Sunday, May 6, 2012

ഒഞ്ചിയത്ത്‌ ഒരു രക്‌തസാക്ഷികൂടി‍‍


(Mangalam May 6, 2012)
Text Size:   
കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക പങ്ക്‌ വഹിച്ച സ്‌ഥലമാണ്‌ ഒഞ്ചിയം. 1948 ഏപ്രില്‍ 30ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവയ്‌പില്‍ മരിച്ച എട്ടുപേരുടെ അടിത്തറയിലാണ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഈ പ്രദേശത്താകെ സ്വാധീനം ഉറപ്പിച്ചത്‌.

കുറുമ്പ്രനാട്‌ താലൂക്കിലെ പ്രമുഖ കമ്യൂണിസ്‌റ്റ് സംഘാടകനും സാമൂഹ്യസേവനതല്‍പരനുമായിരുന്ന മണ്ടോടി കണ്ണന്‍ എന്ന എം.കെ. കണ്ണനായിരുന്നു ഒഞ്ചിയത്തെ അന്നത്തെ നേതാവ്‌. ഒരുപാട്‌ പോലീസ്‌ മര്‍ദനങ്ങളേറ്റിട്ടും സാഹസികമായി മുന്നോട്ടുപോയ കണ്ണനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസുകാര്‍ ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടിക്കൊല്ലുകയായിരുന്നു. പോലീസുകാര്‍ ചവിട്ടിപ്പുറത്തേക്കൊഴുക്കിയ ചോരകൊണ്ട്‌ എം.കെ. കണ്ണന്‍ സെന്‍ട്രല്‍ ജയിലിന്റെ വെള്ളച്ചുമരില്‍ ചെങ്കൊടി വരച്ചുപോലും. ഇങ്ങനെ മരിച്ച ഈ നേതാവിനെയും ഒഞ്ചിയത്തുകാര്‍ ഒഞ്ചിയം രക്‌തസാക്ഷികളുടെ കൂട്ടത്തിലാണ്‌ പെടുത്തുന്നത്‌.

ഒഞ്ചിയത്തെ രക്‌തസാക്ഷികള്‍ ഒമ്പതു പേരാണ്‌: അളവക്കന്‍ കൃഷ്‌ണന്‍, കെ.എം. ശങ്കരന്‍, വി.പി. ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി, സി.കെ. ചാത്തു, മേനോന്‍ കണാകരന്‍ എന്ന പടിഞ്ഞാറേ മീത്തല്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, എം.കെ. കണ്ണന്‍ എന്നിവരാണ്‌ ഇവര്‍.

ഒഞ്ചിയത്തെ വെടിവയ്‌പോടെ ഒഞ്ചിയം കമ്യൂണിസ്‌റ്റുകാരുടെ നാടായി. കേരളത്തില്‍ പാര്‍ട്ടിഗ്രാമം എന്ന ആശയം ഉടലെടുക്കുന്നതുതന്നെ ഒഞ്ചിയത്തുനിന്നാണെന്നു പറയാം. കാലം ചെങ്കൊടിയെ രണ്ടാക്കിയപ്പോള്‍ സി.പി.എം സി.പി.ഐയ്‌ക്ക് അയിത്തം കല്‍പിച്ച്‌ ഒഞ്ചിയത്തെ തങ്ങളുടെ നാടാക്കി. ഇവിടെ അതേ സി.പി.എമ്മില്‍നിന്നാണ്‌ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി (റവലൂഷണറി) രൂപംകൊണ്ടത്‌. ഇതാണ്‌ ഒഞ്ചിയത്തിന്റെ ഇപ്പോഴത്തെ ഒന്നാം കമ്യൂണിസ്‌റ്റ് പാര്‍ട്ടി. ഈ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌ ടി.പി. ചന്ദ്രശേഖരനായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഒഞ്ചിയത്ത്‌ അപ്രസക്‌തമാക്കിയെന്നു തന്നെ പറയാം. പാര്‍ട്ടിയിലെ കടുത്ത വി.എസ്‌. പക്ഷപാതിയായിരുന്ന അദ്ദേഹം ഡി.വൈ.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്‌ഥാന കമ്മിറ്റിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഒഞ്ചിയത്തിനു പിന്നാലെ വടകര താലൂക്കിലും കോഴിക്കോട്‌ ജില്ലയുടെ പല ഭാഗങ്ങളിലും ചന്ദ്രശേഖരന്റെ പാര്‍ട്ടിയോടു സി.പിഎമ്മിനു അടിയറവ്‌ പറയേണ്ടിവന്നു. സി.പി.എം. നേതാക്കളുടെ നയങ്ങളിലും പ്രവര്‍ത്തനരീതികളിലും വിമര്‍ശനമുന്നയിച്ചുകൊണ്ടാണ്‌ ഒഞ്ചിയത്തെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി രൂപംകൊണ്ടത്‌. തുടക്കം മുതലേ ഇവരെ സി.പി.എം. അതിശക്‌തമായിത്തന്നെ നേരിട്ടിരുന്നു.

