Showing posts with label ജോണ്‍ തട്ടുങ്കല്‍. Show all posts
Showing posts with label ജോണ്‍ തട്ടുങ്കല്‍. Show all posts

Thursday, October 23, 2008

കൊച്ചി ബിഷപ്പ്‌ ദത്തില്‍നിന്ന്‌ പിന്മാറണം -കെ.എല്‍.സി.എ.

മാതൃഭൂമി, ഒക്ടോ 24, 2008

തോപ്പുംപടി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍, ദത്തില്‍നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ട്‌ കേരളാ ലത്തീന്‍ കാത്തലിക്‌ അസോസിയേഷന്‍ കൊച്ചി രൂപതാ സമിതി രംഗത്ത്‌.

പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കുവാന്‍ ബിഷപ്പ്‌ പൊതുപരിപാടികളില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നും, കെ.എല്‍.സി.എ ഭാരവാഹികള്‍ ഒപ്പിട്ട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

വൈദികരുടെ പേരില്‍ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമായ തെളിവുകളോടെ വെളിപ്പെടുത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ക്രൈസ്‌തവ വിശ്വാസത്തിനെതിരായി അബദ്ധ വിശ്വാസങ്ങളില്‍ നിന്ന്‌ പിതാവ്‌ പിന്മാറി, തെറ്റ്‌ സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായും പ്രസ്‌താവനയില്‍ പറയുന്നുണ്ട്‌.

പ്രതിസന്ധിഘട്ടങ്ങളില്‍ അല്‍മായരെ പാടെ ഒഴിവാക്കി നിര്‍ത്തിയതില്‍ പ്രതിഷേധിക്കുന്നതായും കുറിപ്പിലുണ്ട്‌. പാസ്റ്ററല്‍ കൗണ്‍സില്‍, കേന്ദ്രക്കമ്മിറ്റി, അല്‍മായ സംഘടനകള്‍ അംഗങ്ങളായ സമുദായ കാര്യാലയം തുടങ്ങിയ സംവിധാനങ്ങളെ ഒഴിവാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. രൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ അല്‍മായരുടെ അഭിപ്രായങ്ങള്‍ തേടണമെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു.

കൊച്ചി ബിഷപ്പിനെ മാര്‍പ്പാപ്പ നീക്കംചെയ്‌തു

മാതൃഭൂമി, ഒക്ടോ 24, 2008

കൊച്ചി: പെണ്‍കുട്ടിയെ അനധികൃതമായി ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന്‌ കൊച്ചി രൂപതാ ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിനെ രൂപതാ അധികാരി സ്ഥാനത്തുനിന്ന്‌ നീക്കംചെയ്‌തു. രൂപതാ ഭരണാധികാരി സ്ഥാനത്തുനിന്ന്‌ ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌. ഭാരതചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ബിഷപ്പിനെതിരെ മാര്‍പ്പാപ്പ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്‌.

നിലവിലുള്ള ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനാല്‍, കൊച്ചി രൂപതയുടെ ഭരണച്ചുമതല അപ്പസ്‌തോലിക അഡ്‌മിനിസ്‌ട്രേറ്റര്‍ കൂടിയായ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ കൈമാറിയിട്ടുണ്ട്‌. വ്യാഴാഴ്‌ചതന്നെ ഡോ. അച്ചാരുപറമ്പിലിന്‌ കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.

ഡോ. ജോണ്‍ തട്ടുങ്കല്‍ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുത്തതും, തുടര്‍ന്ന്‌ യുവതിയുടെ രക്തംകൊണ്ട്‌ അഭിഷേകം നടത്തിയതുമായ സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഇനി അഡ്‌മിനിസ്‌ട്രേറ്ററാണ്‌ അന്വേഷണസമിതിയെ നിയോഗിക്കുക. മൂന്നംഗ മെത്രാന്‍ സമിതിയെയാവും അന്വേഷണത്തിനായി ആര്‍ച്ച്‌ബിഷപ്പ്‌ നിയോഗിക്കുക. ഈ മെത്രാന്മാര്‍ ആരൊക്കെയാണെന്ന്‌ പിന്നീട്‌ തീരുമാനിക്കും.

