Tuesday, July 21, 2009

ദ്വന്ദ്വയുദ്ധത്തിന്റെ നാള്‍വഴി, കൈയടികള്‍ ഇന്നും പരാജിതനുവേണ്ടി

MBI, 13 July 2009

എസ്‌.എന്‍. ജയപ്രകാശ്‌


അപസര്‍പ്പക കഥയിലെപോലെ 'നാലാംലോക'വും 'ചാരന്മാരു'മൊക്കെ പ്രത്യക്ഷപ്പെട്ട, പരിപ്പുവടയും കട്ടന്‍ചായയുംവരെ വിചാരണയ്‌ക്ക്‌ വിധേയമാക്കിയ സി.പി.എമ്മിലെ പടലപ്പിണക്കത്തിന്‌ ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്‌. പലകാലത്ത്‌ പല അവതാരങ്ങളെടുത്ത കണ്ണൂര്‍ ലോബിയാണ്‌ ഒരുവശത്ത്‌. മറുവശത്ത്‌ ആയുധങ്ങള്‍ കോപ്പുകൂട്ടിക്കൊണ്ട്‌ എല്ലാക്കാലത്തും വി.എസ്‌. അച്യുതാനന്ദനും. ഒരര്‍ഥത്തില്‍ അധികാര വടംവലി. എന്നാല്‍, അച്യുതാനന്ദന്റെ കൈകളില്‍ എന്നും പ്രശ്‌നങ്ങളുടെ പരിചയുണ്ടായിരുന്നു. സി.പി.എം-ലീഗ്‌ ബന്ധം മുതല്‍ വിദേശഫണ്ടും ലാവലിനും വരെ നീളുന്ന പ്രശ്‌നങ്ങള്‍.

എണ്‍പതുകളില്‍ ഇ.കെ.നായനാരും വി.എസ്സും തമ്മിലായിരുന്നു പോരാട്ടം. തൊണ്ണൂറുകളില്‍ അത്‌ സി.ഐ.ടി.യു. ലോബിയും വി.എസ്സും തമ്മിലായി. പിന്നീട്‌ നായനാരുടെകൂടി സഹായത്തോടെ സി.ഐ.ടി.യു. ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ വി.എസ്സിനായി. അടുത്ത ദശകം തുടങ്ങുമ്പോഴേക്കും നായനാരും വി.എസ്സും വീണ്ടും രണ്ട്‌ ഗ്രൂപ്പുകളിലായി. അപ്പോഴേക്കും പിണറായി വിജയന്‍ ശക്തി തെളിയിച്ചുതുടങ്ങിയിരുന്നു. അങ്ങനെ രണ്ടായിരത്തിന്റെ ആദ്യ ദശകം വി.എസ്സും പിണറായിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിന്റെ കാലമായി. ഈ പോരാട്ടത്തിന്‌ ആക്കം കൂട്ടിയത്‌ ലാവലിന്‍ കേസും.

പിണറായി വിജയന്‍ പാര്‍ട്ടിയുടെ ഉന്നതവേദികളിലേക്കെത്തുന്നത്‌ 1998-ലാണ്‌. അന്ന്‌ പാലക്കാട്ട്‌ നടന്ന സംസ്ഥാന സമ്മേളനം, മാരാരിക്കുളത്തെ പരാജയത്താല്‍ മുറിവേറ്റ വി.എസ്സിന്റെ വീര്യം കണ്ടു. നായനാരുടെ കൂടി സഹായത്തോടെ വി.എസ്‌. പക്ഷം വെന്നിക്കൊടി നാട്ടി. എല്‍.ഡി.എഫ്‌. കണ്‍വീനറായിരുന്ന എം.എം.ലോറന്‍സടക്കമുള്ളവര്‍ തരംതാഴ്‌ത്തപ്പെട്ടു. വര്‍ഗസംഘടനകളുടെ നേതാക്കളൊക്കെ 'ആരോഗ്യ' കാരണങ്ങളാല്‍ സംസ്ഥാന സമിതിയില്‍നിന്ന്‌ തഴയപ്പെട്ടു. പിണറായി വിജയന്‍, തോമസ്‌ ഐസക്‌, എം.എ. ബേബി തുടങ്ങിയവരൊക്കെ നേതൃനിരയില്‍ എത്തിയത്‌ ഈ സമ്മേളനത്തിലാണ്‌. ചടയന്‍ ഗോവിന്ദന്‍ വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി. ആ വര്‍ഷം സപ്‌തംബറില്‍ ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതോടെ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി.

