മാതൃഭൂമി 2009-മാര്‍ച്ച് 24
തിരുവനന്തപുരം: 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി കഴക്കൂട്ടത്തും കുന്ദമംഗലത്തും മത്സരിച്ചത് പി.ഡി.പി. സ്ഥാനാര്‍ഥികളായിരുന്നുവെന്ന് പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. യു.ഡി.എഫുമായുള്ള ധാരണയുടെ പുറത്താണ് കഴക്കൂട്ടത്ത് മുഹമ്മദ്‌അലി നിഷാദിനേയും കുന്ദമംഗലത്ത് യു.സി. രാമനേയും സ്ഥാനാര്‍ഥികളാക്കിയത്. എന്നാല്‍ കഴക്കൂട്ടത്ത് കോണ്‍ഗ്രസ് റിബലായി എം.എ. വാഹീദ് നിന്ന് ജയിച്ചു. യു.സി. രാമന്‍ ജയിച്ചപ്പോള്‍ മുസ്ല്‌ളീംലീഗ് അദ്ദേഹത്തെ സ്വന്തമാക്കി.
എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആറ് തവണയാണ് താന്‍ യു.ഡി.എഫ്. നേതാക്കളുമായി കന്‍േറാണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചകളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആര്‍. ബാലകൃഷ്‌ണപിള്ള, ടി.എം. ജേക്കബ്ബ് എന്നിവരൊക്കെയുണ്ടായിരുന്നു. പാണക്കാട് തങ്ങളുടെ വീട്ടില്‍വെച്ചാണ് യു.സി. രാമന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ സഹായിക്കുന്നതിന് പകരമായാണ് രണ്ടിടത്ത് പി.ഡി.പി.ക്കാരെ നിര്‍ത്താന്‍ യു.ഡി.എഫുമായി ധാരണയായത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മഅദനിയുടെ ആശംസയുമായി കന്‍േറാണ്‍മെന്റ് ഹൗസില്‍ ചെന്ന തന്നെ എ.കെ. ആന്റണി കെട്ടിപ്പിടിച്ച് ആശ്ലേഷിക്കുകയായിരുന്നു.
എന്നാല്‍, മഅദനിയുടെ വല്യഉമ്മ മരിച്ചപ്പോള്‍, പരോളിനുള്ള അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ അദ്ദേഹം കേരളത്തില്‍ വന്നാല്‍ ക്രമസമാധാനം തകരുമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് യു.ഡി.എഫുമായുള്ള ബന്ധം തകരാന്‍ കാരണം. യു.ഡി.എഫുമായുള്ള ബന്ധത്തിന് തെളിവായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ അംഗത്വവും മാവേലിക്കര പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനവും നല്‍കിയിരുന്നു. ട്രിഡ ചെയര്‍മാനടക്കം മറ്റ് വാഗ്‌ദാനങ്ങളുമുണ്ടായിരുന്നെങ്കിലും ബന്ധം പൊളിഞ്ഞതിനാല്‍ നടന്നില്ല. ഇപ്പോള്‍ പി.ഡി.പി.യില്‍ വര്‍ഗീയത കാണുന്ന വയലാര്‍ രവി, എം.എം. ഹസ്സന്‍, എം.വി. രാഘവന്‍ എന്നിവരെയൊക്കെ പി.ഡി.പി. സഹായിച്ചിട്ടുണ്ട്. എം.വി. രാഘവന്‍ തിരുവനന്തപുരം വെസ്റ്റില്‍ മത്സരിച്ചപ്പോള്‍ വോട്ടിന് പുറമെ പി.ഡി.പി.ക്കാര്‍ അദ്ദേഹത്തിന് സുരക്ഷയുമൊരുക്കിയിരുന്നു. എ.കെ. ആന്റണി പോലും മഅദനിയുടെ ചിത്രംവച്ചാണ് വോട്ടുപിടിച്ചത്. ഈ വസ്‌തുതകള്‍ നിഷേധിച്ചാല്‍ എല്ലാ ജില്ലകളിലും പി.ഡി.പി. പോസ്റ്റര്‍പ്രചാരണം നടത്തും. മുന്‍ തിരഞ്ഞെടുപ്പിലെ പോസ്റ്ററുകള്‍ അവിടെ പ്രദര്‍ശിപ്പിക്കും-അദ്ദേഹം പറഞ്ഞു.