Sunday, June 28, 2009

സീതാറാം യെച്ചൂരി ലോക്‌സഭയിലേക്ക്‌ മത്സരിച്ചേക്കും

Date : February 25 2009


ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ്‌ബ്യൂറോ അംഗവും ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ സാധ്യത. ഏറെക്കാലമായി സോമനാഥ്‌ചാറ്റര്‍ജിയാണ്‌ ലോക്‌സഭയില്‍ സി.പി.എമ്മിനെ നയിച്ചുകൊണ്ടിരുന്നത്‌. അദ്ദേഹമിപ്പോള്‍ പാര്‍ട്ടിക്ക്‌ പുറത്താണ്‌. ലോക്‌സഭയില്‍ സോമനാഥിന്റെ കുറവ്‌ പരിഹരിക്കാന്‍ കരുത്തനായ ഒരാള്‍ ഉണ്ടാവണമെന്നാണ്‌ സി.പി.എം.കരുതുന്നത്‌.

യെച്ചൂരി ബംഗാളില്‍നിന്നോ സ്വന്തം സംസ്ഥാനമായ ആന്ധ്രയില്‍നിന്നോ ആയിരിക്കും മത്സരിക്കുക. ബംഗാളിലെ ബര്‍ദ്വാന്‍ (ഇപ്പോള്‍ സര്‍ച്ചാന്‍- ദുര്‍ഗാപുര്‍), ആന്ധ്രയിലെ ഖമ്മം എന്നീ മണ്ഡലങ്ങളുടെ പേരാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

രാധാകൃഷ്‌ണന്‍ പട്ടാന്നൂര്‍

ഔദ്യോഗികവിഭാഗത്തില്‍ ചേരിതിരിവ്‌

Date : June 29 2009

ന്യൂഡല്‍ഹി: എസ്‌.എന്‍.സി.ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിന്‌ പ്രത്യേക പൊളിറ്റ്‌ബ്യൂറോ യോഗം ചേരാനിരിക്കെ, കേരളത്തിലെ സി.പി.എം. ഔദ്യോഗികവിഭാഗത്തില്‍ പുതിയ ചേരിതിരിവുകള്‍ ഉടലെടുക്കുന്നതായി സൂചന.

സംസ്ഥാനത്ത്‌ ഭരണ-സംഘടനാനേതൃത്വത്തില്‍ മാറ്റം വരുത്താന്‍ പി.ബി. തിരുമാനിക്കുന്നതായുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ വിദേശപര്യടനത്തിലുള്ള മുതിര്‍ന്ന പി.ബി.അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷമേ ഇക്കാര്യത്തില്‍ ധാരണയിലെത്തൂ. ഭരണ-സംഘടനാതലങ്ങളില്‍ മാറ്റം വരുത്താന്‍ പി.ബി. തീരുമാനിക്കും എന്ന കണക്കുകൂട്ടലില്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാനുള്ള ചില നേതാക്കളുടെ ശ്രമങ്ങളാണ്‌ ഔദ്യോഗികവിഭാഗത്തിനുള്ളില്‍ പുതിയ ചേരിതിരിവിന്‌ കാരണമായത്‌. സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ചുമതലയില്‍നിന്ന്‌ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന്‌ ആവര്‍ത്തിക്കുന്ന കേന്ദ്ര കമ്മിറ്റിയംഗങ്ങളില്‍ മൂന്നു പേരെങ്കിലും ആ സ്ഥാനം ലക്ഷ്യമിട്ട്‌ നീങ്ങുന്നു.

കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വി.എസ്‌.അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ട ആളാണത്രെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നത്‌. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പൊളിറ്റ്‌ബ്യൂറോ അംഗത്തിന്റെ അനുഗ്രഹാശിസ്സും ഇദ്ദേഹത്തിനുള്ളതായി കേള്‍ക്കുന്നു.

