മാതൃഭൂമി, ജൂലൈ 27
തിരുവനന്തപുരം: അമ്പത്തിമൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍പ്പെട്ട് സിംഗപ്പൂരിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ പ്രതിസന്ധിയിലായത് വ്യവസായി ഫാരീസ് അബൂബക്കറുമായുള്ള കരാറിനെ തുടര്‍ന്നാണെന്ന് സ്ഥാപനത്തിന്റെ ഓഡിറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.
കമ്പനി സി.ഇ.ഒ. ടി.ടി. ദുരൈയുമായുള്ള ഉറ്റ സൗഹൃദവും ഡയറക്ടര്‍ബോര്‍ഡംഗമായ മറ്റില്‍ഡാച്ചവയുമായുള്ള ബിസിനസ് ബന്ധങ്ങളുമാണ് 32 കോടിയില്‌പരം രൂപയുടെ കരാര്‍ എല്‍.കെ.എഫുമായി ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് തുണയായത്.
കിഡ്‌നി ഫൗണ്ടേഷന്‍ അധികൃതരുമായി ഫാരീസ് വളര്‍ത്തിയെടുത്ത അതേ സൗഹൃദമാണ് സി.പി.എമ്മിന്റെ സംസ്ഥാനത്തെ ചില ഉന്നത നേതാക്കളുമായും അദ്ദേഹത്തിനുള്ളത്. നായനാര്‍ ഫുട്‌ബോള്‍ മേളയ്‌ക്ക് സംഭാവനയായി ഫാരീസ് 60 ലക്ഷം രൂപ നല്‍കിയത് ഈ വസ്‌തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബുധനാഴ്‌ച ഫുട്‌ബോള്‍ മേളയുടെ പിരിവിനെക്കുറിച്ച് സി.പി.എം. നേതൃത്വം വിശദീകരണം പുറത്തിറക്കിയെങ്കിലും 60 ലക്ഷം രൂപ അദ്ദേഹം നല്‍കാനുള്ള സഹാചര്യമോ, പാര്‍ട്ടിയുമായി അദ്ദേഹത്തിനുള്ള ബന്ധമോ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്തെ ആദ്യ ദിനപത്രമായ 'ദീപിക' ഫാരീസിന്റെ കൈവശം എത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. കേരളത്തിലെ ക്രൈസ്‌തവരുടെ മുഖപത്രമായിരുന്ന ദീപിക സി.എം.ഐ. വൈദികരുടെ നേതൃത്വത്തില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പത്രത്തിന്റെ ഉള്ളക്കടത്തിലും ഏറെ മാറ്റം വന്നു. സി.പി.എം. വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച ദീപിക, രണ്ട് വര്‍ഷമായി വി.എസ്. അച്യുതാനന്ദനെ നിരന്തരമായി അക്രമിക്കുന്നതിന് പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള സൗഹൃദമാണെന്ന് അനുമാനിക്കാം.
2004ലാണ് ഫാരീസ് അബൂബക്കര്‍ ദീപികയില്‍ കൈകടത്തി തുടങ്ങിയത്. 'ദീപിക' ചെയര്‍മാനായ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്‌ക്കലിന്റെ സുഹൃത്തായിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്നുവരവ്. സഭയ്‌ക്ക് പുറത്തുള്ള ആര്‍ക്കും 'ദീപിക'യുടെ ഓഹരി നല്‍കേണ്ടതില്ലെന്ന് 2005 നവംബറില്‍ കൂടിയ ജനറല്‍ബോഡി തീരുമാനമെടുത്തിട്ടും ഫാരീസിന് ഇഷ്ടംപോലെ ഓഹരികള്‍ ലഭിച്ചു. കത്തോലിക്കാ സഭാംഗമല്ലെങ്കിലും അത്രയ്‌ക്ക് അരക്കിട്ടുറപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. 2005 ഡിസംബറില്‍ 'ദീപിക'യുടെ ഡയറക്ടര്‍ബോര്‍ഡ് യോഗം ചെന്നൈയില്‍ വിളിച്ചുകൂട്ടിയാണ് ഈ തീരുമാനമെടുത്തത്.
ദീപികയില്‍ പ്രതിഷേധം ശക്തമാവുകയും സഭയില്‍ വന്‍ ഒച്ചപ്പാട് ഉണ്ടാകുകയും ചെയ്‌തപ്പോള്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എല്ലാ കത്തോലിക്കാ ബിഷപ്പുമാര്‍ക്കും ഒരു കത്തയച്ചു- ''ദീപിക'യുടെ പ്രതിസന്ധിയില്‍ പത്രത്തെ സഹായിക്കാന്‍ ഒരു കോടി രൂപ തന്ന് സഹായിച്ച ഒരു നല്ല സുഹൃത്താണ് ഫാരീസ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പണം മടക്കിനല്‍കണം. ഇനി പണം തിരിച്ചുകൊടുക്കാനായില്ലെങ്കില്‍ അദ്ദേഹമത് സക്കാത്തായി കരുതിക്കൊള്ളും''.
