Monday, March 23, 2009

പൊന്നാനി പ്രസംഗം: മഅദനി ഒട്ടും മാറിയിട്ടില്ലെന്ന്‌ വ്യക്തമായി - രമേശ്‌

Date : March 24 2009. mathrubhumi


തിരുവനന്തപുരം: മുന്‍ നിലപാടുകളില്‍നിന്ന്‌ മഅദനി ഒട്ടും മാറിയിട്ടില്ലെന്ന്‌ അദ്ദേഹത്തിന്റെ പൊന്നാനി പ്രസംഗത്തോടെ വ്യക്തമായെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിനുവേണ്ടി നിലകൊള്ളേണ്ട സി.പി.എം. മഅദനിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട്‌ കേരളത്തിന്‌ സഹിക്കാനാകില്ല. ഇടതുമുന്നണിയിലെതന്നെ സി.പി.ഐയും ആര്‍.എസ്‌.പിയും പി.ഡി.പി. വര്‍ഗീയകക്ഷിയാണെന്ന നിലപാട്‌ എടുത്തിരിക്കുമ്പോള്‍ നാല്‌ വോട്ടിനുവേണ്ടി സി.പി.എം. വര്‍ഗീയകക്ഷികളെ ഒപ്പം കൂട്ടുകയാണ്‌.

കേസരി സ്‌മാരക ജേര്‍ണലിസ്റ്റ്‌ ട്രസ്റ്റ്‌ സംഘടിപ്പിച്ച 'ജനവിധി-2009'ല്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പൊന്നാനിയിലെ ഇടതുമുന്നണിയുടെ പ്രകടനം മതേതരത്വത്തെ തകര്‍ക്കും. സി.പി.ഐയുടെയും ആര്‍.എസ്‌.പിയുടെയും എതിര്‍പ്പ്‌ വകവെയ്‌ക്കാതെ പി.ഡി.പിയെ ഘടകകക്ഷിയാക്കാനാണ്‌ സി.പി.എം. ശ്രമിക്കുന്നത്‌. അവിശുദ്ധ ബന്ധത്തിലൂടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി 374 കോടി രൂപയുടെ ലാവലിന്‍ അഴിമതി കേസ്‌ ജനശ്രദ്ധയില്‍നിന്ന്‌ തിരിച്ചുവിടാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നത്‌. എത്രമാത്രം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചാലും ലാവലിന്‍ അഴിമതിക്കാര്യം വീണ്ടും ഉയര്‍ന്നുവരും. ലാവലിന്‍ കേസ്സിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കാതെ തിരഞ്ഞെടുപ്പിന്റെ മറവില്‍ കേസ്‌ നീട്ടിക്കൊണ്ടുപോകാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം.

മഅദനിയും പി.ഡി.പിയും വര്‍ഗീയ പാര്‍ട്ടിയാണോയെന്നതിന്‌ ഒറ്റവാക്കില്‍ ഉത്തരം പറയാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വലിയ നിര്‍വചനം അതിനാവശ്യമാണ്‌. പി.ഡി.പിയുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തി ജനങ്ങള്‍ യഥാര്‍ഥ വിലയിരുത്തല്‍ നടത്തിക്കൊള്ളും. മുന്‍ നിലപാടുകളില്‍നിന്ന്‌ മഅദനി മാറിയെന്നാണ്‌ സി.പി.എം. പറയുന്നത്‌. എന്നാല്‍, പശ്ചാത്താപത്തിന്റെ എന്തെങ്കിലുമൊരു ലക്ഷണം അദ്ദേഹത്തില്‍ കാണാനില്ല. പൊന്നാനിയിലെ മഅദനിയുടെ പ്രസംഗത്തോടെ അദ്ദേഹത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന്‌ ബോധ്യമായി - രമേശ്‌ പറഞ്ഞു. ആര്‍.എസ്‌.എസ്സിനെ തള്ളിപ്പറയാത്ത കെ.രാമന്‍ പിള്ളയെ കൂടെ കൂട്ടുന്നതും വോട്ട്‌ മാത്രം ലക്ഷ്യംവെച്ചാണ്‌.

