Tuesday, July 21, 2009

വിരട്ടല്ലേ, പ്ലീസ്‌

MBI, 16 Jul, 2009

ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

സി.പി.എമ്മിലെ പ്രതിസന്ധിയുടെ കൊടുങ്കാറ്റ്‌ തത്‌കാലത്തേക്ക്‌ ശമിച്ചു. തീരുമാനങ്ങള്‍ നേരിട്ടറിയിക്കാന്‍ കേന്ദ്ര നേതാക്കള്‍ എത്തിയിട്ടുണ്ട്‌. സംസ്ഥാന നേതൃതല യോഗത്തിന്‌ ശേഷം പതിവ്‌ മേഖലാതല വിശദീകരണങ്ങള്‍. കനത്ത നിശ്ശബ്ദതയുടെ ഈ കാലയളവ്‌ ഇനി എത്രകണ്ട്‌ നീണ്ടുനില്‍ക്കുമെന്ന്‌ പറയാനാകില്ല.

എല്ലാ കണ്ണുകളും വി.എസ്‌. അച്യുതാനന്ദനിലേക്കാണ്‌. വി.എസ്സിനെ തരംതാഴ്‌ത്തുകയും പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ മാറ്റേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയും ചെയ്‌ത രണ്ടാം ദിവസത്തെ പി.ബി.-സി.സി. യോഗങ്ങളില്‍ വി.എസ്‌. പങ്കെടുത്തിട്ടില്ല. മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ്‌ എന്നീ നിലകളില്‍ വി.എസ്‌. ഉത്തരവാദിത്വം നിറവേറ്റുമെന്ന 'പ്രതീക്ഷയാണ്‌' പി.ബി. കമ്യൂണിക്കെയിലൂടെ സി.സി. അറിയിച്ചത്‌. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന്‌ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്‌. അതേ ശ്വാസത്തില്‍ ലാവലിന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ പറഞ്ഞതായും വാര്‍ത്തകളിലുണ്ട്‌.

ആദ്യദിവസം കേന്ദ്രകമ്മിറ്റി കഴിഞ്ഞ്‌ വി.എസ്‌. എ.കെ.ജി. ഭവന്റെ പടികളിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്നുപോലും മാധ്യമപ്രവര്‍ത്തകര്‍ സംശയിച്ചു. ഞായറാഴ്‌ച വൈകുന്നേരം കേരളത്തിലേക്ക്‌ മടങ്ങുന്നതുവരെ കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാതെ കേരളാ ഹൗസിലെ 204-ാം നമ്പര്‍ വി.വി.ഐ.പി. മുറിയിലായിരുന്നു അദ്ദേഹം. രക്ത സമ്മര്‍ദനില ഉത്‌കണ്‌ഠപ്പെടുത്തിയതുകൊണ്ട്‌ ഡോക്ടര്‍മാര്‍ വന്നും പോയുമിരുന്നു. താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളുടെ പേരിലും അഴിമതിക്കേസില്‍ പ്രതിയായ സെക്രട്ടറി മാറിനില്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടതിലും എന്തു നടപടി വേണമെന്ന്‌ ആലോചിക്കുന്ന പാര്‍ട്ടി ഉന്നതതലയോഗവുമായി ബന്ധപ്പെട്ട രംഗങ്ങളായിരിക്കും ആ ഏകാന്തതയില്‍ വി.എസ്സിന്റെ മനസ്സിന്റെ സ്വസ്ഥത തകര്‍ത്തിട്ടുണ്ടാവുക.

തന്റെ മുന്‍കൈയില്‍, ചിലപ്പോള്‍ നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ, പാര്‍ട്ടിയില്‍ പലര്‍ക്കെതിരെയും ഇതുപോലെ സംഘടനാ നടപടി എടുത്തിട്ടുണ്ട്‌. അതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ കണ്ണു നനഞ്ഞവരുണ്ട്‌. കണ്ണീരിന്‌ പകരം ചോര തന്നെ മണ്ണില്‍ വീഴ്‌ത്തിയവരും ഇപ്പോഴും വീഴ്‌ത്തുന്നവരുമുണ്ട്‌. അവരില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടി എന്ന കരിങ്കല്‍ക്കോട്ടയ്‌ക്കകത്തു നിന്ന്‌ വേരും ബന്ധവും അസ്‌തിത്വവും ഇല്ലാതെ പൊടുന്നനെ ബാഷ്‌പീകൃതമായി അദൃശ്യരായി. നേതൃത്വത്തിന്റെ അമരം പിടിച്ചുപറ്റിയവര്‍ ഇന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ അവസാനത്തെ ചെങ്കൊടിപ്പുതപ്പിനും ലാല്‍സലാമിനും വേണ്ടി മുഖമില്ലാത്തവരായി കഴിഞ്ഞുകൂടുന്നുണ്ട്‌. ഇതൊക്കെയായി ബന്ധപ്പെട്ട എന്തെങ്കിലും ചിന്താശകലങ്ങളോ മുഖക്കാഴ്‌ചകളോ വി.എസ്സിന്റെ മനസ്സിലെ തിരയോട്ടത്തില്‍ ഈ ഘട്ടത്തില്‍ തെളിഞ്ഞോ എന്ന്‌ വ്യക്തമല്ല.

ഒരു ചിത്രം തീര്‍ച്ചയായും തെളിയാതിരിക്കാന്‍ നിവൃത്തിയില്ല. അത്‌ 45 വര്‍ഷം മുമ്പ്‌ ഡല്‍ഹിയില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗമാണ്‌. പാര്‍ട്ടി ചെയര്‍മാനായിരുന്ന എസ്‌.എ. ഡാങ്കെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ എഴുതിയെന്ന്‌ ആരോപിക്കപ്പെട്ട ഒരുകത്ത്‌. ഡാങ്കെയുടെ പേരിന്റെ അക്ഷരങ്ങളും ഒപ്പും സംശയകരമായിരുന്നു. എന്നിട്ടും നാലുപതിറ്റാണ്ടു തോളോടുതോളുരുമ്മി പ്രവര്‍ത്തിച്ച്‌ ഉന്നത നേതൃത്വത്തിലെത്തിയ സഖാവിനെ സംശയിച്ചു. ഗുരുതരമായ ആരോപണത്തിന്‌ വിധേയനായ ആള്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന്‌ മാറണമെന്ന്‌ കൗണ്‍സിലിലെ ന്യൂനപക്ഷം വാദിച്ചു. ഡാങ്കെ അധ്യക്ഷനായിരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോന്നു. ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ആപോക്കില്‍ സുന്ദരയ്യയും എ.കെ.ജി.യും ഇ.എം.എസ്സും ജ്യോതിബസുവും ഹര്‍കിഷന്‍ സിങ്ങും അടങ്ങുന്ന 32 പേരില്‍ ഒരാളായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍.

