Wednesday, May 6, 2009

പിണറായി പക്ഷത്തിന്‌ താത്‌ക്കാലിക ആശ്വാസം

Mathrubhumi, feb 13, 2009

തിരുവനന്തപുരം: എസ്‌.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ സി.ബി.ഐ. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ മൂന്നുമാസത്തെ സമയം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ സി.പി.എമ്മിലെ പിണറായി പക്ഷത്തിന്‌ താത്‌കാലിക ആശ്വാസം. ഇതുസംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടന്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കണമെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടിവരും. മൂന്നാഴ്‌ച സമയമാണ്‌ ഈ കാര്യത്തില്‍ നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ മന്ത്രിസഭ നേരത്തേ നല്‍കിയിരുന്നത്‌.

പിണറായിക്കെതിരായ സി.ബി.ഐ. കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്നും അതിനാല്‍ പ്രോസിക്യൂഷന്‌ മന്ത്രിസഭ അനുമതി നല്‍കേണ്ടെന്നുമായിരുന്നു ഈ കാര്യത്തില്‍ നേരത്തേ സി.പി.എം. സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാട്‌. കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ നിലപാട്‌ സ്വീകരിച്ച സാഹചര്യത്തിലായിരുന്നു സംസ്ഥാന നേതൃത്വവും ഈ നിലപാട്‌ കൈക്കൊണ്ടത്‌. ഇതിനിടയില്‍ പ്രോസിക്യൂഷന്‌ അനുമതി തേടിക്കൊണ്ട്‌ വന്ന പൊതുതാത്‌പര്യ ഹര്‍ജി സി.പി.എമ്മിനു വലിയ തലവേദനയാണ്‌ സൃഷ്ടിച്ചിരുന്നത്‌. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ മൂന്നുമാസത്തെ സമയം ലഭിച്ചതോടെ കുറഞ്ഞത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വരെയെങ്കിലും ഈ കാര്യത്തില്‍ സി.പി.എമ്മിന്‌ പറഞ്ഞുനില്‍ക്കാനുള്ള പിടിവള്ളിയാണ്‌ കൈവന്നിരിക്കുന്നത്‌.

അതേസമയം ഫിബ്രവരി 14ന്‌ ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ്‌ബ്യൂറോ യോഗം എസ്‌.എന്‍.സി. ലാവലിന്‍ ഇടപാടിനെക്കുറിച്ചും പിണറായി വിജയനെതിരായ സി.ബി.ഐ. കേസിനെക്കുറിച്ചും മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നല്‍കിയ പരാതികളും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതു സംബന്ധിച്ച്‌ സി.പി.എം. സംസ്ഥാന നേതൃത്വം നല്‍കിയ പരാതികളും സമ്പൂര്‍ണമായി ചര്‍ച്ചചെയ്യാനിരിക്കുകയാണ്‌. പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതിന്‌ സര്‍ക്കാരിനു സാവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെക്കാളും സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും നിര്‍ണായകമായി മാറുക പി.ബി. തീരുമാനം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതിന്‌ സര്‍ക്കാരിന്‌ സാവകാശം ലഭിച്ചുവെന്നതല്ല പി.ബി യിലെ മുഖ്യ ചര്‍ച്ചാവിഷയമെങ്കിലും മറിച്ച്‌ പ്രോസിക്യൂഷന്‌ അനുമതി നല്‍കി കോടതി ഉത്തരവിട്ടിരുന്നുവെങ്കില്‍ വളരെ നിര്‍ണായകമായ പി.ബി. യോഗത്തില്‍ പിണറായി പക്ഷത്തിനെ അത്‌ കടുത്ത സമ്മര്‍ദ്ദത്തിലാക്കുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്‌.

പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതിന്‌ മൂന്നുമാസം സമയം സര്‍ക്കാരിന്‌ നല്‍കിയെങ്കിലും മന്ത്രിസഭ എടുക്കുന്ന തീരുമാനം സ്വതന്ത്രവും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാത്തതുമാകണമെന്ന്‌ ഇതുസംബന്ധിച്ച ഒരു സുപ്രീംകോടതിവിധി ഉദ്ധരിച്ച്‌ ഹൈക്കോടതി തങ്ങളുടെ വിധിയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌.

ആര്‍.ഹരികുമാര്‍
 

blogger templates | Make Money Online