സക്കാത്തിനായി വന്നയാള്‍ പത്രമുടമയായി മാറുന്നതിന് കാലതാമസം ഉണ്ടായിരുന്നില്ല. 9.5 കോടിയുടെ ഓഹരി ഇതിനകം അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റിയിരുന്നു. പണം മടക്കി നല്‍കി പത്രം തിരിച്ചുപിടിക്കാന്‍ ഇതിനിടെ സഭ പലവട്ടം ശ്രമിച്ചു. ആദ്യം നാല് കോടിയും പിന്നീട് എട്ട്‌കോടിയും കൊടുത്താല്‍ ഫാരീസ് ഒഴിവായിക്കൊള്ളുമെന്ന് ഇടനില നിന്ന ബിഷപ്പ് അറിയിച്ചു. എന്നാല്‍ പണവുമായി ചെന്നപ്പോഴൊക്കെ ഓരോ കാരണം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ 10 കോടി രൂപ കൊടുത്ത് ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ സഭ തീരുമാനിച്ചു. ഓരോ അതിരൂപതയും രണ്ട് കോടി രൂപവെച്ച് വിഹിതം വഹിക്കാനും തീരുമാനമായി. എന്നാല്‍ പണം സംഭരിച്ചപ്പോള്‍ ''തനിക്ക് അല്‍മായരുടെ പണം വേണ്ട'' എന്ന വിചിത്രമായ ന്യായം ഉന്നയിച്ചതിനെ തുടര്‍ന്ന് ആ നീക്കവും നടന്നില്ല.
എന്നാല്‍ ഇതിനിടെ 'ദീപിക'യുടെ കൊച്ചിയിലെയും ആലുവ പാതാളത്തെയും 20 കോടിയെങ്കിലും വിലവരുന്ന വസ്‌തുവും കെട്ടിടവും ഫാരീസ് അഞ്ചര കോടിക്ക് വാങ്ങി. ദീപിക കമ്പനി തങ്ങള്‍ക്ക് ഇനി തിരിച്ചുകിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ പ്രഭാത ദിനപത്രവും 'കുട്ടികളുടെ ദീപിക'യും കോട്ടയം ഓഫീസും മാത്രം പണം കൊടുത്ത് സഭയെടുത്ത് ബാക്കി ഫാരീസിന് വിട്ടുകൊടുക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച കരാറില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും ഫാരീസ് അബൂബക്കറും കഴിഞ്ഞ മാര്‍ച്ച് 26ന് ഒപ്പിട്ടു.
മാര്‍ച്ച് 29ന് ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് കൈമാറ്റം അംഗീകരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും 28ന് കോടതിയുടെ വിലക്ക് വന്നു. തുടര്‍ന്ന് യോഗം മാറ്റിവെച്ചു.
കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക് എന്നും പിന്തുണ നല്‍കിവന്ന പത്രം എന്നേക്കുമായി കൈവിട്ടുപോകുന്നതിനെതിരെയുള്ള അവസാന ചെറുത്തുനില്‌പിലാണ് ഓഹരി ഉടമകള്‍. 22000ഓളം ഓഹരിയുടമകള്‍ ഉള്ളതില്‍ പലരും ചേര്‍ന്ന് ഒപ്പുശേഖരണം നടത്തി ഓഹരി കൈമാറ്റത്തിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണ്.
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച്‌ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ എന്നിങ്ങനെ കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തരായ ബിഷപ്പുമാര്‍ ഇടപെട്ടിട്ടും ദീപിക കൈവിട്ടുപോകുന്നത് തടയാന്‍ സഭയ്‌ക്ക് കഴിഞ്ഞില്ല.
ഇത്ര വലിയ വ്യവസായിയായിട്ടും പ്രമുഖരുമായി വിലമതിക്കുന്ന സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിട്ടും ഫാരീസ് അബൂബക്കറിന്റെ ഒരു ചിത്രം എവിടേയും ലഭ്യമല്ല. അതില്‍ ദുരൂഹതയുണ്ട്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലോ വെബ്‌സൈറ്റിലോ അത് ലഭ്യമല്ല. ദീപികയില്‍വെച്ച് അദ്ദേഹത്തിന്റെ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് കണക്കിന് കിട്ടിയിരുന്നു. ഒടുവില്‍ മാര്‍ വര്‍ക്കി വിതയത്തിലുമായി കരാര്‍ ഒപ്പിടുന്ന വേളയില്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത വൈദികന്റെ പക്കല്‍നിന്ന് അതും പിടിച്ചുവാങ്ങി നശിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ കീഴിലുള്ള ഒരു സ്‌കൂളിന്റെ ലൈബ്രറി കെട്ടിടത്തിന് കല്ലിടുന്ന അത്ര വ്യക്തമല്ലാത്ത ഒരു ചിത്രം മാത്രമാണ് ആകെ ലഭ്യമായിട്ടുള്ളത്.