അകത്തിരിക്കുന്നവരല്ല ഇറങ്ങിപ്പോന്ന തങ്ങളാണ്‌ യഥാര്‍ഥ കമ്യൂണിസ്റ്റുകാരെന്ന്‌ ജ്യോതിബസു അന്ന്‌ പ്രഖ്യാപിച്ചത്‌ വി.എസ്സിന്റെ ചെവിയില്‍ ഇപ്പോള്‍ മുഴങ്ങുന്നുണ്ടാകും. അങ്ങനെ കെട്ടിപ്പൊക്കിയ ശരിയായ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ നിന്ന്‌ വി.എസ്സിനെ നടപടിയുടെ കയറിലൂടെ താഴോട്ട്‌ തൂക്കിയിറക്കിയിരിക്കുന്നു; അച്ചടക്കം പരിശീലിക്കാനും അനുസരണ ബോധ്യപ്പെടുത്താനും. എ.കെ.ജി. ഭവനില്‍ നിന്ന്‌ ഗുരുദ്വാര രഖംഗഞ്ച്‌- ജന്തര്‍മന്ദര്‍ റോഡുവഴി കേരളഹൗസിലെ 204-ാം നമ്പര്‍ മുറിയുടെ ജനലിലൂടെ കടന്നു വരുന്ന കാറ്റില്‍ പൊട്ടിച്ചിരിയുണ്ട്‌. പിണറായിയാണ്‌ പാര്‍ട്ടി, പാര്‍ട്ടി സെക്രട്ടറിയാണ്‌ മുതലാളി എന്ന പുതിയ നയപ്രഖ്യാപനമുണ്ട്‌.

'കേരളത്തിലെ മുഴുവന്‍ പാര്‍ട്ടിയെയും ഏകോപിപ്പിച്ച്‌ ജനങ്ങളിലേക്ക്‌ ഇറങ്ങാനാ'ണ്‌ കേന്ദ്രകമ്മിറ്റി കമ്യൂണിക്കെ സംസ്ഥാന കമ്മിറ്റിയോട്‌ ആഹ്വാനം ചെയ്‌തത്‌. അതാവര്‍ത്തിക്കാന്‍ കൂടിയാണ്‌ കേന്ദ്രനേതാക്കള്‍ വന്നിട്ടുള്ളത്‌. പലതവണ ആവര്‍ത്തിച്ച വാക്കുകള്‍. നേതാക്കളുടെ മുഖവും സ്വരവുമേ മാറിയിട്ടുള്ളൂ. പാര്‍ട്ടി ഐക്യം ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങളുടെ ചാട്ടവാറുകള്‍ സൃഷ്‌ടിക്കുന്നതല്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെയും തന്റെ മന്ത്രിസഭയിലെയും പി.ബി. ആനകള്‍ ഇരുവശത്തും നിന്ന്‌ വി.എസ്സിനെ അനുസരിപ്പിക്കുന്ന കാഴ്‌ചയാണ്‌ ഇനി. ഇതു പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്തുമോ? സെക്രട്ടറിക്കു കീഴടങ്ങി അനുസരണയോടെ തെറ്റുതിരുത്തി വി.എസ്‌. മുന്നോട്ട്‌ പോയാല്‍ അദ്ദേഹത്തിനു നന്ന്‌ എന്നാണ്‌ കേന്ദ്രകമ്മിറ്റി തീരുമാനത്തോട്‌ സെക്രട്ടേറിയറ്റിലെ ഒരു മുതിര്‍ന്ന അംഗം പ്രതികരിച്ചത്‌; ഇല്ലെങ്കില്‍ വി.എസ്സിനെതിരെ ഇനിയും നടപടി ഉണ്ടാകുമെന്നും. അത്തരമൊരു സ്ഥിതിയില്‍ പാര്‍ട്ടിയിലെ ഐക്യം ഉറപ്പുവരുത്തി കൂട്ടായി ജനങ്ങളെ അഭിമുഖീകരിച്ച്‌ അകന്നുപോയവരെ പാര്‍ട്ടിയോട്‌ അടുപ്പിക്കണമെന്ന കാഴ്‌ചപ്പാട്‌ എത്രകണ്ട്‌ പ്രാവര്‍ത്തികമാകും?

അണികളുടെയും ജനങ്ങളുടെയും അതുവഴി പി.ബി.യുടെയും മുഖ്യമന്ത്രിയായി വന്ന വി.എസ്‌. പാര്‍ട്ടിയുടെ പത്മവ്യൂഹത്തിലാണ്‌ കുടുങ്ങിയത്‌. യഥാര്‍ഥത്തില്‍ പത്മവ്യൂഹത്തില്‍പ്പെട്ടത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവും അടിയന്തരമായി നിര്‍വഹിക്കപ്പെടേണ്ട ജനതാത്‌പര്യങ്ങളുമായിരുന്നു. ലാവലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി പ്രതികൂടി ആയതോടെ പാര്‍ട്ടിയുടെ ഏക അജന്‍ഡ സെക്രട്ടറിയെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുക എന്നതായി. രാമനായി തിളങ്ങിനിന്ന ഒരു ഉജ്ജ്വല നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം രാവണന്റെ വേഷത്തില്‍ സ്റ്റേജ്‌ വിറപ്പിച്ച പ്രസിദ്ധമായ ഒരു ഹിന്ദികഥയുണ്ട്‌-രാമലീല. ജനമനസ്സില്‍ സി.പി.എമ്മിനുണ്ടായിരുന്ന മികച്ച പ്രതിച്ഛായയും ജനപ്രതിബദ്ധതയും സത്യസന്ധതയും തീര്‍ത്തും വിരുദ്ധമായ രാവണഭാവം ഉള്‍ക്കൊണ്ടു. പാര്‍ട്ടിയെ നെഞ്ചിലേറ്റിയിരുന്ന ജനങ്ങള്‍ ഭയപ്പാടോടെ അതില്‍ നിന്ന്‌ ഏറെ അകലാന്‍ തുടങ്ങി.

പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താത്‌പര്യങ്ങളെ സ്വന്തം താത്‌പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുമെന്ന്‌ പ്രതിജ്ഞ ചെയ്‌താണ്‌ ഒരാള്‍ സി.പി.എം. അംഗമാകുന്നത്‌. സ്വന്തം താത്‌പര്യത്തെക്കാള്‍ ജനതാത്‌പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നത്‌ ഇപ്പോള്‍ പാര്‍ട്ടി ഭരണഘടനയിലെ മൃതമായ അക്ഷരങ്ങളോ ചരിത്രരേഖയോ ആണ്‌. പാര്‍ട്ടി താത്‌പര്യത്തെപ്പറ്റി വാതോരാതെ പറയുകയും സ്വന്തം താത്‌പര്യങ്ങളില്‍ മാത്രം കണ്ണുനട്ടു നീങ്ങുകയും ചെയ്യുന്നവരാണ്‌ നേതാക്കളില്‍ മഹാഭൂരിപക്ഷവും. അതു നിലനിര്‍ത്താനാണ്‌ ഇപ്പോള്‍ ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വത്തിന്റെ വടി എടുക്കുന്നത്‌. മുമ്പ്‌ സി.പി.എമ്മില്‍ പാര്‍ട്ടി താത്‌പര്യവും ജനതാത്‌പര്യവും രണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതുകൊണ്ടാണ്‌ ജനതാത്‌പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ആളായി വി.എസ്സിനെ ജനങ്ങള്‍ കാണുന്നത്‌. പാര്‍ട്ടി താത്‌പര്യവും ജനതാത്‌പര്യവും തമ്മിലുള്ള വൈരുധ്യമാണ്‌ വി.എസ്‌.-പിണറായി പ്രശ്‌നമായും വിഭാഗീയതയായും ജനങ്ങള്‍ കാണുന്നത്‌. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കകത്ത്‌ എത്രകണ്ട്‌ ബോധ്യപ്പെടുത്തിയാലും വി.എസ്സിനെതിരെ മാത്രമെടുത്ത നടപടി തങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയായേ ജനങ്ങള്‍ സ്വീകരിക്കൂ. മൂന്ന്‌ കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ കേവലം മൂന്ന്‌ ലക്ഷം അംഗങ്ങളുടെ പാര്‍ട്ടിനേതൃത്വം തങ്ങളോടു നടത്തിയ യുദ്ധപ്രഖ്യാപനമായി.

