Showing posts with label കയ്യേറ്റം. Show all posts
Showing posts with label കയ്യേറ്റം. Show all posts

Friday, October 10, 2008

ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന്‌ മുഖ്യമന്ത്രി

ജി. ശേഖരന്‍ നായര്‍, മാതൃഭൂമി ഒക്ടോ 10, 2008

തിരുവനന്തപുരം: മൂന്നാറിലെ സന്ദര്‍ശനങ്ങള്‍ക്കിടയ്‌ക്ക്‌ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യാഴാഴ്‌ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ രേഖാമൂലം ആക്ഷേപം ഉന്നയിച്ചു.

സപ്‌തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന്‌ 14 കാര്യങ്ങളില്‍ ഉടന്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ഇ-മെയിലിലൂടെ ഒക്ടോബര്‍ മൂന്നിന്‌ ഇടുക്കി കളക്ടറോട്‌ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന്‌ ഇ-മെയിലിലൂടെ കളക്ടര്‍ മറുപടി നല്‍കി. ഈ ഉത്തരങ്ങളൊന്നുംതന്നെ തൃപ്‌തികരമല്ലെന്നും പലതും വസ്‌തുതാപരമല്ലെന്നും വ്യാഴാഴ്‌ച നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി 12 പേജുള്ള കുറിപ്പിലൂടെ വ്യക്തമാക്കുകയും കളക്ടറെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു.

താന്‍ ഉന്നയിച്ച കേസ്സുകളില്‍ ഉടനടി ഒഴിപ്പിക്കല്‍ നടപടി ത്വരപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ അഞ്ചേക്കറോളം സ്ഥലത്ത്‌ ഗ്രാന്‍ഡിസ്‌ വച്ചുപിടിപ്പിച്ചത്‌ ഏറ്റെടുക്കാന്‍ എന്ത്‌ നടപടിയെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒന്നാമത്തെ ചോദ്യം. ഈ സ്ഥലത്ത്‌ സര്‍ക്കാര്‍ ബോര്‍ഡ്‌ വെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു അതിന്‌ കളക്ടറുടെ മറുപടി. എന്നാല്‍ ഇവിടെ ബോര്‍ഡ്‌ വെച്ചാല്‍ പോരെന്നും ഗ്രാന്‍ഡിസ്‌ വെട്ടിമാറ്റി ഭൂരഹിതര്‍ക്ക്‌ ഉടനടി വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യാഴാഴ്‌ച നിര്‍ദ്ദേശം നല്‍കി.

പാര്‍വതിമലയില്‍ ഏറ്റെടുത്ത്‌ വിതരണം ചെയ്യാനിരുന്ന 53 ഏക്കര്‍ ഭൂമി വനംവകുപ്പിന്‍േറതാണെന്ന അവകാശവാദത്തിന്‌ രേഖ ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റീസര്‍വേ പ്രകാരം ഭൂവിസ്‌തൃതി കുറഞ്ഞുപോയെന്നും ഇപ്പോള്‍ സ്ഥലം വനംവകുപ്പിന്റെ കൈവശമാണെന്നും സര്‍വേയര്‍മാരോട്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