മൂന്നംഗ മെത്രാന്‍ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ കേരളത്തിലെ ലത്തീന്‍ രൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ കൂടിയായ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ സമര്‍പ്പിക്കും. ആര്‍ച്ച്‌ബിഷപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടോടെയാണ്‌, അന്തിമവിധി മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയെന്ന്‌ അതിരുപതാ വക്താവ്‌ അറിയിച്ചു.

വിവാദത്തില്‍ ഉള്‍പ്പെട്ട കൊച്ചി ബിഷപ്പിനെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം. ബിഷപ്പ്‌ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍, സംഭവത്തില്‍ അന്തിമവിധി പ്രഖ്യാപനം നടത്തേണ്ടത്‌ മാര്‍പാപ്പയാണ്‌.

കൊച്ചി ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു

ദേശാഭിമാനി, ഒക്ടോ 24, 2008

കൊച്ചി: പെകുട്ടിയെ ദത്തെടുത്ത് വിവാദത്തില്‍പ്പെട്ട കൊച്ചി രൂപത ബിഷപ് ജോ തട്ടുങ്കലിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വത്തിക്കാനില്‍നിന്നുള്ള തീരുമാനപ്രകാരമാണ് സസ്പെന്‍ഷന്‍. തട്ടുങ്കലിനു പകരം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് കൊച്ചി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് വത്തിക്കാനില്‍നിന്ന് നിര്‍ണായക തീരുമാനം വന്നത്. ഇതേത്തുടര്‍ന്ന് ജോ തട്ടുങ്കല്‍ ബിഷപ് ഹൌസ് വിട്ടു. വിവാദ ദത്തെടുക്കലും മറ്റ് ആരോപണങ്ങളും മൂന്നംഗ മെത്രാന്‍സമിതി അന്വേഷിക്കണമെന്നാണ് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശം. മെത്രാന്‍സമിതിയെ ആര്‍ച്ച്ബിഷപ് നിയമിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് വത്തിക്കാനു കൈമാറും.

റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് പ്രത്യേക സമയപരിധി നിര്‍ദേശിച്ചിട്ടില്ല. അന്വേഷണത്തില്‍ കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ തട്ടുങ്കലിനെതിരെ വത്തിക്കാന്റെ കര്‍ശന നടപടി ഉണ്ടാകും. സസ്പെന്‍ഷന്റെ ഭാഗമായി തട്ടുങ്കലിന്റെ മെത്രാന്‍പദവി നിലനില്‍ക്കുമെങ്കിലും സഭയുടെ ഭരണച്ചുമതലയും അജപാലനച്ചുമതലയും ഇല്ലാതാകും.

അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍പ്പോലും വത്തിക്കാന്റെ വിശ്വാസസംരക്ഷണ തിരു സംഘങ്ങള്‍ റിപ്പോര്‍ട്ട് കര്‍ശനമായി പരിശോധിക്കും. റിപ്പോര്‍ട്ട് എങ്ങനെയായാലും ബിഷപ് സ്ഥാനത്തേക്ക് തട്ടുങ്കലിന്റെ തിരിച്ചുവരവ് പ്രയാസം നിറഞ്ഞതാകും.

ബിഷപ്പിനെതിരെ നടപടിക്ക് സാധ്യത ഏറെക്കുറെ മങ്ങിയ സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ച് വത്തിക്കാനില്‍നിന്ന് ഉത്തരവ് എത്തിയത്. പലരും നടപടി പ്രതീക്ഷിച്ചെങ്കിലും അതിവേഗത്തില്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല.

ജോ തട്ടുങ്കല്‍ രാജിവയ്ക്കണമെന്ന് രൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിക്കാനുള്ള പദ്ധതികള്‍ തട്ടുങ്കലും തയ്യാറാക്കിയിരുന്നു. ചില ചെയ്തികളില്‍മാത്രം തെറ്റു സമ്മതിച്ച് മാപ്പപേക്ഷിച്ചത് അതിന്റെ ഭാഗമായാണ്. വത്തിക്കാന്‍ തീരുമാനിച്ചാല്‍ രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചത് സഭയ്ക്കുള്ളില്‍നിന്നുയര്‍ന്ന എതിര്‍ശബ്ദത്തിന്റെ ശക്തി കുറച്ചു.

