Sunday, May 6, 2012

ചന്ദ്രശേഖരന്‍ വധം: മൂന്നു പേര്‍ കസ്റ്റഡിയില്‍


 Mathrubhumi: 06 May 2012

കെ.പി.ഷൗക്കത്തലി


പിന്നില്‍ ഏഴംഗസംഘമെന്ന് സൂചന
കാര്‍ കസ്റ്റഡിയില്‍
അക്രമികളില്‍ പരോളിലിറങ്ങിയവരും
അന്വേഷണനേതൃത്വം വിന്‍സന്‍.എം പോളിന്




കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാവ് ടി.പി ചന്ദ്രശേഖരന്റെഅതിക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു.

മാഹി ഇരട്ടക്കൊലപാതക ക്കേസില്‍ പ്രതിയായ കണ്ണൂ ര്‍,പള്ളൂര്‍,പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.വിന്‍സന്‍ എം. പോളിനെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.അന്വേഷണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തരമന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വടകര ടി.ബിയില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

പ്രതികള്‍ സഞ്ചരിച്ച കാര്‍ തലശ്ശേരിക്കടുത്ത് ചൊക്ലി മാരാങ്കണ്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ വാഹനം വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചയാളുള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഉടമ നവീന്‍ദാസ്,കാര്‍ വാടകയ്ക്ക് നല്‍കിയ റിജേഷ്, കാര്‍ വാടകക്കെടുക്കാന്‍ റഫീഖിനെ സഹായിച്ച ഹാരിസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഈ മൂന്ന് പേര്‍ക്കും കൊലപാതകവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

എത്ര പേര്‍ സംഭവത്തില്‍ പങ്കാളികളാണെന്ന് വ്യക്തമായ വിവരമില്ല. ഏഴു പേരെങ്കിലും കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് നിഗമനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്ത കാലത്ത് പരോളില്‍ ഇറങ്ങിയ ചിലരും പങ്കാളികളാണെന്ന് സൂചനയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ചൊക്ലി,ടെമ്പിള്‍ ഗേറ്റ്,പള്ളൂര്‍ മേഖലകളിലുള്ളവരാണ് പ്രതികളെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ചന്ദ്രശേഖന്റെ ദേഹത്തുള്ള മുറിവിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ഈ മേഖലയിലുള്ളവരാണ് പ്രതികളെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.പ്രതികള്‍ സംസ്ഥാനം വിട്ടിറ്റുണ്ടെന്ന സൂചനയുണ്ടെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും പാര്‍ട്ടിഗ്രാമങ്ങളിലുണ്ടാകാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ ചെക്യാട് സ്വദേശിയുടെ വീട്ടില്‍ വെച്ച് മകളുടെ വിവാഹ ദിവസമാണ് ചന്ദ്രശേഖരനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പരോളില്‍ ഇറങ്ങിയ മറ്റു പലരും ഏപ്രില്‍ 22ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പരോളില്‍ ഇറങ്ങിയ ചിലരുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ കൊലപാതകകേസുകളില്‍ പെട്ട് ഇപ്പോള്‍ പരോളിലുള്ള എല്ലാവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജയിലിലുള്ള ചില തടവുകാര്‍ക്ക് സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നതായും പറയുന്നു. ഒഞ്ചിയത്തെ പല സി.പി.എം നേതാക്കളും കഴിഞ്ഞ ദിവസം വീടൊഴിഞ്ഞ് പോയതായി ആക്ഷേപമുണ്ട്. ഇത് കൊലപാതകം നടക്കുന്നതിന് മുമ്പാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പോലീസുദ്യോഗസ്ഥര്‍ ഒന്നിച്ച് ആസൂത്രിതമായി നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകവിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായത്. കോഴിക്കോട് റൂറല്‍ എസ്.പി.ടി.പി.രാജ്‌മോഹന്റെ നേതൃത്വത്തില്‍ ആറ് ഡിവൈ.എസ്.പിമാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിരുന്നു.

വെള്ളി നിറത്തിലുള്ള കാറിലാണ് സംഘമെത്തിയതെന്ന് മാത്രമാണ് പോലീസിന് കിട്ടിയ ഏക വിവരം.ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇതേ നിറത്തിലുള്ള ഇന്നോവ രജിസ്റ്റര്‍ ചെയ്ത 600 പേരുടെ രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ശേഖരിച്ചു. വാഹന പരിശോധനയ്ക്ക് മാത്രം 200 ലധികം പോലീസുകാരെ നിയോഗിച്ചിരുന്നു.പ്രതികള്‍ സംസ്ഥാനം കടക്കാതിരിക്കാന്‍ ജില്ലാ അതിര്‍ത്തികള്‍ മുഴുവന്‍ അടച്ചു.

ഇന്നോവ കാറിലാണ് പ്രതികളെത്തിയതെന്ന കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാര്‍ ചൊക്ലിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കണ്ടെത്തിയതിനെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചു. കാറിന്റെ ഉടമയെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ ഇൗ വാഹനം എങ്ങനെയാണ് പ്രതികളുടെ കൈയിലെത്തിയതെന്നറിയാനും പ്രധാന കണ്ണിയായ റഫീഖിനെക്കുറിച്ചുള്ള വിവരം ലഭിക്കാനും സഹായകമായി.

വടകരയ്ക്കടുത്ത് കൈനാട്ടിക്കും നാദാപുരം റോഡിനുമിടയിലെ വള്ളിക്കാട്ട് വെച്ച് വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്.ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രശേഖരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകര്‍ന്നത് 20 മിനിറ്റ് കൊണ്ട് ചന്ദ്രശേഖരന്‍ മരിക്കാനുമിടയായി.

അമ്പതിലേറെ മുറിവുകള്‍


ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. തലക്കേറ്റ ഗുരുതരമായ ക്ഷതവും രക്തം വാര്‍ന്നതുമാണ് മരണത്തിനിടയാക്കിയത്. അതിക്രൂരമായാണ് ആക്രമണം നടന്നത്. തുടരെയുള്ള വെട്ടേറ്റ് തല തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു.

ആ ഫോണ്‍ കോള്‍ ആരുടെ?


ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നിരുന്നു. വള്ളിക്കാട് ലീഗ് ഹൗസിന് സമീപം ഒരു വാഹനാപകടം നടന്നിട്ടുണ്ട്.അവിടേക്കെത്തണമെന്നാണ് ഫോണ്‍ സന്ദേശമെന്നാണ് ലഭിച്ച വിവരം.

ഫോണ്‍ കോളിന്റെ ഉടമയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു. ഈ ഫോണ്‍ കോളാണ് അദ്ദേഹത്തെ പതിവായി പോവുന്ന വഴിയില്‍ നിന്ന് മാറ്റി വള്ളിക്കാട്ടെത്തിച്ചത്.

'ടി.പി. ചന്ദ്രശേഖരനെ വധിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥപ്രതികളെ കണ്ടെത്തേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. ഉത്തരവാദികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ഉറപ്പുതരുന്നു.' -മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

'പാര്‍ട്ടി വിട്ടുപോകുന്നവരെ ശാരീരികമായി ഇല്ലാതാക്കുന്ന പരിപാടി സി.പി.എമ്മിനില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുവേളയില്‍ ഇടതുമുന്നണിയെയും സി.പി.എമ്മിനെയും താറടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ചന്ദ്രശേഖരന്റെ കൊലപാതകം.' -പിണറായി വിജയന്‍
 

blogger templates | Make Money Online