Sunday, May 6, 2012

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഗൂഢാലോചന നടന്നു



Posted on: 06 May 2012


കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരനെ കൊല്ലാനുള്ള ഗൂഢാലോചന വിവിധ സ്ഥലങ്ങളില്‍ നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ പ്രധാന കേന്ദ്രം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നുവെന്നാണ് ഇപ്പോഴത്തെ സൂചന. ഒരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ രണ്ടുപേരാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലും മുഖ്യ പ്രതികളെന്ന് പോലീസിന് വിവരം കിട്ടി. ഇവരാണ് ജയിലില്‍ വെച്ച് പദ്ധതി ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

ചന്ദ്രശേഖരനെതിരെ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ജയിലിലെ തടവുകാരില്‍ ചിലര്‍ക്ക് മനസ്സിലായിരുന്നു. ചന്ദ്രശേഖരനെ അടുത്തറിയുന്ന തടവുകാരില്‍ ഒരാള്‍ ഇക്കാര്യം ഒഞ്ചിയത്തെ ചിലരെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. പക്ഷേ, എന്താണ് നടക്കുന്നതെന്ന് ഇവര്‍ക്കറിയില്ലായിരുന്നു. ചന്ദ്രശേഖരന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് ഇവര്‍ കൈമാറിയത്. ഇപ്പോള്‍ പോലീസ് സംശയിക്കുന്ന രണ്ടുപേര്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരാണ്. ഇതോടെയാണ് സെന്‍ട്രല്‍ ജയിലിലെ ഗൂഢാലോചനയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇവര്‍ രണ്ടുപേരും കേരളം വിട്ടതായാണ് സൂചന. ഇവരെ പിടികൂടാനായി പ്രത്യേക പോലീസ് സംഘം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൊലപാതകത്തിനും പേരുകേട്ടവരാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്ന രണ്ടു പ്രതികളും. ന്യൂമാഹി ഇരട്ടക്കൊലപാതകക്കേസിലെ ഒരു പ്രതിയാണ് ഇതില്‍ പ്രധാനി. രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയാണ് ന്യൂമാഹിയില്‍ കൊലപ്പെടുത്തിയിരുന്നത്. ഇയാളുടെ കൂട്ടാളിയാണ് രണ്ടാമത്തെയാള്‍. കതിരൂര്‍ സ്വദേശിയായ ഒരു ഗള്‍ഫ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി പള്ളൂരിലെ ഒരു മദ്യഷാപ്പ് ഗോഡൗണില്‍ താമസിപ്പിക്കുകയും എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. ആഡംബര ജീവിതമാണ് ഇയാളുടെ രീതി. ഇക്കാര്യങ്ങളൊക്കെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്റെ കൊലപാതകത്തിലും ഇവരുടെ പങ്ക് ഉറപ്പാക്കാവുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
Related News
 

blogger templates | Make Money Online