന് 41 കോടിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സമിതിയില്‍ വൈദ്യുതിബോര്‍ഡ് റിട്ട. ചീഫ് എന്‍ജിനീയര്‍മാരും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയന്‍ പ്രതിനിധികളും വ്യാപാരി- വ്യവസായി സംഘടനകളുടെയും ചെറുകിട വ്യവസായികളുടെയും പ്രതിനിധികളുമടക്കം 26 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എം.പി.യായും എം.എല്‍.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി താനൊരു ഇലക്‌ട്രീഷ്യന്‍ ആണെന്ന കാര്യം ബാലാനന്ദന്‍ സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ട്.
ഒട്ടേറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉപസമിതികളെയും ചുമതലപ്പെടുത്തി. വളരെ വിശദമായ റിപ്പോര്‍ട്ടാണ് ഉപസമിതി തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിക്ക് നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് വൈദ്യുതി ഉല്‌പാദനത്തിലെ കുറവ് പരിഹരിക്കുന്നതിന് വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ചും വൈദ്യുതി ഉല്‌പാദനം, പ്രസരണം, വിതരണം എന്നിവ വേഗത്തിലാക്കാനും വികസിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്. എന്നാല്‍, പ്രധാനപ്പെട്ട ശുപാര്‍ശകളെല്ലാം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ സ്‌പോട്ട് ബില്ലിങ്, പവര്‍ ഓഡിറ്റിങ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപവല്‍ക്കരണം എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും ബാലാനന്ദന്‍ സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ട്.
ലാവലിന്‍ കരാറില്‍ സര്‍ക്കാരിന് 110 കോടി രൂപയുടെ നഷ്ടം വന്നതായി അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇടപാടില്‍ മാത്രം 86 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.
ജി.ശേഖരന്‍നായര്‍