യു.ഡി.എഫ്‌. നേതാക്കള്‍ മഅദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതാണ്‌ വലിയ പ്രശ്‌നമായി ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌. വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ഒരാളോട്‌ കാണിക്കുന്ന മനുഷ്യത്വ പരമായ പരിഗണന മാത്രമാണ്‌ യു.ഡി.എഫ്‌. നേതാക്കളില്‍നിന്നുണ്ടായിട്ടുള്ളത്‌. കേരള നിയമസഭ മഅദനിക്കനുകൂലമായി പ്രമേയം പാസ്സാക്കിയതും മനുഷ്യത്വപരമായ പരിഗണനകൊണ്ടുമാത്രമാണ്‌. ജയിലില്‍ കിടന്ന മഅദനി യു.ഡി.എഫിനോട്‌ എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ചെയ്‌തുകൊടുത്തിട്ടുണ്ടെന്നും പറയുന്നില്ല. മഅദനിയുടെ രാഷ്‌ട്രീയനിലപാടിനെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നത്‌. സി.പി.എമ്മിന്‌ മാര്‍ക്‌സിസമല്ല, മദനിസമാണ്‌ ഇപ്പോള്‍ പ്രധാനം.

ജനതാദളിനെ ഇടതുമുന്നണിയില്‍നിന്ന്‌ പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തിയെന്ന്‌ സി.പി.എം. പ്രചരിപ്പിക്കുന്നത്‌ രാഷ്‌ട്രീയ മര്യാദയല്ല. ഇതുവരെ ജനതാദളുമായി കോണ്‍ഗ്രസ്‌ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജനതാദളിനെ പുറത്താക്കുകയും സി.പി.ഐയും ആര്‍.എസ്‌.പിയും എതിരാകുകയും ചെയ്‌തതോടെ ഇടതുമുന്നണി ശിഥിലീകരണത്തിന്റെ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടല്ല; ജയസാധ്യത നോക്കി, പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ്‌ അവര്‍ മത്സരിക്കുന്നത്‌. ജയസാധ്യതയാണ്‌ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രധാനം - അദ്ദേഹം പറഞ്ഞു. കേസരി ട്രസ്റ്റ്‌ പ്രസിഡന്റ്‌ അനില്‍ രാധാകൃഷ്‌ണന്‍ സ്വാഗതവും സെക്രട്ടറി ബി.ശശിധരന്‍ നായര്‍ നന്ദിയും പറഞ്ഞു.

മഅദനിസം സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം: രമേശ്

മനോരമ, 24, മാര്‍ച്ച് 2009

തിരുവനന്തപുരം: മാര്‍ക്സിസമല്ല മഅദനിസമാണ് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രമെന്നു സംശയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഅദനിക്ക് എന്തെങ്കിലും പശ്ചാത്താപം തോന്നുകയോ മാറ്റമുണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പൊന്നാനി പ്രസംഗത്തില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു രമേശ്.

സുതാര്യമല്ലാത്ത കൂട്ടുകെട്ടുകളും രാഷ്ട്രീയ സദാചാരമില്ലാത്ത പുത്തന്‍ ബാന്ധവങ്ങളും മൂലം എല്‍ഡിഎഫ് തകരുകയാണ്. പിഡിപിയുമായി കൂട്ടുചേരുക വഴി കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് സിപിഎം ഏറ്റവും വലിയ പ്രഹരം നല്‍കുകയാണ്. ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. വോട്ട് പിടിക്കാന്‍ സിപിഎം ഏതു വേഷവും കെട്ടുമെന്നു പൊന്നാനിയിലെ പ്രകടനം തെളിയിച്ചു. സിപിഐയും ആര്‍എസ്പിയുമെല്ലാം പിഡിപി ബന്ധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടും സിപിഎം അതുമായി മുന്നോട്ടു പോകുകയാണ്.