കടുത്ത ഫാസിസ്‌റ്റ് രീതി അനുവര്‍ത്തിച്ചുവരുന്ന ഒരു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്തുവന്ന്‌ ജനാധിപത്യ രീതിയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുകയാണ്‌ തങ്ങളെന്നായിരുന്നു ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടിയെപ്പറ്റി പറഞ്ഞിരുന്നത്‌. സംസ്‌ഥാനമൊട്ടാകെ സി.പി.എം. വിട്ടുവരുന്നവര്‍ക്ക്‌ ആവേശം പകരാനും ചന്ദ്രശേഖരനെത്തിയിരുന്നു. സി.പി.എമ്മിനെ വെല്ലുവിളിച്ച്‌ താഴേത്തട്ടില്‍നിന്നു തന്നെ പാര്‍ട്ടി കെട്ടിപ്പടുത്ത ചന്ദ്രശേഖരനും കൂട്ടരും തങ്ങളിലേക്ക്‌ ഒഴുകിയെത്തിയ പ്രവര്‍ത്തകരുടെ എണ്ണംകൊണ്ട്‌ സി.പിഎമ്മിനെ കടുത്ത സമ്മര്‍ദത്തിലാക്കി. ഒഞ്ചിയം രക്‌തസാക്ഷിദിനം നടത്തിയും ചന്ദ്രശേഖരനും കൂട്ടരും കരുത്തുകാട്ടി.

പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ വീടുകള്‍ക്കുനേരേ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും ഒഞ്ചിയത്ത്‌ സി.പി.എം. നേരത്തേ അക്രമം അഴിച്ചുവിട്ടിരുന്നു. കൊന്നിട്ടായാലും പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുമെന്നാണ്‌ നേതാക്കള്‍ ഒഞ്ചിയത്തു വന്നു പ്രസംഗിച്ചത്‌.

പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്ന്‌ പിണറായി വിജയന്‍ ഒഞ്ചിയത്തെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. പാര്‍ട്ടിയോടു കളിക്കുകയും പാര്‍ട്ടിയില്‍നിന്നു വിട്ടുപോവുകയും ചെയ്യുന്നവരുടെ കാലും കയ്യും തല്ലിയൊടിച്ചുകളയുമെന്ന്‌ ഇ.പി. ജയരാജന്‍ ഒഞ്ചിയത്തു പറഞ്ഞു. ഒഞ്ചിയത്ത്‌ ആയിരക്കണക്കിന്‌ സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന്‌ പുറംതള്ളുമ്പോള്‍ ശക്‌തമായ ഒരിടതുപക്ഷ ബദലിന്‌ രൂപം നല്‍കുംവിധം ഒരു പുതിയ പ്രസ്‌ഥാനമുണ്ടാകുമെന്നു സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല.

ഒഞ്ചിയം സര്‍വ്വീസ്‌ സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത്‌ ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ്‌ വെട്ടിനുറുക്കിയത്‌ ഈ ലക്ഷ്യത്തോടെയായിരുന്നു. 2009 നവംബര്‍ ആറിന്‌ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കണ്ണൂക്കര ബസാറില്‍ നടുറോഡിലിട്ട്‌ വെട്ടി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്കു ജീവനെടുക്കാനായില്ല. മരണത്തോട്‌ മല്ലടിച്ച ജയരാജന്‍ ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡന്റായി റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ നേതാവ്‌ ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്‌തു. 2010 മാര്‍ച്ച്‌ 19ന്‌ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ.കെ. ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന ജയന്‍ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത്‌ നിരവധിപ്പേര്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്‌. നൂറുകണക്കിന്‌ പേര്‍ കള്ളക്കേസില്‍ പ്രതികളായിട്ടുണ്ട്‌. നുണപ്രചരണങ്ങള്‍, ഭീഷണി, തൊഴില്‍ നിഷേധം, എന്തിന്‌ കല്യാണം മുടക്കല്‍വരെ റവല്യൂഷണറിക്കാര്‍ക്കെതിരേ സി.പി.എം. പ്രയോഗിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കു മത്സരിച്ചു വടകരയില്‍ 21,833 വോട്ട്‌ നേടിയ ചന്ദ്രശേഖരന്‍ അന്നേ സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്തിന്റെ ഭരണവും റെവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേടിയിരുന്നു. നാല്‍പ്പത്തിയഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ഇവിടെ പാര്‍ട്ടിക്ക്‌ ഭരണം നഷ്‌ടമായത്‌. മൊത്തം പതിനേഴ്‌ വാര്‍ഡില്‍ എട്ടിടത്ത്‌ പാര്‍ട്ടി വിജയിക്കുകയും ചെയ്‌തു.

ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഒഞ്ചിയം വഴിത്തിരിവിലെത്തി നില്‍ക്കുകയയാണ്‌.
 

blogger templates | Make Money Online