ഭരണ-സംഘടനാനേതൃത്വത്തില്‍നിന്ന്‌ നിലവിലുള്ളവര്‍ മാറിയാല്‍ ആ സ്ഥാനത്തേക്ക്‌ സ്വാഭാവികമായി പരിഗണിക്കേണ്ടത്‌ പി.ബി.അംഗമായ മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനെയാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ സാധ്യതയ്‌ക്ക്‌ തടയിടാനാണ്‌ ചില മന്ത്രിപുത്രന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്‌ എന്നാണറിയുന്നത്‌. ഈ ആരോപണങ്ങളുടെ ഉറവിടം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെയാണെന്നാണ്‌ സൂചന. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ സി.പി.എമ്മില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്നതും ഇദ്ദേഹംതന്നെ.

അടുത്ത പി.ബി. യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ജൂലായ്‌ 10, 11 തീയതികളിലാണ്‌ സംസ്ഥാനകമ്മിറ്റിയോഗം നടക്കുന്നത്‌. ഈ യോഗത്തില്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും പരിശോധിക്കുമെന്നറിയുന്നു.

കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ക്രിസ്‌ത്യന്‍സമുദായത്തെ ഇളക്കിവിട്ടത്‌ പള്ളിമേധാവികളാണെന്ന്‌ തിരഞ്ഞെടുപ്പ്‌ അവലോകനരേഖ വിശദീകരിക്കുന്നുണ്ട്‌. അതിനാല്‍ ആ സമുദായത്തെ സി.പി.എമ്മിനോട്‌ കൂടുതല്‍ അടുപ്പിക്കാന്‍ അവര്‍ക്ക്‌ സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തണം എന്ന ചര്‍ച്ചയും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്‌.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഔദ്യോഗികവിഭാഗം ആദ്യം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്‌ പാലോളി മുഹമ്മദ്‌ കുട്ടിയെയായിരുന്നു. എന്നാല്‍ അനാരോഗ്യംമൂലം ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര്‌ ഒരുസ്ഥാനത്തേക്കും പറഞ്ഞുകേള്‍ക്കുന്നില്ല. ഏതായാലും അടുത്ത പി.ബി. യോഗത്തോടെ സി.പി.എം. കേരളഘടകത്തിലെ ഗ്രൂപ്പ്‌ സമവാക്യം മാറുമെന്നാണ്‌ സൂചന.

Tuesday, June 23, 2009

ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടെന്ന്‌ ബാലാനന്ദന്റെ മൊഴി

മാതൃഭൂമി Date : April 13 2009

തിരുവനന്തപുരം: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണം വെറും 100.5 കോടി രൂപയ്‌ക്ക്‌ നടത്താന്‍ കഴിയുമെന്ന തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അന്നത്തെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്‌ ചെയ്‌തതെന്ന്‌ പ്രമുഖ സി.പി.എം. നേതാവായ പരേതനായ ഇ.ബാലാനന്ദന്‍ സി.ബി.ഐ.യ്‌ക്ക്‌ മൊഴി നല്‍കിയിരുന്നു.

2007 ഏപ്രില്‍ 16-നാണ്‌ ഇ.ബാലാനന്ദന്റെ വസതിയിലെത്തി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ്‌ നടത്തിയത്‌. വിദഗ്‌ദ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്‌ 1997 ഫിബ്രവരി 2-ാം തീയതി അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ തിരുവനന്തപുരത്ത്‌ മസ്‌കറ്റ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍വെച്ച്‌ താന്‍ തന്നെ നേരിട്ട്‌ സമര്‍പ്പിച്ചതാണെന്നും ബാലാനന്ദന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഈ റിപ്പോര്‍ട്ടിന്‌ കടലാസ്സിന്റെ വിലപോലും നല്‍കാതെ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഫിബ്രവരി 10ന്‌ വൈദ്യുതിബോര്‍ഡ്‌ ലാവലിനുമായി കരാര്‍ ഒപ്പിടുകയാണ്‌ ചെയ്‌തത്‌. ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണത്തിന്‌ 374.5 കോടിയ്‌ക്കായിരുന്നു കരാര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ മാത്രം മാറ്റിയാല്‍മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍, ജനറേറ്ററുകളും യന്ത്രസാമഗ്രികളും പൂര്‍ണമായി മാറ്റിവെയ്‌ക്കാനായിരുന്നു കനേഡിയന്‍ കമ്പനിക്ക്‌ കരാര്‍ നല്‍കിയത്‌. 374.5 കോടി രൂപ ചെലവായിട്ടും വേണ്ടത്ര പ്രയോജനമുണ്ടായില്ലെന്നും 110 കോടി രൂപയുടെ നഷ്ടം വൈദ്യുതിബോര്‍ഡിന്‌ വന്നതായും അക്കൗണ്ടന്റ്‌ ജനറല്‍ കണ്ടെത്തിയതോടെയാണ്‌ ലാവലിന്‍ ഇടപാട്‌ വിവാദമായത്‌.

