മനോരമ, 24, മാര്‍ച്ച് 2009
തിരുവനന്തപുരം: മാര്‍ക്സിസമല്ല മഅദനിസമാണ് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രമെന്നു സംശയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഅദനിക്ക് എന്തെങ്കിലും പശ്ചാത്താപം തോന്നുകയോ മാറ്റമുണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പൊന്നാനി പ്രസംഗത്തില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു രമേശ്.
സുതാര്യമല്ലാത്ത കൂട്ടുകെട്ടുകളും രാഷ്ട്രീയ സദാചാരമില്ലാത്ത പുത്തന്‍ ബാന്ധവങ്ങളും മൂലം എല്‍ഡിഎഫ് തകരുകയാണ്. പിഡിപിയുമായി കൂട്ടുചേരുക വഴി കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് സിപിഎം ഏറ്റവും വലിയ പ്രഹരം നല്‍കുകയാണ്. ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. വോട്ട് പിടിക്കാന്‍ സിപിഎം ഏതു വേഷവും കെട്ടുമെന്നു പൊന്നാനിയിലെ പ്രകടനം തെളിയിച്ചു. സിപിഐയും ആര്‍എസ്പിയുമെല്ലാം പിഡിപി ബന്ധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടും സിപിഎം അതുമായി മുന്നോട്ടു പോകുകയാണ്.
ഇടതു മുന്നണിയുടെ അപചയമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പിഡിപി വര്‍ഗീയ കക്ഷിയാണോ എന്നതിന് ഒറ്റവാക്കില്‍ മറുപടി പറയാനാവില്ല. മഅദനി തീവ്രവാദിയാണോ എന്നു ജനം വിലയിരുത്തും. മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്നു പറയുന്ന പ്രകാശ് കാരാട്ട് പിഡിപി ബന്ധത്തിന്റെ കാര്യത്തില്‍ മൌനം പാലിക്കുകയാണ്. യുഡിഎഫ് നേതാക്കള്‍ മഅദനിയെ ജയിലില്‍ പോയി കണ്ടതു മനുഷ്യത്വപരമായ പരിഗണന കൊണ്ടാണ്.
യുഡിഎഫ്
എന്‍ഡിഫുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം അസത്യമാണ്. തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ലാവ്ലിന്‍ അഴിമതി ആയിരിക്കും. മറ്റു വിവാദങ്ങള്‍ സൃഷ്ടിച്ച് ലാവ്ലിനില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമം വിജയിക്കില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നീട്ടിക്കൊണ്ടു പോകുന്നതു ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കലാണ്.
തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രകടനം വിലയിരുത്തപ്പെടും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂന്നു വര്‍ഷമായി നിലനില്‍ക്കുന്നുവെന്നു തോന്നും മട്ടിലാണു കേരളത്തിലെ കാര്യങ്ങള്‍. ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ല. ജനതാദളുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും രമേശ് പറഞ്ഞു.