Sunday, December 18, 2011

ലാവലിന്‍: കൂടുതല്‍ തെളിവ് നല്കാമെന്ന് ദീപക് കുമാര്‍ (from Mathrubhumi dated 12 nov 2010

»പ്രിന്റ് എഡിഷന്‍ »കേരളം »ലാവലിന്‍
Posted on: 12 Nov 2010


കോഴിക്കോട്: എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ലാവലിന്‍ കേസന്വേഷണം വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയ വൈരങ്ങള്‍ക്കതീതമായി കേന്ദ്രമന്ത്രി തലത്തില്‍ ശക്തമായ സമ്മര്‍ദം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നില്‍ ഈ സമ്മര്‍ദമാണ്. കേസന്വേഷണം നടത്തിയ ചില സി.ബി.ഐ. ഉദ്യോഗസ്ഥര്‍, രാജ്യസഭാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ തെളിവുകളും കോടതിക്ക് മുമ്പാകെ ഹാജരാക്കും. രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് അതീതമായാണ് കേസില്‍ ഇടപെടല്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചില നിര്‍ണായക വിവരങ്ങള്‍ നല്കാന്‍ താന്‍ നിര്‍ബന്ധിതനായത് -ദീപക് കുമാര്‍ പറഞ്ഞു.

മുന്‍ വൈദ്യുതിമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേകാന്വേഷണത്തിനു സി.ബി.ഐ. കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മൊഴി നല്കിയ വ്യക്തിയാണ് ദീപക്കുമാര്‍. കേസില്‍ ചോദ്യംചെയ്യപ്പെട്ട ദിലീപ് രാഹുലനെ പ്രതിചേര്‍ത്താല്‍ത്തന്നെ കോടിക്കണക്കിനു രൂപയുടെ അഴിമതി ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. താന്‍ നല്കിയ പല തെളിവുകളും അന്വേഷണോദ്യോഗസ്ഥന്മാര്‍ പരിഗണിച്ചില്ല. അന്വേഷണോദ്യോഗസ്ഥനായ അശോക്കുമാറില്‍ പൂര്‍ണവിശ്വാസമാണ്. പക്ഷേ, ഉന്നതതല സമ്മര്‍ദത്താല്‍ അദ്ദേഹത്തിന്റെ കൈകള്‍പോലും കെട്ടിയിടപ്പെട്ടു.

ദിലീപ് രാഹുലനുമായി തനിക്ക് 20 വര്‍ഷത്തിലേറെയായി സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ലാവലിന്‍ കരാറിനെക്കുറിച്ചും അറിയാം. നിര്‍ണായകമായ ചില വിവരങ്ങള്‍ ഇതിനകം അന്വേഷണോദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒമ്പതു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ പറയാന്‍ കഴിയാത്ത കുറേ കാര്യങ്ങള്‍ കൂടിയുണ്ട്. അവ ഇനിയും വെളിപ്പെടുത്താന്‍ തയ്യാറാണ് -ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

ലാവലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാവടക്കം സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ ജനപ്രതിനിധികള്‍ക്ക് ദിലീപ് രാഹുലനുമായി ബന്ധമുണ്ട്. കേരളത്തിലെ മിക്ക വികസനപദ്ധതികള്‍ക്കു പിന്നിലും നടന്ന കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. ഉന്നത തലത്തിലുള്ള അഴിമതി പുറത്തുകൊണ്ടുവരണമെന്നാണ് തന്റെ ഉദ്ദേശ്യം. കേസില്‍ മൊഴി നല്കിയശേഷം പലപ്പോഴും വധഭീഷണിയുണ്ടായി. ബുധനാഴ്ച വൈകിട്ടും ഭീഷണിയുണ്ടായി -അദ്ദേഹം പറഞ്ഞു.

ദിലീപിനും മറ്റു ചില രാഷ്ട്രീയനേതാക്കള്‍ക്കും ഭൂമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും തന്റെ പക്കല്‍ വിവരമുണ്ട്. അതും സി.ബി.ഐ. കോടതിയില്‍ തുറന്നുപറയാന്‍ തയ്യാറാണ് -ദീപക്കുമാര്‍ പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
 

blogger templates | Make Money Online