കേന്ദ്രകമ്മിറ്റി കഴിഞ്ഞ ഉടന്‍ ചാനലുകളിലൂടെ കേട്ടത്‌ പാര്‍ട്ടി വക്താക്കളായി വന്ന നേതാക്കളുടെ അഹങ്കാര ശബ്ദമാണ്‌. ഈ അഹങ്കാരമാണ്‌ കേരളത്തിലെയും ബംഗാളിലെയും തോല്‍വിക്കിടയാക്കിയതെന്നാണ്‌ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌. കേന്ദ്രകമ്മിറ്റി തീരുമാനം ജനങ്ങള്‍ക്ക്‌ സ്വീകാര്യമാണോ എന്ന ടി.വി. ചാനലിലെ ചോദ്യത്തിന്‌ ഒരു കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗത്തിന്റെ മറുചോദ്യം-ആരാണീ ജനങ്ങള്‍? ചാനലുകളില്‍ നിങ്ങള്‍ പിടിച്ചിരുത്തുന്നവരോ? അവര്‍ നുണമാത്രം പറഞ്ഞു ശീലിച്ചവരാണ്‌ എന്ന്‌ തുടര്‍ന്ന്‌ പുച്ഛിക്കല്‍. കേന്ദ്ര നേതൃത്വത്തിന്റെ പരിഹാര നടപടിയെ കടുത്ത ഭാഷയില്‍ ജനപക്ഷത്തുനിന്ന്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പോലും വിമര്‍ശിച്ചു കഴിഞ്ഞു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഭാഗമാണ്‌ മാധ്യമങ്ങളും യോജിപ്പും വിയോജിപ്പും ഉള്‍ക്കൊള്ളുന്ന സംവാദവും. അതിനെ അവഹേളിക്കുന്നവര്‍ എങ്ങനെ ജനവിശ്വാസം വീണ്ടെടുക്കും.
നേതാക്കള്‍ക്കുള്ള അനുഭവസമ്പത്തു മാത്രം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ശരിയായ നേതൃത്വം നല്‍കാന്‍ മതിയാകില്ലെന്ന്‌ പറഞ്ഞതു മഹാനായ ലെനിനാണ്‌; നേതാക്കന്മാരുടെ അനുഭവത്തോട്‌, ബഹുജനങ്ങളുടെ, പാര്‍ട്ടി അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അണികളുടെ അനുഭവം, തൊഴിലാളിവര്‍ഗത്തിന്റെ അനുഭവം എന്നിവ കൂട്ടിച്ചേര്‍ക്കലാണ്‌ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തനമെന്ന്‌ പഠിപ്പിച്ചതും. നേതാക്കന്മാരുടെ പരിഹാര നിര്‍ദേശങ്ങള്‍ സ്വന്തം ചുമലിലേന്തി നടന്നതുകൊണ്ടായില്ല. അവ പരീക്ഷിക്കുന്ന ബഹുജനങ്ങളുടെ അനുഭവ സമ്പത്തുകൂടി സ്വീകരിക്കാതെ യഥാര്‍ഥ പരിഹാരമാകില്ലെന്നും ലെനിന്‍ വിശദീകരിച്ചു. ശരിയായ പാര്‍ട്ടി തീരുമാനമെന്ന്‌ പറയുമ്പോള്‍ ഇതെങ്കിലും മറന്നു പോകരുത്‌.

സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു കാത്തിരുന്ന ജനങ്ങള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി. തങ്ങളെ പഠിപ്പിക്കാനാണ്‌ നേതാക്കളുടെ വരവ്‌. തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ നേതൃത്വത്തിന്‌ അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. എല്ലാം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ എന്നും പാര്‍ട്ടി അണികള്‍. അവരും സ്വതന്ത്ര മനസ്സാക്ഷിയനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ്‌ കണ്ണൂരും വടകരയും കോഴിക്കോടുമടക്കമുള്ള ഇത്തവണത്തെ വിധിയെഴുത്തു വ്യക്തമാക്കിയത്‌. കട്ടന്‍ ചായയും സാന്റിയാഗോ മാര്‍ട്ടിനും മറ്റും പാര്‍ട്ടി അണികളെ എങ്ങനെ പ്രതികരിപ്പിച്ചെന്നെങ്കിലും അഖിലേന്ത്യാ നേതൃത്വം മനസ്സിലാക്കേണ്ടതായിരുന്നു.

പാര്‍ട്ടി തീരുമാനം എന്തായാലും എന്തു തള്ളണം കൊള്ളണം എന്ന്‌ തീരുമാനിക്കാന്‍ അത്രതന്നെ ജനങ്ങള്‍ക്കും അവകാശമുണ്ട്‌. ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ഈ അകലം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അകലമാണ്‌. പാര്‍ട്ടിയാണ്‌ ജനം എന്നു കൂടി പറഞ്ഞു ദയവായി വിരട്ടരുത്‌. പ്ലീസ്‌.

മുഖം വികൃതമാകുന്നു

MBI, July 14, 2009

കെ. വേണു

മുഖ്യമന്ത്രി അച്യുതാനന്ദനെ സി.പി.എം. പൊളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ നടപടി ആരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. അദ്ദേഹം നടത്തിക്കൊണ്ടിരുന്ന അച്ചടക്ക ലംഘനങ്ങള്‍ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെങ്കിലും സി.പി.എം. പോലുള്ള ഒരു കേന്ദ്രീകൃത സംഘടനയ്‌ക്ക്‌ പൊറുപ്പിക്കാവുന്നതല്ലെന്ന്‌ പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ അച്യുതാനന്ദനെതിരായ നടപടികളോടൊപ്പം ലാവലിന്‍ കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന പിണറായി വിജയനെതിരെയും ഏതെങ്കിലും രൂപത്തിലുള്ള ശിക്ഷണ നടപടി പൊതുവില്‍ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെ ഏകപക്ഷീയമായി അച്യുതാനന്ദനെതിരായി മാത്രം വന്ന നടപടിയാണ്‌ കുറെ പേരിലെങ്കിലും സംശയം ജനിപ്പിച്ചിട്ടുള്ളത്‌.