പന്നിയാറിന്‌ 23.50 കോടിയുടെയും ചെങ്കുളത്തിന്‌ 36 കോടി രൂപയുടെയും പള്ളിവാസലിന്‌ 41 കോടിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്‌. സമിതിയില്‍ വൈദ്യുതിബോര്‍ഡ്‌ റിട്ട. ചീഫ്‌ എന്‍ജിനീയര്‍മാരും കെ.എസ്‌.ഇ.ബി. ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയന്‍ പ്രതിനിധികളും വ്യാപാരി- വ്യവസായി സംഘടനകളുടെയും ചെറുകിട വ്യവസായികളുടെയും പ്രതിനിധികളുമടക്കം 26 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. എം.പി.യായും എം.എല്‍.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി താനൊരു ഇലക്‌ട്രീഷ്യന്‍ ആണെന്ന കാര്യം ബാലാനന്ദന്‍ സി.ബി.ഐ.യോട്‌ പറഞ്ഞിട്ടുണ്ട്‌.

ഒട്ടേറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്‌ സമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. വിവിധ വിഷയങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉപസമിതികളെയും ചുമതലപ്പെടുത്തി. വളരെ വിശദമായ റിപ്പോര്‍ട്ടാണ്‌ ഉപസമിതി തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിക്ക്‌ നല്‍കിയിരുന്നത്‌. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വൈദ്യുതി ഉല്‌പാദനത്തിലെ കുറവ്‌ പരിഹരിക്കുന്നതിന്‌ വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ചും വൈദ്യുതി ഉല്‌പാദനം, പ്രസരണം, വിതരണം എന്നിവ വേഗത്തിലാക്കാനും വികസിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ്‌ സമര്‍പ്പിച്ചത്‌. എന്നാല്‍, പ്രധാനപ്പെട്ട ശുപാര്‍ശകളെല്ലാം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ സ്‌പോട്ട്‌ ബില്ലിങ്‌, പവര്‍ ഓഡിറ്റിങ്‌, പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ രൂപവല്‍ക്കരണം എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും ബാലാനന്ദന്‍ സി.ബി.ഐ.യോട്‌ പറഞ്ഞിട്ടുണ്ട്‌.

ലാവലിന്‍ കരാറില്‍ സര്‍ക്കാരിന്‌ 110 കോടി രൂപയുടെ നഷ്ടം വന്നതായി അക്കൗണ്ടന്റ്‌ ജനറല്‍ കണ്ടെത്തിയപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇടപാടില്‍ മാത്രം 86 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ജി.ശേഖരന്‍നായര്‍

Saturday, June 20, 2009

ലാവലിന്‍: കോടിയേരിക്കും പിണറായിക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്‌

Date : April 13 2009

തിരുവനന്തപുരം: ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ മറച്ചുവയ്‌ക്കുകയും പൂഴ്‌ത്തിവയ്‌ക്കുകയും ചെയ്‌തുവെന്ന കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന്‍, ആഭ്യന്തര മന്ത്രിയും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗവുമായ കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരടക്കം ഏഴു പേരെ പ്രതികളാക്കി കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌.സന്തോഷ്‌ കുമാര്‍ ഉത്തരവായി. കേസില്‍ കോടിയേരി മൂന്നാം പ്രതിയും പിണറായി നാലാം പ്രതിയുമാണ്‌. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാണ്‌ ഒന്നാം സാക്ഷി.

