Monday, March 23, 2009

പൊന്നാനി പ്രസംഗം: മഅദനി ഒട്ടും മാറിയിട്ടില്ലെന്ന്‌ വ്യക്തമായി - രമേശ്‌

Date : March 24 2009. mathrubhumi


തിരുവനന്തപുരം: മുന്‍ നിലപാടുകളില്‍നിന്ന്‌ മഅദനി ഒട്ടും മാറിയിട്ടില്ലെന്ന്‌ അദ്ദേഹത്തിന്റെ പൊന്നാനി പ്രസംഗത്തോടെ വ്യക്തമായെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിനുവേണ്ടി നിലകൊള്ളേണ്ട സി.പി.എം. മഅദനിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട്‌ കേരളത്തിന്‌ സഹിക്കാനാകില്ല. ഇടതുമുന്നണിയിലെതന്നെ സി.പി.ഐയും ആര്‍.എസ്‌.പിയും പി.ഡി.പി. വര്‍ഗീയകക്ഷിയാണെന്ന നിലപാട്‌ എടുത്തിരിക്കുമ്പോള്‍ നാല്‌ വോട്ടിനുവേണ്ടി സി.പി.എം. വര്‍ഗീയകക്ഷികളെ ഒപ്പം കൂട്ടുകയാണ്‌.

കേസരി സ്‌മാരക ജേര്‍ണലിസ്റ്റ്‌ ട്രസ്റ്റ്‌ സംഘടിപ്പിച്ച 'ജനവിധി-2009'ല്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പൊന്നാനിയിലെ ഇടതുമുന്നണിയുടെ പ്രകടനം മതേതരത്വത്തെ തകര്‍ക്കും. സി.പി.ഐയുടെയും ആര്‍.എസ്‌.പിയുടെയും എതിര്‍പ്പ്‌ വകവെയ്‌ക്കാതെ പി.ഡി.പിയെ ഘടകകക്ഷിയാക്കാനാണ്‌ സി.പി.എം. ശ്രമിക്കുന്നത്‌. അവിശുദ്ധ ബന്ധത്തിലൂടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി 374 കോടി രൂപയുടെ ലാവലിന്‍ അഴിമതി കേസ്‌ ജനശ്രദ്ധയില്‍നിന്ന്‌ തിരിച്ചുവിടാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നത്‌. എത്രമാത്രം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചാലും ലാവലിന്‍ അഴിമതിക്കാര്യം വീണ്ടും ഉയര്‍ന്നുവരും. ലാവലിന്‍ കേസ്സിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കാതെ തിരഞ്ഞെടുപ്പിന്റെ മറവില്‍ കേസ്‌ നീട്ടിക്കൊണ്ടുപോകാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം.

മഅദനിയും പി.ഡി.പിയും വര്‍ഗീയ പാര്‍ട്ടിയാണോയെന്നതിന്‌ ഒറ്റവാക്കില്‍ ഉത്തരം പറയാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വലിയ നിര്‍വചനം അതിനാവശ്യമാണ്‌. പി.ഡി.പിയുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തി ജനങ്ങള്‍ യഥാര്‍ഥ വിലയിരുത്തല്‍ നടത്തിക്കൊള്ളും. മുന്‍ നിലപാടുകളില്‍നിന്ന്‌ മഅദനി മാറിയെന്നാണ്‌ സി.പി.എം. പറയുന്നത്‌. എന്നാല്‍, പശ്ചാത്താപത്തിന്റെ എന്തെങ്കിലുമൊരു ലക്ഷണം അദ്ദേഹത്തില്‍ കാണാനില്ല. പൊന്നാനിയിലെ മഅദനിയുടെ പ്രസംഗത്തോടെ അദ്ദേഹത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന്‌ ബോധ്യമായി - രമേശ്‌ പറഞ്ഞു. ആര്‍.എസ്‌.എസ്സിനെ തള്ളിപ്പറയാത്ത കെ.രാമന്‍ പിള്ളയെ കൂടെ കൂട്ടുന്നതും വോട്ട്‌ മാത്രം ലക്ഷ്യംവെച്ചാണ്‌.

യു.ഡി.എഫ്‌. നേതാക്കള്‍ മഅദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതാണ്‌ വലിയ പ്രശ്‌നമായി ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌. വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ഒരാളോട്‌ കാണിക്കുന്ന മനുഷ്യത്വ പരമായ പരിഗണന മാത്രമാണ്‌ യു.ഡി.എഫ്‌. നേതാക്കളില്‍നിന്നുണ്ടായിട്ടുള്ളത്‌. കേരള നിയമസഭ മഅദനിക്കനുകൂലമായി പ്രമേയം പാസ്സാക്കിയതും മനുഷ്യത്വപരമായ പരിഗണനകൊണ്ടുമാത്രമാണ്‌. ജയിലില്‍ കിടന്ന മഅദനി യു.ഡി.എഫിനോട്‌ എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ചെയ്‌തുകൊടുത്തിട്ടുണ്ടെന്നും പറയുന്നില്ല. മഅദനിയുടെ രാഷ്‌ട്രീയനിലപാടിനെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നത്‌. സി.പി.എമ്മിന്‌ മാര്‍ക്‌സിസമല്ല, മദനിസമാണ്‌ ഇപ്പോള്‍ പ്രധാനം.

ജനതാദളിനെ ഇടതുമുന്നണിയില്‍നിന്ന്‌ പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തിയെന്ന്‌ സി.പി.എം. പ്രചരിപ്പിക്കുന്നത്‌ രാഷ്‌ട്രീയ മര്യാദയല്ല. ഇതുവരെ ജനതാദളുമായി കോണ്‍ഗ്രസ്‌ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജനതാദളിനെ പുറത്താക്കുകയും സി.പി.ഐയും ആര്‍.എസ്‌.പിയും എതിരാകുകയും ചെയ്‌തതോടെ ഇടതുമുന്നണി ശിഥിലീകരണത്തിന്റെ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടല്ല; ജയസാധ്യത നോക്കി, പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ്‌ അവര്‍ മത്സരിക്കുന്നത്‌. ജയസാധ്യതയാണ്‌ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രധാനം - അദ്ദേഹം പറഞ്ഞു. കേസരി ട്രസ്റ്റ്‌ പ്രസിഡന്റ്‌ അനില്‍ രാധാകൃഷ്‌ണന്‍ സ്വാഗതവും സെക്രട്ടറി ബി.ശശിധരന്‍ നായര്‍ നന്ദിയും പറഞ്ഞു.
 

blogger templates | Make Money Online