കേരളത്തിന്‌ വലിയ നഷ്‌ടമുണ്ടാക്കിവെച്ച ലാവലിന്‍കേസുമായി ബന്ധപ്പെട്ട്‌ അവിഹിത നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ അന്ന്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‌ നിര്‍ണായക പങ്കുണ്ടായിരുന്നെന്നും സാധാരണക്കാര്‍ക്ക്‌ ബോധ്യപ്പെടുംവിധമാണ്‌ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍, ലാവലിന്‍ കേസില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്റെ കൈകള്‍ ശുദ്ധമാണെന്നും കേന്ദ്ര കമ്മിറ്റി സര്‍ട്ടിഫിക്കറ്റ്‌ നല്‍കി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ബദ്ധപ്പെടുന്നത്‌ കാണുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന്‌ ആരും ചിന്തിച്ചുപോകും. പ്രത്യേകിച്ചും ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പൊളിറ്റ്‌ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷത്തെ പിണറായി അനുകൂലികളാക്കാന്‍ നടത്തിയ സമ്മര്‍ദതന്ത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ഈ ദുരൂഹത കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.

കുറേക്കാലമായി സി.പി.എമ്മിന്റെ താഴെക്കിടയിലുള്ള നേതൃനിരകള്‍ അധികാരവും സമ്പത്തും അവിഹിതമായി സമാഹരിക്കാന്‍ വെമ്പല്‍ കൂട്ടുന്നവരായി മാറിക്കൊണ്ടിരിക്കുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്‌. നേതൃനിരകളിലേക്കും ഈ അപചയം വ്യാപിക്കുന്നത്‌ എല്ലാവരും കാണുന്നുണ്ടെങ്കിലുംമറ്റു പാര്‍ട്ടികളെ അപേക്ഷിച്ച്‌ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതൃത്വങ്ങള്‍ അഴിമതിയുടെ കാര്യത്തിലും മറ്റും പൂര്‍ണമായും അധഃപതിച്ചിട്ടില്ലെന്ന ധാരണ ഇപ്പോഴും നിലനി'ുന്നുണ്ട്‌. അച്യുതാനന്ദനെയും പിണറായിയെയും സംബന്ധിച്ച പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനം ഈ ധാരണയെ ശക്തമായി ഉലയ്‌ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

താന്‍ കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലാവലിന്‍ കേസ്‌ നിലപാടില്‍ മാറ്റമില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞതിലൂടെ അദ്ദേഹം തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തേച്ചുമിനുക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളതെന്ന്‌ വ്യക്തം. അതായത്‌ കേന്ദ്രകമ്മിറ്റി തീരുമാനത്തിലൂടെ പരിഹരിക്കാന്‍ ഉദ്ദേശിച്ച കേരളത്തിലെ സി.പി.എമ്മിന്റെ സംഘടനാപ്രശ്‌നങ്ങള്‍, അഥവാ ഗ്രൂപ്പിസം കൂടുതല്‍ രൂക്ഷമായി തുടങ്ങാന്‍ പോകുന്നുവെന്നര്‍ഥം. ഇതുവരെയുള്ള ഗ്രൂപ്പ്‌ പ്രവര്‍ത്തനംകൊണ്ട്‌ കേരളത്തിലൊരു ഭരണംതന്നെ ഇല്ലെന്ന അവസ്ഥയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. ഇനി കൂടുതല്‍ ദുര്‍ബലനായ അച്യുതാനന്ദന്‌ ഇതുവരെയുണ്ടായിരുന്ന ഭരണമില്ലാത്ത അവസ്ഥപോലും നിലനിര്‍ത്താനാവില്ലെന്ന്‌ കരുതേണ്ടിയിരിക്കുന്നു. സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍, കേരളത്തിന്റെ ഭരണത്തെയും അതുവഴി ജനങ്ങളുടെ ജീവിതത്തെയും സംസ്ഥാനത്തിന്റെ വികസനത്തെയും എല്ലാമാണ്‌ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്‌.

ദുര്‍ബലനായ മുഖ്യമന്ത്രിയുടെ പദവി നിലനിര്‍ത്താന്‍ അച്യുതാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച്‌ ഗുണമൊന്നുമുണ്ടാക്കാന്‍ പോകുന്നില്ല. കൂടുതല്‍ കരുത്തരായ പാര്‍ട്ടി സംസ്ഥാന നേതൃത്വം, മുഖ്യമന്ത്രിയെ കൂച്ചുവിലങ്ങിട്ട്‌ നടത്തുന്നത്‌, കേരളീയര്‍ കാണാന്‍പോവുകയാണ്‌. അതിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ അദ്ദേഹത്തെ സംഘടനാപരമായ ഊരാക്കുടുക്കുകളിലേക്ക്‌ നയിക്കുകയും ചെയ്യും.

അഴിമതിവിരുദ്ധസമരത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ച്‌ കലാപക്കൊടി ഉയര്‍ത്താന്‍ അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ അത്‌ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നു തോന്നുന്നില്ല. ഗൗരിയമ്മ സി.പി.എമ്മില്‍നിന്ന്‌ പുറത്താക്കപ്പെട്ടപ്പോള്‍ ഉണ്ടായ തോതിലുള്ള ജനകീയപ്രതികരണം പോലും ഇന്നത്തെ സാഹചര്യത്തില്‍ അച്യുതാനന്ദന്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുഖ്യമന്ത്രിപദം വിടാതെ പൊരുതാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന്‌ കാരണവും അതുതന്നെയാകാം.

ദ്വന്ദ്വയുദ്ധത്തിന്റെ നാള്‍വഴി, കൈയടികള്‍ ഇന്നും പരാജിതനുവേണ്ടി

MBI, 13 July 2009

എസ്‌.എന്‍. ജയപ്രകാശ്‌


അപസര്‍പ്പക കഥയിലെപോലെ 'നാലാംലോക'വും 'ചാരന്മാരു'മൊക്കെ പ്രത്യക്ഷപ്പെട്ട, പരിപ്പുവടയും കട്ടന്‍ചായയുംവരെ വിചാരണയ്‌ക്ക്‌ വിധേയമാക്കിയ സി.പി.എമ്മിലെ പടലപ്പിണക്കത്തിന്‌ ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്‌. പലകാലത്ത്‌ പല അവതാരങ്ങളെടുത്ത കണ്ണൂര്‍ ലോബിയാണ്‌ ഒരുവശത്ത്‌. മറുവശത്ത്‌ ആയുധങ്ങള്‍ കോപ്പുകൂട്ടിക്കൊണ്ട്‌ എല്ലാക്കാലത്തും വി.എസ്‌. അച്യുതാനന്ദനും. ഒരര്‍ഥത്തില്‍ അധികാര വടംവലി. എന്നാല്‍, അച്യുതാനന്ദന്റെ കൈകളില്‍ എന്നും പ്രശ്‌നങ്ങളുടെ പരിചയുണ്ടായിരുന്നു. സി.പി.എം-ലീഗ്‌ ബന്ധം മുതല്‍ വിദേശഫണ്ടും ലാവലിനും വരെ നീളുന്ന പ്രശ്‌നങ്ങള്‍.