ഇടതു മുന്നണിയുടെ അപചയമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പിഡിപി വര്‍ഗീയ കക്ഷിയാണോ എന്നതിന് ഒറ്റവാക്കില്‍ മറുപടി പറയാനാവില്ല. മഅദനി തീവ്രവാദിയാണോ എന്നു ജനം വിലയിരുത്തും. മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്നു പറയുന്ന പ്രകാശ് കാരാട്ട് പിഡിപി ബന്ധത്തിന്റെ കാര്യത്തില്‍ മൌനം പാലിക്കുകയാണ്. യുഡിഎഫ് നേതാക്കള്‍ മഅദനിയെ ജയിലില്‍ പോയി കണ്ടതു മനുഷ്യത്വപരമായ പരിഗണന കൊണ്ടാണ്.

യുഡിഎഫ്
എന്‍ഡിഫുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം അസത്യമാണ്. തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ലാവ്ലിന്‍ അഴിമതി ആയിരിക്കും. മറ്റു വിവാദങ്ങള്‍ സൃഷ്ടിച്ച് ലാവ്ലിനില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമം വിജയിക്കില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നീട്ടിക്കൊണ്ടു പോകുന്നതു ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കലാണ്.

തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രകടനം വിലയിരുത്തപ്പെടും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂന്നു വര്‍ഷമായി നിലനില്‍ക്കുന്നുവെന്നു തോന്നും മട്ടിലാണു കേരളത്തിലെ കാര്യങ്ങള്‍. ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ല. ജനതാദളുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും രമേശ് പറഞ്ഞു.

പിഡിപി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പാര്‍ട്ടി: ഉമ്മന്‍ ചാണ്ടി

മനോരമ, Date : March 24 2009

തൃശൂര്‍: പിഡിപി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പാര്‍ട്ടിയാണെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. തിരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ എല്‍ഡിഎഫ് നേതാക്കള്‍ യോഗം തുടങ്ങാന്‍ പിഡിപി ചെയര്‍മാന്‍ മഅദനിയെ കാത്തിരിക്കേണ്ട ഗതികേടിലാണ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

മഅദനിക്കെതിരെ വന്നിരിക്കുന്ന പുതിയ മൊഴികള്‍ അന്വേഷിക്കണം. താന്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചതും മഅദനിക്ക് അനുകൂലമായി നിയമസഭയില്‍ പ്രമേയം പാസാക്കിയതും വിചാരണത്തടവുകാരനായി ഒരു പതിറ്റാണ്ടോളം ജയിലില്‍ കിടക്കേണ്ടിവന്നതില്‍ അനീതിയുണ്ടെന്നു കണ്ടതിനാലാണ്. ഇത് പിന്തുണ തേടുന്നതിനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയെ അറസ്റ്റ് ചെയ്തത് ഭരണനേട്ടമാണെന്നു ചൂണ്ടിക്കാട്ടി പുസ്തകമിറക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍. ആദര്‍ശം തങ്ങളുടെ കുത്തകയെന്നു പറഞ്ഞിരുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി വോട്ടിനുവേണ്ടി പിഡിപിയും ജനപക്ഷവുമായി കൂട്ടുകൂടിയിരിക്കുന്നു. ഇത് പരാജയഭീതികൊണ്ടാണ്. അഴിമതിക്കെതിരെ വായ തുറക്കാന്‍ അവകാശമില്ലാത്തവിധം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്.

യുഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അപസ്വരങ്ങള്‍ നിലനില്‍ക്കില്ലെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ മൂന്നാംമുന്നണിയെന്നു മുറവിളി കൂട്ടുന്നവര്‍ ബിജെപിയെ പരോക്ഷമായി സഹായിക്കുകയാണ്. മൂന്നാംമുന്നണിക്കാര്‍ അവസരവാദികളും ബിജെപിയുമായി മുന്‍പു കൂട്ടുകൂടിയിട്ടുള്ളവരുമാണ്. അവര്‍ക്കു നേതാവോ ലക്ഷ്യബോധമോ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വോട്ടുതേടി മഅദനിയെ സമീപിച്ചിട്ടില്ല - ഉമ്മന്‍ചാണ്ടി