ഇ.കെ.നായനാര്‍ ആയിരുന്നു അന്ന്‌ മുഖ്യമന്ത്രി. 1996ല്‍ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഇ.എം.എസ്‌. ഉള്‍പ്പെടെയുള്ളവര്‍ സുശീലാ ഗോപാലനെയാണ്‌ പിന്തുണച്ചത്‌. നായനാരുടെ പേര്‌ നിര്‍ദേശിച്ചത്‌ അച്യുതാനന്ദനും. വോട്ടെടുപ്പില്‍ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടിയ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി.

തന്റെ അനുഗ്രഹാശിസ്സുകളോടെ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും നായനാര്‍ മുഖ്യമന്ത്രിയും ആയിരുന്നത്‌ അച്യുതാനന്ദന്‌ നല്ല കാലമായിരുന്നില്ല. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നടുനായകത്വം പിണറായി വിജയനിലെത്തി. കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വത്തിന്‌ മുന്നില്‍ താന്‍ ഒതുക്കപ്പെട്ടുവെന്ന തോന്നല്‍ വി.എസ്സില്‍ ശക്തമായി. മുസ്‌ലിം ലീഗുമായി അടുക്കാന്‍ പിണറായിയും കൂട്ടരും നടത്തിയ ശ്രമത്തെ വി.എസ്‌. എതിര്‍ത്തു.

എന്നാല്‍, 2001-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം ശാന്തമായിരുന്നു. ഇരുഗ്രൂപ്പുകളും ബലപരീക്ഷണത്തിനൊന്നും തയ്യാറായില്ല. പിണറായി വിജയന്‍ വീണ്ടും സെക്രട്ടറിയായി. പാര്‍ട്ടിക്കകത്ത്‌ പിണറായി ശക്തനായപ്പോള്‍ പാര്‍ട്ടിക്ക്‌ പുറത്ത്‌ അച്യുതാനന്ദന്‍ കരുത്തുനേടി.

പ്രതിപക്ഷനേതാവെന്ന നിലയ്‌ക്ക്‌ ജനകീയ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ അച്യുതാനന്ദനില്‍ ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തി. ഭരണതലത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ കോടതികള്‍ കയറിയ അച്യുതാനന്ദന്‍ അഴിമതിവിരുദ്ധപ്പോരാളിയായി ജനസമ്മതിനേടി. മാധ്യമങ്ങളില്‍ അച്യുതാനന്ദന്‍ നിറഞ്ഞു. ഇതോടെ പാര്‍ട്ടിയിലെ പോരാട്ടം പ്രത്യയശാസ്‌ത്രമാനം കൈവരിച്ചു. നാലാംലോക സിദ്ധാന്തക്കാരെയും വിദേശ സഹായത്തിന്റെ പേരില്‍ ജനകീയാസൂത്രണത്തെയും അച്യുതാനന്ദന്‍ വേട്ടയാടി. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം നിന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിരുദ്ധചേരിയിലായി. പാര്‍ട്ടിയിലെ സ്റ്റാലിനിസ്റ്റ്‌ കടുംപിടിത്തക്കാരും പരിഷ്‌കരണവാദികളും തമ്മിലുള്ള ബലപരീക്ഷണമായി ഇത്‌ വ്യാഖ്യാനിക്കപ്പെട്ടു. എം.എന്‍.വിജയന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'പാഠം' പരിഷ്‌കരണ വാദികള്‍ക്കെതിരെ ആയുധങ്ങള്‍ പകര്‍ന്നു. വി.എസ്‌. വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമായി മുദ്രകുത്തപ്പെട്ടു.