എണ്‍പതുകളില്‍ ഇ.കെ.നായനാരും വി.എസ്സും തമ്മിലായിരുന്നു പോരാട്ടം. തൊണ്ണൂറുകളില്‍ അത്‌ സി.ഐ.ടി.യു. ലോബിയും വി.എസ്സും തമ്മിലായി. പിന്നീട്‌ നായനാരുടെകൂടി സഹായത്തോടെ സി.ഐ.ടി.യു. ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ വി.എസ്സിനായി. അടുത്ത ദശകം തുടങ്ങുമ്പോഴേക്കും നായനാരും വി.എസ്സും വീണ്ടും രണ്ട്‌ ഗ്രൂപ്പുകളിലായി. അപ്പോഴേക്കും പിണറായി വിജയന്‍ ശക്തി തെളിയിച്ചുതുടങ്ങിയിരുന്നു. അങ്ങനെ രണ്ടായിരത്തിന്റെ ആദ്യ ദശകം വി.എസ്സും പിണറായിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിന്റെ കാലമായി. ഈ പോരാട്ടത്തിന്‌ ആക്കം കൂട്ടിയത്‌ ലാവലിന്‍ കേസും.

പിണറായി വിജയന്‍ പാര്‍ട്ടിയുടെ ഉന്നതവേദികളിലേക്കെത്തുന്നത്‌ 1998-ലാണ്‌. അന്ന്‌ പാലക്കാട്ട്‌ നടന്ന സംസ്ഥാന സമ്മേളനം, മാരാരിക്കുളത്തെ പരാജയത്താല്‍ മുറിവേറ്റ വി.എസ്സിന്റെ വീര്യം കണ്ടു. നായനാരുടെ കൂടി സഹായത്തോടെ വി.എസ്‌. പക്ഷം വെന്നിക്കൊടി നാട്ടി. എല്‍.ഡി.എഫ്‌. കണ്‍വീനറായിരുന്ന എം.എം.ലോറന്‍സടക്കമുള്ളവര്‍ തരംതാഴ്‌ത്തപ്പെട്ടു. വര്‍ഗസംഘടനകളുടെ നേതാക്കളൊക്കെ 'ആരോഗ്യ' കാരണങ്ങളാല്‍ സംസ്ഥാന സമിതിയില്‍നിന്ന്‌ തഴയപ്പെട്ടു. പിണറായി വിജയന്‍, തോമസ്‌ ഐസക്‌, എം.എ. ബേബി തുടങ്ങിയവരൊക്കെ നേതൃനിരയില്‍ എത്തിയത്‌ ഈ സമ്മേളനത്തിലാണ്‌. ചടയന്‍ ഗോവിന്ദന്‍ വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി. ആ വര്‍ഷം സപ്‌തംബറില്‍ ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതോടെ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി.

ഇ.കെ.നായനാര്‍ ആയിരുന്നു അന്ന്‌ മുഖ്യമന്ത്രി. 1996ല്‍ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഇ.എം.എസ്‌. ഉള്‍പ്പെടെയുള്ളവര്‍ സുശീലാ ഗോപാലനെയാണ്‌ പിന്തുണച്ചത്‌. നായനാരുടെ പേര്‌ നിര്‍ദേശിച്ചത്‌ അച്യുതാനന്ദനും. വോട്ടെടുപ്പില്‍ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടിയ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി.

തന്റെ അനുഗ്രഹാശിസ്സുകളോടെ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും നായനാര്‍ മുഖ്യമന്ത്രിയും ആയിരുന്നത്‌ അച്യുതാനന്ദന്‌ നല്ല കാലമായിരുന്നില്ല. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നടുനായകത്വം പിണറായി വിജയനിലെത്തി. കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വത്തിന്‌ മുന്നില്‍ താന്‍ ഒതുക്കപ്പെട്ടുവെന്ന തോന്നല്‍ വി.എസ്സില്‍ ശക്തമായി. മുസ്‌ലിം ലീഗുമായി അടുക്കാന്‍ പിണറായിയും കൂട്ടരും നടത്തിയ ശ്രമത്തെ വി.എസ്‌. എതിര്‍ത്തു.

എന്നാല്‍, 2001-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം ശാന്തമായിരുന്നു. ഇരുഗ്രൂപ്പുകളും ബലപരീക്ഷണത്തിനൊന്നും തയ്യാറായില്ല. പിണറായി വിജയന്‍ വീണ്ടും സെക്രട്ടറിയായി. പാര്‍ട്ടിക്കകത്ത്‌ പിണറായി ശക്തനായപ്പോള്‍ പാര്‍ട്ടിക്ക്‌ പുറത്ത്‌ അച്യുതാനന്ദന്‍ കരുത്തുനേടി.

പ്രതിപക്ഷനേതാവെന്ന നിലയ്‌ക്ക്‌ ജനകീയ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ അച്യുതാനന്ദനില്‍ ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തി. ഭരണതലത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ കോടതികള്‍ കയറിയ അച്യുതാനന്ദന്‍ അഴിമതിവിരുദ്ധപ്പോരാളിയായി ജനസമ്മതിനേടി. മാധ്യമങ്ങളില്‍ അച്യുതാനന്ദന്‍ നിറഞ്ഞു. ഇതോടെ പാര്‍ട്ടിയിലെ പോരാട്ടം പ്രത്യയശാസ്‌ത്രമാനം കൈവരിച്ചു. നാലാംലോക സിദ്ധാന്തക്കാരെയും വിദേശ സഹായത്തിന്റെ പേരില്‍ ജനകീയാസൂത്രണത്തെയും അച്യുതാനന്ദന്‍ വേട്ടയാടി. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം നിന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിരുദ്ധചേരിയിലായി. പാര്‍ട്ടിയിലെ സ്റ്റാലിനിസ്റ്റ്‌ കടുംപിടിത്തക്കാരും പരിഷ്‌കരണവാദികളും തമ്മിലുള്ള ബലപരീക്ഷണമായി ഇത്‌ വ്യാഖ്യാനിക്കപ്പെട്ടു. എം.എന്‍.വിജയന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'പാഠം' പരിഷ്‌കരണ വാദികള്‍ക്കെതിരെ ആയുധങ്ങള്‍ പകര്‍ന്നു. വി.എസ്‌. വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമായി മുദ്രകുത്തപ്പെട്ടു.

2004-ല്‍ മലപ്പുറം സമ്മേളനത്തിനുമുമ്പ്‌ വിഭാഗീയത രൂക്ഷമായി. പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഇരുപക്ഷവും വിഴുപ്പലക്കി. മലപ്പുറത്ത്‌ കാണാമെന്ന്‌ പിണറായി വെല്ലുവിളിക്കുകയും ചെയ്‌തു. പിണറായി വിജയനില്‍നിന്ന്‌ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള വി.എസ്സിന്റെ ശ്രമം മലപ്പുറത്ത്‌ ദയനീയമായി പരാജയപ്പെട്ടു. പി.ബി. നിര്‍ദേശത്തെപ്പോലും മറികടന്ന്‌ ഔദ്യോഗിക പാനലിനെതിരെ 12 പേര്‍ വി.എസ്സിന്റെ ആശിര്‍വാദത്തോടെ മത്സരിച്ചു. എല്ലാവരും തോറ്റു. 76 അംഗ സംസ്ഥാനക്കമ്മിറ്റിയില്‍ വോട്ടിന്റെ എണ്ണത്തില്‍ അറുപത്തിനാലാമനായി വി.എസ്‌.