Date : March 24 2009

തൃശ്ശൂര്‍: പി.ഡി.പി. വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടിയാണെന്നാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോഴും കരുതുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടുതേടി കോണ്‍ഗ്രസ്‌ ഒരിക്കലും മഅദനിയെ സമീപിച്ചിട്ടില്ല. വിചാരണ ഇല്ലാതെ വര്‍ഷങ്ങളോളം ഒരാളെ ജയിലില്‍ അടയ്‌ക്കുന്നതു ശരിയല്ലെന്നുകണ്ടതുകൊണ്ടാണ്‌ കോയമ്പത്തൂര്‍ ജയിലില്‍ മഅദനിയെ താന്‍ സന്ദര്‍ശിച്ചതെന്ന്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മഅദനിയെക്കുറിച്ച്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന മൊഴികളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്‌. ഇതുകൊണ്ടാണ്‌ അന്വേഷണം വേണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌. മൊഴികള്‍ പഴയതാണെന്നു പറഞ്ഞ്‌ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്‌ കൂടുതല്‍ സംശയങ്ങള്‍ക്ക്‌ ഇടവരുത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫിനെ നേരിടാന്‍ ഭയക്കുന്നതുകൊണ്ടാണ്‌ സി.പി.എം. ഘടകകക്ഷികളുടെ അഭിപ്രായം പോലും മാനിക്കാതെ പി.ഡി.പി.യെ കൂട്ടുപിടിക്കുന്നതെന്ന്‌ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

30 വര്‍ഷക്കാലത്തെ മുന്നണിബന്ധം തകര്‍ത്തുകൊണ്ട്‌ തീവ്രവാദി സംഘടനകള്‍ക്ക്‌ അടിയറവുപറയേണ്ടി വന്ന ഗതികേടിലാണ്‌ സി.പി.എം. ഇന്ന്‌. ആദര്‍ശമല്ല; വോട്ടാണ്‌ തങ്ങള്‍ക്കു വലുതെന്ന്‌ ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചിരിക്കുന്നു-അദ്ദേഹം പറഞ്ഞു.

ടോം വടക്കനെതിരെ പത്രസമ്മേളനം നടത്തിയ കുറ്റത്തിന്‌ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയ യൂത്ത്‌കോണ്‍ഗ്രസ്‌ നേതാവ്‌ ഗോപപ്രതാപനെ തിരിച്ചെടുക്കുന്നതുസംബന്ധിച്ച്‌ പാര്‍ട്ടി ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി അറിയിച്ചു.

പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റ്‌ എ. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പരമേശ്വരന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ്‌ ജോയ്‌ എം.മണ്ണൂര്‍ നന്ദിയും പറഞ്ഞു.

രാവിലെ റീജണല്‍ തീയേറ്ററില്‍ യു.ഡി.എഫ്‌. തൃശ്ശൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം കണ്‍വെന്‍ഷന്‍ ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. എം.പി. ഭാസ്‌കരന്‍നായര്‍ അധ്യക്ഷത വഹിച്ചു. പി.പി. തങ്കച്ചന്‍, വി.എം. സുധീരന്‍, അഹമ്മദ്‌കബീര്‍, എ.എല്‍. സെബാസ്റ്റ്യന്‍, ടി.എം. ജേക്കബ്ബ്‌, എം.കെ. കണ്ണന്‍, എ.സി. ജോസ്‌, ബെന്നി ബെഹനാന്‍, കെ.പി. വിശ്വനാഥന്‍, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്‌ണന്‍, തോമസ്‌ഉണ്ണിയാടന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2001-ല്‍ രണ്ട്‌ യു.ഡി.എഫ്‌. സ്ഥാനാര്‍ഥികള്‍ പി.ഡി.പി.ക്കാരായിരുന്നു - പൂന്തുറ സിറാജ്‌

മാതൃഭൂമി 2009-മാര്‍ച്ച് 24

തിരുവനന്തപുരം: 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സ്ഥാനാര്‍ഥികളായി കഴക്കൂട്ടത്തും കുന്ദമംഗലത്തും മത്സരിച്ചത്‌ പി.ഡി.പി. സ്ഥാനാര്‍ഥികളായിരുന്നുവെന്ന്‌ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. യു.ഡി.എഫുമായുള്ള ധാരണയുടെ പുറത്താണ്‌ കഴക്കൂട്ടത്ത്‌ മുഹമ്മദ്‌അലി നിഷാദിനേയും കുന്ദമംഗലത്ത്‌ യു.സി. രാമനേയും സ്ഥാനാര്‍ഥികളാക്കിയത്‌. എന്നാല്‍ കഴക്കൂട്ടത്ത്‌ കോണ്‍ഗ്രസ്‌ റിബലായി എം.എ. വാഹീദ്‌ നിന്ന്‌ ജയിച്ചു. യു.സി. രാമന്‍ ജയിച്ചപ്പോള്‍ മുസ്ല്‌ളീംലീഗ്‌ അദ്ദേഹത്തെ സ്വന്തമാക്കി.

എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആറ്‌ തവണയാണ്‌ താന്‍ യു.ഡി.എഫ്‌. നേതാക്കളുമായി കന്‍േറാണ്‍മെന്റ്‌ ഹൗസില്‍ ചര്‍ച്ച നടത്തിയത്‌. ചര്‍ച്ചകളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആര്‍. ബാലകൃഷ്‌ണപിള്ള, ടി.എം. ജേക്കബ്ബ്‌ എന്നിവരൊക്കെയുണ്ടായിരുന്നു. പാണക്കാട്‌ തങ്ങളുടെ വീട്ടില്‍വെച്ചാണ്‌ യു.സി. രാമന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്‌. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ സഹായിക്കുന്നതിന്‌ പകരമായാണ്‌ രണ്ടിടത്ത്‌ പി.ഡി.പി.ക്കാരെ നിര്‍ത്താന്‍ യു.ഡി.എഫുമായി ധാരണയായത്‌. തിരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ മഅദനിയുടെ ആശംസയുമായി കന്‍േറാണ്‍മെന്റ്‌ ഹൗസില്‍ ചെന്ന തന്നെ എ.കെ. ആന്റണി കെട്ടിപ്പിടിച്ച്‌ ആശ്ലേഷിക്കുകയായിരുന്നു.

എന്നാല്‍, മഅദനിയുടെ വല്യഉമ്മ മരിച്ചപ്പോള്‍, പരോളിനുള്ള അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ അദ്ദേഹം കേരളത്തില്‍ വന്നാല്‍ ക്രമസമാധാനം തകരുമെന്ന്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌ യു.ഡി.എഫുമായുള്ള ബന്ധം തകരാന്‍ കാരണം. യു.ഡി.എഫുമായുള്ള ബന്ധത്തിന്‌ തെളിവായി സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയില്‍ അംഗത്വവും മാവേലിക്കര പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സ്ഥാനവും നല്‍കിയിരുന്നു. ട്രിഡ ചെയര്‍മാനടക്കം മറ്റ്‌ വാഗ്‌ദാനങ്ങളുമുണ്ടായിരുന്നെങ്കിലും ബന്ധം പൊളിഞ്ഞതിനാല്‍ നടന്നില്ല. ഇപ്പോള്‍ പി.ഡി.പി.യില്‍ വര്‍ഗീയത കാണുന്ന വയലാര്‍ രവി, എം.എം. ഹസ്സന്‍, എം.വി. രാഘവന്‍ എന്നിവരെയൊക്കെ പി.ഡി.പി. സഹായിച്ചിട്ടുണ്ട്‌. എം.വി. രാഘവന്‍ തിരുവനന്തപുരം വെസ്റ്റില്‍ മത്സരിച്ചപ്പോള്‍ വോട്ടിന്‌ പുറമെ പി.ഡി.പി.ക്കാര്‍ അദ്ദേഹത്തിന്‌ സുരക്ഷയുമൊരുക്കിയിരുന്നു. എ.കെ. ആന്റണി പോലും മഅദനിയുടെ ചിത്രംവച്ചാണ്‌ വോട്ടുപിടിച്ചത്‌. ഈ വസ്‌തുതകള്‍ നിഷേധിച്ചാല്‍ എല്ലാ ജില്ലകളിലും പി.ഡി.പി. പോസ്റ്റര്‍പ്രചാരണം നടത്തും. മുന്‍ തിരഞ്ഞെടുപ്പിലെ പോസ്റ്ററുകള്‍ അവിടെ പ്രദര്‍ശിപ്പിക്കും-അദ്ദേഹം പറഞ്ഞു.
 

blogger templates | Make Money Online