Monday, March 23, 2009

പിഡിപി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പാര്‍ട്ടി: ഉമ്മന്‍ ചാണ്ടി

മനോരമ, Date : March 24 2009

തൃശൂര്‍: പിഡിപി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പാര്‍ട്ടിയാണെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. തിരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ എല്‍ഡിഎഫ് നേതാക്കള്‍ യോഗം തുടങ്ങാന്‍ പിഡിപി ചെയര്‍മാന്‍ മഅദനിയെ കാത്തിരിക്കേണ്ട ഗതികേടിലാണ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

മഅദനിക്കെതിരെ വന്നിരിക്കുന്ന പുതിയ മൊഴികള്‍ അന്വേഷിക്കണം. താന്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചതും മഅദനിക്ക് അനുകൂലമായി നിയമസഭയില്‍ പ്രമേയം പാസാക്കിയതും വിചാരണത്തടവുകാരനായി ഒരു പതിറ്റാണ്ടോളം ജയിലില്‍ കിടക്കേണ്ടിവന്നതില്‍ അനീതിയുണ്ടെന്നു കണ്ടതിനാലാണ്. ഇത് പിന്തുണ തേടുന്നതിനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയെ അറസ്റ്റ് ചെയ്തത് ഭരണനേട്ടമാണെന്നു ചൂണ്ടിക്കാട്ടി പുസ്തകമിറക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍. ആദര്‍ശം തങ്ങളുടെ കുത്തകയെന്നു പറഞ്ഞിരുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി വോട്ടിനുവേണ്ടി പിഡിപിയും ജനപക്ഷവുമായി കൂട്ടുകൂടിയിരിക്കുന്നു. ഇത് പരാജയഭീതികൊണ്ടാണ്. അഴിമതിക്കെതിരെ വായ തുറക്കാന്‍ അവകാശമില്ലാത്തവിധം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്.

യുഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അപസ്വരങ്ങള്‍ നിലനില്‍ക്കില്ലെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ മൂന്നാംമുന്നണിയെന്നു മുറവിളി കൂട്ടുന്നവര്‍ ബിജെപിയെ പരോക്ഷമായി സഹായിക്കുകയാണ്. മൂന്നാംമുന്നണിക്കാര്‍ അവസരവാദികളും ബിജെപിയുമായി മുന്‍പു കൂട്ടുകൂടിയിട്ടുള്ളവരുമാണ്. അവര്‍ക്കു നേതാവോ ലക്ഷ്യബോധമോ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

blogger templates | Make Money Online