തിരുവനന്തപുരം: ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട കൊടി സുനിക്കു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് കൊടി സുനി. ഇയാള്‍ സി.പി.എം. അനുഭാവിയാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സ്‌ഥിരീകരിച്ചു.
സുനിയാണു സംഭവത്തിനു പിന്നിലെന്ന് കസ്‌റ്റഡിയിലായവരില്‍നിന്നു പോലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സുനിയുടെ അടുത്ത സുഹൃത്ത് റഫീഖ് കേസില്‍ ഉള്‍പ്പെട്ടത് അന്വേഷണം പല ദിശയിലേക്കും തിരിച്ചുവിടാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറുപത്തെട്ടോളം പേര്‍ കസ്‌റ്റഡിയിലുണ്ട്.
ഒഞ്ചിയത്ത് റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി സംഘടിപ്പിച്ച രക്‌തസാക്ഷി ദിനാചരണത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. സി.പി.എം. സംഘടിപ്പിച്ച രക്‌തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്തതിന്റെ ഇരട്ടിയോളം ആള്‍ക്കാര്‍ ഇടതുപക്ഷ ഏകോപന സമിതി വിളിച്ചുചേര്‍ത്ത യോഗത്തിന് എത്തിയിരുന്നു. ചന്ദ്രശേഖരന്റെ സംഘാടക മികവ് സി.പി.എമ്മിനു ഭീഷണി സൃഷ്‌ടിച്ചതായും അന്വേഷണ സംഘം കരുതുന്നു.
യഥാര്‍ഥ പ്രതികള്‍ക്കുവേണ്ടി കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടക ഡി.ജി.പിക്കും ഇവരെക്കുറിച്ചു വിവരങ്ങള്‍ കൈമാറി. കൊലപാതകം നടത്തിയശേഷം തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ കഴുകി വൃത്തിയാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പതിനഞ്ചുപേര്‍ പങ്കാളികളാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ചന്ദ്രശേഖരന്റെ ദേഹത്ത് അമ്പതിലേറെ മുറിവുകള്‍
കോഴിക്കോട്: അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ ദേഹത്ത് അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള അമ്പതോളം മുറിവുകളും തലച്ചോര്‍ വെട്ടേറ്റ് തകര്‍ന്നതുമാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്‌ക്കും മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടേറ്റത്. വടിവാള്‍ കൊണ്ടാണു വെട്ടിയിരിക്കുന്നത്. തലയോട്ടിയില്‍ രണ്ടിഞ്ചോളം തുളച്ചുകയറി തലച്ചോര്‍ തകര്‍ത്തുകൊണ്ടുള്ള മുറിവുകളാണ് അധികവും. വടിവാളിനൊപ്പം മഴു പോലുള്ള ഭാരമുള്ള ആയുധം ഉപയോഗിച്ച് വെട്ടിയതായും പോസ്‌റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്.
എസ്. നാരായണന്‍ |