2004-ല്‍ മലപ്പുറം സമ്മേളനത്തിനുമുമ്പ്‌ വിഭാഗീയത രൂക്ഷമായി. പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഇരുപക്ഷവും വിഴുപ്പലക്കി. മലപ്പുറത്ത്‌ കാണാമെന്ന്‌ പിണറായി വെല്ലുവിളിക്കുകയും ചെയ്‌തു. പിണറായി വിജയനില്‍നിന്ന്‌ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള വി.എസ്സിന്റെ ശ്രമം മലപ്പുറത്ത്‌ ദയനീയമായി പരാജയപ്പെട്ടു. പി.ബി. നിര്‍ദേശത്തെപ്പോലും മറികടന്ന്‌ ഔദ്യോഗിക പാനലിനെതിരെ 12 പേര്‍ വി.എസ്സിന്റെ ആശിര്‍വാദത്തോടെ മത്സരിച്ചു. എല്ലാവരും തോറ്റു. 76 അംഗ സംസ്ഥാനക്കമ്മിറ്റിയില്‍ വോട്ടിന്റെ എണ്ണത്തില്‍ അറുപത്തിനാലാമനായി വി.എസ്‌.

മലപ്പുറം സമ്മേളനത്തിനുശേഷം വി.എസ്‌. പക്ഷക്കാര്‍ക്കെതിരെ പാര്‍ട്ടിയില്‍ എല്ലാതലത്തിലും ശുചീകരണം തുടങ്ങി. എസ്‌. ശര്‍മയും എം.ചന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടു. അച്യുതാനന്ദന്‍ 'ദേശാഭിമാനി' പത്രാധിപരല്ലാതായി. കെ.കരുണാകരന്റെ ഡി.ഐ.സിയുമായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ സി.പി.എം. കൂട്ടുകൂടുന്നതിനെതിരെ വി.എസ്‌- പിണറായി പക്ഷത്തോട്‌ പോരടിച്ചു. എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. തുടങ്ങി ഒരുകാലത്ത്‌ വി.എസ്സിനൊപ്പംനിന്ന പോഷകസംഘടനകള്‍ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു.

പിണറായി വിജയനെ വ്യക്തിപരമായി നേരിടുന്നതിനുള്ള ഒരായുധമെന്ന നിലയില്‍ 2001 മുതല്‍ ലാവലിന്‍ പ്രശ്‌നം വി.എസ്‌. ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഗ്രൂപ്പ്‌ തര്‍ക്കം അതിന്റെ പരകോടിയില്‍ എത്തിച്ചത്‌ ലാവലിന്‍ കേസാണ്‌. ഈ കേസില്‍ പിണറായി അഴിമതി നടത്തിയെന്ന്‌ സ്ഥാപിക്കാന്‍ ആവുന്നത്ര തെളിവുകള്‍ അച്യുതാനന്ദന്‍ ശേഖരിച്ചു.