ഇതിനിടെ, രൂപതയില്‍ തന്നോടൊപ്പംനില്‍ക്കുന്ന വിശ്വാസികളെയും വിവിധ സംഘങ്ങളെയും സംഘടിപ്പിച്ച് തട്ടുങ്കല്‍ സ്വീകരണയോഗങ്ങളും നടത്തി. ഫെലിക്സ് ജെ പുല്ലൂടന്റെ നേതൃത്വത്തില്‍ കെഎല്‍സിഎയായണ് ബിഷപ്പിനെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ വിശ്വാസികളുടെ പ്രകടവും നടത്തിയിരുന്നു.

വത്തിക്കാന്റെ നടപടി സഭയുടെ അന്തസ്സ് വാനോളമുയര്‍ത്തിയെന്ന് ഫെലിക്സ് ജെ പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദത്തെടുക്കല്‍വിവാദത്തിന്റെ ഭാഗമായി അഴിമതി ഉള്‍പ്പെടെ ആരോപണങ്ങള്‍ക്കിരയായ മുഴുവന്‍ വൈദികര്‍ക്കെതിരെയും വത്തിക്കാന്‍ അന്വേഷണം നടത്തണമെന്നും ഫെലിക്സ് പറഞ്ഞു.

Wednesday, October 22, 2008

ബിഷപ് തട്ടുങ്കല്‍ ഖേദപ്രകടനം

ദീപിക, ഒക്ടോ.21, 2008

കൊച്ചി: ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചു. ഇന്ന് രാവിലെ 10.30ന് കൊച്ചി ബിഷപ്സ്് ഹൌസില്‍ ചേര്‍ന്ന ഫൊറോനാ വികാരിമാരുടെയും ഇടവക വികാരിമാരുടെയും യോഗത്തിലാണ് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചത്. തനിക്ക് ഇതുവരെ മേലധികാരികളില്‍ നിന്നു വിലക്കോ, ശിക്ഷാനടപടിയോ ഉണ്ടായിട്ടില്ലെന്നും ബിഷപ് വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ നടത്തേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം യോഗത്തില്‍ സമ്മതിച്ചു. ദത്തെടുക്കല്‍ നിയമവിരുദ്ധമാണെങ്കില്‍ റോമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പിന്മാറാന്‍ തയാറാണെന്നും ബിഷപ് സമ്മതിച്ചിട്ടുണ്ട്. യോഗത്തിനുശേഷം ബിഷപ്സ് ഹൌസ് പത്രക്കുറിപ്പ് പുറത്തിറക്കി.

പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം

ചുവടെ:

രൂപതയിലെ വൈദികരായ നിങ്ങളെ ഈ വിശേഷയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കൊച്ചി രൂപതയുടെ അധ്യക്ഷനെന്ന നിലയ്ക്ക് പൂര്‍ണ അധികാരത്തോടെയാണ് ഈ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. എനിക്ക് ഇതേവരെ മേലധികാരികളില്‍ നിന്ന് വിലക്കോ ശിക്ഷാനടപടിയോ ലഭിച്ചിട്ടില്ലെന്ന് ഉത്തമവിശ്വാസത്തോടെ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.

ഈ വിശേഷാല്‍ യോഗത്തിന്റെ ഉദ്ദേശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ രൂപതയിലും പരിസരപ്രദേശങ്ങളിലും സഭയേയും വിശ്വാസത്തേയും സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ്.

ഈ ആശയക്കുഴപ്പങ്ങള്‍ക്കു കാരണം 2008 ഒക്ടോബര്‍ ഒന്നിന് വൈദികരുടെ മാസധ്യാനാവസരത്തില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ആ പരാമര്‍ശങ്ങള്‍ നടത്തേണ്ടതായിരുന്നില്ല എന്നു എനിക്ക് ഇപ്പോള്‍ തോന്നുന്നു. ആ പരാമര്‍ശങ്ങളിലൂടെ എന്റെ വൈദികരിലും ദൈവജനത്തിലും ഉണ്ടായ തെറ്റിദ്ധാരണകള്‍ക്കും വിശ്വാസപ്രതിസന്ധിക്കും ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്നും സമ്മതിക്കുന്നു. അതിന് എന്റെ വൈദികരായ നിങ്ങളോടും ദൈവജനത്തോടും മാപ്പുചോദിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് നടന്നത് എന്റെ വ്യക്തി ജീവിതത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ആത്മീയ അനുഭവങ്ങളുടെ പങ്കുവയ്ക്കലായിരുന്നു. ഇത്രയും ആഴത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകാവുന്ന എന്റെ മാനസികസ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണല്ലോ. അതിനാലാണ് യുക്തിക്കുചേരാത്ത പല പരാമര്‍ശങ്ങളും ഉണ്ടായത്. അതില്‍ പ്രത്യേകം എടുത്തു പറയേണ്ടവ താഴെ പറയുന്നവയാണ്.