ഗൂഡാലോചനയ്‌ക്ക്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, തെളിവു നശിപ്പിച്ചതിന്‌ 201, മോഷണത്തിന്‌ 380, പൊതുകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്‌മയ്‌ക്ക്‌ 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ്‌ ഉത്തരവ്‌. കേസില്‍ മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജഗോപാല്‍ ഒന്നും മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍ രണ്ടും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം സിദ്ധാര്‍ത്ഥ മേനോന്‍ അഞ്ചും മുന്‍ ഊര്‍ജ്ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌ ആറും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം കെ.ജി.രാജശേഖരന്‍ നായര്‍ ഏഴും പ്രതികളാണ്‌. അഡ്വ.നെയ്യാറ്റിന്‍കര പി.നാഗരാജ്‌ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിന്മേലാണ്‌ ഈ ഉത്തരവ്‌.

പ്രതികള്‍ ഗൂഢാലോചന നടത്തി വ്യക്തിപരമായ നേട്ടത്തിനു വേണ്ടി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെയ്‌ക്കുകയും മന്ത്രിസഭയ്‌ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഫയല്‍ മോഷ്ടിക്കുകയും ചെയ്‌തുവെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചു. വിദേശ കമ്പനിയുമായി കരാറൊപ്പിടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കാതെയാണ്‌ ലാവലിന്‍ കമ്പനിയുമായി പ്രതികള്‍ കരാറിലേര്‍പ്പെട്ടത്‌.

1998 മാര്‍ച്ച്‌ മൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗം 243 കോടി രൂപ ചെലവില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ അനുമതി നല്‍കി. എന്നാല്‍, 1997 ഫിബ്രവരി 10നു തന്നെ സപ്ലിമെന്ററി കരാറിലേര്‍പ്പെട്ടിരുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ പിണറായി മിണ്ടിയില്ല. മന്ത്രിസഭാ കുറിപ്പിലും ഇക്കാര്യമുണ്ടായിരുന്നില്ല. ലാവലിന്‍ കമ്പനിക്കു നല്‍കിയ നിരക്കുകള്‍ വളരെ കൂടുതലാണെന്ന സബ്‌ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യവും കുറിപ്പില്‍ ഉള്‍പ്പെടുത്താതെ മാറ്റി.

ആഗോള ടെന്‍ഡര്‍ വിളിക്കാതെ വെറും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരുമായും കരാറിലേര്‍പ്പെടാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ജലവൈദ്യുത പദ്ധതി നവീകരണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കുന്ന വേളയില്‍ തന്നെ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റ്‌ ലഭ്യമാക്കാന്‍ ലാവലിനുമായി കരാറിലേര്‍പ്പെടണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.ഇ.ബി. സെക്രട്ടറി 1998 ജനവരി 22ന്‌ ഊര്‍ജ്ജ സെക്രട്ടറിക്കയച്ച കത്ത്‌, പദ്ധതി നവീകരണം 'ഭെല്ലി'നെ ഏല്‌പിക്കണമെന്ന നിര്‍ദ്ദേശമുള്ള ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ എന്നിവയുടെ കാര്യവും മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചു. പദ്ധതിയുടെ വിശദാംശങ്ങളും സാമ്പത്തിക കാര്യങ്ങളും കെ.എസ്‌.ഇ.ബിയുടെ ഉപസമിതി പരിശോധിച്ചെന്നും ലാവലിന്‍ കമ്പനിയുടെ നിരക്കുകള്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചതാണെന്നും മന്ത്രിസഭാ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്റെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടുത്താതെ അവസാന ഖണ്ഡിക മാത്രമാണ്‌ പരാമര്‍ശിച്ചത്‌. ലാവലിനുമായി കരാറിലേര്‍പ്പെട്ടാല്‍ ഉണ്ടാകാവുന്ന ക്രമക്കേടുകളും വീഴ്‌ചകളും ചൂണ്ടിക്കാട്ടി 1997 മെയ്‌ ഏഴിന്‌ കെ.എസ്‌.ഇ.ബി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ സുബൈദ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മുക്കി. പകരം ലാവലിന്‍ കമ്പനിക്കനുകൂലമായി മറ്റാളുകളെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ എഴുതിക്കുകയും ചെയ്‌തു.

