കോഴിക്കോട്/ഒഞ്ചിയം: റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മിനു പങ്കെന്നു പോലീസ്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തിരുന്നെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.
സി.പി.എമ്മിന് ഒഞ്ചിയത്തെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ ചന്ദ്രശേഖരനെ ഇല്ലായ്‌മ ചെയ്യണമെന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായാണു കൊലപാതകമെന്നു കരുതുന്നു. ചന്ദ്രശേഖരനെ വധിക്കണമെന്ന അജന്‍ഡ സി.പി.എം. അണികള്‍ക്കിടയില്‍ ഉണ്ടായിരുന്നിട്ടും തടയാന്‍ നേതൃത്വം ശ്രമിച്ചില്ല. കൊലപാതകത്തില്‍ പങ്കുള്ള പാര്‍ട്ടി ഘടകം ഏതാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കൊലപാതകക്കേസില്‍ കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അക്രമിസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ഇന്നോവ കാര്‍ പോലീസ് കണ്ടെത്തി.
അക്രമിസംഘത്തിലെ നാലുപേര്‍ കസ്‌റ്റഡിയില്‍. കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ചു വ്യക്‌തമായ സൂചന ലഭിച്ചതായി ഡി.ജി.പി. ജേക്കബ് പുന്നൂസ് ഡല്‍ഹിയില്‍ അറിയിച്ചു. ചന്ദ്രശേഖരന്റെ മൃതദേഹം നിറമിഴികളോടെ നിന്ന ആയിരക്കണക്കിനു സഖാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഏറെക്കാലം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തിയതു വൈകാരിക മുഹൂര്‍ത്തമൊരുക്കി.
വെള്ളിയാഴ്‌ച രാത്രി പത്തരയോടെയാണ് ഒഞ്ചിയം വള്ളിക്കാട് ലീഗ്‌ഹൗസിനു സമീപത്തുവച്ച് ചന്ദ്രശേഖരന്‍ ക്രൂരമായി വധിക്കപ്പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന് ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. വടിവാള്‍, മഴു എന്നിവ ഉപയോഗിച്ച് അമ്പതിലേറെ വെട്ടേറ്റിരുന്നു. മുഖം തിരിച്ചറിയാനാകാത്ത വിധം തല തകര്‍ത്തിരുന്നു.
പാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാരാങ്കണ്ടി സബ് സ്‌റ്റേഷനു സമീപം പുനത്തില്‍ മുക്കില്‍ നിന്നാണ് ഇന്നലെ രാവിലെ 11 മണിയോടെ കെ.എല്‍. 58 ഡി. 8144 ഇന്നോവ കണ്ടെത്തിയത്. തലശേരി സ്വദേശി കെ.പി. നവീന്‍ദാസിന്റെ പേരില്‍ തലശേരി സബ് ആര്‍.ടി. ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ് ഇന്നോവ. വാഴപ്പടക്ക് റഫീഖിന് ഇന്നോവ വാടകയ്‌ക്കു നല്‍കിയിരുന്നതായി നവീന്‍ദാസിനെ ചോദ്യം ചെയ്‌തതില്‍ നിന്നു വ്യക്‌തമായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റഫീഖെന്നു പോലീസ് പറഞ്ഞു. റഫീഖും സംഘവും ഒരാഴ്‌ച മുന്‍പ് നാദാപുരം വളയത്ത് ഒത്തുകൂടിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
നവീന്‍ദാസ്, റഫീഖ്, റഫീഖിന്റെ കൂട്ടാളി ഹാരിസ്, നവീന്‍ദാസിന്റെ സഹോദരന്‍ വിജീഷ് എന്നിവരാണു പോലീസ് കസ്‌റ്റഡിയിലുള്ളതെന്നാണു വിവരം. കാര്‍ വാടകയ്‌ക്കു നല്‍കിയവരെക്കുറിച്ചുള്ള മുഴുവന്‍ വിവരവും നവീന്‍ദാസ് പോലീസിനു നല്‍കിയിട്ടുണ്ട്. മറ്റുള്ള പ്രതികളും പോലീസ് വലയിലായതായി സൂചനയുണ്ട്. പ്രതികളില്‍ രണ്ടു പേര്‍ കൊലക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണെന്ന് അറിയുന്നു.
കണ്ണൂരില്‍ നിന്നു ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌ഥലത്തെത്തി കാറില്‍ പരിശോധന നടത്തി. കാറില്‍ നിന്നു മണം പിടിച്ച് ഓടിയ നായ 200 മീറ്റര്‍ അകലെ പോയി നിന്നു. ഇവിടെ നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. കാര്‍ കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ റോഡില്‍ നിന്ന് ഉള്ളിലേക്കു മാറ്റി നിര്‍ത്തിയിരുന്ന കാര്‍ പിന്നീടു വടകര എസ്.പി. ഓഫീസിലേക്കു മാറ്റി. കാറിന്റെ വലതുഭാഗത്ത് മറ്റു വാഹനത്തില്‍ ഇടിച്ച പാടുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ വെള്ളിയാഴ്‌ച രാത്രി ഒമ്പതരവരെ ഓര്‍ക്കാട്ടേരി ടൗണില്‍ ഉണ്ടായിരുന്നു. ആരോ ഫോണില്‍ വിളിച്ച് വള്ളിക്കാട് എത്താന്‍ പറഞ്ഞതായി സൂചനയുണ്ട്. ചന്ദ്രശേഖരന് അവസാനമായി വന്ന ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമി സംഘത്തിലെ അംഗങ്ങളായിരിക്കാം ഫോണ്‍ ചെയ്‌തതെന്നു സംശയിക്കുന്നു.
വാഹനത്തിലെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടിക്കൊല്ലുന്ന കണ്ണൂര്‍ മോഡലിലാണു ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നതിനാല്‍ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചുളള അന്വേഷണമാണു നടക്കുന്നത്. കണ്ണൂരിലും പരിസരത്തുമുണ്ടായ രാഷ്‌ട്രീയ സംഘട്ടനങ്ങളുമായി ബന്ധമുള്ളവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല കോഴിക്കോട് റൂറല്‍ എസ്.പി: ടി.കെ. രാജ്‌മോഹനാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിലാണു സംസ്‌കരിച്ചത്. വൈകിട്ട് മൂന്നരയോടെ പോസ്‌റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം പൊതുദര്‍ശനത്തിനായി കോഴിക്കോട് ടൗണ്‍ഹാളിലെത്തിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഡല്‍ഹിയില്‍നിന്നെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് ടൗണ്‍ഹാളിലാണ് അന്ത്യോപചാരമര്‍പ്പിച്ചത്.
കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.പി. മോഹനന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ: എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.എം. ഷാജി, വി.എം. ഉമ്മര്‍, പി.ടി.എ. റഹിം എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
എം. ജയതിലകന്‍/കെ. ഷിന്റുലാല്‍ |