മലപ്പുറം സമ്മേളനത്തിനുശേഷം വി.എസ്‌. പക്ഷക്കാര്‍ക്കെതിരെ പാര്‍ട്ടിയില്‍ എല്ലാതലത്തിലും ശുചീകരണം തുടങ്ങി. എസ്‌. ശര്‍മയും എം.ചന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടു. അച്യുതാനന്ദന്‍ 'ദേശാഭിമാനി' പത്രാധിപരല്ലാതായി. കെ.കരുണാകരന്റെ ഡി.ഐ.സിയുമായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ സി.പി.എം. കൂട്ടുകൂടുന്നതിനെതിരെ വി.എസ്‌- പിണറായി പക്ഷത്തോട്‌ പോരടിച്ചു. എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. തുടങ്ങി ഒരുകാലത്ത്‌ വി.എസ്സിനൊപ്പംനിന്ന പോഷകസംഘടനകള്‍ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു.

പിണറായി വിജയനെ വ്യക്തിപരമായി നേരിടുന്നതിനുള്ള ഒരായുധമെന്ന നിലയില്‍ 2001 മുതല്‍ ലാവലിന്‍ പ്രശ്‌നം വി.എസ്‌. ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഗ്രൂപ്പ്‌ തര്‍ക്കം അതിന്റെ പരകോടിയില്‍ എത്തിച്ചത്‌ ലാവലിന്‍ കേസാണ്‌. ഈ കേസില്‍ പിണറായി അഴിമതി നടത്തിയെന്ന്‌ സ്ഥാപിക്കാന്‍ ആവുന്നത്ര തെളിവുകള്‍ അച്യുതാനന്ദന്‍ ശേഖരിച്ചു.

2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനക്കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമുള്ള ഭൂരിപക്ഷം ഉപയോഗിച്ച്‌ വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ പിണറായി നടത്തിയ ശ്രമം ഫലിച്ചില്ല. വി.എസ്സിന്‌ സീറ്റ്‌ നിഷേധിക്കാനുള്ള തീരുമാനം പൊളിറ്റ്‌ ബ്യൂറോ തിരുത്തി. വന്‍ഭൂരിപക്ഷത്തോടെ വി.എസ്‌. അധികാരത്തിലേറിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്‌ വാശികൂടിയതേയുള്ളൂ. മുഖ്യമന്ത്രിക്ക്‌ ആഭ്യന്തര, വിജിലന്‍സ്‌ വകുപ്പുകള്‍ നിഷേധിച്ചു. പല സന്ദര്‍ഭങ്ങളിലും മന്ത്രിമാര്‍ വി.എസ്സിനും വി.എസ്‌. മന്ത്രിമാര്‍ക്കും എതിരെ നിലകൊണ്ടു. എ.ഡി.ബി.കരാര്‍ ഒപ്പിട്ടതിനെതിരെ വി.എസ്‌. പരസ്യനിലപാട്‌ എടുത്തതിന്‌ പാര്‍ട്ടി ശാസിച്ചു. 'വെറുക്കപ്പെട്ടവന്‍' എന്ന്‌ വി.എസ്‌. വിശേഷിപ്പിച്ച ഫാരീസ്‌ അബൂബക്കര്‍ കൈരളി ചാനലിലെ അഭിമുഖത്തില്‍ വി.എസ്സിനെ അപഹസിച്ചു. കണ്ണൂരില്‍ പാര്‍ട്ടി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിനെതിരെ നിലകൊണ്ട വി.എസ്‌. തന്നെ അത്‌ ഉദ്‌ഘാടനം ചെയ്യണമെന്ന്‌ പാര്‍ട്ടി വാശിപിടിച്ചു. ഉദ്‌ഘാടന ദിവസം വി.എസ്‌. ആസ്‌പത്രിയിലേക്ക്‌ പോയി. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ വി.എസ്സും പിണറായിയും പരസ്യമായി തന്നെ ഏറ്റുമുട്ടിയത്‌ ഇരുവരെയും പി.ബിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നതില്‍ കലാശിച്ചു. മാധ്യമ സിന്‍ഡിക്കേറ്റിന്‌ വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന്‌ കുറ്റപ്പെടുത്തി വി.എസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ഷാജഹാനെ പാര്‍ട്ടി പുറത്താക്കി.

കോട്ടയം സമ്മേളനത്തില്‍ എല്ലാം ഭദ്രമെന്ന്‌ കരുതിയെങ്കിലും സമാപനവേദിയില്‍ പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ അനുയായികള്‍ വി.എസ്സിന്‌ ജയ്‌ വിളിച്ചു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചുവെന്ന്‌ പിണറായി പ്രഖ്യാപിച്ചെങ്കിലും ഏച്ചുകെട്ടിയ ഐക്യം വീണ്ടും നാണക്കേടായി. ലാവലിന്‍ കേസില്‍ പിണറായി പ്രതിയാണെന്ന്‌ വ്യക്തമായ ശേഷം അദ്ദേഹം നയിച്ച കേരള യാത്രയില്‍ നിന്ന്‌ വി.എസ്‌. വിട്ടുനിന്നു. ഒടുവില്‍ സമാപനവേദിയില്‍ പങ്കെടുത്ത്‌ വി.എസ്‌. വഴങ്ങിയെങ്കിലും അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പി.ഡി.പി-സി.പി.എം. സഹവര്‍ത്തിത്വത്തെ വി.എസ്‌. പരസ്യമായി എതിര്‍ത്തു. തിരഞ്ഞെടുപ്പ്‌ തോറ്റപ്പോള്‍ ചിരിച്ചതിനെ 'കൊലച്ചിരി'യെന്നാണ്‌ 'ദേശാഭിമാനി' വിശേഷിപ്പിച്ചത്‌. ലാവലിന്‍ കേസ്‌ സജീവമായതോടെ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍പോലും എതിര്‍പക്ഷത്തേക്ക്‌ അമ്പെയ്യാന്‍ വി.എസ്‌. മടിച്ചില്ല. സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. ചേംബറിലെ വിവാദമൂലയില്‍ നിന്ന്‌ മുള്ളുവെച്ച വാക്കുകള്‍ വി.എസ്‌. പറഞ്ഞത്‌ യാദൃച്ഛികമായിട്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ വി.എസ്‌. ന്യായീകരിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലാണ്‌ താന്‍ അതു ചെയ്‌തതെന്ന്‌ വി.എസ്‌. പറഞ്ഞെങ്കിലും മറുപക്ഷത്തിന്‌ പൊറുക്കാവുന്ന കുറ്റമായിരുന്നില്ല അത്‌. അങ്ങനെ ഒരിക്കല്‍കൂടി പരാജയം ഭക്ഷിക്കുമ്പോള്‍ വി.എസ്‌. ഗോദയില്‍ ഏകനാണ്‌. പക്ഷേ, ഈ പരാജിതനുവേണ്ടി കാണികള്‍ ഇപ്പോഴും കൈയടിക്കുന്നു.

ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ

MBI, 13 july 2009

(തൊഴിലാളിവര്‍ഗ സംരക്ഷകരും പാര്‍ട്ടിയുംതമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്‌ പൂര്‍ണവും അംശവുംതമ്മിലുള്ള യുദ്ധമാവും. ഈ അവസ്ഥയില്‍ അംശത്തെ തിരസ്‌കരിച്ച്‌ പൂര്‍ണതയെ സംശ്ലേഷിക്കുകയാണ്‌ ഏതൊരു വിപ്ലവകാരിയുടെയും മുമ്പില്‍ തെളിയുന്ന ഏക വഴി. അല്ലാത്തവര്‍ക്ക്‌ അച്ചടക്കം സംരക്ഷിക്കാം; ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി തുടരുകയും ചെയ്യാം)

വി.ബി. ചെറിയാന്‍

തെറ്റുചെയ്യുന്ന സഖാവിന്‌ തിരുത്താന്‍ പ്രേരണ നല്‍കുന്നതാവണം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളിലെ അച്ചടക്കനടപടി. വിഭാഗീയത സി.പി.എമ്മിനകത്ത്‌ വര്‍ഷങ്ങളായി വളരുന്ന രോഗമാണ്‌. സമീപ ഭൂതകാലത്ത്‌ പാര്‍ട്ടിയിലെ ഇരുചേരികള്‍ക്ക്‌ നേതൃത്വം നല്‍കിവന്നിരുന്നത്‌ വി.എസ്‌. അച്യുതാനന്ദനും പിണറായി വിജയനുമാണെന്നുമാത്രം.

വിഭാഗീയ പ്രവര്‍ത്തനത്തില്‍നിന്ന്‌ അവരെ പിന്തിരിപ്പിക്കാന്‍ ഉതകും എന്ന വിശ്വാസത്തില്‍ ഒന്നര-രണ്ടുവര്‍ഷംമുന്‍പ്‌ ഇരുവരെയും പൊളിറ്റ്‌ബ്യൂറോവില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയുണ്ടായി. സി.പി.എം. നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്ക്‌ അനുസരിച്ച്‌ രണ്ടുപേരും താല്‍ക്കാലികമായി കുറച്ച്‌ സംയമനം പാലിക്കുന്ന പ്രതീതിയും നിലനിര്‍ത്തിയിരുന്നു. കേരളത്തിലെ സി.പി.എമ്മില്‍ വിഭാഗീയത അവസാനിച്ചുവെന്ന്‌ അവകാശപ്പെട്ട്‌ നേതൃത്വം ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ പി.ബി. അംഗത്വം തിരിച്ചുനല്‍കുകയും ചെയ്‌തതാണ്‌. എന്നാല്‍, തുടര്‍ന്നുസംഭവിച്ചത്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നുവെന്നു തെളിയിച്ചു.

നേതൃത്വത്തിന്‌ എന്തുകൊണ്ടാണ്‌ ഈ പിശക്‌ സംഭവിക്കുന്നത്‌? ഏതു പ്രശ്‌നമാണെങ്കിലും ആ പ്രശ്‌നത്തെ ജനിപ്പിക്കുന്നതും വളര്‍ത്തുന്നതും മൂര്‍ച്ഛിപ്പിക്കുന്നതുമായ ഒരു പ്രശ്‌നപരിഹാരമുണ്ട്‌. ഈ പരിസരത്തു നിന്നടര്‍ത്തിമാറ്റി പ്രശ്‌നത്തെ സമീപിക്കുന്നത്‌ അശാസ്‌ത്രീയവും തെറ്റായ നിഗമനങ്ങളിലേക്ക്‌ നയിക്കുന്നതുമാവും. സി.പി.എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ കേവലം സംഘടനാപ്രശ്‌നങ്ങള്‍ മാത്രമാണോ? അല്ലെന്നുള്ളതല്ലേ വസ്‌തുത.

സംഘടനയില്‍ ഉടലെടുക്കുന്ന ഏത്‌ പ്രശ്‌നത്തിനും നിദാനമായി പ്രത്യക്ഷശാസ്‌ത്രപരവും രാഷ്ട്രീയ-നയപരവുമായ മാനങ്ങള്‍ ഉണ്ടാവുമെന്നു മനസ്സിലാക്കേണ്ടത്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനരീതിയുടെ അടിസ്ഥാനപ്രമാണമാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എമ്മിന്‌ സംഭവിച്ചുകൊണ്ടിരുന്ന മൂല്യച്യുതി, ക്രമാനുഗതമായി ഈ പാര്‍ട്ടിയെ മറ്റേതൊരു ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടിയോട്‌ സദൃശമായി കാണത്തക്കവിധം തരംതാഴ്‌ത്തിയെന്നതാണ്‌ സത്യം.

അതുകൊണ്ടുതന്നെയാണ്‌ പേരുകേട്ട ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സഹജമായ ഗ്രൂപ്പിസം, ചേരിപ്പോര്‌, കാലുവാരല്‍, വിഭാഗീയത തുടങ്ങിയ പദങ്ങളെല്ലാം സി.പി.എമ്മില്‍ മേളിക്കുന്നത്‌. ഇതാണ്‌ അവസ്ഥയെന്നതിനാലാണ്‌ അന്ന്‌ പിണറായിക്കും അച്യുതാനന്ദനും എതിരെ നടപടി കൈക്കൊണ്ടിട്ടും നേതൃത്വം പ്രതീക്ഷിച്ചതുപോലെ തെറ്റുതിരുത്താന്‍ അവര്‍ക്ക്‌ കഴിയാതെപോയത്‌.

അച്യുതാനന്ദനും പിണറായിക്കും എതിരെയോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ക്കെതിരെ മാത്രമോ സ്വീകരിക്കുന്ന നടപടികൊണ്ട്‌ പരിഹൃതമാകുന്നതല്ല ഈ പ്രശ്‌നങ്ങള്‍. ഇനി ഇരുവരെയും പാര്‍ട്ടിയില്‍നിന്ന്‌ പുറന്തള്ളിയാലും വീണ്ടും അച്യുതാനന്ദന്‍മാരും വിജയന്‍മാരും ജയരാജന്മാരും സി.പി.എമ്മിനകത്ത്‌ പുനര്‍ജനിച്ചുകൊണ്ടിരിക്കും.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തതിനുശേഷം ആരോപിക്കപ്പെട്ട തെറ്റ്‌, അവര്‍ തിരുത്തിയില്ലെന്നു മാത്രമല്ല സി.പി.എം. സംഘടനാപരമായി കൂടുതല്‍ ക്ഷീണിക്കുകയും ചെയ്‌തു. സംഘടനാപരമായി ക്ഷീണിക്കുന്ന പാര്‍ട്ടിക്ക്‌ ജനപിന്തുണ കുറയുന്നതും സ്വഭാവികം. അതാണല്ലോ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുഫലങ്ങളില്‍നിന്ന്‌ സ്ഥിരീകരിക്കപ്പെട്ടത്‌. ഇനി എടുക്കുന്ന തുടര്‍നടപടികളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ല മറിച്ച്‌, സി.പി.എമ്മിനെ ബലഹീനമാക്കുന്ന ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍മാത്രമേ ഇടയാക്കൂ.