യുവതിയെ ദത്തെടുക്കല്‍ : ഇത് ആത്മീയ തലത്തിലുള്ള ദത്തെടുക്കലാണെന്നും അതിന് സിവില്‍ വാലിഡിറ്റി ഉണ്ടാകേണ്ടതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും സമ്മതിക്കുന്നു. ഇത് അനുവദനീയമോ അല്ലയോ എന്നത് എന്റെ സഭാ മേലധികാരികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അത് നിയമവിരുദ്ധമാണെന്ന് റോമില്‍ നിന്ന് എന്നെ ബോധ്യപ്പെടുത്തുന്നതനുസരിച്ച് ഞാന്‍ അതില്‍ നിന്നു പിന്മാറുവാന്‍ സമ്മതമാണെന്നും അറിയിക്കുന്നു.

ഓര്‍ത്തഡോക്സ് വൈദികനോടൊത്ത് ദിവ്യബലിയര്‍പ്പിച്ചത്: കത്തോലിക്കാസഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായിരുന്നുവെന്നത് അപ്പോസ്താലിക്കാ ന്യുണ്‍ഷ്യോ മുമ്പാകെ 2008 ഒക്ടോബര്‍ 10ന് നേരില്‍ കണ്ട് സമ്മതിച്ചിട്ടുള്ളതും മാപ്പു ചോദിച്ചിട്ടുള്ളതുമാണ് എന്ന് അറിയിക്കുന്നു.

രക്താഭിഷേകം: രക്തം കൊണ്ട് മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത് ശരിയാണ്. സാധാരണയുള്ള വെഞ്ചരിപ്പിന്റെ പ്രാര്‍ഥനകള്‍ ചൊല്ലിത്തന്നെയാണ് ഈ വെഞ്ചിരിപ്പും നടത്തിയിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്െടങ്കില്‍ നിങ്ങള്‍ തന്നെ നിശ്ചയിക്കുന്ന കത്തോലിക്കാ വൈദികനെക്കൊണ്ട് മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിനും എനിക്ക് തടസമില്ല എന്നും ബോധ്യപ്പെടുത്തുന്നു.

ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ 12-ാം അധ്യായത്തെക്കുറിച്ചുള്ള എന്റെ ചില വ്യാഖ്യാനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും, ഈ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഞാന്‍ പഠിപ്പിക്കുന്നതല്ലെന്നും കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു മാത്രമേ പഠിപ്പിക്കുകയുള്ളുവെന്നും ഉറപ്പു തരുന്നു.

കര്‍ത്താവായ യേശുവിനെ ഞാന്‍ ഏക ലോകരക്ഷകനായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. യേശുവിനെ ആത്മാര്‍ഥമായി സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവാന്‍ ഞാന്‍ പരിശ്രമിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

തുടര്‍ന്നും എല്ലാ വൈദികരുടെയും സഹകരണത്തോടെ കൊച്ചി രൂപതയിലെ ദൈവജനത്തെ നയിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സഹകരണവും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ആറു ഫൊറോനാ വികാരിമാരും കൊച്ചി രൂപതയിലെ ഇരുപത്തെട്ട് ഇടവകയിലെ വികാരിമാരും ഉള്‍പ്പെടെ നൂറോളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു. പത്തനതിട്ട സ്വദേശി ഫാ. സി.കെ. ജോസഫിന്റെ വളര്‍ത്തുമകളായ സോണിയയെ കൊച്ചി ബിഷപ് ദത്തെടുത്തതാണ് വിവാദത്തിന് കാരണമായത്.

