Sunday, December 18, 2011

കോഴപ്പണം നല്കാന്‍ ദിലീപ് രാഹുലന്‍ പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍ (Mathrubhumi 13 Nov 2010)


Posted on: 13 Nov 2010

കെ.എ. ജോണി


ചെന്നൈ: എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയനേതാക്കളും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായി ദിലീപ്‌രാഹുലന്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദവിവരങ്ങള്‍ സി.ബി.ഐ. അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക്കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാഹചര്യത്തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അന്വേഷണച്ചുമതലയില്‍ നിന്ന് ഡിവൈ.എസ്.പി. അശോക്കുമാറിനെ നീക്കിയതെന്ന് ദീപക് ആരോപിച്ചു.

1996-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ദിലീപ് രാഹുലന്‍ തന്നെയും കൂട്ടി കണ്ണൂരിലെത്തി സി.പി.എം. നേതാവ് പിണറായി വിജയന് പണം കൈമാറിയതെന്നും ഇതില്‍ വലിയൊരു തുക ദിലീപ് എറണാകുളത്തുള്ള കനറാബാങ്ക് ശാഖയില്‍ നിന്ന് പിന്‍വലിച്ചതിന് താന്‍ സാക്ഷിയാണെന്നും ദീപക്കുമാര്‍ പറഞ്ഞു.

കേരളത്തില്‍ ഒരു റബര്‍ എസ്റ്റേറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാഹുലന്‍ തന്നെയും കൂട്ടി ചെന്നൈയില്‍ നിന്ന് എറണാകുളത്തെത്തിയതെന്ന് ദീപക് പറഞ്ഞു. ചെന്നൈയില്‍ നിന്നു കൊച്ചിക്ക് നേരിട്ടുള്ള വിമാനം കിട്ടാതിരുന്നതിനാല്‍ മുംബൈക്ക് പോയിട്ട് അവിടെ നിന്നു കൊച്ചിയില്‍ എത്തുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ ദിലീപ്‌രാഹുലന്റെ അമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പോയതിനുശേഷമാണ് ബാങ്കിലേക്ക് പോയത്. ഫ്‌ളാറ്റില്‍ നിന്നിറങ്ങുംമുമ്പ് ദിലീപ് രാഹുലന്‍ ഒരു ബാഗെടുത്ത് കാറിന്റെ ഡിക്കിയില്‍ വെച്ചു.

ബാങ്കിങ് സമയം കഴിഞ്ഞിരുന്നെങ്കിലും ബാങ്ക് മാനേജര്‍ ദിലീപിനെ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നും ബാങ്കിലേക്ക് പോയി വലിയ താമസമില്ലാതെ ദിലീപ് മറ്റൊരു ബാഗുമായി മടങ്ങിയെത്തിയെന്നും ദീപക് പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ക്ക് പോകാമെന്ന് ദിലീപ് പറഞ്ഞെന്നും ദിലീപിന് കൊച്ചിയിലുണ്ടായിരുന്ന സിയലോ കാര്‍ അന്നു താന്‍ തന്നെയാണ് ഡ്രൈവ് ചെയ്തതെന്നും ദീപക് പറഞ്ഞു. അന്നു രാത്രി കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ തങ്ങി അടുത്ത ദിവസം രാവിലെയാണ് കണ്ണൂര്‍ക്ക് പോയത്. കണ്ണൂര്‍ക്കുള്ള യാത്രയില്‍ തലശ്ശേരി കഴിഞ്ഞപ്പോള്‍ വഴികാട്ടുന്നതിന് മറ്റൊരു കാറെത്തി. ഈ കാറിനെ പിന്തുടര്‍ന്നാണ് പിണറായി വിജയന്‍ താമസിക്കുന്നിടത്തെത്തിയതെന്നും ദീപക് പറഞ്ഞു.

ദിലീപ് രാഹുലന്‍ ഈ കാലയളവില്‍ നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തിലെ പല പൊതുമേഖലാ ബാങ്കുകളിലും പരിശോധന നടത്തിയിരുന്നുവെന്നും നിര്‍ണായകമായ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് തനിക്കുള്ള വിവരമെന്നും


ദീപക് പറഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപ് രാഹുലനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് സി.ബി.ഐ. അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് ഡിവൈ.എസ്.പി. അശോക്കുമാറിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുന്നതെന്ന് ദീപക്കുമാര്‍ കുറ്റപ്പെടുത്തി.

പിണറായി വിജയനെ കണ്ടുമടങ്ങുംവഴി ദിലീപും താനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നും ലക്ഷങ്ങളുടെ നോട്ടുകെട്ടുകളാണ് ദിലീപ് അന്ന് കാണിക്കയിട്ടതെന്നും ദീപക് പറഞ്ഞു.

ദിലീപ് രാഹുലന്‍ കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് തങ്ങളുടെ സൗഹൃദമെന്ന് ദീപക് പറഞ്ഞു. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് ദിലീപ് വിദേശത്തേക്കും ബി.കോം പൂര്‍ത്തിയാക്കി താന്‍ ചെന്നൈയിലും എത്തുകയായിരുന്നു. റബര്‍വുഡ് ബിസിനസ്സില്‍ ഇന്ത്യയില്‍ത്തന്നെ ആദ്യകാല സംരംഭങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് ദീപക്കുമാര്‍. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളെയും ദിലീപ് രാഹുലന്‍ താന്‍ വഴിയാണ് പരിചയപ്പെട്ടതെന്നും മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വഴിയാണ് ദിലീപ് പിണറായി വിജയനുമായി സൗഹൃദത്തിലായതെന്നും ദീപക് പറഞ്ഞു. നായനാരും പിണറായി വിജയനുമടങ്ങിയ സംഘം കാനഡ യാത്ര നടത്തിയപ്പോള്‍ ആതിഥേയനായി ദിലീപുണ്ടായിരുന്നുവെന്നും ദീപക് വ്യക്തമാക്കി. എസ്.എന്‍.സി. ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ ദിലീപ് രാഹുലനായിരുന്നു മുഖ്യ ഇടനിലക്കാരനെന്നും ചില ബിസിനസ് ഇടപാടുകളില്‍ തന്നെ കബളിപ്പിച്ചതോടെയാണ് താന്‍ ദിലീപുമായി തെറ്റിയതെന്നും ദീപക് പറഞ്ഞു. സ്വന്തം വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന താന്‍ ഒരിക്കലും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിനോക്കിയിട്ടില്ലെന്നും ദീപക് വ്യക്തമാക്കി.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
 

blogger templates | Make Money Online