ഈ പ്രക്രിയയുടെ കേന്ദ്രബിന്ദു ഏതാണ്‌? എവിടെയാണ്‌? തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പട അഥവാ വിപ്ലവരാഷ്ട്രീയപാര്‍ട്ടികള്‍ എന്നാണല്ലോ ഏതൊരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും വിവക്ഷിക്കപ്പെടുന്നത്‌. സി.പി.എമ്മിന്റെ ആദ്യദശകങ്ങളില്‍ മൂലധനശക്തികള്‍ക്കും മറ്റെല്ലാ ചൂഷകകേന്ദ്രങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍, പാര്‍ട്ടി ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ്‌ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ആവേശകരമായ നേതൃത്വംതന്നെയായിരുന്നു.

എന്നാല്‍, 2000-ല്‍ സി.പി.എമ്മിന്റെ പുതുക്കിയ പരിപാടി ആ പാര്‍ട്ടിയുടെ 1964-ലെ വിപ്ലവപരിപാടികളില്‍ മൗലികമായ തിരുത്തലുകള്‍തന്നെ വരുത്തി എന്നുള്ളതാണ്‌ യാഥാര്‍ഥ്യം. സാമ്രാജ്യത്വവിരുദ്ധവും ജന്മിനാടുവാഴിത്തവിരുദ്ധവും കുത്തകവിരുദ്ധവും ജനാധിപത്യപരവുമായിരുന്നു 1964-ലെ പാര്‍ട്ടിപരിപാടി.

എന്നാല്‍, 2000-ലെ പരിപാടിക്കുശേഷം ആഗോള മൂലധനപക്ഷത്തേക്ക്‌, അതായത്‌ സാമ്രാജ്യത്വ-സാമ്പത്തികതാത്‌പര്യങ്ങളുടെ തട്ടിലേക്ക്‌ ചായാനും ചുവടുമാറ്റാനും സി.പി.എമ്മിന്‌ ഒരു ക്ലേശവുമുണ്ടായില്ല. പ്രതിഫലം നല്‍കാതെ ജന്മിത്വം അവസാനിപ്പിക്കുമെന്ന പഴയ നിഷ്‌കര്‍ഷയില്‍നിന്ന്‌ പ്രതിഫലം നല്‍കാതെ എന്നത്‌ പിന്‍വലിച്ചു. ഭൂരഹിതകൃഷിക്കാര്‍ക്ക്‌ കൃഷിഭൂമി ലഭ്യമാക്കുന്ന

പഴയ ഉറപ്പുകളുടെ സ്ഥാനത്ത്‌ ഭൂരഹിത കൃഷിക്കാരെയും പാര്‍ശ്വവല്‍കൃത കര്‍ഷകരെയും കൂടുതല്‍ മാറ്റിനിര്‍ത്തപ്പെടുന്ന പുതിയ പ്രവര്‍ത്തനരീതി മൂലധനപക്ഷത്തേക്കുള്ള പാര്‍ട്ടിയുടെ ചായ്‌വിന്‌ വേഗം കൂട്ടി. ജനപക്ഷത്തുനിന്നുള്ള ഈ മാറ്റം പൊതു സമൂഹത്തിന്‌ പ്രകടമായി കാണാന്‍ കഴിയുന്ന ഒരവസ്ഥയിലെത്തി.

ആശയപരവും രാഷ്ട്രീയപരവുമായ മൂല്യങ്ങള്‍ ഈ 'മണ്ണൊലി'പ്പില്‍ നഷ്‌ടപ്പെട്ടുപോയി. അതിന്റെ അവസാന ഘട്ടമാണ്‌ ഈ പുറത്താക്കല്‍. പാര്‍ട്ടിയുടെ മൗലിക പരിപാടിയില്‍ ഉണ്ടായിരുന്ന വിപ്ലവ അന്തസ്സത്ത പുനഃസ്ഥാപിക്കപ്പെടുകയും അതുവഴി സി.പി.എം. പഴയ വിപ്ലവപാര്‍ട്ടിയായി പുനര്‍ജനിക്കുകയും ചെയ്യുമോ എന്നതാണ്‌ ഇനിയുള്ള ചോദ്യം. ഇതിനുള്ള സാധ്യതകള്‍ വിരളമാണുതാനും.

തൊഴിലാളിവര്‍ഗപക്ഷത്തുനിന്നും മൂലധനപക്ഷത്തേക്ക്‌ കൂറുമാറുന്ന ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടിജനാധിപത്യം വലിയതോതില്‍ ഹനിക്കപ്പെട്ടു കൊണ്ടിരിക്കും. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ ഉദ്യോഗസ്ഥമേധാവിത്വം ഉടലെടുക്കും.

ഉദ്യോഗസ്ഥസ്വഭാവം ശീലിച്ച സംഘടനാസംവിധാനത്തില്‍ എപ്പോഴും നേതൃത്വത്തിനു ചുറ്റും സ്‌തുതിപാഠകരുടെ ഒരു വലയംതന്നെയുണ്ടാവും. നേതൃത്വവും അണികളുംതമ്മിലുള്ള ജൈവബന്ധത്തെ വിച്ഛേദിച്ചുകളയുന്നത്‌ ഈ സ്‌തുതിപാഠകരാണ്‌. ബഹുജനങ്ങളില്‍നിന്നൊരു വലിയ വേലികെട്ടി ഇവര്‍ പാര്‍ട്ടിയെ മാറ്റിനിര്‍ത്തും.

ഇതുപോലെ രൂപാന്തരപ്പെട്ടുപോവുന്ന ഒരു പാര്‍ട്ടിക്ക്‌ ജനങ്ങളുടെ നാഡിമിടിപ്പുകള്‍ അറിയാനും അവരുടെ ഇച്ഛകളെ ഉള്‍ക്കൊള്ളാനും കഴിയാതെപോവും. ഇത്തരം ഒരവസ്ഥയില്‍ ചെന്നുപെടുന്ന പാര്‍ട്ടിക്കകത്ത്‌ അവശേഷിക്കുന്ന വിപ്ലവകാരികള്‍ക്ക്‌ ഇതൊക്കെ വീര്‍പ്പുമുട്ടിക്കുന്ന ഒരവസ്ഥയായി അനുഭവപ്പെടുകയും ചെയ്യും. തൊഴിലാളിവര്‍ഗ സംരക്ഷകരും പാര്‍ട്ടിയുംതമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്‌ പൂര്‍ണവും അംശവുംതമ്മിലുള്ള യുദ്ധമാവും. ഈ അവസ്ഥയില്‍ അംശത്തെ തിരസ്‌കരിച്ച്‌ പൂര്‍ണതയെ സംശ്ലേഷിക്കുകയാണ്‌ ഏതൊരു വിപ്ലവകാരിയുടെയും മുമ്പില്‍ തെളിയുന്ന ഏക വഴി. അല്ലാത്തവര്‍ക്ക്‌ അച്ചടക്കം സംരക്ഷിക്കാം; ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി തുടരുകയും ചെയ്യാം.
 

blogger templates | Make Money Online