Showing posts with label ടീകോം. Show all posts
Showing posts with label ടീകോം. Show all posts

Friday, October 10, 2008

മെല്ലെപ്പോക്കില്‍ സ്മാര്‍ട് സിറ്റി; കുരുക്കഴിക്കാന്‍ 13ന് യോഗം

മനോരമ ഒക്ടോ 10, 2008

തിരുവനന്തപുരം: പദ്ധതി പ്രദേശത്ത് ഈ മാസം ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നു പറഞ്ഞിരുന്ന സ്മാര്‍ട് സിറ്റി കമ്പനി എന്തുകൊണ്ടു പണി തുടങ്ങുന്നില്ല? അനേകം ഇ-മെയിലുകള്‍ പരസ്പരം കൈമാറിയിട്ടും ഉത്തരം കിട്ടാത്ത ഈ ചോദ്യം ചര്‍ച്ച ചെയ്യാന്‍ 13നു കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുന്നു.

അതിനു മുന്നോടിയായി ഇന്നു കൊച്ചിയില്‍ പദ്ധതി പ്രദേശത്തുള്ള പിഡബ്ള്യുഡി റോഡ് മാറ്റവും വ്യക്തികളുടെ കൈവശഭൂമി ഏറ്റെടുക്കലും മറ്റും ചര്‍ച്ച ചെയ്യുകയാണ്. കരാര്‍ ഒപ്പിട്ടിട്ടും തറക്കല്ലിട്ടിട്ടും മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാണജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. 100 ഏക്കറിനു സെസ് പദവി ലഭിക്കുന്നതായിരുന്നു തര്‍ക്കവിഷയം.

സ്മാര്‍ട് സിറ്റിയില്‍ 246 ഏക്കറാണു സ്ഥലം. കടമ്പ്രയാര്‍ മധ്യത്തിലൂടെ ഒഴുകുന്നതിനാല്‍ 136 ഏക്കര്‍, 100 ഏക്കര്‍, 10 ഏക്കര്‍ എന്നിങ്ങനെ ഭൂമി മൂന്നായി കിടക്കുന്നു. ഇതില്‍ 136 ഏക്കറിനു സെസ് പദവി കിട്ടി. നദിയുടെ അക്കരെയുള്ള 100 ഏക്കറിനു കൂടി സെസ് പദവി ചോദിച്ചാല്‍ കിട്ടും. സ്മാര്‍ട് സിറ്റി സിഇഒ: ഫരീദ് അബ്ദുല്‍ റഹ്മാനാണ് അപേക്ഷിക്കേണ്ടത്. പക്ഷേ അവര്‍ അപേക്ഷിക്കുന്നില്ല.

മുഴുവന്‍ സ്ഥലവും കൂടി ഒറ്റ സെസ് ആയിക്കിട്ടണമെന്നും എങ്കിലേ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കഴിയൂ എന്നുമാണു നിലപാട്. കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. നിയമപ്രകാരം സെസ് ആവുന്ന പ്രദേശം ഒറ്റ യൂണിറ്റായിരിക്കണം. ചുറ്റും മതില്‍ക്കെട്ടു വേണം.
നദിയുടെ അക്കരെയിക്കരെ പറ്റില്ല. അതിനാല്‍ 136 ഏക്കറിനും 100 ഏക്കറിനും രണ്ടു സെസുകളാക്കി അനുവദിക്കാം. ഒരുമിച്ചു പറ്റില്ല.

ഈ വിഷയത്തില്‍ കുടുങ്ങിയാണു മാസ്റ്റര്‍പ്ളാന്‍ ആകാത്തതും കെട്ടിടംപണി തുടങ്ങാത്തതുമെന്നാണു ടീകോം അധികൃതര്‍ പറയുന്നത്. 13നു ചെയര്‍മാന്‍ മന്ത്രി ശര്‍മയുടെ നേതൃത്വത്തില്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് കൂടുന്നത് ഈ വിഷയത്തിലെ തര്‍ക്കം തീര്‍ക്കാനാണ്. അതേസമയം സംസ്ഥാനത്തിന്റെ ഭാഗത്തും ചില വീഴ്ചകളുണ്ട്. സ്മാര്‍ട് സിറ്റിയുടെ മധ്യത്തിലൂടെയുള്ള പിഡബ്ള്യുഡി റോഡിന്റെ കാര്യം തീരുമാനമായിട്ടില്ല.

