Wednesday, May 6, 2009

ലാവലിന്‍ പ്രോസിക്യൂഷന്‍: ഹൈക്കോടതി മൂന്നുമാസം സമയം നല്‍കി

mathrubhumi. dated feb 13, 2009

കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ മന്ത്രി പിണറായി വിജയനെയും മറ്റും പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷയില്‍ മൂന്നുമാസത്തിനുള്ളില്‍ മന്ത്രിസഭ തീരുമാനം എടുക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

സ്വതന്ത്രമായി, രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമാകാതെയുള്ള തീരുമാനമാണ്‌ വേണ്ടതെന്ന്‌ ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്‌.

തീരുമാനത്തിന്‌ ന്യായമായ സമയപരിധിയാണ്‌ സര്‍ക്കാരിന്‌ നല്‍കുന്നത്‌. അത്‌ മൂന്നുമാസമായി നിശ്ചയിക്കുന്നുവെന്നാണ്‌ ആക്‌ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി. കോശിയും ജസ്റ്റിസ്‌ പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവില്‍ പറഞ്ഞത്‌. കൂടുതല്‍ സമയം സര്‍ക്കാരിന്‌ ആവശ്യമാണെങ്കില്‍ ശരിയായ വിശദീകരണത്തോടെ ഹൈക്കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയിട്ടുള്ള അപേക്ഷ രേഖകളോടൊപ്പം ഗവര്‍ണര്‍ക്കാണ്‌ സിബിഐ നല്‍കിയത്‌. മന്ത്രിയുടെയും മുന്‍മന്ത്രിയുടെയും കാര്യത്തില്‍ ഗവര്‍ണറാണ്‌ തീരുമാനിക്കുക. അത്‌ ആദ്യം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ ഗവര്‍ണര്‍ അയക്കണം. തീരുമാനം ഉണ്ടായശേഷം അത്‌ പരിശോധിച്ച്‌ ഗവര്‍ണര്‍ക്ക്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്‌ത്‌ നടപടി എടുക്കാം.

മന്ത്രിസഭയുടെ അഭിപ്രായം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തേടിയതായി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ന്യായമായ സമയത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും അഡ്വക്കേറ്റ്‌ ജനറല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, പ്രശ്‌നം മന്ത്രിസഭയുടെ പരിഗണനയിലിരിക്കെ തങ്ങള്‍ ഇടപെടുന്നില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനവസരത്തിലുള്ള ഇടപെടല്‍ ആയിരിക്കും അത്‌. തീരുമാനം എടുക്കേണ്ടത്‌ സര്‍ക്കാരാണ്‌.

ക്രിമിനല്‍ നടപടിക്രമത്തിലെ 197-ാം വകുപ്പ്‌ അനുസരിച്ചാണ്‌ പ്രോസിക്യൂഷന്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിട്ടുള്ളത്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ പിണറായി വിജയനും മറ്റും എതിരെ സിബിഐ ചുമത്തിയിട്ടുള്ളത്‌. അഴിമതി നിരോധന നിയമം അനുസരിച്ച്‌ അധികാര ദുര്‍വിനിയോഗം, സര്‍ക്കാരിന്‌ 86 കോടിയുടെ നഷ്ടം ഉണ്ടാകല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. മുന്‍ ഊര്‍ജവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ സംസ്ഥാന ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്കാണ്‌ സിബിഐ നല്‍കിയിട്ടുള്ളത്‌. മൂന്നുപേരുടെ കാര്യത്തിലും അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രി തേടിയിട്ടുണ്ട്‌.

സ്വതന്ത്രമായും രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമാകാതെയും മന്ത്രിസഭ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കണമെന്നാണ്‌ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്‌.

പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട്‌ പൊതുതാത്‌പര്യ ഹര്‍ജികളാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. തലശ്ശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍റൈറ്റ്‌സ്‌ പ്രസിഡന്റ്‌ അഡ്വ. ആസഫ്‌ അലി, 'ക്രൈം' എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ എന്നിവരാണ്‌ ഹര്‍ജിക്കാര്‍.
 

blogger templates | Make Money Online