Tuesday, December 20, 2011

ലാവ്‌ലിന്‍: പിണറായിയടക്കം ഏഴുപേര്‍ക്ക്‌ സി.ബി.ഐ. കോടതി നോട്ടീസ്‌ (Mangalam dated 20 dec 2011)


ലാവ്‌ലിന്‍: പിണറായിയടക്കം ഏഴുപേര്‍ക്ക്‌ സി.ബി.ഐ. കോടതി നോട്ടീസ്‌
Text Size:   
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയായ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഏഴു പ്രതികള്‍ ഏപ്രില്‍ പത്തിനു കോടതിയില്‍ ഹാജരാകണമെന്ന്‌ തിരുവനന്തപുരം സി.ബി.ഐ. കോടതി ജഡ്‌ജി ടി.എസ്‌.പി. മൂസത്‌ നോട്ടീസ്‌ നല്‍കി.

മുന്‍ വൈദ്യുതി മന്ത്രിയും നിയമസഭാ സ്‌പീക്കറുമായ ജി. കാര്‍ത്തികേയന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍അംഗം ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവരെ ഒഴിവാക്കിയാണ്‌ ചെന്നൈ സി.ബി.ഐ. അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ വൈ. ഹരികുമാര്‍ എട്ടു പേജുളള തുടരന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ക്രമക്കേടു നടത്തിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയിലുളള എസ്‌.എന്‍.സി. ലാവ്‌ലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡല്‍നേരത്തെ കേസ്‌ നടന്നിരുന്ന എറണാകുളം സി.ബി.ഐ. കോടതി മുമ്പാകെ ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തിനെതിരേ തിരുവനന്തപുരം സി.ബി.ഐ. കോടതി വീണ്ടും വാറന്റ്‌ പുറപ്പെടുവിച്ചു. ജി.കാര്‍ത്തികേയന്‍, ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ ഈ കേസില്‍ യാതൊരു പങ്കുമില്ലെന്നു തെളിഞ്ഞതിനാല്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. 2009 ല്‍ കോടതി പ്രതികള്‍ക്കെതിരെ കുറ്റമാരോപിക്കുമ്പോള്‍ ജി.കാര്‍ത്തികേയന്‍, ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവരുടെ പങ്കിനെക്കുറിച്ചുകൂടി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു കാണിച്ചാണ്‌ തുടരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. കുറ്റപത്രത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ ഇവരെ പ്രതികളാക്കി ചേര്‍ത്തിരുന്നില്ല. തുടരന്വേഷണവേളയില്‍ പിണറായി വിജയന്‌ ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ ഡയറക്‌ടറായ ദിലീപ്‌ രാഹുലനുമായുളള ബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കാണിച്ച്‌ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തളളി. ഭീതികൂടാതെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്കു നിര്‍ദേശം നല്‍കിക്കൊണ്ടാണ്‌ ഹര്‍ജി കോടതി തളളിയത്‌. ഇതിനിടെ ചെന്നൈ സ്വദേശിയായ വി. ദീപക്‌ കുമാര്‍ ഇതേ ആവശ്യം ഉന്നയിച്ച്‌ സി.ബി.ഐയെ സമീപിച്ചിരുന്നു. സി.ബി.ഐ. വിശദമായ അന്വേഷണം നടത്തിയിട്ടും പരാതിക്ക്‌ അടിസ്‌ഥാനമായ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി തവണ ദീപക്‌ കുമാറില്‍നിന്നും സി.ബി.ഐ. തെളിവെടുത്തിരുന്നു. ജി. കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോഴാണ്‌ ധാരണാപത്രം ഒപ്പുവച്ചതെങ്കിലും തുടര്‍ന്ന്‌ മന്ത്രിസ്‌ഥാനം ഒഴിഞ്ഞ ഇദ്ദേഹത്തിന്‌ ഇടപാടില്‍ പങ്കുളളതായി കണ്ടെത്താനായില്ലന്നാണു റിപ്പോര്‍ട്ട്‌.

സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ പത്തുമുതല്‍ വിചാരണ ആരംഭിക്കുന്ന കേസില്‍ വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ കെ.മോഹചന്ദ്രന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍അംഗം കെ.ജി. രാജശേഖരന്‍, മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസ്‌, മുന്‍ ചീഫ്‌ എന്‍ജിനീയര്‍ കസ്‌തൂരിരംഗ അയ്യര്‍,ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, ലാവ്‌ലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡല്‍, മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌, കാനഡയിലെ എസ്‌.എന്‍.വി. ലാവ്‌ലിന്‍ കമ്പനി എന്നിവരാണ്‌ ഒന്നുമുതല്‍ ഒന്‍പതുവരെ പ്രതികള്‍. കേസില്‍ ഒന്നാം പ്രതിയായ കെ.മോഹനചന്ദ്രനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി. സി.ബി.ഐക്കു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.
 

blogger templates | Make Money Online