1997ല്‍ പ്രതികള്‍ പങ്കെടുത്ത ബോര്‍ഡ്‌ യോഗത്തില്‍ പദ്ധതികളുടെ നവീകരണം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ ലാവലിന്‍ കമ്പനിക്കു നേരിട്ടു കരാര്‍ നല്‍കുന്നതിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരി എതിര്‍ത്തിരുന്നു. തന്റെ വിയോജനക്കുറിപ്പ്‌ യോഗത്തിന്റെ മിനിട്ട്‌സില്‍ രേഖപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മിനിട്ട്‌സിന്റെ പകര്‍പ്പ്‌ വരദാചാരിക്കു കൊടുത്തില്ല. പിന്നീട്‌ അദ്ദേഹം വിയോജനക്കുറിപ്പ്‌ നോട്ടായി തയ്യാറാക്കി മുഖ്യമന്ത്രി ഇ.കെ.നായനാര്‍, ധനമന്ത്രി ടി.ശിവദാസ മേനോന്‍, വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍ എന്നിവര്‍ക്കു നല്‍കി. ആ നോട്ടില്‍ 'വരദാചാരിയുടെ തല പരിശോധിക്കണം' എന്നു പിണറായി എഴുതിയത്‌ വിവാദമായതോടെ പ്രതികള്‍ പരസ്‌പര ഉത്സാഹികളും സഹായികളുമായി ചേര്‍ന്ന്‌ ഫയല്‍ മുക്കിയെന്നാണ്‌ ആരോപണം. വിജിലന്‍സിനും സി.ബി.ഐയ്‌ക്കും ഈ ഫയല്‍ കണ്ടെടുക്കാനായിട്ടില്ലെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

വരദാചാരി, മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായര്‍, മുന്‍ മന്ത്രിമാരായ ശിവദാസമേനോന്‍, എസ്‌.ശര്‍മ്മ, ജി.കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്‌, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരെല്ലാം സാക്ഷിപട്ടികയിലുണ്ട്‌.

Friday, June 19, 2009

സി.ബി.ഐക്ക്‌ വരദാചാരിയുടെ മൊഴി: 'മസ്‌തിഷ്‌കം പരിശോധിക്കണമെന്ന്‌ പിണറായി കുറിപ്പെഴുതി'

http://mangalam.com/index.php?page=detail&nid=182418

കോഴിക്കോട്‌: ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിന്‍ കമ്പനിയുമായി നേരിട്ടു കരാറിലേര്‍പ്പെടുന്നതിനെ എതിര്‍ത്ത തന്റെ മസ്‌തിഷ്‌കം പരിശോധനയ്‌ക്കു വിധേയമാക്കണമെന്ന്‌ അന്നു വൈദ്യുതിവകുപ്പ്‌ മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതിയെന്നു ഫൈനാന്‍സ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി. അതേക്കുറിച്ച്‌ ഒന്നും പ്രതികരിക്കേണ്ടെന്നു താന്‍ തീരുമാനിക്കുകയായിരുന്നുവെന്നു സി.ബി.ഐ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുരേഖയില്‍ വരദാചാരി സ്‌ഥിരീകരിച്ചു.