ദത്തെടുക്കല്‍ വിവാദം: കെ.എല്‍.സി.എ സംഘം ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ചു

ദീപിക, ഒക്ടോ.18, 2008

കൊച്ചി: കൊച്ചി രൂപതയിലുണ്ടായ ദത്തെടുക്കല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസ സമൂഹത്തിലുണ്ടാക്കിയ ആശങ്കകളും ദുഃഖങ്ങളും കെ.എല്‍.സി.എ സംസ്ഥാന നേതാക്കള്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനെ സന്ദര്‍ശിച്ച് അറിയിച്ചു.

ക്രൈസ്തവ വിശ്വാസവും അത് നല്‍കുന്ന മൂല്യങ്ങളുമാണു ക്രൈസ്തവ മതത്തിന്റെ ധാര്‍മിക ശക്തിയെന്നും അതിന് ക്ഷതമേല്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും തടയേണ്ടതാണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഉചിതമായ നടപടികള്‍ എത്രയും വേഗം ഉണ്ടാകണമെന്നും ആര്‍ച്ച്ബിഷപ്പിനോട് സംസ്ഥാന പ്രസിഡന്റ് അഡ്വ.റാഫേല്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കിയ സംഘം അഭ്യര്‍ഥിച്ചു.

ബിഷപ്പിന്റെ ദത്തെടുക്കല്‍ നിയമവിരുദ്ധം

മാതൃഭൂമി. ഒക്ടോ.17, 2008

കൊച്ചി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ 27-കാരിയായ യുവതിയെ ദത്തെടുത്തത്‌ നിയമവിരുദ്ധമാണെന്നു തെളിഞ്ഞു. സപ്‌തംബര്‍ 15-ന്‌ യുവതിയെ തന്റെ ദത്തുപുത്രിയായി മട്ടാഞ്ചേരി സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രാജ്യത്തെ സിവില്‍ നിയമപ്രകാരവും കാനോന്‍ നിയമപ്രകാരവും ഇതിന്‌ നിയമസാധുതയില്ലെന്ന്‌ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്‌ത്യന്‍ ദത്ത്‌ നിയമപ്രകാരം ദത്തെടുക്കുന്നതായാണ്‌ രേഖയിലുള്ളത്‌. എന്നാല്‍ ഇങ്ങനെ ഒരു നിയമം നിലവിലില്ല.

പ്രായപൂര്‍ത്തിയായ സ്‌ത്രീയെ ദത്തെടുക്കുന്നതിന്‌ ഇന്ത്യയില്‍ നിയമം അനുവദിക്കുന്നുമില്ല. മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ജുവനൈല്‍ ജസ്റ്റിസ്‌ കെയര്‍ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ആക്ട്‌ 2000 പ്രകാരമാണ്‌ കുട്ടികളെ ദത്തെടുക്കേണ്ടത്‌. ഇതുപ്രകാരം കോടതി മുഖേനയാണ്‌ ദത്തെടുക്കലുകള്‍ നടക്കുന്നത്‌.

കാനോന്‍ നിയമം 110-ാം അനുച്ഛേദത്തില്‍ ക്രിസ്‌ത്യാനികള്‍ ദത്തെടുക്കേണ്ടത്‌ അതത്‌ രാജ്യത്തെ സിവില്‍ നിയമപ്രകാരമാണെന്ന്‌ അനുശാസിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ ദത്തെടുക്കലിന്‌ നിയമപരമായി യാതൊരു വിലയുമില്ലെന്ന്‌ അഭിഭാഷകനായ ഡയസ്‌ വിശദീകരിച്ചു.

പത്തനംതിട്ടയിലെ ഓര്‍ത്തഡോക്‌സ്‌ വൈദികന്റെ വളര്‍ത്തുപുത്രിയെ ആണ്‌ ബിഷപ്പിന്‌ ദത്തുനല്‍കിയത്‌. ഇതും നിയമപരമായി നിലനില്‍ക്കുന്നതല്ല.

മലങ്കര കത്തോലിക്ക സഭയില്‍ മാമോദീസ മുങ്ങിയ യുവതിയെ വളര്‍ത്തിയ വൈദികനും കുടുംബവും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെട്ടവരാണ്‌. ദത്തെടുക്കലിനുശേഷം യുവതി ബിഷപ്പിന്റെ സഭയായ ലത്തീന്‍ കത്തോലിക്ക സഭയില്‍ അംഗമായിരിക്കുമെന്നും രജിസ്റ്റര്‍ ചെയ്‌ത ഉടമ്പടിയിലുണ്ട്‌.
 

blogger templates | Make Money Online