സംസ്ഥാന സര്‍വേ ഓഫീസിലും ഇടുക്കി സര്‍വേ ഓഫീസിലും രേഖ ഉണ്ടെന്നിരിക്കേ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ്‌ കൂടുതല്‍ സമയം എന്ന്‌ മുഖ്യമന്ത്രി ആരാഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ നിയമപരമാക്കാന്‍വേണ്ടി മാത്രം എന്തിനാണ്‌ റീസര്‍വേ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പഴയ രേഖകള്‍ അടിസ്ഥാനമാക്കി നിക്ഷിപ്‌ത ഭൂമി അളക്കാന്‍ കാലതാമസം വരുന്നതിനാലാണ്‌ വിസ്‌തീര്‍ണത്തില്‍ കുറവുവന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വേ രേഖകള്‍ 6(1) പ്രകാരം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി കൈയേറ്റഭൂമി ഒഴിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പോതമേട്‌ മേഖലയിലെ കൈയേറ്റവും അനധികൃത നിര്‍മ്മാണവും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇവയുടെ ഏലപ്പാട്ടവും പട്ടയവും റദ്ദാക്കാന്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ അദ്ദേഹം ചോദിച്ചിരുന്നു. ഇവിടെ 23 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതായി കളക്ടര്‍ മറുപടി നല്‍കി. ഇതിനെതിരെ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയതായും എട്ടുപേര്‍ അത്‌ കോടതിയില്‍ ചോദ്യംചെയ്‌തതായും മറുപടിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഏലപ്പാട്ട ലംഘനവും ഏലപ്പട്ടയ ലംഘനവും നടന്നതായി കളക്ടര്‍തന്നെ സമ്മതിക്കുമ്പോള്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കുന്നതിനു പകരം അവ പിടിച്ചെടുക്കാത്തതെന്തെന്ന്‌ മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. പട്ടയവും പാട്ടവും റദ്ദാക്കി ഭൂമി ഉടന്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി. മൂന്നാര്‍ ദേവികുളം കോളനിയില്‍ താമസിക്കുന്നവര്‍ക്ക്‌ മുഴുവന്‍ കരമടയ്‌ക്കാന്‍ ഉടന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുതിരപ്പുഴ മുതല്‍ ചിന്നക്കനാല്‍ ഗ്യാപ്പ്‌ വരെയുള്ള സര്‍ക്കാര്‍ഭൂമി റീഫിക്‌സ്‌ ചെയ്യുന്നതിനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എന്തായി എന്ന്‌ മുഖ്യമന്ത്രി ഇ-മെയിലിലൂടെ ചോദിച്ചിരുന്നു. ഇതിനായുള്ള രേഖകള്‍ പരിശോധിച്ചുവരുന്നു എന്നായിരുന്നു കളക്ടറുടെ മറുപടി. 177 ല്‍ 1 എന്ന ഭാഗത്ത്‌ 87 സെന്റ്‌ സ്ഥലം മാത്രമാണ്‌ സര്‍ക്കാരിനുള്ളതെന്ന്‌ കളക്ടര്‍ മറുപടി നല്‍കിയിരുന്നു. ഇത്‌ തെറ്റാണെന്നും 90 ഏക്കര്‍ 97 സെന്റ്‌ സ്ഥലം സര്‍ക്കാരിന്‍േറതാണെന്നും ഇത്‌ ഉടനടി തിരിച്ചുപിടിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

ചെറുകിട കൈയേറ്റക്കാരില്‍ ഒരാളെപ്പോലും അന്യായമായി ഒഴിപ്പിക്കില്ലെന്നും അച്യുതാനന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.

മൂന്നാര്‍:മുഖ്യമന്ത്രിക്കു ഉപസമിതിയുടെ മൂക്കുകയര്‍

മനോരമ ഒക്ടോ 10, 2008

മൂന്നാര്‍: മൂന്നാര്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കു മൂക്കുകയറിട്ട മന്ത്രിസഭാ ഉപസമിതി യോഗം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനവും ഘടനയും ഉടച്ചുവാര്‍ത്തു. ഇന്നലെ മൂന്നാറില്‍ നടന്ന നിര്‍ണായക മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ സംഘത്തിന്റെ ദൌത്യം പുനര്‍നിര്‍വചിക്കപ്പെട്ടു. ഭൂമിവിതരണ നടപടികള്‍ക്ക് ഉദ്യോഗസ്ഥവൃന്ദത്തെ നിയോഗിക്കാനും തീരുമാനിച്ചു.