2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനക്കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമുള്ള ഭൂരിപക്ഷം ഉപയോഗിച്ച്‌ വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ പിണറായി നടത്തിയ ശ്രമം ഫലിച്ചില്ല. വി.എസ്സിന്‌ സീറ്റ്‌ നിഷേധിക്കാനുള്ള തീരുമാനം പൊളിറ്റ്‌ ബ്യൂറോ തിരുത്തി. വന്‍ഭൂരിപക്ഷത്തോടെ വി.എസ്‌. അധികാരത്തിലേറിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്‌ വാശികൂടിയതേയുള്ളൂ. മുഖ്യമന്ത്രിക്ക്‌ ആഭ്യന്തര, വിജിലന്‍സ്‌ വകുപ്പുകള്‍ നിഷേധിച്ചു. പല സന്ദര്‍ഭങ്ങളിലും മന്ത്രിമാര്‍ വി.എസ്സിനും വി.എസ്‌. മന്ത്രിമാര്‍ക്കും എതിരെ നിലകൊണ്ടു. എ.ഡി.ബി.കരാര്‍ ഒപ്പിട്ടതിനെതിരെ വി.എസ്‌. പരസ്യനിലപാട്‌ എടുത്തതിന്‌ പാര്‍ട്ടി ശാസിച്ചു. 'വെറുക്കപ്പെട്ടവന്‍' എന്ന്‌ വി.എസ്‌. വിശേഷിപ്പിച്ച ഫാരീസ്‌ അബൂബക്കര്‍ കൈരളി ചാനലിലെ അഭിമുഖത്തില്‍ വി.എസ്സിനെ അപഹസിച്ചു. കണ്ണൂരില്‍ പാര്‍ട്ടി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിനെതിരെ നിലകൊണ്ട വി.എസ്‌. തന്നെ അത്‌ ഉദ്‌ഘാടനം ചെയ്യണമെന്ന്‌ പാര്‍ട്ടി വാശിപിടിച്ചു. ഉദ്‌ഘാടന ദിവസം വി.എസ്‌. ആസ്‌പത്രിയിലേക്ക്‌ പോയി. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ വി.എസ്സും പിണറായിയും പരസ്യമായി തന്നെ ഏറ്റുമുട്ടിയത്‌ ഇരുവരെയും പി.ബിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നതില്‍ കലാശിച്ചു. മാധ്യമ സിന്‍ഡിക്കേറ്റിന്‌ വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന്‌ കുറ്റപ്പെടുത്തി വി.എസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ഷാജഹാനെ പാര്‍ട്ടി പുറത്താക്കി.

കോട്ടയം സമ്മേളനത്തില്‍ എല്ലാം ഭദ്രമെന്ന്‌ കരുതിയെങ്കിലും സമാപനവേദിയില്‍ പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ അനുയായികള്‍ വി.എസ്സിന്‌ ജയ്‌ വിളിച്ചു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചുവെന്ന്‌ പിണറായി പ്രഖ്യാപിച്ചെങ്കിലും ഏച്ചുകെട്ടിയ ഐക്യം വീണ്ടും നാണക്കേടായി. ലാവലിന്‍ കേസില്‍ പിണറായി പ്രതിയാണെന്ന്‌ വ്യക്തമായ ശേഷം അദ്ദേഹം നയിച്ച കേരള യാത്രയില്‍ നിന്ന്‌ വി.എസ്‌. വിട്ടുനിന്നു. ഒടുവില്‍ സമാപനവേദിയില്‍ പങ്കെടുത്ത്‌ വി.എസ്‌. വഴങ്ങിയെങ്കിലും അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പി.ഡി.പി-സി.പി.എം. സഹവര്‍ത്തിത്വത്തെ വി.എസ്‌. പരസ്യമായി എതിര്‍ത്തു. തിരഞ്ഞെടുപ്പ്‌ തോറ്റപ്പോള്‍ ചിരിച്ചതിനെ 'കൊലച്ചിരി'യെന്നാണ്‌ 'ദേശാഭിമാനി' വിശേഷിപ്പിച്ചത്‌. ലാവലിന്‍ കേസ്‌ സജീവമായതോടെ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍പോലും എതിര്‍പക്ഷത്തേക്ക്‌ അമ്പെയ്യാന്‍ വി.എസ്‌. മടിച്ചില്ല. സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. ചേംബറിലെ വിവാദമൂലയില്‍ നിന്ന്‌ മുള്ളുവെച്ച വാക്കുകള്‍ വി.എസ്‌. പറഞ്ഞത്‌ യാദൃച്ഛികമായിട്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ വി.എസ്‌. ന്യായീകരിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലാണ്‌ താന്‍ അതു ചെയ്‌തതെന്ന്‌ വി.എസ്‌. പറഞ്ഞെങ്കിലും മറുപക്ഷത്തിന്‌ പൊറുക്കാവുന്ന കുറ്റമായിരുന്നില്ല അത്‌. അങ്ങനെ ഒരിക്കല്‍കൂടി പരാജയം ഭക്ഷിക്കുമ്പോള്‍ വി.എസ്‌. ഗോദയില്‍ ഏകനാണ്‌. പക്ഷേ, ഈ പരാജിതനുവേണ്ടി കാണികള്‍ ഇപ്പോഴും കൈയടിക്കുന്നു.
 

blogger templates | Make Money Online