http://www.kasaragodvartha.com/viewnews.php?id=1562
കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മന്ത്രിസഭയുടെ അനുമതി വേണമോ എന്ന വിഷയത്തില്‍ ഹൈക്കോടതി വ്യാഴാഴ്‌ച വിധി പ്രസ്‌താവിക്കും. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
മുന്‍ മന്ത്രി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ മന്ത്രിസഭയില്‍നിന്ന് വിവേചന പരമായ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇതിനാല്‍ പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് ഉത്തരവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടുന്നത് അനുചിതമാണെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ അഡ്വ. എം.കെ.ദാമോദരന്‍ വാദിച്ചു.
മന്ത്രിസഭയും ഗവര്‍ണറുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കോടതിയുടെ ഇടപെടല്‍ പ്രതികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാകും. നീതിപൂര്‍വ്വമായ വിചാരണയെ ഇത് ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. വിചാരണ സംബന്ധിച്ച തീരുമാനം എടുക്കേണ്ടിയിരുന്നത് സി.ബി.ഐ ആണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന് ഒടുവില്‍ പ്രോസിക്യൂഷന് മന്ത്രിസഭയുടെ അനുമതി വേണമെന്ന നിലപാടിലാണ് സി.ബി.ഐ എത്തിച്ചേര്‍ന്നത്.
അനുമതി തേടിക്കൊണ്ടുള്ള കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. തലശ്ശേരിയിലെ അഡ്വ. ആസിഫലി, ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഇന്ന് പരിഗണിച്ചത്. ആക്‌ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയും ജസ്‌റ്റിസ് പി.ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വാദം കേട്ടത്