Date : March 24 2009
തൃശ്ശൂര്‍: പി.ഡി.പി. വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടുതേടി കോണ്‍ഗ്രസ് ഒരിക്കലും മഅദനിയെ സമീപിച്ചിട്ടില്ല. വിചാരണ ഇല്ലാതെ വര്‍ഷങ്ങളോളം ഒരാളെ ജയിലില്‍ അടയ്‌ക്കുന്നതു ശരിയല്ലെന്നുകണ്ടതുകൊണ്ടാണ് കോയമ്പത്തൂര്‍ ജയിലില്‍ മഅദനിയെ താന്‍ സന്ദര്‍ശിച്ചതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
മഅദനിയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന മൊഴികളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇതുകൊണ്ടാണ് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൊഴികള്‍ പഴയതാണെന്നു പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫിനെ നേരിടാന്‍ ഭയക്കുന്നതുകൊണ്ടാണ് സി.പി.എം. ഘടകകക്ഷികളുടെ അഭിപ്രായം പോലും മാനിക്കാതെ പി.ഡി.പി.യെ കൂട്ടുപിടിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
30 വര്‍ഷക്കാലത്തെ മുന്നണിബന്ധം തകര്‍ത്തുകൊണ്ട് തീവ്രവാദി സംഘടനകള്‍ക്ക് അടിയറവുപറയേണ്ടി വന്ന ഗതികേടിലാണ് സി.പി.എം. ഇന്ന്. ആദര്‍ശമല്ല; വോട്ടാണ് തങ്ങള്‍ക്കു വലുതെന്ന് ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
ടോം വടക്കനെതിരെ പത്രസമ്മേളനം നടത്തിയ കുറ്റത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഗോപപ്രതാപനെ തിരിച്ചെടുക്കുന്നതുസംബന്ധിച്ച് പാര്‍ട്ടി ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പരമേശ്വരന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് ജോയ് എം.മണ്ണൂര്‍ നന്ദിയും പറഞ്ഞു.
രാവിലെ റീജണല്‍ തീയേറ്ററില്‍ യു.ഡി.എഫ്. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. എം.പി. ഭാസ്‌കരന്‍നായര്‍ അധ്യക്ഷത വഹിച്ചു. പി.പി. തങ്കച്ചന്‍, വി.എം. സുധീരന്‍, അഹമ്മദ്‌കബീര്‍, എ.എല്‍. സെബാസ്റ്റ്യന്‍, ടി.എം. ജേക്കബ്ബ്, എം.കെ. കണ്ണന്‍, എ.സി. ജോസ്, ബെന്നി ബെഹനാന്‍, കെ.പി. വിശ്വനാഥന്‍, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്‌ണന്‍, തോമസ്‌ഉണ്ണിയാടന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.