റോഡ് സ്ഥലത്തിന്റെ ഓരത്തേക്കു മാറ്റിക്കൊടുത്താല്‍ നിലവിലുള്ള റോഡ് പിഡബ്ള്യുഡി വിട്ടുതരും. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്തുള്ള ഡോര്‍മിറ്ററിയും പമ്പിങ് സ്റ്റേഷനും മറ്റും മാറ്റിസ്ഥാപിക്കണം. പദ്ധതി പ്രദേശത്ത് അഞ്ചും പത്തും സെന്റുകളിലായി ഏതാനും വ്യക്തികളുടെ സ്ഥലങ്ങളുണ്ട്. അവര്‍ക്കു നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണം. ഇതൊന്നും പൂര്‍ത്തിയായിട്ടില്ല.

ഇരുഭാഗവും സാവധാനം നീങ്ങുന്ന സ്ഥിതിയാണു സ്മാര്‍ട് സിറ്റി പദ്ധതിയിലുള്ളത്. ഐടി വ്യവസായരംഗത്തും മാന്ദ്യമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ മനപ്പൂര്‍വം വൈകിക്കുന്നതാണോ എന്നും സംശയമുണ്ട്. അഞ്ചു വര്‍ഷംകഴിഞ്ഞാല്‍ കമ്പനി പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളില്‍ കെട്ടിട വിസ്തീര്‍ണവും തൊഴിലവസരവും മറ്റുമുണ്ട്. അതിനാല്‍ കരാര്‍ അനുസരിച്ചു പണി ആരംഭിച്ചേ പറ്റൂ.

Friday, October 3, 2008

സെസ്‌ പദവി സ്‌മാര്‍ട്ട്‌ സിറ്റിക്കുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്കും നല്‍കണം-ഉമ്മന്‍ചാണ്ടി

മാതൃഭൂമി, ഒക്ടോ.3, 2008

തിരുവനന്തപുരം: സെസ്‌ പദവി ലഭിക്കുന്നതിന്‌ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ നല്‍കിയ ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്ക്‌ നല്‍കില്ലെന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്‌ വിവേചനമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ സെസ്‌ നയത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ എല്ലാ സെസ്‌ സംരംഭങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണം. സംസ്ഥാനത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കൊണ്ടുവരുമ്പോള്‍ അത്‌ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണം.

സെസ്‌ പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും വിനിയോഗിക്കണമെന്നാണ്‌ ഇടതുസര്‍ക്കാരിന്റെ തീരുമാനം. സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ഇത്‌ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനം വ്യവസായത്തിന്‌ ഉപയോഗിക്കണം എന്നാണ്‌. വൈദ്യുതി ഡ്യൂട്ടി, പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ പ്രകാരമുള്ള നികുതി തുടങ്ങിയ ആനുകൂല്യങ്ങള്‍ സ്‌മാര്‍ട്ട്‌ സിറ്റിക്കുണ്ടെങ്കിലും പുതിയ സംരംഭകര്‍ക്കില്ല. ഏഴുകോടി രൂപയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ രജിസ്‌ട്രേഷന്‍ ഇളവ്‌ നല്‍കിയത്‌. അനുബന്ധ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ ആ സ്ഥാപനത്തിലെ ജീവനക്കാരുടെ താമസത്തിനു മാത്രമേ ഉപയോഗിക്കാവൂ, സെസ്‌ പദ്ധതികള്‍ക്ക്‌ നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകള്‍ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ബാധകമല്ല. ഒരു പന്തലില്‍ രണ്ടുതരം വിളമ്പ്‌ നല്ല വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കുകയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

Wednesday, October 1, 2008

സെസ് നയം സ്മാര്‍ട് സിറ്റിക്കും? അവ്യക്തത ശക്തം

സുജിത് നായര്‍
മനോരമ, ഒക്ടോ.1, 2008

സെസ് നയത്തിലെ കര്‍ശന വ്യവസ്ഥകള്‍, നേരത്തെ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കും ബാധകമാകുമോയെന്ന കാര്യത്തിലുള്ള അവ്യക്തത ഭരണവൃത്തങ്ങളില്‍ ശക്തമായി. ബാധകമാക്കണമെന്നു വ്യവസായ വകുപ്പ് ശഠിക്കുമ്പോള്‍ ഐടി വകുപ്പ് അതിനോടു തെല്ലും യോജിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.

സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ ഇപ്പോള്‍ നിര്‍മാണദശയിലുള്ള മുഴുവന്‍ സെസുകള്‍ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ ബാധകമാക്കണമെന്നാണു വ്യവസായവകുപ്പു മന്ത്രിസഭയോട് ആവശ്യപ്പെട്ടത്. ഒരു വിദേശ കമ്പനിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്കു നിഷേധിക്കുന്നതു ശരിയല്ലെന്നും വകുപ്പു ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ വകുപ്പിന്റെ കാഴ്ചപ്പാടിനോടു മന്ത്രിസഭ വിയോജിച്ചതായി സൂചനയില്ല.

മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവു കിട്ടിയാലേ വ്യക്തതയുണ്ടാകൂ എന്നു വ്യവസായവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സെസ് വ്യവസ്ഥകള്‍ വിശദീകരിച്ചപ്പോള്‍ സ്മാര്‍ട് സിറ്റിക്കും ഇതു ബാധകമാകുമെന്നാണു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ അപകടം മണത്ത അദ്ദേഹം അവരുമായി മന്ത്രിസഭ കരാറുണ്ടാക്കിയിട്ടുള്ളതിനാല്‍ പരിശോധിക്കേണ്ടിവരുമെന്നു വിശദീകരിച്ചു.

ഇലക്ട്രിസിറ്റി ഡ്യൂട്ടി പുതിയ സെസുകള്‍ നല്‍കണമെങ്കില്‍ സ്മാര്‍ട് സിറ്റിക്ക് അക്കാര്യത്തില്‍ ഇളവുണ്ട്. അതുപോലെ പഞ്ചായത്ത്രാജ് ആക്ട് പ്രകാരമുള്ള നികുതിയിളവു സ്മാര്‍ട് സിറ്റിക്കുണ്ടെങ്കില്‍ പുതിയ സെസുകള്‍ക്കു ബാധകമാവില്ല.

പുതിയ നയം പ്രകാരം സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70% വ്യവസായ ആവശ്യത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണം.

സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% വ്യവസായത്തിനു വേണ്ടി ഉപയോഗിക്കണം എന്നാണ്. അനുബന്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ അതേ സെസിലെ ജീവനക്കാരുടെ താമസസ്ഥലമായി ഉപയോഗിക്കണമെന്ന നിബന്ധനയും സ്മാര്‍ട് സിറ്റിക്കു ബാധകമല്ല. ഈ അന്തരമാണു പ്രധാനമായും വ്യവസായവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ സ്മാര്‍ട് സിറ്റിയുമായി മന്ത്രിസഭ പ്രത്യേക കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ അതിനു ബാധകമാകേണ്ടതില്ലല്ലോ എന്നാണ് ഐടി വകുപ്പിലെ ഒരു ഉന്നതന്‍ ‘മനോരമ”യോടു പറഞ്ഞത്. സ്മാര്‍ട് സിറ്റിക്കു സര്‍ക്കാരാണു സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 26% ഒാഹരി സര്‍ക്കാരിനുണ്ട്. ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുമാണ്. കരാറെല്ലാമായശേഷം ഇനി മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതു ധാര്‍മികമായി ശരിയുമല്ലെന്ന് ഐടി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പു നല്‍കുന്ന സൂചന വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകും എന്നാണ്. ‘ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്കു ശുപാര്‍ശ ചെയ്യുകയുണ്ടായി. അതില്‍ ഒന്നിന് (സ്മാര്‍ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അംഗീകാരം ലഭിച്ചവയും അംഗീകാരം ലഭിക്കുന്നവയുമായ സെസുകളെ സംബന്ധിച്ചു താഴെപ്പറയുന്ന നയം വ്യക്തമാക്കുന്നു” എന്നു പറഞ്ഞാണു വ്യവസ്ഥകള്‍ വിശദീകരിക്കുന്നത്.

സ്മാര്‍ട് സിറ്റിക്ക് ആദ്യത്തെ 136 ഏക്കറിനാണു സെസ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സങ്കീര്‍ണത തള്ളിക്കളഞ്ഞാലും ബാക്കിയുള്ള 100 ഏക്കറിനു സെസ് പദവി നല്‍കുന്ന വേളയില്‍ പുതിയ വ്യവസ്ഥ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിനു മുന്നില്‍ വരാതെ തരമില്ല.

സെസ് വിവാദം സംബന്ധിച്ചു പാര്‍ട്ടി പത്രം എഴുതിയ മുഖപ്രസംഗത്തിലും വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു സെസ് പദവി നല്‍കിയിട്ടാണു സ്വദേശ കമ്പനികളെ ചിലര്‍ എതിര്‍ക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. സ്മാര്‍ട് സിറ്റിയോടുള്ള താല്‍പര്യം മുഖ്യമന്ത്രിക്കു മറ്റു സംരംഭകരോട് ഇല്ല എന്ന അമര്‍ഷം സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തു ശക്തമാണ്.

കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണു മുഖ്യമന്ത്രി സ്മാര്‍ട് സിറ്റിക്ക് ഏഴു കോടിയുടെ റജിസ്ട്രേഷന്‍ ഇളവു നല്‍കിയതും. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കും ബാധമാകുമെന്ന പരാമര്‍ശം ഔദ്യോഗികപക്ഷം ബോധപൂര്‍വം മന്ത്രിസഭാ കുറിപ്പില്‍ കയറ്റിയതാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ വിഎസ് വിഭാഗത്തിന്.

മന്ത്രിസഭാ അനുമതി ലഭിച്ചുവെങ്കിലും സെസ് അപേക്ഷകള്‍ ഇന്നലെയും ഡല്‍ഹിക്ക് അയച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണിത്. അതേസമയം സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായി വ്യവസായ വകുപ്പു വ്യക്തമാക്കി. അതിനാല്‍ സമയപരിധിയുടെ ആശങ്ക വേണ്ട. ഇനി ഓരോ അപേക്ഷയും പ്രത്യേകമായി അയയ്ക്കുകയാണു ചെയ്യുക.

കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചശേഷം ഇവിടെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുക. ഇടതു മുന്നണിയുടെ പച്ചക്കൊടി കിട്ടിയവേളയില്‍ ഐടി വകുപ്പ് സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര നിയമത്തില്‍ നിന്നു വ്യത്യസ്തമായ ചില കര്‍ശന വ്യവസ്ഥകളുടെ കാര്യത്തില്‍ ചില സംരംഭകര്‍ക്കു വിയോജിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു.

Tuesday, September 30, 2008

സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് വിനയാകും

മാധ്യമം. 2008 ഒക്ടോബര് ഒന്ന്

തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം സ്മാര്‍ട്ട്സിറ്റിക്ക് വിനയാകും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വലിയ നേട്ടമായി കൊണ്ടാടുന്ന സ്മാര്‍ട്ട്സിറ്റികാരാറിലെ വ്യവസ്ഥകള്‍ സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് കേന്ദ്രഅംഗീകാരം ലഭിച്ചവയും ഉടനെ അംഗീകാരം ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ളതുമായ എല്ലാ സെസുകള്‍ക്കും ബാധകമാക്കിയാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. ഇതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നതോടെ സ്മാര്‍ട്ട്സിറ്റിയും അതിന്റെ പരിധിയില്‍ വരും.

സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് സെസ് നയത്തിന്റെ കാതലായ ഭാഗം. കേന്ദ്രസര്‍ക്കാറിന്റെ നയമനുസരിച്ച് ഇതു 50 ശതമാനം വീതമാണ്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ 2007 മെയ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം സെസ് ഭൂമിയിലെ നിര്‍മാണത്തിന്റെ (ബില്‍റ്റ് അപ് ഏരിയ) 70 ശതമാനം ഐടി വ്യവസായത്തിനും ശേഷിച്ചവ അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ്. ബില്‍റ്റ് അപ് ഏരിയ എന്ന വ്യവസ്ഥ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം എന്നാക്കി മാറ്റിയത് സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കരാര്‍ പ്രകാരം 8.8 മില്യണ്‍ ചതുരശ്ര അടിയാണ് സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്നത്. ഇത്രയും നിര്‍മിക്കാന്‍ നൂറ് ഏക്കര്‍ ഭൂമി മതിയാകുമത്രെ. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 246 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നയം അനുസരിച്ച് ഈ ഭൂമിയുടെ 70 ശതമാനം നിര്‍മാണം നടത്തണം. ഇത് അപ്രായോഗികമാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപന പ്രകാരം സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിരുന്നു. കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ അടക്കം പഞ്ചായത്തീരാജിലെ നികുതികള്‍, വില്‍പന നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാകുമായിരുന്നില്ല.

എന്നാല്‍ പുതിയ സെസ് നയപ്രകാരം ഇത്തരം ഇളവുകളൊന്നും അനുവദിക്കുന്നതല്ല. കേരളത്തിലെ തൊഴില്‍ നിയമത്തിലോ പഞ്ചായത്ത് നികുതിയിലോ യാതൊരു ഇളവും സ്മാര്‍ട്ട്സിറ്റിക്ക് ലഭിക്കില്ല.

സെസ് നയം അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറും പുതിയ നയവും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ടീകോം ഇന്‍വെസ്റ്റ്മെന്റ് സന്നദ്ധമാകാനിടയില്ല. സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി ഒരു നയവും മറ്റ് സെസുകള്‍ക്ക് വേറൊരു നയവും രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതുവന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
 

blogger templates | Make Money Online