സി.ബി.ഐ അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്‌.പി വി.അശോക്‌ കുമാറിനു 2007 ജൂണ്‍ 19 നു ബംഗളുരുവില്‍ വച്ച്‌ വരദാചാരി നല്‍കിയ മൊഴിയില്‍ കരാര്‍ സംബന്ധിച്ച തന്റെ എതിര്‍പ്പുകള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ അറിയിച്ചിരുന്നതായും എന്നാല്‍ അതേക്കുറിച്ച്‌ ഒരു പ്രതികരണവും പിന്നീടുണ്ടായില്ലെന്നും വരദാചാരി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മൊഴിയുടെ രത്നച്ചുരുക്കം ഇങ്ങനെ:

ധനവകുപ്പിനെ പ്രതിനിധീകരിച്ച്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ മീറ്റിംഗില്‍ അക്കാലത്ത്‌ തുടര്‍ച്ചയായി പങ്കെടുക്കാറുണ്ട്‌. 1997 ലെ ഒരു യോഗത്തിലാണ്‌ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണം ലാവ്‌ലിന്‍ കമ്പനിക്കു കരാര്‍ നല്‍കുന്ന വിഷയം വന്നത്‌. കാന്‍സര്‍ സെന്ററില്‍ 100 കോടി രൂപ ഗ്രാന്റ്‌ നല്‍കുന്നതിനാല്‍ നേരിട്ടു കരാര്‍ നല്‍കുന്നതിന്‌ അനുകൂലമായാണ്‌ യോഗത്തില്‍ മിക്കവരും സംസാരിച്ചത്‌. എന്തായാലും ചട്ടങ്ങളും നടപടിക്രമങ്ങളും അംഗീകരിക്കാതെ കരാര്‍ നല്‍കുന്നതിനെ താന്‍ ശക്‌തമായി എതിര്‍ത്തു. മറ്റെല്ലാവരും അനുകൂലമെന്നു കണ്ടപ്പോള്‍ തന്റെ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്നും ആ മിനുട്‌സിന്റെ പകര്‍പ്പ്‌ തനിക്ക്‌ അയച്ചുതരണമെന്നും ചെയര്‍മാനോട്‌ ആവശ്യപ്പെട്ടു. രണ്ടു ദിവസമായിട്ടും മിനുട്‌സ് കോപ്പി ലഭിക്കാതെ വന്നപ്പോള്‍ തന്റെ അഭിപ്രായങ്ങളടങ്ങിയ ഒരു കുറിപ്പ്‌ പ്രത്യേകം തയാറാക്കി കെ.എസ്‌.ഇ.ബി ചെയര്‍മാനും മന്ത്രി പിണറായി വിജയനും മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും ധനമന്ത്രി ശിവദാസമേനോനും പവര്‍ സെക്രട്ടറി മോഹനചന്ദ്രനും അയച്ചുകൊടുത്തു.

ഈ നോട്ട്‌ അടങ്ങിയ ഫയലിലാണ്‌ പിണറായി തന്റെ തലച്ചോറ്‌ പരിശോധിക്കണമെന്നു കുറിപ്പെഴുതിയത്‌. സംസ്‌ഥാന വിജിലന്‍സിനോടും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്‌. മന്ത്രി പിണറായി വരദാചാരിയുടെ തലപരിശോധനക്കുറിപ്പെഴുതിയ ഫയല്‍ കണ്ടെത്താനായില്ലെന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, വരദാചാരിയടക്കം അക്കാലത്തെ ഉന്നത ഉദ്യോഗസ്‌ഥര്‍ നല്‍കിയ മൊഴികളില്‍നിന്നും വസ്‌തുതകള്‍ വ്യക്‌തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനെ ചോദ്യംചെയ്‌തപ്പോഴാകട്ടെ താന്‍ അങ്ങനെ ഒരു കുറിപ്പെഴുതി എന്ന കാര്യം നിഷേധിക്കുകയുണ്ടായില്ല. ലാവ്‌ലിന്‍ ഫയലിലല്ല, മറിച്ച്‌ സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ്‌ തല പരിശോധിക്കണമെന്ന കുറിപ്പെഴുതിയതെന്നുമാണ്‌ ചോദ്യംചെയ്യലില്‍ പിണറായി പറഞ്ഞതെന്ന കാര്യവും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഹരിദാസന്‍ പാലയില്‍

