Mathrubhumi, February 12 2009
ന്യൂഡല്‍ഹി: വാര്‍ത്താസംപ്രേഷണത്തിന് പുതിയ മാര്‍ഗരേഖകളുമായി 'ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷന്‍' (എന്‍.ബി.എ.) രംഗത്തുവന്നു. മുംബൈ ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നിഷ്‌പക്ഷത, കൃത്യത, നീതിബോധം തുടങ്ങിയ ഘടകങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള മാര്‍ഗരേഖകള്‍ എന്‍.ബി.എ. പുറപ്പെടുവിച്ചിരിക്കുന്നത്.
എന്‍.ബി.എ. അധ്യക്ഷനും മുന്‍ ചീഫ് ജസ്റ്റിസുമായ ജെ. എസ്. വര്‍മയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് മാര്‍ഗരേഖകള്‍ക്ക് അന്തിമരൂപം നല്‍കിയത്. ''വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് പൊതുതാത്‌പര്യം മനസ്സില്‍ വെച്ചുവേണം. ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലേഖകര്‍ ജാഗ്രതയും വിവേചനബുദ്ധിയും പ്രകടിപ്പിക്കണം. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട സൈനികനടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലേഖകര്‍ പുറത്തുവിടരുത്. ഭീകരരുമായുള്ള തത്‌സമയ അഭിമുഖങ്ങളും സംപ്രേഷണം ചെയ്യരുത്. സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകള്‍ നൂറുശതമാനം കൃത്യതയുള്ളതാണെന്ന് ഉറപ്പുവരുത്താന്‍, കഴിയുമെങ്കില്‍ ഒന്നിലധികം ആധികാരിക കേന്ദ്രങ്ങളുടെ സഹായം തേടണം.
വാര്‍ത്താ ഏജന്‍സികളില്‍നിന്നു കിട്ടുന്ന വാര്‍ത്തകളും അന്വേഷിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം. ആരോപണങ്ങള്‍ വാസ്‌തവസ്ഥിതിയെന്ന മട്ടില്‍ അവതരിപ്പിക്കുന്ന രീതിയും ഉപേക്ഷിക്കണം. ഒരിക്കല്‍ നല്‍കിയ വാര്‍ത്തയില്‍ പിഴവുപറ്റിയിട്ടുണ്ടെങ്കില്‍ അത് എത്രയും വേഗം തിരുത്താനും ലേഖകര്‍ തയ്യാറാവണം''-മാര്‍ഗരേഖ പറയുന്നു.