Posted on: 22 Apr 2010
കൊച്ചി: ലാവലിന്‍ കേസിലെ ഏഴാം പ്രതി പിണറായി വിജയനെക്കുറിച്ച് തിരുവനന്തപുരം സ്വദേശി ദീപക്കുമാര്‍ നല്‍കിയിട്ടുള്ള പരാതി പരിശോധിക്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.
ലാവലിന്‍ കരാറില്‍ ഇടനിലക്കാരനായ ദിലീപ് രാഹുലന്‍, നാസര്‍, ബീന എബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി നോക്കിയപ്പോഴാണ് കരാറിനെക്കുറിച്ച് അറിഞ്ഞതെന്ന് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചു. രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ആസ്പത്രിയിലെത്തി പിണറായിക്ക് രണ്ടുകോടി രൂപ കൈമാറിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ദീപക് കുമാര്‍ പരാതിയില്‍ അവകാശപ്പെട്ടു. ദിലീപ്‌രാഹുലനുമായി തനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. എന്നാല്‍, വിശ്വാസവഞ്ചന കാട്ടിയതിനെത്തുടര്‍ന്ന് താന്‍ രാഹുലനുമായുള്ള വ്യക്തിബന്ധം ഉപേക്ഷിച്ചതായും ദീപക് സിബിഐയെ അറിയിച്ചു.