Tuesday, December 20, 2011

ലാവലിന്‍: പിണറായിയും കാര്‍ത്തികേയനും പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് സി.ബി.ഐ (Mathrubhumi 20 Dec 2011)


Posted on: 20 Dec 2011


തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന്‍ നൂറുകോടി രൂപ കൈപ്പറ്റിയതിന് തെളിവില്ലെന്ന് സി.ബി.ഐ. വൈദ്യുതി മന്ത്രിയായിരിക്കെ, ഈ കരാറില്‍ ജി.കാര്‍ത്തികേയന്‍ അമിത താല്‍പ്പര്യം കാണിച്ചുവെന്നും അദ്ദേഹം 25 ലക്ഷം രൂപ കൈപ്പറ്റിയെന്നുമുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നതല്ലെന്നും പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഏഴാം പ്രതിയായ പിണറായി വിജയനെതിരായ കുറ്റപത്രം നിലനില്‍ക്കവെ തന്നെ, പുതിയ ആരോപണങ്ങളില്‍ തെളിവില്ലെന്നാണ് സി.ബി.ഐയുടെ വാദം. ലാവലിന്‍ ഇടപാടില്‍ സംസ്ഥാന ഖജനാവിന് 374.50 കോടി നഷ്ടം വരുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിന്റെ അടുത്തവിചാരണയ്ക്ക് നേരിട്ട് ഹാജരാകാന്‍ പിണറായി ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

ലാവലിന്‍ കമ്പനിയുടെ മുന്‍ ഡയറക്ടര്‍ ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ 100 കോടി രൂപ വാങ്ങിയെന്ന ആരോപണം തെളിയിക്കാനുള്ള മതിയായ രേഖകള്‍ ഹര്‍ജിക്കാരനായ 'ക്രൈം' പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, തന്റെ സാന്നിധ്യത്തില്‍, ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റിയെന്ന് ചെന്നൈ സ്വദേശി വി.ദീപക് കുമാറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി നിലയങ്ങളുടെ ആധുനീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി ലാവലിന്‍ കമ്പനിയുമായി 1995 ആഗസ്ത് പത്തിന് ഒപ്പിട്ട ധാരണാ പത്രത്തെക്കുറിച്ചും 1996 ഫിബ്രവരി 24 ന് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറുകളെക്കുറിച്ചും ജി.കാര്‍ത്തികേയന് വൈദ്യുതി മന്ത്രിയെന്ന നിലയില്‍ അറിവുള്ളതായി സി.ബി.ഐ പറയുന്നു. എന്നാല്‍ ഈ കരാറില്‍ നിന്ന് അദ്ദേഹം നേട്ടമുണ്ടാക്കിയെന്നും കരാര്‍ നടപ്പിലാക്കാന്‍ അമിതോത്സാഹം കാണിച്ചുവെന്നും പറയാനാകില്ല. കരാറിന്റെ അടുത്തഘട്ടമായപ്പോഴേക്കും കാര്‍ത്തികേയന്‍ മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. കരാറുമായി ബന്ധപ്പെട്ട ഫയലുകളില്‍ ചിലത് ബോര്‍ഡില്‍ നിന്ന് ഇനിയും ലഭിക്കാത്തതിനാല്‍, ധാരണാ പത്രത്തിലും അനുബന്ധ കരാറുകളിലും ബോര്‍ഡ് ഒപ്പുവെച്ചത് മന്ത്രിയായിരുന്ന കാര്‍ത്തികേയന്റെ അനുമതിയോടെയാണോ എന്ന കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപ് രാഹുലനില്‍ നിന്ന് കാര്‍ത്തികേയന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ദീപക് കുമാറിന്റെ ആരോപണം സി.ബി.ഐ തള്ളിക്കളയുന്നു. ദീപക് കുമാറില്‍ നിന്ന് നിരവധി തവണ മൊഴിയെടുത്തെങ്കിലും ഇത് സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ല. വൈദ്യുതി ബോര്‍ഡ് മുന്‍ അംഗം ആര്‍.ഗോപാലകൃഷ്ണന്‍ ഈ കേസുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഇദ്ദേഹത്തിനെതിരായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജഡ്ജി ടി.എസ്.പി.മൂസതിന് മുമ്പാകെയാണ് സി.ബി.ഐ തിങ്കളാഴ്ച തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഏപ്രില്‍ പത്തിന് കോടതി വീണ്ടും പരിഗണിക്കും. അന്നേദിവസം പിണറായി വിജയന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലാവലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലൗസ് ട്രൈന്‍ഡ്‌സിന് ഇന്റര്‍പോള്‍ മുഖാന്തരം അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പതുപ്രതികള്‍ക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചശേഷം, 2009 ജൂണ്‍ 23 നാണ് എറണാകുളം സി.ബി.ഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ ഉത്തരവില്‍ ജി.കാര്‍ത്തികേയന്‍, മുന്‍ വൈദ്യുതി ബോര്‍ഡംഗം ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ 100 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആ ഹര്‍ജി തള്ളിയശേഷം തുടരന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പുറമെ, പിണറായി വിജയനും കാര്‍ത്തികേയനുമെതിരെ സാമ്പത്തിക ആരോപണമുന്നയിച്ച് ദീപക് കുമാര്‍ കോടതിക്ക് കത്തെഴുതി. ഈ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ് സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേസമയം, തനിക്കെതിരായ കുറ്റപത്രം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരാകരിച്ചിരുന്നു.
 

blogger templates | Make Money Online