മുന്‍ ദൌത്യസംഘങ്ങള്‍ പിടിച്ചെടുത്ത 16,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോഴത്തെ ദൌത്യസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. റവന്യു, സര്‍വേ, വനം വകുപ്പുകളില്‍നിന്നു ഭൂമി അളന്നുതിരിച്ചു വിതരണം ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി 150 പേരെ വിട്ടുകൊടുക്കും. ഇതോടെ, തന്നോടു കൂറുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നിഴല്‍സംഘത്തിന്റെ സഹായത്തോടെ മൂന്നാര്‍ ദൌത്യസംഘത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരാജയപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോ സംബന്ധിച്ചു മന്ത്രിസഭയിലും മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും ഉടലെടുത്ത എതിര്‍പ്പാണു കയ്യേറ്റം ഒഴിപ്പിക്കലില്‍നിന്നു ഭൂമിവിതരണത്തിലേക്കുള്ള ഘടനാമാറ്റത്തിനു വഴിതെളിച്ചത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.പി. രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മന്ത്രിസഭയെയും ദൌത്യസംഘത്തെയും മറികടന്നുള്ള പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉപസമിതി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നും കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും മന്ത്രി എ.കെ. ബാലനെ പ്രാദേശിക നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണു പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കും വോട്ടുബാങ്കിനും ചോര്‍ച്ച സംഭവിക്കാത്ത ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയത്.

ഭൂമിവിതരണത്തിനു പുറമേ മൂന്നാറിന്റെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിനും ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിനും ഉപസമിതി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിന് ഓരോ വില്ലേജിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിച്ചു.

എല്ലാ മാസവും സ്ക്വാഡിന്റെ പ്രവര്‍ത്തനം ദൌത്യത്തിന്റെ അധികച്ചുമതല വഹിക്കുന്ന ഐജി വിന്‍സന്‍ എം. പോള്‍ വിലയിരുത്തും.മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതിയോ അതിവേഗ കോടതിയോ സ്ഥാപിക്കുന്നതിനു ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാനും ഉപസമിതി തീരുമാനിച്ചു.മൂന്നാര്‍ ടൌണിലെ ഇക്കാ നഗറിലും മൂലമറ്റത്തെ എകെജി കോളനിയിലും പട്ടയവിതരണം ത്വരിതപ്പെടുത്തും. ഇതൊടൊപ്പം കെഎസ്ഇബി ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം വിതരണം ചെയ്യും.

മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കെട്ടിടങ്ങള്‍ക്കു ടാറ്റ തറവാടക പിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരനു വന്നു താമസിച്ചു പോകാവുന്ന തരത്തില്‍ മൂന്നാറിനെ നവീകരിക്കുന്നതിനു വിനോദസഞ്ചാര വകുപ്പിനു 304 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചു.ഉപസമിതി യോഗത്തിലും ഉദ്യോഗസ്ഥ ചര്‍ച്ചയിലും മുഖ്യമന്ത്രി സജീവമായിരുന്നില്ല. കുടിയിറക്കു ശ്രമങ്ങളെ എതിര്‍ത്തു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറായിരത്തോളം പേരാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

മൂന്നാര്‍: 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും


മാധ്യമം ഒക്ടോ 10, 2008

മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 16,000 ഏക്കര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വ്യവസ്ഥകളോടെ വിതരണം ചെയ്യുമെന്നും മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.

മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറ്റൊരു ആധിപത്യം മൂന്നാറില്‍ വേണ്ട. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ല. സര്‍ക്കാര്‍ ഭൂമിക്ക് ടാറ്റ മൂന്നാറില്‍ തറ വാടക പിരിക്കുകയാണ്. ടാറ്റ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലും വാഗമണിലും വന്‍കിട കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 16000 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദൌത്യസംഘങ്ങള്‍ തിരിച്ചുപിടിച്ചത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 1662 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യും. 304 ഏക്കര്‍ ടൂറിസം വകുപ്പിന് കൈമാറും. വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ മൂലമറ്റം എ.കെ.ജി കോളനിയിലും മൂന്നാര്‍ ടൌണ്‍ കോളനിയിലും താമസിക്കുന്ന 160 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി കൊടുക്കുകയോ പട്ടയം നല്‍കുകയോ ചെയ്യും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വനം^റവന്യൂ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ വകുപ്പുകള്‍ സംയുക്ത സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് തീര്‍പ്പാകുന്ന മുറക്കായിരിക്കും കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി നല്‍കുകയോ പട്ടയം നല്‍കുകയോ ചെയ്യുക.

ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ മറ്റ് കൈമാറ്റങ്ങള്‍ക്കോ അനുമതിയില്ലാത്ത വ്യവസ്ഥകളോടെയായിരിക്കും നല്‍കുക. പുതുതായി ഭൂമി ലഭിക്കുന്നവരില്‍നിന്ന് റിസോര്‍ട്ട് മാഫിയ ഭൂമി തട്ടിയെടുക്കാതിരിക്കുന്നതിനാണ് കര്‍ശന വ്യവസ്ഥ. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. ഉടമസ്ഥാവകാശം പണയപ്പെടുത്താന്‍ അനുവദിക്കാത്ത വ്യവസ്ഥയോടെ പട്ടയം നല്‍കുന്നതിനാണ് ഭൂവിതരണത്തിനായി മൂന്നുമാസത്തെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഭൂമി എത്രയുംപെട്ടെന്ന് വിതരണം ചെയ്യാന്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദനെയും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് എത്രയും പെട്ടെന്ന് പ്ലോട്ടുകളായി തിരിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭൂമിയും ഇതുപോലെ തന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.

ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്ന സമഗ്രമായ മൂന്നാര്‍ ഭൂവിതരണ വികസന പദ്ധതിക്കാണ് മന്ത്രിസഭാ ഉപസമിതി രൂപം കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കൂടി മൂന്നാറിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കും. പട്ടയം കിട്ടാത്ത കര്‍ഷകര്‍ക്ക് പട്ടയവും കൃഷിചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ഭൂമിയും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. വന്‍കിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ഭൂമി തിരിച്ച് പിടിക്കുകയല്ലാതെ അഞ്ച്, പത്ത് സെന്റുകാരേയോ പാവങ്ങളേയോ അവരുടെ ഭൂമിയില്‍നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ഇറക്കി വിടുക ഞങ്ങളുടെ നയമല്ല, സാമൂഹിക നയവുമല്ല^മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് തലത്തില്‍ റവന്യൂ^വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു റവന്യൂ അദാലത്തുകള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഈ അദാലത്തുകളിലെല്ലാം റവന്യൂ മന്ത്രിയും പങ്കെടുക്കും. ഭൂമി വിതരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെ 150 റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് പ്രത്യേകമായി നിയോഗിക്കും. ഭൂമി പതിവ് കമ്മിറ്റികള്‍ ഈമാസം തന്നെ ചേരാന്‍ തീരുമാനിച്ചതായും റവന്യൂ മന്ത്രി അറിയിച്ചു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും നടന്ന ഭൂമി കൈയേറ്റം, രേഖകളുടെ തിരിമറി എന്നിവ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിമാര്‍ നേതൃത്വം നല്‍കുന്ന അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

റവന്യൂ^വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഭൂമി കൈയേറ്റം, രേഖകളിലെ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഒമ്പത് കേസുകളും ക്രൈംബ്രാഞ്ച് 19 കേസുകളും അന്വേഷിക്കുന്നുണ്ട്. കൈയേറ്റവും വ്യാജരേഖ ചമക്കലും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നത്. ഓരോ മാസവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ദൌത്യസംഘം മേധാവി, കോട്ടയം വിജിലന്‍സ് എസ്.പി, ജില്ലാ കലക്ടര്‍ എന്നിവരായിരിക്കും ഇത് പരിശോധിക്കുക. ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി മൂന്നാറില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഭൂമി കൈയേറ്റം സംബന്ധിച്ചും വ്യാജരേഖ ചമക്കല്‍ സംബന്ധിച്ചുമെല്ലാം നിലനില്‍ക്കുന്ന കേസുകളും പുതുതായി കണ്ടെത്തുന്ന കേസുകളും അതിവേഗ കോടതി വഴി തീര്‍പ്പാക്കി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍: കോടിയേരി

മാധ്യമം ഒക്ടോ 10, 2008

മൂന്നാര്‍: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ടൂറിസ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ നടപ്പില്‍ വരുമെന്ന് ആഭ്യന്തര^ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ ദല്‍ഹി ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയറിംഗ് സര്‍വീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനെയും സമീപ ഗ്രാമപഞ്ചായത്തുകളായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നിവയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന കെട്ടിട നിര്‍മാണം മാത്രമേ ഇനി മൂന്നാറില്‍ അനുവദിക്കൂ.

മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കും. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ഏത് സാധാരണക്കാരനും താമസിക്കാനും അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍വഹിക്കാനും ഉതകുന്ന രീതിയില്‍ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരിക്കും മൂന്നാര്‍ ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട, പച്ചക്കറി എന്നിവ റിസോര്‍ട്ടുകള്‍ക്ക് വിതരണം ചെയ്യാന്‍ കുടുംബശ്രീകളെ ചുമതലപ്പെടുത്തും. ഇത് മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും പിന്തുണ

മാധ്യമം ഒക്ടോ10, 2008

മൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കലിനോടുള്ള എതിര്‍പ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും അവസാനിപ്പിക്കുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതിയും വന്‍കിട കൈയേറ്റക്കാരില്‍നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും ഉപസമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെ ഒറ്റയടിക്ക് വര്‍ധിച്ച ജനപിന്തുണയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഉപസമിതി യോഗം ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്ന മൂന്നാര്‍ ഗസ്റ്റ്ഹൌസിനു മുന്നില്‍ പാര്‍ട്ടിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇന്നലെ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഇത് മുന്നില്‍കണ്ട് ഉപസമിതി യോഗം കെ.ടി.ഡി.സിയുടെ ടീ കൌണ്ടിയിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു.

ആയിരക്കണക്കിന് നിവേദനങ്ങളാണ് ഉപസമിതി യോഗം കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയത്. അതിനു മുമ്പുതന്നെ മൂന്നാര്‍ ടൌണില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി പോലിസ് ക്യാമ്പിനു സമീപം മന്ത്രിസഭാ ഉപസമിതി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഭൂമി വിതരണം പ്രഖ്യാപിക്കുകയും ടാറ്റയുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതോടെ ജനം വി.എസിന് അനുകൂലമായി പ്രകടനം നടത്തി രംഗത്തിറങ്ങുകയായിരുന്നു. ആദ്യ ദൌത്യസംഘത്തിന്റെ സമയത്ത് അതിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തിറക്കിയ ഇക്കാ കോളനി നിവാസികള്‍ തന്നെയാണ് ഇന്നലെ വി.എസിന് അനുകൂലമായി മൂന്നാറില്‍ പ്രകടനം നടത്തിയത്. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് കൈയേറ്റക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇക്കാ കോളനി നിവാസികള്‍ പ്രകടനത്തിന് ഇറങ്ങിയത്.

മൂന്നാര്‍ ദൌത്യം ആരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്ന ഇടതുമുന്നണി ജില്ലാ നേതൃത്വവും സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ഇന്നലെ വൈകുന്നേരമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി 'മാധ്യമ'ത്തോട് പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും ഒഴിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടികളെയും ഉപസമിതിയുടെ തീരുമാനങ്ങളെയും പിന്തുണക്കുന്നതെന്ന് എം.എം. മണി വ്യക്തമാക്കി.

ഏലം കര്‍ഷകര്‍ക്ക് പാട്ടം പുതുക്കി നല്‍കാനും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കി പട്ടയം നല്‍കാനും എടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനും 'മാധ്യമ'ത്തോട് പറഞ്ഞു.

ഇക്ക കോളനി നിവാസികള്‍ അടക്കമുള്ളവര്‍ക്കും മൂന്നാറിലെ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ പിന്തുണക്കുന്നതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും പറഞ്ഞു.

ഇന്നലെ ഉപസമിതി യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പിന്നീട് ഇടതുമുന്നണി നേതാക്കളുടെയും യോഗം മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഉപസമിതി യോഗത്തിനും പത്രസമ്മേളനത്തിനും ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിച്ചുപോയി.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരായിരുന്നു ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തിയത്.
 

blogger templates | Make Money Online