ലാവലിന്‍: നായനാരും ശിവദാസമേനോനും ശബ്ദിച്ചില്ലെന്ന്‌ സാക്ഷി

മാതൃഭൂമി, ജൂണ്‍ 18, 2009

കൊച്ചി: ലാവലിന്‍ കരാര്‍ സംബന്ധിച്ച്‌ ശക്തിയായ എതിര്‍പ്പുകള്‍ താന്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരോ ധനകാര്യമന്ത്രി ശിവദാസ മേനോനോ അതിന്‌ എതിരെ ശബ്ദിച്ചില്ലെന്ന്‌ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്‌. വരദാചാരി സി.ബി.ഐ.ക്ക്‌ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സി.ബി.ഐ.യുടെ പ്രധാന സാക്ഷികളില്‍ ഒരാളാണ്‌ അദ്ദേഹം.

പ്രതികള്‍ക്കുള്ള കുറ്റപത്രത്തോടൊപ്പം ഈ മൊഴിയും സി.ബി.ഐ. പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്‌.

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍ താന്‍ ശക്തിയായി എതിര്‍ത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകള്‍ പാടേ അവഗണിച്ചുകൊണ്ടാണ്‌ കരാര്‍ നല്‍കിയത്‌.

കരാറില്‍ സാധാരണയായി പാലിക്കാറുള്ള നടപടിക്രമങ്ങളാണ്‌ ലംഘിച്ചിട്ടുള്ളത്‌. തന്റെ എതിര്‍പ്പുകള്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ യോഗത്തിന്റെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്ന്‌ ബോര്‍ഡ്‌ ചെയര്‍മാനോട്‌ താന്‍ അഭ്യര്‍ഥിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും എതിര്‍പ്പുകളും അതില്‍ ഉണ്ടായിരിക്കണമെന്ന്‌ ആഗ്രഹിച്ചു. മിനിറ്റ്‌സിന്റെ കോപ്പി വേണമെന്ന്‌ താന്‍ ആവശ്യപ്പെട്ടിരുന്നു. അത്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ തന്റെ എതിര്‍പ്പുകള്‍ പ്രത്യേകമായി എഴുതി തയ്യാറാക്കി ബോര്‍ഡ്‌ ചെയര്‍മാന്‌ നല്‍കി. അത്‌ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും പ്രത്യേകമായി നല്‍കിയിരുന്നുവെന്ന്‌ വരദാചാരി സി.ബി.ഐ.ക്ക്‌ നല്‍കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ രേഖാമൂലം അറിഞ്ഞിട്ടും അവരാരും പ്രതികരിച്ചില്ല.

എന്നാല്‍, പിണറായി വിജയന്റെ പ്രതികരണം മറിച്ചൊരു രീതിയില്‍ ഉണ്ടായി. 'വരദാചാരിയുടെ തലച്ചോറ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണ' മെന്ന്‌ മന്ത്രി പിണറായി വിജയന്‍ ഫയലില്‍ കുറിപ്പ്‌ എഴുതി. ആ കുറിപ്പ്‌ താന്‍ കണ്ടിരുന്നു. പക്ഷേ, അതിന്‌ മറുപടി പറയേണ്ടെന്ന്‌ താന്‍ തീരുമാനിച്ചു.

ലാവലിന്‍ കമ്പനിക്ക്‌ കരാര്‍ നേരിട്ട്‌ നല്‍കുന്നതിനാണ്‌ ബോര്‍ഡ്‌ യോഗം തീരുമാനിച്ചത്‌. നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ നീക്കത്തെ തുടക്കത്തില്‍ തന്നെ താന്‍ എതിര്‍ത്തു. ബോര്‍ഡ്‌ യോഗത്തില്‍ അന്നത്തെ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ: വി. രാജഗോപാല്‍, ചീഫ്‌ എന്‍ജിനീയര്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, ബോര്‍ഡ്‌ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചിട്ടുണ്ടെന്ന്‌ വരദാചാരി പറഞ്ഞു.

വരദാചാരി ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു. കേസ്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌.പി അശോക്‌ കുമാറാണ്‌ വരദാചാരിയുടെ മൊഴി രേഖപ്പെടുത്തിയത്‌.

ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്

മനോരമ, മാര്‍ച്ച് 31, 2009

ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്

തിരുവനന്തപുരം: ലാവ്ലിന് കേസില് പിണറായി വിജയന് ഉള്പ്പെടെയുള്ള പ്രതികള്ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിറയൊഴിക്കുന്നതു സിബിഐ നല്കിയ രേഖകളുടെ പിന്ബലത്തില്. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള് ലാവ്ലിന് അഴിമതിക്കേസില് തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.

ഇതില് അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്കിയ മൊഴികള് നിര്ണായക ഘട്ടത്തില് മുഖ്യമന്ത്രി പാര്ട്ടിക്കുള്ളില് ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന് കരാറിന്റെ കാലഘട്ടത്തില് ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയിരുന്നു.

ഇതു വിവാദമായതോടെ സര്ക്കാര് ഫയല് മുക്കി. വിജിലന്സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല് കണ്ടെത്താനായില്ല. എന്നാല് ഫയലില് പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില് താമസിക്കുന്ന വരദാചാരി സിബിഐക്കു നല്കിയത്. കരാറിനെ എതിര്ത്തു താന് നോട്ടെഴുതിയപ്പോള് തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില് താന് നേരിട്ടു കണ്ടതാണ്.

അതോടെ
ഇക്കാര്യത്തില് താന് പ്രതികരിക്കുന്നതു നിര്ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്കിയ മൊഴിയില് വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന് കരാറില് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില് അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന് സിബിഐക്കു മൊഴി നല്കിയത്. എന്നാല് പിണറായിയുടെ വാദത്തെ പൂര്ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്: ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്ഡ് യോഗങ്ങളില് താന് പങ്കെടുക്കുമായിരുന്നു.

1997ലെ ഒരു യോഗത്തില് പന്നിയാര്, പള്ളിവാസല്, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്ച്ചയ്ക്കു വന്നു. കനേഡിയന് കമ്പനിയായ എസ്എന്സി ലാവ്ലിനു 240 കോടി രൂപയുടെ കരാര് നല്കുന്നതായിരുന്നു ചര്ച്ച. അന്നത്തെ വൈദ്യുതി ബോര്ഡ് ചെയര്മാന് ഡോ. രാജഗോപാലന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന്, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, സിദ്ധാര്ഥ മേനോന് എന്നിവരും യോഗത്തില് പങ്കെടുത്തിരുന്നു. ലാവ്ലിന് കമ്പനിക്കു നേരിട്ടു കരാര് നല്കുന്നതിലെ നടപടിക്രമത്തെ താന് ചോദ്യം ചെയ്തു. എന്നാല് തലശേരി കാന്സര് സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.

എന്നാല് ഇതു തമ്മില് ബന്ധമില്ലല്ലോ എന്നു താന് പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്ഡര് വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില് യന്ത്ര ഉല്പാദകരുമായി നേരിട്ടു വിലപേശല് നടത്തണം. അതിനാല് ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര് നല്കുന്നതിനെ താന് യോഗത്തില് എതിര്ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില് രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല് തുടര്ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്പ്പ് തനിക്കു ചെയര്മാന് അയച്ചുതന്നില്ല. തുടര്ന്നു ബോര്ഡ് യോഗത്തില് താന് ഉന്നയിച്ച അഭിപ്രായം ഉള്പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര് നല്കുന്നതിനെ എതിര്ത്തതിന്റെ കാരണങ്ങളായിരുന്നു അതില്.

ഈ നോട്ടിന്റെ പകര്പ്പ് അന്നത്തെ ബോര്ഡ് ചെയര്മാന്, മുഖ്യമന്ത്രി ഇ.കെ. നായനാര്, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന് എന്നിവര്ക്കു നല്കി. ആരും മറുപടി നല്കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന് പിണറായി വിജയന് ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില് പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്സ് ഡിവൈഎസ്പിക്കും നല്കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.
 

blogger templates | Make Money Online