Wednesday, May 6, 2009

ലാവലിന്‍: പിണറായിക്കും മറ്റും ഹൈക്കോടതി നോട്ടീസ്‌

Mathrubhumi, Feb, 03, 2009

കൊച്ചി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഹര്‍ജികളില്‍ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനും മറ്റും പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ്‌ അയക്കാന്‍ ഹൈക്കോടതി തിങ്കളാഴ്‌ച ഉത്തരവിട്ടു. ഫിബ്രവരി ഒമ്പതിന്‌ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി. കോശിയും ജസ്റ്റിസ്‌ വി. ഗിരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ മാറ്റിവെച്ചു. ഹൈക്കോടതിയുടെ 2007 ജനവരി 16-ലെ ഉത്തരവനുസരിച്ചാണ്‌ ലാവലിന്‍ കേസ്‌ സിബിഐ അന്വേഷിച്ചത്‌.

ഹര്‍ജികള്‍ രാവിലെ പരിഗണിച്ചപ്പോള്‍ ലാവലിന്‍ കേസില്‍ ഏതെല്ലാം പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാനാണ്‌ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുള്ളതെന്ന്‌ സിബിഐയുടെ അഭിഭാഷകനായ എം.വി.എസ്‌. നമ്പൂതിരിയോട്‌ കോടതി അന്വേഷിച്ചു.

ഒന്നാം പ്രതി മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. മോഹനചന്ദ്രന്‍, ഒമ്പതാം പ്രതി പിണറായി വിജയന്‍, പത്താം പ്രതി മുന്‍ ഊര്‍ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെയാണ്‌ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതെന്ന്‌ അദ്ദേഹം അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്‌ ഇവരില്‍ ചുമത്തിയിട്ടുള്ളത്‌.

ക്രിമിനല്‍ നടപടി ക്രമത്തില്‍ 197-ാം വകുപ്പ്‌ അനുസരിച്ച്‌ ഇവരെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്‌. അനുമതി ആവശ്യമാണോ ഇല്ലയോ എന്ന നിയമപരമായ പ്രശ്‌നമാണ്‌ കോടതി പരിശോധിക്കേണ്ടതെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. അതില്‍ മൂന്നുപേരുടെയും അവകാശങ്ങളെ ബാധിക്കുന്ന നിയമപ്രശ്‌നം ഉള്‍ക്കൊള്ളുന്നതിനാല്‍ അവരുടെ വാദം കൂടി കേള്‍ക്കണമെന്നാണ്‌ കോടതി വിശദീകരിച്ചത്‌. പിണറായി വിജയനും കെ. മോഹനചന്ദ്രനും എ. ഫ്രാന്‍സിസിനും തുടര്‍ന്ന്‌ കോടതി നോട്ടീസിന്‌ ഉത്തരവിട്ടു. നിയമപ്രശ്‌നത്തില്‍ ഇവരുടെയും സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം തീരുമാനിക്കാമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

അനുമതി വേണമെന്നും വേണ്ടെന്നും സുപ്രീംകോടതി വിധികള്‍ ഉണ്ട്‌. പ്രോസിക്യൂഷന്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കില്‍ സര്‍ക്കാരിന്‌ തീരുമാനം എടുക്കാം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക്‌ എതിരെയുള്ള കുറ്റപത്രം സിബിഐക്ക്‌ വിചാരണക്കോടതിയില്‍ ഫയല്‍ ചെയ്യാം. സുപ്രീംകോടതിയുടെ വിധികള്‍ അനുസരിച്ച്‌ സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന്‌ ആവശ്യമില്ലെന്നാണ്‌ തലശ്ശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്‌ പ്രസിഡന്റ്‌ അഡ്വ. ആസിഫ്‌ അലിയുടെ അഭിഭാഷകന്‍ കാളീശ്വരം രാജ്‌ കോടതിയില്‍ പറഞ്ഞത്‌. ഇനി അനുമതി ആവശ്യമാണെങ്കില്‍ സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം. അനുമതി നല്‍കുന്നതിന്‌ സര്‍ക്കാരിന്‌ കോടതി ഉത്തരവ്‌ നല്‍കണമെന്നാണ്‌ മറ്റൊരു ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ ആവശ്യം.

സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകര പ്രസാദ്‌ ഹാജരായി. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ കോടതി തിരക്കിയില്ല. സര്‍ക്കാരിന്റെ വാദം പിന്നീട്‌ കേള്‍ക്കും.

ലാവലിന്‍ കേസില്‍ പതിനൊന്ന്‌ പ്രതികള്‍ക്ക്‌ എതിരെ കുറ്റപത്രം നല്‍കാനാണ്‌ സിബിഐ തീരുമാനം. പ്രോസിക്യൂഷന്‌ അനുമതി കിട്ടിയ ശേഷമേ കുറ്റപത്രം പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്യൂ. ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കാണ്‌ കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നത്‌. കരാറിലൂടെ 86 കോടി രൂപ സര്‍ക്കാരിന്‌ നഷ്ടമുണ്ടെന്ന്‌ സിബിഐ ആരോപിക്കുന്നു. മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സിബിഐ ആരോപിച്ചിട്ടുണ്ട്‌.
 

blogger templates | Make Money Online